Current Date

Search
Close this search box.
Search
Close this search box.

റജാഅ് ബിന്‍ ഹയ്‌വ; കിന്‍ദയിലെ മഹാന്‍

താബിഉകളുടെ കാലഘട്ടത്തില്‍ മൂന്നാളുകള്‍ ഉണ്ടായിരുന്നു. ഇറാഖില്‍ മുഹമ്മദ് ബിന്‍ സീരീന്‍, ഹിജാസില്‍ ഖാസിം ബിന്‍ മുഹമ്മദ് ബിന്‍ അബീ ബക്ര്‍, ശാമില്‍ റജാഅ് ബിന്‍ ഹയ്‌വ. ഇവര്‍ക്ക് സമന്‍മാരായി മറ്റാരെയും അക്കാലക്കാര്‍ ദര്‍ശിച്ചിരുന്നില്ല. അങ്ങിനെ ഉണ്ടാകുമെന്നും അവര്‍ അറിയുമായിരുന്നില്ല. പലയിടത്തായിരുന്നുവെങ്കിലും സത്യത്തിനും സഹനത്തിനും, നേരിനും നെറിക്കുമായി ഒന്നിച്ച്  കരാര്‍ ചെയ്തതു പോലെ, ജീവിതത്തെ ഭക്തിയിലും വിജ്ഞാനത്തിലും തളച്ചിട്ടത് പോലെ, അല്ലാഹുവിന്റെയും ദൂതന്റെയും മുസ്‌ലിം നേതൃത്വത്തിന്റെയും സാധാരണക്കാരുടെയും സേവനത്തിനായി സ്വയം സമര്‍പ്പിച്ചത് പോലെ ആയിരുന്നു അവര്‍. നല്ലവരായ ആ മഹത്തുക്കളില്‍ മൂന്നാമനായ റജാഅ് ബിന്‍ ഹയ്‌വയുടെ സവിധത്തില്‍ ഈ അനുഗ്രഹീത നിമിഷങ്ങള്‍ നമുക്ക് ചെലവഴിക്കാം.

ഫലസ്തീന്‍ ദേശത്തെ ബീസാനിലെ അറബി ഗോത്രമായ കിന്‍ദയിലാണ് റജാഅ് ബിന്‍ ഹയ്‌വ ജനിച്ചത്. അതായത് അറബ് വേരുകളുള്ള ഫലസ്തീനിയായിരുന്നു റജാഅ്. ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ അവസാന നാളുകളില്‍ എപ്പോളോ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിപ്പ്രായം മുതല്‍ അല്ലാഹുവിനെ അനുസരിച്ചാണ് ആ യുവാവ് വളര്‍ന്നു വന്നത്. അതിനാല്‍ അല്ലാഹു അദ്ദേഹത്തെ സ്‌നേഹിച്ചു, സൃഷ്ടികള്‍ക്ക് പ്രിയങ്കരനാക്കി. നന്നെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം അറിവ് തേടിയിറങ്ങി. മറ്റൊന്നും ഇല്ലാത്തവണ്ണം പച്ചയായ ഇളംമനം വിജ്ഞാനത്തെ സ്വീകരിച്ചു. ജ്ഞാനം അതില്‍ ഇരിപ്പിടം കണ്ടെത്തി. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും മതിയാവോളം വയറ് നിറയ്ക്കുക, തിരുദൂതരുടെ ഹദീസുകളില്‍ നിന്നും പാഥേയം ഒരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ എറ്റവും വലിയ ആഗ്രഹം. അന്തരാളം ഖുര്‍ആനിന്റെ പ്രകാശം കൊണ്ട് വിളങ്ങി, നുബുവ്വത്തിന്റെ സമ്മാനം കൊണ്ട് അകക്കണ്ണ് പ്രകാശിച്ചു. തത്വജ്ഞാനവും സദുപദേശവും കൊണ്ട് മനം നിറഞ്ഞു. തത്വജ്ഞാനം നല്‍കപ്പെട്ടവന്‍ വമ്പിച്ച സൗഭാഗ്യം ലഭിച്ചവന്‍ എന്നാണല്ലോ ചൊല്ല്. അബൂ സഈദ് ഖുദ്‌രിയ്യ്, അബുദ്ദര്‍ദാഅ്, അബൂ ഉമാമ, ഉബാദത് ബിന്‍ സ്വാമിത്, മുആവിയ്യ ബിന്‍ അബീ സുഫ്‌യാന്‍, അബ്ദുല്ലാ ബിന്‍ അംര്‍ ബിന്‍ ആസ്വ്, നുവ്വാസ് ബിന്‍ സംആന്‍ എന്നിവരെ പോലുള്ള പ്രമുഖ സ്വഹാബി വൃത്തങ്ങളില്‍ നിന്നും ചിലതൊക്കെ അദ്ദേഹം നേടിയെടുത്തു. അദ്ദേഹത്തിന് അവര്‍ സന്മാര്‍ഗത്തിന്റെ വിളക്കുകളും വിദ്വത്തത്തിന്റെ ജ്വാലകളുമായിരുന്നു.

ഭാഗ്യവനായ ആ യുവാവ് തനിക്കായി ഒരു മാര്‍ഗരേഖ ഉണ്ടാക്കി വെച്ചിരുന്നു. ആയുസ്സുള്ളിടത്തോളം അദ്ദേഹം അത് മുറുകെ പിടിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു ‘ഈമാന്‍ അലങ്കാരം ചാര്‍ത്തുന്ന ഇസ്‌ലാം എത്ര ഭംഗിയുള്ളതാണ്, ദൈവഭക്തി അലങ്കാരം ചാര്‍ത്തുന്ന ഈമാന്‍ എത്ര ഭംഗിയുള്ളതാണ്, കര്‍മം അലങ്കാരം ചാര്‍ത്തുന്ന ജ്ഞാനം എത്ര ഭംഗിയുള്ളതാണ്, സൗമ്യത അലങ്കാരം ചാര്‍ത്തുന്ന കര്‍മം എത്ര ഭംഗിയുള്ളതാണ്’.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ മുതല്‍ അവസാനം ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് വരെയുള്ള ഒരുസംഘം ബനൂ ഉമയ്യാ ഖലീഫമാരുടെ മന്ത്രിയായിരുന്നു റജാഅ് ബിന്‍ ഹയ്‌വ. മാത്രമല്ല, സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക്, ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് എന്നിവരോടുള്ള അദ്ദേഹത്തിന്റെ ബന്ധം അവര്‍ക്ക് മുമ്പുണ്ടായിരുന്ന ഖലീഫമാരോട് ഉള്ളതിലേറെയായിരുന്നു.

കൃത്യമായ നിരീക്ഷണ പാടവം, സത്യസന്ധമായ നാവ്, ഉദ്ദേശശുദ്ധി, സംഗതികളെ നേരിടുന്നതിലെ തന്ത്രജ്ഞത ഇതിനെല്ലാം മകുടം ചാര്‍ത്തികൊണ്ട്, അളുകള്‍ മല്‍സരിച്ച് നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഇഹലോകത്തിന്റെ ചരക്കുകളിലെ പരിത്യാഗം എന്നിവയാണ് ബനൂ ഉമയ്യ ഖലീഫമാരുടെ ഹൃദയങ്ങളുമായി അദ്ദേഹത്തെ അടുപ്പിച്ച് നിര്‍ത്തിയ ഘടകങ്ങള്‍. ബനൂ ഉമയ്യ ഖലീഫമാരോടുള്ള അദ്ദേഹത്തിന്റെ ബന്ധം അല്ലാഹു അവര്‍ക്ക് നല്‍കിയ ബൃഹത്തായ അനുഗ്രവും വമ്പിച്ച ബഹുമതിയുമായിരുന്നു. അദ്ദേഹം അവരെ നന്മയിലേക്ക് ക്ഷണിച്ചു, അതിലേക്കുള്ള വഴികളെ അറിയിച്ചുകൊടുത്തു, തിന്മയില്‍ നിന്നും തടുത്തുനിര്‍ത്തി, അതിന്റെ കവാടങ്ങള്‍ കൊട്ടിയടച്ചു, സത്യം കാണിച്ചുകൊടുത്തു, അതിനെ പിന്‍പറ്റല്‍ മനോഹരമാക്കിത്തീര്‍ത്തു, അസത്യത്തെ ദൃഷ്ടിഗോചരമാക്കി അതിനോട് വെറുപ്പുളവാക്കി, അല്ലാഹുവിനോടും റസൂലിനോടും മുസ്‌ലിം പ്രമാണിമാരോടും സാധാരണക്കാരോടുമുള്ള കടപ്പാടുകള്‍ നിര്‍വഹിച്ചു. ഖലീഫമാരോട് കൂടിച്ചേര്‍ന്നു കഴിഞ്ഞതിനു പിന്നിലെ യുക്തിയിലേക്ക് വെളിച്ചം വീശുന്നതും ഉദ്ദേശ്യലക്ഷ്യങ്ങളെ വേര്‍തിരിക്കുന്നതുമായ കഥകള്‍ അദ്ദേഹം സ്വയം ഉദ്ധരിക്കുന്നു: ബനൂ ഉമയ്യ ഖലീഫമാരില്‍ പ്രമുഖനും ബൈസന്റ്റൈന്‍ സാമ്രാജ്യത്തോട് പോരടിച്ച, കോണ്‍സ്റ്റാന്റിനേപ്പിള്‍ ഉപരോധിച്ച, ഫലസ്തീനിലെ റമല്ല നഗരത്തിന് ശിലപാകിയ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിനൊപ്പം ഒരു ജനക്കൂട്ടത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. അ പ്പോള്‍ തിരക്കിനിടയില്‍ നിന്നും ഒരാള്‍ ഞങ്ങളെ ലക്ഷ്യം വെച്ച് വരുന്നത് കണ്ടു. അയാള്‍ രൂപസൗകുമാര്യം ഉള്ളയാളും മതിപ്പുളവാക്കുന്ന ആകാരമുള്ളവനും ആയിരുന്നു. അയാള്‍ ഖലീഫയെയാണ് ലക്ഷ്യംവെക്കുന്നതെന്നതില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. അയാള്‍ എന്റെ നേരെ വന്നു എന്റെ ചാരത്തു നിന്നു. എനിക്ക് അഭിവാദ്യമര്‍പ്പിച്ച ശേഷം ഖലീഫയെ ചൂണ്ടി ക്കൊണ്ട് പറഞ്ഞു: ‘അല്ലയോ റജാഅ്, താങ്കള്‍ ഈ മനുഷ്യനെ കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ ധാരാളം നന്മയും ധാരാളം തിന്മയുമുണ്ട്, അതിനാല്‍ അദ്ദേഹത്തോടുള്ള അടുപ്പം താങ്കള്‍ക്കും അദ്ദേഹത്തിനും ജനതക്കും ഗുണകരമാക്കുക. അല്ലയോ റജാഅ്, അറിഞ്ഞുകൊള്ളുക സുല്‍ത്വാന്റെയടുക്കല്‍ സ്ഥാനമുള്ളയാള്‍, സ്വയം ആവലാതി ഉന്നയിക്കാന്‍ കഴിയില്ലാത്ത ബലഹീനന്റെ പ്രശ്‌നം സുല്‍ത്വാന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍, വിചാരണാ വേളയില്‍ വിചാരണ എളുപ്പമാകുക നിമിത്തം തന്റെ രണ്ട് കാല്‍പാദങ്ങളും ഉറപ്പിച്ച് നിറുത്തി കൊണ്ട് തന്നെ മഹാനും പ്രതാപിയുമായ അല്ലാഹുവിനെ കണ്ടുമുട്ടാവുന്നതാണ്. അല്ലയോ റജാഅ്, ഓര്‍ത്തുകൊള്ളുക, മുസ്‌ലിമായ സഹോദരന്റെ ആവശ്യ പൂര്‍ത്തീകരണത്തിനായി നടക്കുന്നവന്റെ ആവശ്യങ്ങളില്‍ അല്ലാഹു ഉണ്ടായിരിക്കും. അല്ലയോ റജാഅ്, മനസ്സിലാക്കിക്കോളൂ, മഹാനും പ്രതാപിയുമായ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട കര്‍മം മുസ്‌ലിമിന്റെ മനസ്സില്‍ സന്തോഷം ഉളവാക്കലാണ്’.

അയാളുടെ സംസാരത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അല്‍പം കൂടി അധികരിപ്പിക്കുമെന്ന് നിനച്ചിരിക്കവെ ഖലീഫ വിളിച്ചുചോദിച്ചു എവിടെ റജാഅ് ബിന്‍ ഹയ്‌വ? ഞാന്‍ അവിടേക്ക് തിരിഞ്ഞുനോക്കി കൊണ്ട് പറഞ്ഞു:  അതെ, അമീറുല്‍ മുഅ്മിനീന്‍ ഞാന്‍ ഇവിടെയുണ്ട്. അദ്ദേഹം എന്നോട് എന്തോ ചോദിച്ചു. അതിനു മറുപടി പറഞ്ഞു കഴിഞ്ഞതും എന്റെ സമീപത്തുണ്ടായിരുന്ന ആളെ ഞാന്‍ നോക്കി. അയാളെ കണ്ടില്ല. ചികഞ്ഞന്വേഷിച്ചെങ്കിലും ജനക്കൂട്ടത്തില്‍ അയാളുടെ പൊടി പോലും കണ്ടില്ല.
റജാഅ് ബിന്‍ ഹയ്‌വയ്ക് ബനൂ ഉമയ്യ ഖലീഫമാരുമായിട്ടുള്ള സത്യസന്ധമായ ഇടപെടലുകള്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്, മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി അത് ഉദ്ധരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഒരിക്കല്‍, ബനൂ ഉമയ്യക്കാരോട് മോശമായി പെരുമാറുന്ന ഒരാള സംബന്ധിച്ച് അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ സദസ്സില്‍ വിശേഷിപ്പിക്കപ്പെട്ടു. അയാളുടെ പ്രവര്‍ത്തനങ്ങളെയും വാക്കുകളെയും സംബന്ധിച്ച്  ഖലീഫയുടെ രോഷം ഇരട്ടിക്കുവാനുതകുന്ന തരത്തില്‍ കുറ്റം പറഞ്ഞു. ആരോ പറഞ്ഞു: ഖിലാഫത് അവകാശപ്പെടുക വഴി അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ എതിരാളിയായ മാറിയ അബ്ദുല്ലാ ബിന്‍ സുബൈറിന്റെ സംഘത്തില്‍ അയാള്‍ ചേരുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ഖലീഫ പറഞ്ഞു: അല്ലാഹുവാണ, അവനെ എന്റെ കൈയ്യില്‍ അല്ലാഹു എത്തിച്ചു തന്നാല്‍ എന്ത് ചെയ്യുമെന്ന് കണ്ടോളൂ. അവന്റെ പിരടി ഞാന്‍ വാള്‍ കൊണ്ട് വെട്ടും.
അധികം വൈകിയില്ല, അയാളെ അല്ലാഹു അവിടെ എത്തിച്ചു. ഖലീഫയുടെ മുന്നിലേക്ക് അയാള്‍ നയിക്കപ്പെട്ടു. കണ്ണുകള്‍ അയാളുടെ മേല്‍ പതിഞ്ഞ മാത്രയില്‍ ഖലീഫ കോപം കൊണ്ട് വിറച്ചു, ഭീഷണി നടപ്പാക്കാനുറച്ചു.

റജാഅ് ബിന്‍ ഹയ്‌വ എഴുന്നേറ്റു നിന്നു പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, മഹാനും പ്രതാപിയുമായ അല്ലാഹു താങ്കള്‍ ആഗ്രഹിച്ചത് പോലുള്ള ശക്തി താങ്കള്‍ക്ക് ചെയ്തു തന്നു, അതിനാല്‍ അല്ലാഹു താത്പര്യപ്പെടുന്നത് പോലുള്ള വിട്ടുവീഴ്ച ചെയ്യുക. അതോടെ ഖലീഫയുടെ മനസ്സ് ശാന്തമായി, കോപമടങ്ങി, അയാള്‍ക്ക് മാപ്പുനല്‍കി വിട്ടയച്ചു. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റജാഅ് ബിന്‍ ഹയ്‌വ – 2

Related Articles