Current Date

Search
Close this search box.
Search
Close this search box.

റുഫൈഅ് ബിന്‍ മിഹ്‌റാന്‍

അബുല്‍ ആലിയ എന്ന പേരില്‍ അറിയപ്പെടുന്ന, ഖുര്‍ആനും തിരുസുന്നത്തും വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന-പാരായണവും വ്യാഖ്യാനവും- റുഫൈഅ് ബിന്‍ മിഹ്‌റാന്റെ ജീവിതം പല സവിശേഷതകള്‍ കൊണ്ടും സംഭവബഹുലമായിരുന്നു. പേര്‍ഷ്യയില്‍ ജനിച്ച അദ്ദേഹം, പേര്‍ഷ്യ കീഴടക്കാന്‍ വന്ന മുസ്‌ലിം സൈന്യത്തിന്റെ പിടിയിലായപ്പോഴാണ് ഇസ്‌ലാമിന്റെ തെളിമയാര്‍ന്ന ലോകത്തേക്ക് ആനയിക്കപ്പെടുന്നത്. ദീനിന്റെ വെള്ളിവെളിച്ചം പുല്‍കിയതില്‍പ്പിന്നെ ഖുര്‍ആനും നബിചര്യയും പഠിക്കാനായിരുന്നു ജീവിതത്തിലെ സിംഹഭാഗവും ചിലവഴിച്ചത്. യുദ്ധാനന്തരം അദ്ദേഹം ഒരു സ്ത്രീയുടെ ഭൃത്യനായിരുന്ന അദ്ദേഹത്തെ മോചനദ്രവ്യമൊന്നും ആവശ്യപ്പെടാതെയാണ് ആ സ്ത്രീ മോചിപ്പിച്ചത്. .

റുഫൈഅ് അറിവുനേടാന്‍ നിരന്തരം മറ്റുള്ളവരെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ‘ദിനേന അഞ്ചു വീതം ആയത്തുകള്‍ മനപ്പാഠമാക്കാന്‍ ശ്രമിക്കുക. കാരണം ജിബ്‌രീല്‍ നബിയെപ്പഠിപ്പിച്ചത് അപ്രകാരമായിരുന്നു’ എന്ന് അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു. ഒരു സാധാരണ അദ്ധ്യാപകന്‍ എന്നതിനപ്പുറം നേര്‍വഴി നടത്തിയിരുന്ന ഒരു മാര്‍ഗദര്‍ശകനും ധീരമുജാഹിദും യുദ്ധരംഗത്തെ മികച്ച പ്രാസംഗികനും കൂടിയായിരുന്നു ്അദ്ദേഹം.
 
അലി(റ)വും മുആവിയ(റ)വും തമ്മിലുണ്ടായ യുദ്ധത്തിനിടയില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ നിലപാട് വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു. ‘അലിയും മുആവിയയും തമ്മിലുളള യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ചുറുചുറുക്കുള്ള യുവാവായിരുന്നു. പക്ഷെ, അതിശൈത്യമുള്ള സന്ദര്‍ഭത്തില്‍ തണുത്ത വെള്ളത്തില്‍ കൈമുക്കാന്‍ വെറുക്കുന്നതിനേക്കാളപ്പുറം ഞാന്‍ യുദ്ധത്തെ വെറുക്കുന്നു. ആയുധവുമായി ഞാന്‍ യുദ്ധത്തിന് എത്തിയെങ്കിലും ഏത് പക്ഷം ചേരണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ഇരുഭാഗത്തും തക്ബീര്‍ ധ്വനികള്‍, ..ഏതു ഭാഗമാണ് സത്യം, ഏതാണസത്യത്തിന്റെ പക്ഷം ….ഞാന്‍ ആരോടൊപ്പം ചേരും… അവസാനം ആയുധം ഉപേക്ഷിച്ച് ഞാന്‍ പിന്തിരിഞ്ഞു നടന്നു.’

പ്രവാചകനെ കാണാന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന് അതിയായ ദുഖമുണ്ടായിരുന്നു. ആ ദുഖം അദ്ദേഹം പരിഹരിച്ചത് നബിയുടെ സാമീപ്യം സിദ്ധിച്ച സ്വഹാബി വര്യന്‍മാരുമൊത്ത് ജീവിതം കഴിച്ചു കൂട്ടിക്കൊണ്ടായിരുന്നു. ഒരിക്കല്‍ അനസ്(റ) നല്‍കിയ ആപ്പിള്‍ വാങ്ങിയ ശേഷം റുഫൈഅ് പറഞ്ഞു. ‘നബിയുടെ കരം സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച  കൈകളില്‍ നിന്ന് സ്വീകരിച്ച ആപ്പിള്‍ ഇതാ’.

ഒരിക്കല്‍ അദ്ദേഹത്തിന് മാരകമായ ഒരസുഖം പിടിപെട്ടു. കാലില്‍ മാത്രം ബാധിച്ച രോഗം മറ്റവയവങ്ങളെ കാര്‍ന്നു തിന്നാതിരിക്കാന്‍ ,എത്രയും പെട്ടെന്ന് കാല്‍ മുറിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം കാല്‍ മുറിച്ചു മാറ്റാന്‍ വേണ്ട ഉപകരണങ്ങളുമായി വന്ന വൈദ്യന്‍, വേദന അറിയാതിരിക്കാന്‍ മയക്കുഗുളിക കഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ റുഫൈഅ് പറഞ്ഞത്, ശ്രുതിമധുരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരാളെ അടുത്തിരുത്തി ഖുര്‍ആന്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ കാല്‍ മുറിച്ചാല്‍ മതി എന്നായിരുന്നു. അനന്തരം മുറിച്ചുമാറ്റിയ കാല്‍ കൈയ്യിലേന്തി അദ്ദഹം പറഞ്ഞു. ‘നീ ഈ കാലുകൊണ്ട് ഹറാമിലേക്ക് നടക്കുകയോ ഹറാം സ്പര്‍ശിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അല്ലാഹു ചോദിച്ചാല്‍ ഇല്ല എന്നെനിക്ക് മറുപടി പറയാന്‍ സാധിക്കും’.

ദൈവസന്നിധിയിലേക്കുള്ള യാത്രക്കായി അദ്ദേഹം കഫന്‍പുടവ നേരത്തെ വാങ്ങിവച്ചിരുന്നു. മാസത്തില്‍ ഒരിക്കലെങ്കിലും അതണിഞ്ഞ് മരണത്തെ ആലോചിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു.  ഹിജ്‌റ 98-ല്‍ ഒരു ശവ്വാല്‍ മാസത്തില്‍ റുഫൈഅ് എന്ന കര്‍മ്മയോഗി ഈ ലോകത്തോട് വിട പറഞ്ഞു.

വിവ : ഇസ്മാഈല്‍ അഫാഫ്

Related Articles