Current Date

Search
Close this search box.
Search
Close this search box.

യാചകനോടൊപ്പം

അഗ്രഗണ്യരായ ആദ്യകാല താബിഉകളില്‍ ഒരാളായ ഹിലാല്‍ ബിന്‍ ഇസാഫ് ശേഷക്കാരനായ താബിഇയ്യായ മുന്‍ദിര്‍ ഥൗരിയോട് പറഞ്ഞു: മുന്‍ദിറേ, നിന്നെ ഒരു ഗുരുവിന്റെ അടുക്കല്‍ ഞാന്‍ എത്തിക്കട്ടേ, അത് ഈമാന്‍ വര്‍ദ്ധിക്കുന്നതിന് നിമിത്തമായേക്കാം.
മുന്‍ദിര്‍ പറഞ്ഞു: അതേ, അല്ലാഹുവാണ, താങ്കളുടെ ഗുരുവായ റബീഅ് ബിന്‍ ഖുഥൈമിനെ സന്ധിക്കണം, അദ്ദേഹത്തിന്റെ ഈമാനിന്റെ മുറ്റത്ത് അല്‍പ സമയം കഴിഞ്ഞു കൂടണം എന്ന ആഗ്രഹം ഒന്നു മാത്രമാണ് എന്നെ കൂഫയില്‍ എത്തിച്ചത്. പക്ഷെ, അനുമതി കിട്ടിയോ? പക്ഷാഘാതം വന്നതു മുതല്‍ ജനസമ്പര്‍ക്കമില്ലാതെ, വീട്ടിലിരുന്ന് രക്ഷിതാവിനെ ആരാധിക്കുകയാണെന്ന് ഞാന്‍ കേട്ടിരുന്നു.
ഹിലാല്‍ : കൂഫക്കാര്‍ അദ്ദേഹത്തെ അങ്ങിനെ തന്നെയാണല്ലോ മുന്നേ മനസ്സിലാക്കിയിട്ടുള്ളത്, രോഗം അതിനൊരു മാറ്റവും ഉണ്ടാക്കിയിട്ടില്ല.
മുന്‍ദിര്‍ : ശരി, എന്നാലും ഈ ഗുരുക്കന്‍മാര്‍ക്ക് ചില പ്രത്യേക ചിട്ടവട്ടങ്ങളൊക്കെ ഉണ്ടെന്ന് താങ്കള്‍ക്ക് അറിയില്ലേ, നമ്മുടെ ആവശ്യങ്ങള്‍ നേരിട്ട് പോയി ചോദിക്കാമോ? അതോ അദ്ദേഹം പറയുന്നത് മിണ്ടാതിരുന്ന് കേള്‍ക്കേണമോ?
ഹിലാല്‍ : ഒരു വര്‍ഷം റബീഅ് ബിന്‍ ഖുഥൈമിന്റെ കൂടെയിരുന്നാലും അങ്ങോട്ട് എന്തെങ്കിലും പറയാതെ അദ്ദേഹം ഉരിയാടുകയില്ല. വല്ലതും സംസാരിക്കുന്നെങ്കില്‍ അത് ദൈവ കീര്‍ത്തനം, മിണ്ടാതിരുന്നാല്‍ ദൈവ സ്മരണ.
മുന്‍ദിര്‍ : അല്ലാഹുവിന്റെ അനുഗ്രഹം, നമുക്ക് അവിടേക്ക് പോയാലോ?
അങ്ങിനെ രണ്ടാളും ശൈഖിന്റെ അടുക്കലെത്തി സലാം പറഞ്ഞു, വിശേഷം തിരക്കി.
അദ്ദേഹം പറഞ്ഞു : പാപിയും ബലഹീനനുമായി കഴിയുന്നു. അല്ലാഹു തന്ന ഭക്ഷണം കഴിക്കുന്നുണ്ട്, ആയുസ്സറുതി കാത്തു കഴിയുകയാണ്.
ഹിലാല്‍ : കൂഫയില്‍ നിപുണനായ ഒരു വൈദ്യന്‍ എത്തിയിട്ടുണ്ട്, അനുമതിയുണ്ടെങ്കില്‍ ഞങ്ങള്‍ വിളിച്ചുകൊണ്ടു വരാം.
ശൈഖ് : ഹിലാലേ, മരുന്ന് യാഥാര്‍ത്ഥ്യമാണെന്ന് എനിക്കറിയാം. പക്ഷെ ആദ്, ഥമൂദ്, റസ്സ് എന്നീ പുരാതന ഗോത്രങ്ങളുടെ നൂറ്റാണ്ടുകള്‍ നീണ്ട ഭൗതിക ജീവിതവും ഭൗതിക വിഭവങ്ങളോടുള്ള ദുരയും എന്റെ ദര്‍ശനത്തില്‍ വന്നു. നമ്മേക്കാള്‍ ശക്തിയും കഴിവും ഉള്ളവരായിരുന്നു അവര്‍. അവരില്‍ രോഗികളും അപ്പോത്തിക്കിരികളും ഉണ്ടായിരുന്നു. ചികിത്സിച്ചയാളും ചികിത്സിക്കപ്പെട്ടയാളും ശേഷിച്ചില്ല.
ദീര്‍ഖ് നിശ്വാസത്തോടെ അദ്ദേഹം തുടര്‍ന്നു: ഇത് അത്തരം രോഗമായിരുന്നെങ്കില്‍ ചികിത്സിക്കാമായിരുന്നു.
മുന്‍ദിര്‍ ചോദിച്ചു: മഹാ ഗുരുവേ, ഏത് രോഗം?
ശൈഖ് : രോഗമെന്നാല്‍ പാപങ്ങള്‍.
മുന്‍ദിര്‍ : ചികിത്സയോ?
ശൈഖ് : പാപമോചനം തേടുക എന്നതാണ് ചികിത്സ
മുന്‍ദിര്‍ : ശമനം എങ്ങിനെ കിട്ടും
ശൈഖ് : പശ്ചാത്തപിക്കുക, തെറ്റിലേക്ക് മടങ്ങാതിരിക്കുക. ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: രഹസ്യ പാപങ്ങള്‍…….. രഹസ്യ പാപങ്ങള്‍…. ജനങ്ങള്‍ അറിയാത്ത രഹസ്യ പാപങ്ങളെ സൂക്ഷിക്കൂ, അവകള്‍ അല്ലാഹുവിങ്കല്‍ പരസ്യമാണ്. അതിന്റെ മരുന്ന് നിങ്ങള്‍ കണ്ടെത്തൂ.
മുന്‍ദിര്‍ : എന്താണ് അതിന്റെ മരുന്ന്.
ശൈഖ് : പാപകര്‍മങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയില്ല എന്ന് ദൃഢ നിശ്ചയത്തോടെയുള്ള യഥാര്‍ഥ പശ്ചാത്താപം.
തുടര്‍ന്ന്, താടിരോമങ്ങള്‍ നനയുവോളം അദ്ദേഹം കരഞ്ഞു. അദ്ദേഹത്തിന്റെ ആരാധനകളും ഭൗതിക വിരക്തിയും മനസ്സില്‍ വെച്ചുകൊണ്ട് മുന്‍ദിര്‍ ചോദിച്ചു: കരയുന്നുവോ, അതും താങ്കള്‍?
ശൈഖ് സഹാബികളെ ഉദ്ദേശിച്ച് കൊണ്ട് പറഞ്ഞു : താങ്കള്‍ കാര്യം മനസ്സിലാക്കുന്നില്ലല്ലോ! ഞാന്‍ ഒരു കൂട്ടരെ കണ്ടിട്ടുണ്ട്, അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ നമ്മള്‍ കള്ളന്‍മാരാണ്.
അപ്പോള്‍ ശൈഖിന്റെ പുത്രന്‍ അവിടേക്കു വന്നിട്ട് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് പറഞ്ഞു: ഉപ്പാ, താങ്കള്‍ക്കായി ഉമ്മ ഒരു വിശിഷ്ട മധുരപലഹാരം ഉണ്ടാക്കിയിട്ടുണ്ട്. അത് കഴിക്കുമെങ്കില്‍ അവരുടെ മനസ്സിന് സന്തോഷമാകും, ഞാന്‍ കൊണ്ടുവരട്ടേ?
ശൈഖ് : കൊണ്ടുവരൂ.
അപ്പോള്‍ ഒരു യാചകന്‍ വാതിലില്‍ മുട്ടി. ശൈഖ് പറഞ്ഞു : അയാളെ കടത്തിവിടൂ.
ശൈഖിന്റെ വീടിന്റെ അകത്തളത്തില്‍ കീറിപ്പറിഞ്ഞ വസ്ത്രവുമായി ഒരു മദ്ധ്യവയസ്‌കന്‍, അയാളുടെ കീഴ്താടിയിലൂടെ തുപ്പല്‍ ഒലിച്ചിറങ്ങുന്നു. മുഖലക്ഷണം നോക്കുമ്പോള്‍ ബുദ്ധിക്ക് എന്തോ സംഭവിച്ചത് പോലുണ്ട്. ഏകദേശം അഞ്ചാള്‍ക്ക് കഴിക്കാനാവശ്യമായ മധുര പലഹാരവുമായി ശൈഖിന്റെ പുത്രന്‍ കടന്നു വന്നതും, യാചകന്റെ മുമ്പില്‍ അത് വെക്കാന്‍ ശൈഖ് ആംഗ്യം കാണിച്ചു. മുമ്പില്‍ അത് വെക്കപ്പെട്ടതും അയാള്‍ അത് വാരിവിഴുങ്ങാന്‍ തുടങ്ങി, തുപ്പല്‍ അതിന്റെ മീതെ വന്നു വീഴുന്നുണ്ട്. തളികയില്‍ ഉള്ളത് മുഴുവന്‍ അയാള്‍ തിന്നുതീര്‍ത്തപ്പോള്‍ പുത്രന്‍ പറഞ്ഞു: ഉപ്പാ, അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കള്‍ക്കായി ഈ മധുര പലഹാരം ഉണ്ടാക്കാന്‍ ഉമ്മ കുറേ പ്രയാസപ്പെട്ടിരുന്നു, അത് കഴിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു, എന്താണ് തിന്നതെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്കാണല്ലോ താങ്കള്‍ അത് നല്‍കിയത്.
‘മോനേ, അയാള്‍ക്ക് അറിയില്ലെങ്കിലും അല്ലാഹു അറിയുമല്ലോ’ എന്ന് പറഞ്ഞ് ശൈഖ് ‘പ്രിയങ്കരമായത് ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് നന്മ നേടിയെടുക്കാന്‍ കഴിയുന്നതല്ല. നിങ്ങള്‍ എന്ത് തന്നെ ചെലവഴിച്ചാലും അല്ലാഹു അത് അറിയുന്നുണ്ട്’ എന്ന സൂറ: ആലു ഇംറാനിലെ 92-ാമത്തെ ആയത്ത് ഓതിക്കേള്‍പ്പിച്ചു.
അങ്ങിനെയിരിക്കെ അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ പെട്ട ഒരാള്‍ കടന്നുവന്ന് പറഞ്ഞു: ഫാത്വിമ(റ)വിന്റെ പുത്രന്‍ ഹുസൈന്‍(റ) കൂഫയിലേക്കുള്ള യാത്രാമദ്ധ്യേ ബനൂ ഉമയ്യക്കാരുടെ സൈനികരാല്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു.
ശൈഖ് പറഞ്ഞു ‘ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍’. ശേഷം അദ്ദേഹം ‘പറയുക, ആകാശ ഭൂമികളുടെ നിയന്താവും ദൃശ്യ അദൃശ്യങ്ങള്‍ അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകള്‍ക്ക് ഭിന്നതയുള്ള സംഗതികളില്‍ നീയാണല്ലോ അവര്‍ക്കിടയില്‍ വിധി നടത്തുന്നത്’ എന്ന സൂറ: സുമറിലെ 46-ാമത്തെ വചനം പാരായണം ചെയ്തു. പക്ഷെ, അദ്ദേഹത്തിന്റെ സംസാരത്തിന്റെ പൊരുള്‍ ആഗതന് മനസ്സിലായില്ല. അയാള്‍ ചോദിച്ചു: ഈ കൊലപാതകത്തെ സംബന്ധിച്ച് താങ്കള്‍ എന്ത് പറയുന്നു?
ശൈഖ്: ഞാന്‍ പറയുന്നു, അവരുടെ മടക്കം അല്ലാഹുവിലേക്കാണ്, അവരുടെ വിചാരണ അല്ലാഹുവിന്റെ മുമ്പിലാണ്. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റബീഅ് ബിന്‍ ഖുഥൈം – 1
റബീഅ് ബിന്‍ ഖുഥൈം – 2
റബീഅ് ബിന്‍ ഖുഥൈം – 3

Related Articles