Current Date

Search
Close this search box.
Search
Close this search box.

വാളിന് മുന്നില്‍ കുനിയാത്ത മനസ്സ്

ജനങ്ങള്‍ക്ക് ഖാലിദിനെ കുറിച്ചുണ്ടായിരുന്ന മോശം ധാരണ അദ്ദേഹം തെറ്റിച്ചില്ല. സഈദ് ബിന്‍ ജുബൈറിന്റെ താവളം അറിഞ്ഞതും അയാള്‍ സൈന്യത്തെ സജ്ജീകരിച്ചു. കൂഫയ്ക്കും ബസ്വറയ്ക്കും മദ്ധ്യേ അന്‍പത് മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന വാസിത്വ് നഗരത്തിലുള്ള ഹജ്ജാജിന്റെ അടുക്കലേക്ക് സഈദിനെ ബന്ധിച്ച് കൊണ്ടുപോകാന്‍ അയാള്‍ കല്‍പനയിറക്കി.

സൈന്യം ശൈഖിന്റെ ഭവനം വളഞ്ഞു. അനുയായികളുടെ കണ്‍മുമ്പില്‍ വെച്ച് അദ്ദേഹത്തിന്റെ കൈകള്‍ അവര്‍ ബന്ധിച്ചു. ഹജ്ജാജിന്റെ അടുത്തേക്കാണ് യാത്രയെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ അദ്ദേഹം ശാന്തനും സമാധാന ചിത്തനുമായിരുന്നു. അനുയായികളോടായി അദ്ദേഹം പറഞ്ഞു: ‘ആ അക്രമിയുടെ മുമ്പില്‍ വെച്ച് കൊലചെയ്യപ്പെടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഞാനും എന്റെ രണ്ട് കൂട്ടുകാരും ഒരു രാത്രി ആരാധനയിലായിരിക്കേ, പ്രാര്‍ത്ഥനയുടെ മാധുര്യത്തിലായിരുന്നു. അന്ന് ഞങ്ങള്‍ അല്ലാഹുവിനോട് അകമഴിഞ്ഞു ചിലതൊക്കെ പ്രാര്‍ത്ഥിച്ചു. രക്തസാക്ഷിത്വം നല്‍കേണമേയെന്ന് അല്ലാഹുവിനോട് ഞങ്ങള്‍ ചോദിച്ചു. എന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും അല്ലാഹു അത് നല്‍കി. ഞാനാകട്ടെ കാത്തിരിക്കുകയാണ്.’

സംസാരത്തില്‍ നിന്നും വിരമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുഞ്ഞുമകള്‍ അവിടെ വന്നു. ബന്ധനസ്ഥനാക്കി സൈനികര്‍ അദ്ദേഹത്തെ കൊണ്ടുപോകുന്നത് അവള്‍ കണ്ടു. പിതാവിനെ ചുറ്റിപ്പിടിച്ച് കരയാനും ചിണുങ്ങാനും തുടങ്ങി. പുത്രിയെ അനുനയിപ്പിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ധേശിച്ചാല്‍ നമുക്ക് സ്വര്‍ഗത്തില്‍ വെച്ച് കാണാമെന്ന് മോള് ഉമ്മയോട് പറയണേ. ശേഷം അദ്ദേഹം നടന്നുപോയി.

കര്‍മജ്ഞാനിയും ഉപാസകനും ഭൗതികവിരക്തനും ഭക്തനും ആത്മനിയന്ത്രണം പാലിക്കുന്നവനുമായ ഇമാമവര്‍കളെയും കൊണ്ട് സൈന്യം വാസിത്വ് നഗരത്തില്‍ ഹജ്ജാജിന്റെ മുമ്പില്‍ ഹാജരാക്കി. അവിടെ എത്തിപ്പെട്ട അദ്ദേഹത്തെ ഈര്‍ഷ്യയോടെ നോക്കിക്കൊണ്ട് അയാള്‍ ചോദിച്ചു: നിന്റെ പേരെന്താണ്?
ഇമാം: സഈദ് ബിന്‍ ജുബൈര്‍ (എല്ല് കൂട്ടിക്കെട്ടുന്നവന്റെ മകന്‍, വിജയി എന്നര്‍ത്ഥം)
ഹജ്ജാജ്: അല്ല ശഖിയ്യ് ബിന്‍ കുസൈര്‍ (എല്ല് പൊട്ടിക്കുന്നവന്റെ മകന്‍, പരാജിതന്‍) ആണ് നീ.
ഇമാം: എന്റെ ഉമ്മാക്ക് നിന്നേക്കാള്‍ നന്നായി എന്റെ പേരറിയാം.
ഹജ്ജാജ്: മുഹമ്മദിനെ സംബന്ധിച്ച് നീ എന്ത് പറയുന്നു.
ഇമാം: അബ്ദുല്ലായുടെ പുത്രന്‍ മുഹമ്മദ് (സ്വ)യെയാണോ നീ ഉദ്ദേശിച്ചത്.
ഹജ്ജാജ്: അതേ.
ഇമാം: ആദം സന്തതികളുടെ നേതാവ്. ഉത്കൃഷ്ഠനായ നബി. വരാനിരിക്കുന്നവരില്‍ ഉത്തമന്‍, വന്നുപോയവരിലും ഉത്തമന്‍. ദൈവിക സന്ദേശത്തെ വഹിച്ചു, കടമ നിര്‍വഹിച്ചു. അല്ലാഹുവിനോടും അവന്റെ ഗ്രന്ധത്തോടും മുസ്‌ലിം നായകരോടും സാധാരണക്കാരോടും ഗുണകാംക്ഷ പുലര്‍ത്തി.
ഹജ്ജാജ്: അബൂബക്‌റിനെ സംബന്ധിച്ച് നീ എന്ത് പറയുന്നു?
ഇമാം: അദ്ദേഹം സ്വിദ്ദീഖ് (വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന സുകൃതന്‍) ആണ്, സ്തുത്യര്‍ഹനായി കടന്നുപോയി, വിജയശ്രീലാളിതനായി ജീവിച്ചു. ഒരുതരത്തിലുള്ള വ്യതിചലനവും വരുത്താതെ നബി (സ)യുടെ പാതയില്‍ തന്നെ ചരിച്ചു.
ഹജ്ജാജ്: ഉമറിനെ സംബന്ധിച്ച് നീ എന്ത് പറയുന്നു?
ഇമാം: ധര്‍മ്മാധര്‍മങ്ങളെ അല്ലാഹു അദ്ദേഹത്തെക്കൊണ്ട് വ്യവച്ഛേദിച്ചുവെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം അല്‍ഫാറൂഖാണ്. അല്ലാഹു തെരഞ്ഞെടുത്തവനാണ്, അവന്റെ റസൂല്‍ തെരഞ്ഞെടുത്തവനാണ്. തന്റെ കൂട്ടുകാരായ റസൂല്‍ (സ)യുടെയും അബൂബക്‌റിന്റെയും പാതയില്‍ സഞ്ചരിച്ചവനാണ്. വിജയിയായി ജീവിച്ചു, രക്തസാക്ഷിയായി കൊല്ലപ്പെട്ടു.
ഹജ്ജാജ്: ഉഥ്മാന്‍ ബിന്‍ അഫ്ഫാനെ സംബന്ധിച്ച് നീ എന്ത് പറയുന്നു?
ഇമാം: പരാഥീനതകളുടെ സൈന്യം (ജൈശുല്‍ ഉസ്‌റ) എന്ന തബൂഖ് സൈനികരെ ഒരുക്കി അയച്ചവന്‍, റൂമാ കിണര്‍ കുഴിച്ചയാള്‍ (മദീനയിലെ അഖീഖിലുള്ള ഈ കിണര്‍ നൂറ് ഒട്ടകം കൊടുത്ത് വാങ്ങിയ ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍ മുസ്‌ലിംകള്‍ക്ക് സംഭാവനയായി നല്‍കുകയായിരുന്നു). തനിക്ക് വേണ്ടി സ്വര്‍ഗം വാങ്ങിയവന്‍, റസൂല്‍ (സ)യുടെ രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ചവന്‍. വാനലോകത്തുനിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് നബി തിരുമേനി (സ) അദ്ദേഹത്തിന്റെ കല്യാണം നടത്തിയത്. അദ്ദേഹത്തിന്റെ കൊലപാതകം അന്യായമായിരുന്നു.
ഹജ്ജാജ്: അലിയ്യിനെ സംബന്ധിച്ച് നീ എന്ത് പറയുന്നു?
ഇമാം: റസൂല്‍(സ)യുടെ പിതൃവ്യപുത്രന്‍, ചെറുപ്പക്കാരില്‍ ആദ്യമായി മുസ്‌ലിമായവന്‍, വിശുദ്ധയും പവിത്രയുമായ ഫാത്വിമയുടെ പുതുമാരന്‍, സ്വര്‍ഗീയ യുവാക്കളുടെ നേതാക്കളായ ഹസന്റെയും ഹുസൈന്റെയും പിതാവ്.
ഹജ്ജാജ്: അമവീ ഖലീഫമാരില്‍ നിനക്ക് എറ്റവും ഇഷ്ടമുള്ളത് ആരെയാണ്?
ഇമാം: അവരുടെ സൃഷ്ടാവിന് ഏറ്റവും ഇഷ്ടമുള്ളവരോട്.
ഹജ്ജാജ്: സൃഷ്ടാവിന് അവരില്‍ ഏറ്റവും ഇഷ്ടമുള്ളത് ആരോടാണ്?
ഇമാം: അവരുടെ രഹസ്യവും പരസ്യവും അറിയുന്നവന്റെ അടുക്കലാണ് ആ ജ്ഞാനമുള്ളത്.
ഹജ്ജാജ്: എന്നെ സംബന്ധിച്ച് നീ എന്ത് പറയുന്നു?
ഇമാം: നിന്നെ സംബന്ധിച്ച് നിനക്ക് തന്നെ നന്നായിട്ടറിയാം.
ഹജ്ജാജ്: അതല്ല, നീയെന്ത് മനസ്സിലാക്കിയെന്ന് അറിയാനാണ്.
ഇമാം: അത് നിന്നെ വിഷമിപ്പിക്കുന്നതായിരിക്കും, സന്തോഷിപ്പിക്കുന്നതായിരിക്കില്ല.
ഹജ്ജാജ്: അതെനിക്ക് അറിയേണ്ടതുണ്ട്.
ഇമാം: ഞാന്‍ മനസ്സിലാക്കുന്നു, നീ ഉന്നതനായ അല്ലാഹുവിന്റെ ഗ്രന്ഥത്തോട് എതിര് ചെയ്യുകയാണ്. മഹിമ തേടി നീ ചിലത് ചെയ്യുന്നു, അത് നിന്നെ മഹാനാശത്തില്‍ അകപ്പെടുത്തുന്നു… നരകത്തിലേക്ക് എടുത്തെറിയുന്നു.
ഹജ്ജാജ്: ഓര്‍ത്തോളൂ, അല്ലാഹുവാണ, നിന്നെ ഞാന്‍ തട്ടിക്കളയും.
ഇമാം: എന്നാല്‍ നീ എന്റെ ദുന്‍യാവ് നശിപ്പിച്ചു, നിന്റെ ആഖിറം ഞാനും നശിപ്പിച്ചു.
ഹജ്ജാജ്: നിന്നെ ഞാന്‍ എങ്ങിനെ കൊല്ലണമെന്ന് തീരുമാനിച്ചോളൂ.
ഇമാം: ഹജ്ജാജേ, അങ്ങിനെയല്ല, നിന്നെ… നിനക്ക് വേണ്ടി നീ തീരുമാനമെടുത്തോളൂ. കാരണം, അല്ലാഹുവാണ, എന്നെ നീ കൊല്ലുന്നത് പോലെയല്ലാതെ അല്ലാഹു പരലോകത്തില്‍ നിന്നെ കൊല്ലുകയില്ല.
ഹജ്ജാജ്: നിനക്ക് ഞാന്‍ മാപ്പു ചെയ്യണമോ?
ഇമാം: മാപ്പ് അല്ലാഹുവില്‍ നിന്ന് കിട്ടാനുള്ളതാണ്. അറിയുക, നിന്റെ മാപ്പ് ആവശ്യമില്ല. നിനക്ക് ന്യായീകരണവുമില്ല.
ദേഷ്യം പിടിച്ച ഹജ്ജാജ് അലറി: ആരവിടെ, വാളും കൊലക്കമ്പളവും ഒരുക്കൂ. സഈദ് അത് കേട്ട് പുഞ്ചിരിച്ചു. ഹജ്ജാജ് ചോദിച്ചു: എന്തിനാണ് ഈ ചിരി?
ഇമാം: അല്ലാഹുവിന്റെ മുമ്പിലെ നിന്റെ ധിക്കാരവും നിന്റെ മേലുള്ള അല്ലാഹുവിന്റെ സഹനതയും ഓര്‍ത്ത് അത്ഭുതപ്പെട്ട്‌പോയതാണ്.
ഹജ്ജാജ്: ആരവിടെ, അവനെ കൊന്നുകളയൂ.
ഖിബ്‌ലയുടെ നേരെ തിരിച്ചുകിടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും, ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം, ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. (അല്‍അന്‍ആം; 79)
ഹജ്ജാജ്: അവന്റെ മുഖം ഖിബ്‌ലയില്‍ നിന്നും മാറ്റൂ.
ഇമാം: നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. (അല്‍ബഖറ; 115)
ഹജ്ജാജ്: മണ്ണില്‍ മുഖം കുത്തിക്കിടത്തൂ.
ഇമാം: അതില്‍ (ഭൂമിയില്‍ ) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ടുവരികയും ചെയ്യും. (ത്വാഹാ; 55)
ഹജ്ജാജ്: അല്ലാഹുവിന്റെ ശത്രുവിനെ അറുത്തുകളയൂ, ഇയാളേക്കാള്‍ ഖുര്‍ആന്റെ ആയത്തുകള്‍ കൊണ്ട് വാദിക്കുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല.
രണ്ടു കരങ്ങളും ആകാശത്തേക്കുയര്‍ത്തി സഈദ് പറഞ്ഞു: അല്ലാഹുവേ, എനിക്കു ശേഷം ആരെയും ഹജ്ജാജിന് കീഴൊതുക്കല്ലേ.

സഈദ് ബിന്‍ ജുബൈറിന്റെ വധത്തിന്റെ പതിനഞ്ച് ദിവസം കഴിഞ്ഞതും ഹജ്ജാജിന് പനി വന്നു. രോഗബാധ തീക്ഷണമായി. ബോധം വന്നും പോയുമിരുന്നു. അല്‍പം ബോധം തെളിയുമ്പോള്‍ അയാള്‍ പേടിച്ചു നിലവിളിക്കും ‘ഇതാ….. സഈദ് ബിന്‍ ജുബൈര്‍ എന്റെ കഴുത്ത് ഞെരിക്കുന്നു. ഇതാ സഈദ് എന്നോട് ചോദിക്കുന്നു എന്നെ എന്തിന് കൊന്നുവെന്ന്?  അല്‍പം കഴിഞ്ഞ് ഹജ്ജാജ് കരഞ്ഞ് പറയാന്‍ തുടങ്ങും ‘സഈദിന് എന്റടുക്കല്‍ എന്താണ് കാര്യം, സഈദ് ബിന്‍ ജുബൈറിനെ ഇവിടുന്ന് മാറ്റൂ……’

അയാളുടെ കഥ കഴിഞ്ഞ് മറമാടിയപ്പോള്‍ ചിലര്‍ അയാളെ സ്വപ്‌നത്തില്‍ കണ്ടു. അയാളോട് ചോദിച്ചു: ഹജ്ജാജേ, നീ കൊന്നവരുടെ കണക്കില്‍ അല്ലാഹു നിന്നോട് എന്ത് ചെയ്തു? അയാള്‍ പറഞ്ഞു: ഓരോരുത്തര്‍ക്കും പകരമായി ഓരോരോ വട്ടം അല്ലാഹു എന്നെ കൊന്നു, സഈദ് ബിന്‍ ജുബൈറിന് പകരമായി എഴുപത് വട്ടം എന്നെ കൊന്നു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സഈദ് ബിന്‍ ജുബൈര്‍ – 1
സഈദ് ബിന്‍ ജുബൈര്‍ – 2
സഈദ് ബിന്‍ ജുബൈര്‍ – 3

Related Articles