Current Date

Search
Close this search box.
Search
Close this search box.

റബീഅ് ബിന്‍ ഖുഥൈമിന്റെ ഉപദേശം

ഹിലാലും മുന്‍ദിറും റബീഅ് ബിന്‍ ഖുഥൈമിന്റെ അടുക്കല്‍ ഇരിക്കെ മധ്യാഹ്ന നമസ്‌കാരത്തിന്റെ സമയം അടുത്തപ്പോള്‍ ഹിലാല്‍ ശൈഖിനോട് പറഞ്ഞു: എനിക്ക് ഉപദേശം നല്‍കിയാലും.
ശൈഖ് : ഹിലാലേ, ജനങ്ങളുടെ പ്രശംസയില്‍ വഞ്ചിതനാകരുത്. നിന്നെ സംബന്ധിക്കുന്ന ബാഹ്യ വിവരം മാത്രമേ അവര്‍ക്കുണ്ടാവുകയുള്ളൂ. അറിയുക, നീ നിന്റെ കര്‍മങ്ങളിലേക്ക് ചേരുന്നതാണ്. അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കാത്ത സര്‍വ്വ കര്‍മങ്ങളും മാഞ്ഞുപോകുന്നതാണ്.
മുന്‍ദിര്‍ : എനിക്കും ഉപദേശം തരൂ,
ശൈഘ് : മുന്‍ദിറേ, അറിയാവുന്നതില്‍ അല്ലാഹുവിനെ സൂക്ഷിക്കൂ, അറിയാത്തത് അറിവുള്ളവനെ ഏല്‍പിക്കൂ. ‘അല്ലാഹുവേ, ഞാന്‍ നിന്നോട് പാപമോചനം തേടുകയാണ്’ എന്ന് നിങ്ങളാരും പറയരുത്. പാപമോചനം തേടാന്‍ കഴിയാതെ വന്നാല്‍  അത് കളവാകുമല്ലോ. ‘അല്ലാഹുവേ, നീ എനിക്ക് പാപമോചനം നല്‍കേണമേ’ എന്ന് പറഞ്ഞോളൂ. അത് പ്രാര്‍ത്ഥനാ ശൈലിയാണ്. മുന്‍ദിറേ, അറിഞ്ഞുകൊള്ളൂ, ലാ ഇലാഹ ഇല്ലല്ലാ, അല്‍ഹംദുലില്ലാ, അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാ, നന്മ ചോദിക്കുക, തിന്മയില്‍ നിന്ന് കാവല്‍ തേടുക, നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക, എന്നിവകളിലല്ലാതെ നന്‍മയില്ല.
മുന്‍ദിര്‍ ചോദിച്ചു: താങ്കള്‍ കവിതകള്‍ ഉദ്ധരിക്കുന്നത് കേട്ടിട്ടില്ലല്ലോ, താങ്കളുടെ ചില അനുയായികള്‍ അത് ഉദാഹരണത്തിനായി ഉദ്ധരിക്കുകയും ചെയ്യുന്നു.
ശൈഖ് : ഇവിടെ (ദുന്‍യാവില്‍) നീ പറയുന്നതെന്തും അവിടെ (ആഖിറത്തില്‍) നിന്നെ കേള്‍പ്പിക്കാതിരിക്കുകയില്ല. വിധി നിര്‍ണയിക്കപ്പെടും നാളില്‍, എന്റെ ഗ്രന്ഥത്തില്‍ നിന്നും എന്നോടായി, കവിതയുടെ ഒരു ശകലമെങ്കിലും ഉദ്ധരിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ മരണത്തെ കൂടുതല്‍ ഓര്‍ക്കൂ. കാണാമറയത്താണെങ്കിലും വരാനുള്ളതാണത്. ഒളിഞ്ഞിരിക്കുന്നവന്റെ ഒളിവ് ജീവിതം ദീര്‍ഘിക്കുംതോറും ആഗമനം അടുത്തുകൊണ്ടേയിരിക്കും, ബന്ധുക്കള്‍ കാത്തിരിക്കും.
തുടര്‍ന്ന് അദ്ദേഹം സൂറ: അല്‍ഫജ്‌റിലെ 21 മുതല്‍ 23 വരെയുള്ള വചനങ്ങള്‍ പാരായണം ചെയ്തുകൊണ്ട് കണ്ണീരോടെ പറഞ്ഞു:  
ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,
നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,
അന്ന് നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍!  നാളെ നമുക്ക് എന്തുചെയ്യാനാകും?
റബീഅ് സംസാരം നിര്‍ത്തുമ്പോള്‍ ള്വുഹര്‍ ബാങ്ക് കൊടുത്തു കഴിഞ്ഞിരുന്നു. പുത്രനോടായി പറഞ്ഞു. വരിക, അല്ലാഹുവിന്റെ വിളിയാളന് ഉത്തരം നല്‍കാം.
ഹിലാല്‍ പറയുന്നു: അദ്ദേഹത്തിന്റെ പുത്രന്‍ ഞങ്ങളോട് പറഞ്ഞു, അദ്ദേഹത്തെ മസ്ജിദില്‍ കൊണ്ടുപോകാനായി നിങ്ങള്‍ എന്നെ സഹായിക്കുമോ? നിങ്ങള്‍ക്ക് നന്മ ലഭിക്കുമാറാകട്ടെ. അങ്ങിനെ ഞങ്ങള്‍ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു, വലതുഭാഗം പുത്രനും ഇടതുഭാഗം ഞാനും താങ്ങി, പരസഹായത്തോടെ നടന്നു നീങ്ങുമ്പോള്‍ കാലുകള്‍ മണ്ണില്‍ രേഖ തീര്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടായി മുന്‍ദിര്‍ പറഞ്ഞു: അബൂ യസീദ്, അല്ലാഹു താങ്കള്‍ക്ക് ലഘൂകരണം നല്‍കിയിട്ടുണ്ട്. വീട്ടില്‍ നമസ്‌കരിച്ചുകൂടെ?
അദ്ദേഹം പറഞ്ഞു: കാര്യം നീ പറഞ്ഞത് പോലെ തന്നെയാണ്. പക്ഷെ, പക്ഷെ വിളിയാളന്‍ ‘ഹയ്യ അലല്‍ ഫലാഹ്… ഹയ്യ അലല്‍ ഫലാഹ്’ (വിജയത്തിലേക്ക് വരൂ) എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടു, വിജയത്തിലേക്ക് വിളിക്കുന്നത് കേട്ടാല്‍ ഇഴഞ്ഞിട്ടാണെങ്കിലും നിങ്ങള്‍ അതിന് മറുപടി നല്കണം. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റബീഅ് ബിന്‍ ഖുഥൈം – 1
റബീഅ് ബിന്‍ ഖുഥൈം – 2
റബീഅ് ബിന്‍ ഖുഥൈം – 3

Related Articles