Current Date

Search
Close this search box.
Search
Close this search box.

സഈദ് ബിന്‍ മുസയ്യബ് – 2

ഖലീഫ അബ്ദുല്‍ മലിക് തന്റെ സഭയില്‍ നിന്ന് വീട്ടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ തന്റെ ഇളയ മകന്‍  സഹോദരനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
? അമീറുല്‍ മുഅ്മിനീന്റെ മുമ്പിലെത്താനും മജ്‌ലിസില്‍ ഹാജറാവാനുമുളള കല്‍പന ധിക്കരിച്ചവന്‍ ആരാണ്- ചെറിയ മകന്‍ ചോദിച്ചു.
(റോമിലെ രാജാക്കന്മാര്‍ പോലും അമീറുല്‍ മുഅ്മിനീന്റെ ഗാംഭീര്യത്തിനു മുന്നില്‍ വിധേയരാണല്ലോ, ഈ ദുനിയാവില്‍ എല്ലാം അദ്ദേഹത്തിന്റെ കൈപ്പിടിയിലാണ് എന്നിരിക്കെ )

-നിന്റെ സഹോദരന്‍ വലീദിന് വേണ്ടി പിതാവ് അദ്ദേഹത്തിന്റെ മകളെ വിവാഹമന്വേഷിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്- മൂത്ത മകന്‍ പറഞ്ഞു.
? വലീദു ബ്‌നു അബ്ദുല്‍ മലികിന് വിവാഹം ചെയ്തുകൊടുക്കാന്‍ അയാള്‍ വിസമ്മതിച്ചോ!!…, ഭാവിയിലെ ഖലീഫയും നിലവിലെ കിരീടാവകാശിയുമായ ഒരാളേക്കാളും ഉയര്‍ന്ന ഒരാളെയാണോ അയാള്‍ ഭര്‍ത്താവായി ഉദ്ദേശിക്കുന്നത്.

-മൂത്ത മകന്‍ ഒന്നും ഉരിയാടാതെ നിശ്ശബ്ദനായി ഇരുന്നു.
? കിരീടാവകാശിയുമായി തന്റെ മകള്‍ക്ക് തുല്യയോഗ്യതയില്ലാത്തതിനാലായിരിക്കും അയാള്‍ അതില്‍ നിന്ന് പിന്മാറിയത്. അതല്ല, സാധാരണ ചിലര്‍ ചെയ്യുന്നത് പോലെ അവളുടെ വിവാഹം മുടക്കി വീട്ടുജോലികള്‍ ചെയ്യാന്‍ മാത്രമായി വിട്ടേക്കുകയാണോ അയാള്‍ ചെയ്തത്. ഇളയ മകന്‍ വീണ്ടും തന്റെ അന്വേഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

– ഇതിന്റെ യഥാര്‍ഥ കാര്യകാരണങ്ങളെ കുറിച്ച് എനിക്ക് ഒരു വിവരവുമില്ല.
ഉടന്‍ മക്കളുടെ കളിക്കൂട്ടുകാരായ ഒരുവന്‍ അതില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു.

‘അമീര്‍, എനിക്ക് അനുവാദം തരികയാണെങ്കില്‍ അവളുടെ കഥ മുഴുവനായി ഞാന്‍ വിവരിച്ചു തരാം…
ഞങ്ങളുടെ ഗോത്രത്തിലെ ‘അബൂ വദാഅ’ എന്നു പറയുന്ന ചെറുപ്പക്കാരനാണ് അവളെ വിവാഹം ചെയ്തത്.
അദ്ദേഹം തന്റെ വിവാഹത്തെ കുറിച്ച് എന്നോട് നേരിട്ട് പറഞ്ഞ രസകരമായ ഒരു കഥയുണ്ട്.
ഇരുവരും ആകാംഷയോടെ അത് വിവരിക്കാന്‍ ആവശ്യപ്പെട്ടു.

– ഞാന്‍ (അബൂ വദാഅ) നിങ്ങള്‍ക്കറിയാവുന്നതു പോലെ വിജ്ഞാന സമ്പാദനത്തിന്നായി പ്രവാചകന്റെ പള്ളിയില്‍ എപ്പോഴുമുണ്ടാകുമായിരുന്നു. സഈദു ബിന്‍ മുസയ്യബിന്റെ ക്ലാസുകളില്‍ ഞാന്‍ പതിവായി ഹാജരാകാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസില്‍ കുറച്ച് ദിവസം എനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. അപ്പോള്‍ ശൈഖ് എന്നെ കുറിച്ച് അന്വേഷിച്ചു. എനിക്ക് വല്ല അസുഖം ബാധിച്ചു എന്നായിരുന്നു അദ്ദേഹം വിചാരിച്ചത്.

എന്നെ കുറിച്ച് ചുറ്റുമുള്ളവരോട് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും എന്നെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശൈഖിന്റെ ക്ലാസില്‍ ഞാന്‍ ഹാജരായപ്പോള്‍ എന്നെ അടുത്തിരുത്തി എവിടെയായിരുന്നു അബൂ വദാഅ നീ എന്നു ചോദിച്ചു.

-എന്റെ ഭാര്യയുടെ മരണപ്പെട്ടിരുന്നു. ഞാന്‍ മരണാനന്തര കര്‍മങ്ങളില്‍ വ്യാപൃതനായിരുന്നു..
? അബൂ വദാഅ, ഈ വിവരം ഞങ്ങളെ അറിയിച്ചിരുന്നെങ്കില്‍… അവളുടെ ജനാസ അടക്കം ചെയ്യുന്നതിലും നമസ്‌കാരത്തിലുമെല്ലാം ഞങ്ങള്‍ക്ക് പങ്കെടുക്കുകയും താങ്കളെ സഹായിക്കുകയും ചെയ്യാമായിരുന്നില്ലേ.. ശൈഖ് ചോദിച്ചു.

-അല്ലാഹു താങ്കള്‍ക്ക് മികച്ച പ്രതിഫലം നല്‍കട്ടെ, അതെല്ലാം ഞാന്‍ തന്നെ നിര്‍വഹിക്കുകയാണ് ചെയ്തത്. അബൂ വദാഅ പറഞ്ഞു.

സദസ്സില്‍ നിന്ന് എല്ലാവരും പിരിഞ്ഞപ്പോള്‍ ശൈഖ് എന്നോട് അടുത്തുവരാന്‍ ആവശ്യപ്പെട്ടു.
? പുതിയ ഒരു വിവാഹത്തെ കുറിച്ച് നീ ആലോചിക്കുന്നുണ്ടോ അബാ വദാഅ!…

-ശൈഖിന്റെ ചോദ്യത്തിന് അല്ലാഹു താങ്കളോട് കരുണ ചെയ്യട്ടെ എന്ന മറുപടി ഞാന്‍ പറഞ്ഞു.
‘ഞാന്‍ ഒരു അനാഥനായ യുവാവാണ്. വളരെ ദരിദ്രനായാണ് ഞാന്‍ ജീവിക്കുന്നത്. രണ്ടോ മൂന്നോ ദിര്‍ഹം മാത്രമാണ് എന്റെ കയ്യിലുള്ളത്.’ എന്നിരിക്കെ ആരാണ് തന്റെ മകളെ എനിക്ക് വിവാഹം ചെയ്തുതരിക!!

-ഉടന്‍ ശൈഖ് പ്രതികരിച്ചു. ‘ഞാന്‍ എന്റെ മകളെ നിനക്ക് വിവാഹം ചെയ്തുതരാം’.

-എന്റെ അധരങ്ങള്‍ തരിച്ചു പോയി… താങ്കളോ?….
‘എന്റെ ദുര്‍ബലാവസ്ഥയെല്ലാം അറിഞ്ഞതിന് ശേഷം താങ്കളുടെ മകളെ എനിക്ക് വിവാഹം ചെയ്തു തരികയോ’…..?!
-‘ദീനും സ്വഭാവവും ഉള്ള ഒരാള്‍ വിവാഹമന്വേഷിച്ചു വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിന് മകളെ വിവാഹം ചെയ്തു കൊടുക്കും, താങ്കളുടെ ദീനിന്റെയും സ്വഭാവത്തിന്റെയും കാര്യത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണ സംതൃപ്തരാണ് ‘

പിന്നീട് അവിടെ ഉളളവരെ ശൈഖ് വിളിച്ചു… അവരെല്ലാം അവിടെ ഒരുമിച്ചു കൂടിയപ്പോള്‍ അദ്ദേഹത്തിന്റെ മകളെ അവരുടെ സാന്നിദ്ധ്യത്തില്‍ എനിക്ക് വിവാഹം ചെയ്തു തന്നു. രണ്ടു ദിര്‍ഹമായിരുന്നു ഞാന്‍ മഹ്‌റായി നല്‍കിയത്.

പിന്നീട് ഞാന്‍ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു…. എന്തെന്നില്ലാത്ത സന്തോഷം എന്നെ മതിച്ചുകൊണ്ടിരുന്നു..
ഞാന്‍ അന്നു നോമ്പുകാരനായിരുന്നു. പക്ഷെ, അതെല്ലാം മറന്നു കൊണ്ട് ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു.

അബൂ വദാഅ, നിനക്ക് നാശം! നീ ഇപ്പോള്‍ എന്താണ് ചെയ്തത്?!
ആരില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്! ആര്‍ക്കാണ് കീഴ്‌പെട്ടത്!…
മഗരിബ് ബാങ്ക് കൊടുക്കുന്നതുവരെ ഇതേ അവസ്ഥയില്‍ തുടര്‍ന്നു..

ഞാന്‍ മഗരിബ് നമസ്‌കരിച്ചു.. നോമ്പുതുറക്കാനായി ഇരുന്നു.. പത്തിരിയും സൈത്ത് എണ്ണയുമായിരുന്നു ഭക്ഷണം.
ഒന്നോ രണ്ടോ ഉരുള കഴിച്ച ഉടനേ വാതിലിന് ആരോ മുട്ടുന്നത് കേട്ടു…

? ആരാണത് …ഞാന്‍ ചോദിച്ചു
-ഞാന്‍ സഈദ് ….അല്ലാഹുവാണെ സത്യം! എന്റെ മനസ്സിലൂടെ സഈദ് ബിന്‍ മുസയ്യബ് ഒഴികെയുള്ള എല്ലാ സഈദുമാരുടെയും പേരുകള്‍ മിന്നിമറഞ്ഞു.. കാരണം കഴിഞ്ഞ നാല്‍പത് വര്‍ഷമായി അദ്ദേഹത്തെ തന്റെ വീട്ടിലും പള്ളിയിലും മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്.

വാതില്‍ തുറന്നു, അപ്പോഴതാ എന്റെ മുമ്പില്‍ സഈദു ബ്‌നു മുസയ്യബ്…
തന്റെ മകളുടെ വിവാഹത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് എന്തോ എതിരഭിപ്രായം സൂചിപ്പിക്കാനായി വന്നതാണെന്ന് ഞാന്‍ കരുതി.

ഞാന്‍ ശൈഖിനോട് പറഞ്ഞു : അല്ലയോ അബാ മൂഹമ്മദ്! ആരെങ്കിലും ഇവിടേക്ക് അയച്ചിരുന്നെങ്കില്‍ ഞാന്‍ ശൈഖിന്റെ അടുത്തേക്ക് വരുമായിരുന്നല്ലോ!
– എന്നാല്‍ ഇന്ന് ഞാന്‍ ഏറ്റവും കടപ്പെട്ടിട്ടുള്ളത് താങ്കളുടെയടുത്ത് വരാനാണ്.
– ഇങ്ങോട്ട് കടന്നിരിക്കൂ… ഞാന്‍ പറഞ്ഞു.

ഞാന്‍ വേറെ ഒരു കാര്യത്തിനാണ് വന്നത ്- ശൈഖ് പറഞ്ഞു.
ഇന്നു മുതല്‍ എന്റെ മകള്‍ അല്ലാഹുവിന്റെ വിധിപ്രകാരം താങ്കളുടെ ഇണയായിരിക്കുന്നു. നീ ഇപ്പോള്‍ ഏകാന്തമായിട്ടാണ് ഇവിടെ കഴിയുന്നത് എന്ന് എനിക്ക് മനസ്സിലായി. നീ ഇവിടെയും നിന്റെ തുണ മറ്റൊരിടത്തുമായി താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു… അതിനാല്‍ അവളെയും കൂട്ടിയാണ് ഞാന്‍ ഇവിടത്തേക്ക് വന്നത്.

– …..അവളെയും കൊണ്ടാണോ ഇവിടെ വന്നത്!

അതെ, ശൈഖ് പ്രതികരിച്ചു. ഞാന്‍ നോക്കുമ്പോള്‍ ശൈഖിന് പിന്നിലായി അവള്‍ നില്‍ക്കുന്നു.

ഉടന്‍ ശൈഖ് അവളോട് പറഞ്ഞു: മകളേ, അല്ലാഹുവിന്റെ നാമത്തില്‍ നീ നിന്റെ തുണയുടെ ഗേഹത്തിലേക്ക് കയറിക്കൊളളുക!

അവള്‍ ലജ്ജാവതിയായിക്കൊണ്ട് വസ്ത്രം തടഞ്ഞു വീഴാന്‍ നോക്കി…
എന്താണ് പറയേണ്ടതെന്നറിയാതെ പരിഭ്രാന്തിയോടെ ഞാന്‍ അവളുടെ മുമ്പില്‍ നിന്നു. വേഗം പത്തിരിയും സൈത്തും ഉള്ള പാത്രം അവള്‍ കാണാതെ മാറ്റി വെച്ചു.
 
വീടിനു മുകളില്‍ കയറി അയല്‍വാസികളെയെല്ലാം വിളിച്ചുവരുത്തി.
എന്താണെന്നന്വേഷിച്ചു അവരെല്ലാം ഒരുമിച്ചു കൂടി.

– ഇന്ന് പള്ളിയില്‍ വെച്ച് സഈദ് ബിന്‍ മുസയ്യബ് അദ്ദേഹത്തിന്റെ മകളെ എനിക്ക് വിവാഹം ചെയ്തുതന്നിരുന്നു. ഇപ്പോള്‍ ഞാന്‍ തികച്ചും അപ്രതീക്ഷിതനായിരിക്കെ അദ്ദേഹം അവളെയും കൊണ്ട് ഇവിടെ വന്നിരിക്കുന്നു.

വീടിന് കുറച്ച് ദൂരെ താമസിക്കുന്ന ഉമ്മയെ അവള്‍ക്ക് കൂട്ടിനായി വിളിച്ചുവരുത്തി.
? നീ എന്താണ് പറയുന്നത്! സഈദു ബ്‌നു മുസയ്യബ് നിനക്ക് മകളെ വിവാഹം ചെയ്തുതരികയോ..!, മാത്രമല്ല, അദ്ദേഹം മകളെയും കൂട്ടി ഇവിടെ വരികയോ….അദ്ദേഹമല്ലയോ, അവളെ വലീദുബ്‌നു അബ്ദുല്‍ മലികിന് വിവാഹം ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചത്!!- വൃദ്ധയായ ഉമ്മ ചോദിച്ചു.

– ഞാന്‍ അതെ, എന്നു പറഞ്ഞു. അവള്‍ തന്നെയാണ് ഇപ്പോള്‍ നമ്മുടെ വീട്ടിലുള്ളത്… നമുക്ക് അവിടേക്ക് പോകാം, വരൂ എന്ന് ഉമ്മയോട് പറഞ്ഞു.
അയല്‍ വാസികള്‍ക്ക് എന്റെ വാക്കുകള്‍ ആദ്യം വിശ്വാസിക്കാന്‍ സാധിച്ചില്ല.. അവര്‍ അവളെ കാണാനും ആശീര്‍വദിക്കാനും കൂട്ടിനുമായി വീട്ടില്‍ ഒരുമിച്ചുകൂടി.

വൈകാതെ ഉമ്മ അവിടെയെത്തി., അവളെ കണ്ടപ്പോള്‍ എന്നിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: അവള്‍ക്ക് നല്‍കാനായി എന്തെങ്കിലും എനിക്ക് നല്‍കുന്നത് വരെ നിന്നെ എനിക്ക് കാണേണ്ടതില്ല….
കുലീന സ്ത്രീകള്‍ ചെയ്യുന്നത് പോലെ നിനക്ക് അവളെ ഞാന്‍ പാരിതോഷികമായി നല്‍കാം.-ഉമ്മ പറഞ്ഞു.

– നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് , ഞാന്‍ ചോദിച്ചു.
ഉമ്മ മൂന്ന് ദിവസം അവളോടൊപ്പം ചിലവഴിച്ചു… പിന്നീട് അവളെ എനിക്കായി നല്‍കുകയുണ്ടായി..

മദീനയിലെ ഏറ്റവും സൗന്ദര്യവതിയായ പെണ്ണായിരുന്നു അവള്‍. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ഹദീസുകള്‍ പഠിപ്പിച്ചുകൊടുക്കുകയും  സ്ത്രീകളുടെ ബാധ്യതകളും കടപ്പാടും തിരിച്ചറിയുകയും ചെയ്ത മഹതിയായിരുന്നു അവള്‍..

ദിവസങ്ങളോളം ഞാന്‍ അവളോടൊപ്പം താമസിച്ചു. അതിനിടയില്‍ അവളുടെ ഉപ്പയോ വീട്ടുകാരോ ഞങ്ങളെ സന്ദര്‍ശിച്ചിരുന്നില്ല,

പിന്നീട് പള്ളിയില്‍ ശൈഖിന്റെ ക്ലാസില്‍ പങ്കെടുക്കാനായി ഞാന്‍ പോയി. ഞാന്‍ സലാം ചൊല്ലി. ശൈഖ് സലാം മടക്കി ക്ലാസ് തുടര്‍ന്നു. ക്ലാസ് അവസാനിച്ചപ്പോള്‍ എന്നെ അടുത്തേക്ക് വിളിച്ചു. എന്താണ് നിന്റെ ഭാര്യയുടെ അവസ്ഥ എന്ന് അന്വേഷിച്ചു.  

– സത്യസന്ധരായ കൂട്ടുകാര്‍ അഭിലഷിക്കുന്നതും  ശത്രുക്കള്‍ക്ക് അരോചകമുണ്ടാക്കുന്നതുമായ രീതിയാണ് അവളിലുള്ളത് എന്ന് ഞാന്‍ പ്രതികരിച്ചു.
ശൈഖ് ഉടന്‍ അല്‍ഹംദുലില്ലാഹ് എന്നു പ്രതികരിച്ചു..

അബ്ദുല്‍ മലികിന്റെ മകന്‍ പറഞ്ഞു. ഈ മനുഷ്യന്റെ കാര്യം അല്‍ഭുതം തന്നെ…
അപ്പോള്‍ മദീനക്കാരനായ ഒരാള്‍ ചോദിച്ചു. അല്ലയോ അമീര്‍, അല്‍ഭുതത്തിന് കാരണമെന്താണ് ?
പരലോകത്തേക്കുള്ള വാഹനമായി ഇഹലോകത്തെ മാറ്റിയാളാണദേഹം. സ്വന്തത്തിനും കുടുംബത്തിനും വേണ്ടി ഇഹലോകം വിറ്റ് പരലോകം വാങ്ങിയ വ്യക്തിത്വമാണ്. അദ്ദേഹം തന്റെ മകള്‍ക്ക് വേണ്ടി അമീറുല്‍ മുഅ്മിനീന്റെ മകനെ വിവാഹമാലോചിക്കാന്‍ മടിച്ചു. ദുന്‍യാവിലെ ഫിത്‌നയെ ഭയപ്പെടുന്ന കാര്യത്തില്‍ ഇദ്ദേഹത്തിന് തുല്യം മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.

അക്കാര്യത്തെക്കുറിച്ച് ചില സ്‌നേഹിതര്‍ ചോദിച്ചു. അമീറുല്‍ മുഅ്മിനീന്‍ കൊണ്ടുവന്ന ആലോചന നിരാകരിച്ച് ഒരു സാധാരണക്കാരന് താങ്കളുടെ മകളെ കെട്ടിച്ചു കൊടുക്കുകയോ.
എന്റെ മകളുടെ സംരക്ഷണം എന്റെ ബാധ്യതയാണ്. അവളുടെ നന്‍മ മാത്രമേ ഞാന്‍ നോക്കാറുള്ളൂ എന്നദ്ദേഹം പറഞ്ഞു.

അതെങ്ങനെയെന്ന് ചോദിച്ചപ്പോള്‍, ബനൂ ഉമയ്യ കൊട്ടാരത്തിലെ ആഢംബരവും പത്രാസും അവളുടെ മനസ് മാറ്റിയേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ടയുടന് ചുറ്റുപാടുമുള്ളവര്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ ആദരിച്ചു.

ആരാധനാകാര്യത്തില് അതീവ ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ചെറുപ്രായത്തില്‍ തന്നെ വിജ്ഞാനകുതുകിയായിരുന്ന അദ്ദേഹം, അബൂഹുറൈറ(റ)യുടെ പുത്രിയെയാണ് വിവാഹം കഴിച്ചത്. വിശിഷ്ട സ്വഭാവത്തിനുടമയായ അദ്ദേഹം പല പ്രമുഖ സ്വഹാബി വര്യന്‍മാരുടെയും ശിഷ്യത്വം സ്വീകരിക്കുകയും നിരവധി ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.  അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു.  ദൈവാനുസരണമാണ് മനുഷ്യനെ പ്രതാപവാനാക്കുന്നത്. ദൈവധിക്കാരം അവനെ നിന്ദ്യനുമാക്കുന്നു.


വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

സഈദ് ബിന്‍ മുസയ്യബ് -1

Related Articles