Current Date

Search
Close this search box.
Search
Close this search box.

രണ്ടു രക്തസാക്ഷികളുടെ മാതാവ്

ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യപാദങ്ങളില്‍ പരാമര്‍ശവിധേയമായ വനിതാ രത്‌നങ്ങളിന്‍ ഒരുവളാണ് ഫാത്വിമ ബിന്‍ത് അസദ്. കുറേയേറെ മഹദ്‌സേവനങ്ങളും സുകൃത നിലപാടുകളും ഇവരുടേതായി വര്‍ണാക്ഷരങ്ങളില്‍ ഉല്ലേഘനം ചെയ്യപ്പെട്ടിരിക്കുന്നു.

പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന്റെ മരണാനന്തരം അല്ലാഹുവിന്റെ സൃഷ്ടികളില്‍ അത്യുത്തമനായ തിരുമേനിയുടെ സമ്പൂര്‍ണ്ണ പരിപാലനച്ചുമതലക്ക് സൗഭാഗ്യം ലഭിച്ചത് പോലുള്ള സുപ്രധാന സ്മൃതികള്‍ ഇവര്‍ക്ക് സ്വന്തമാണ്. മാത്രമല്ല, സച്ചരിത ഖലീഫമാരില്‍ നാലാമന്‍ അലി ബിന്‍ അബീത്വാലിബിന്റെയും പ്രവാചക സേനയിലെ കുതിരപ്പടയാളി ജഅ്ഫര്‍ ബിന്‍ അബീത്വാലിബിന്റെയും മാതാവ്. ഹിജ്‌റ പോയ ആദ്യ വനിതകളില്‍ ഒരുവള്‍. സുബൈര്‍(റ) പറയുന്നു ഹാഷിം വംശത്തില്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയ ആദ്യ ഹാശിം വംശജയാണ് ഫാത്വിമ.

കഴിയുന്നിടത്തോളം അവര്‍ നബിക്ക് നന്മ ചെയ്തു. കുട്ടിക്കാലത്തും യുവത്വത്തിലും ഫാത്വിമ നല്‍കിയ പരിഗണനകള്‍ കാരണമായി മാതാവായ ആമിന ബിന്‍ത് വഹബിനെ തന്നെയാണ് നബി അവരില്‍ ദര്‍ശിച്ചത്. അതായത് ഉമ്മാക്ക് ശേഷം വന്ന ഉമ്മ, പിതാമഹന്‍ യാത്രപറഞ്ഞു പോയതില്‍ പിന്നെ അനുകമ്പയും പരിഗണനയും വഴിഞ്ഞൊഴുകിയ ദയയുള്ള മനസ്സ്.

അടുത്ത ബന്ധുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയെന്ന സന്ദേശവുമായി സൂറഃ അശ്ശുഅറാഇലെ 214ാം വചനം അവതരിച്ചപ്പോള്‍, ഇരുലോക നന്മയിലേക്ക് നബി തിരുമേനി അവരെ ക്ഷണിച്ചു. നിസ്സാര കാരണങ്ങളാല്‍ ഭര്‍ത്താവ് അബൂത്വാലിബ് വിസമ്മതിച്ച് നിന്നുവെങ്കിലും, മക്കളൊന്നിച്ച് അല്ലാഹുവിലും റസൂലിലും വളരെ നേരത്തെ തന്നെ ഫാത്വിമ വിശ്വാസമര്‍പ്പിച്ചിരുന്നു. അവരുടെ മക്കളില്‍ ആദ്യമായി ഇസ്‌ലാം പുല്‍കിയത് അലിയ്യായിരുന്നു.

അല്ലാഹുവിനായി സമര്‍പ്പിതരായ പ്രവാചകാനുയായികളെ മാളത്തിനുള്ളില്‍ കയറിയും ഖുറൈശികള്‍  ദ്രോഹിച്ചു തുടങ്ങിയപ്പോള്‍, ഏത്യോപ്യയിലേക്ക് പലായനം ചെയ്യാന്‍ നബി നിര്‍ദേശം നല്‍കി. പുത്രന്‍ ജഅ്ഫറിനെയും പുത്രഭാര്യ അസ്മാഅ് ബിന്‍ത് ഉമൈസിനേയും ഇക്കുട്ടത്തില്‍ അവര്‍ യാത്രയയച്ചു. ജഅ്ഫറായിരുന്നു ഏത്യോപ്യന്‍ മുസ്‌ലിമുകളുടെ നായകന്‍. നബിയും അനുചരരും മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ ആ നേട്ടം കരസ്ഥമാക്കാന്‍ ഫാത്വിമ ബിന്‍ത് അസദും ഉണ്ടായിരുന്നു.

ഫാത്വിമയുടെ മതനിഷ്ഠയും ധര്‍മബോധവും നബിതിരുമേനിയുടെ ബഹുമതിയും സവിശേഷ പരിഗണനയും നേടിയെടുത്തു. വിലയേറിയ ഉപഹാരങ്ങള്‍ നബി അവര്‍ക്ക് നല്‍കുമായിരുന്നു. അലി(റ) പറയുന്നു: ഒരിക്കല്‍ നബി തിരുമേനി(സ) ഒരു കസവുപട്ട് എന്റെ കൈയ്യില്‍ തന്നുകൊണ്ട് പറഞ്ഞു ‘ഇത് ഫാത്വിമമാര്‍ക്ക് മുഖമക്കനയാക്കി നല്‍കൂ’ അങ്ങിനെ ഞാനതിനെ നാലായി പകുത്തു, പ്രവാചക പുത്രി ഫാത്വിമക്ക്, അസദിന്റെ മകള്‍ ഫാത്വിമക്ക്, ഹംസയുടെ മകള്‍ ഫാത്വിമക്ക്’. ഒരാളുടെ പേര് അലി(റ) പറഞ്ഞില്ല.

പ്രവാചക സഖാക്കളുടെ മനസ്സിലും ഫാത്വിമക്ക് ഉന്നതസ്ഥാനമുണ്ടായിരുന്നു. ഉഹദ് യുദ്ധത്തില്‍ മുശ്‌രിക്കുകളുടെ പതാകവാഹകനായിരുന്ന ത്വല്‍ഹത് ബിന്‍ അബീത്വല്‍ഹയെ വധിച്ചത് അലി(റ) ആയിരുന്നു. സ്വഹാബിയ്യായ ഹജ്ജാജ് ബിന്‍ ഇലാത്വ് സുലമി ഈ സംഭവം പരാമര്‍ശിച്ചും അലിയ്യിനെ പ്രകീര്‍ത്തിച്ചും എഴുതിയ കാവ്യശകലങ്ങളില്‍ മാതാവായ ഫാത്വിമയെ സ്മരിക്കുന്നുണ്ട്.

ഫാത്വിമ ദിവംഗതയായപ്പോള്‍ പ്രവാചക തിരുമേനി തന്റെ കുപ്പായം അവരെ ധരിപ്പിച്ചു, ഖബ്‌റില്‍ അവരോടൊപ്പം കിടന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇങ്ങിനെ താങ്കള്‍ ചെയ്യുന്നത് ഞങ്ങള്‍ ഇതുവരേയും കണ്ടിട്ടില്ലല്ലോ?. നബി പ്രതിവചിച്ചു: ‘അബൂത്വാലിബ് കഴിഞ്ഞാല്‍, ഇത്രയേറെ എന്നോട് ഗുണം ചെയ്തത് ഫാത്വിമ മാത്രമാണ്. സ്വര്‍ഗ്ഗീയ ആഭരണങ്ങള്‍ അവര്‍ക്ക് അണിയിക്കപ്പെടാനായി ഞാന്‍ കുപ്പായം ധരിപ്പിച്ചു, ഖബ്ര്‍വാസം എളുപ്പമാകാനായി അവരോടൊപ്പം കിടന്നു.’

Related Articles