Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി വിടവാങ്ങുന്നു

ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ ഒന്നിലേറെ തവണ മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി ക്ഷണിക്കപ്പെട്ടിരുന്നു. ശക്തമായി അതിനെ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹത്തിന് ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടുണ്ട്. അതായത്, ബസ്വറയിലെ പോലീസ് മേധാവി മുഹമ്മദ് ബിന്‍ മുന്‍ദിര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി പറഞ്ഞു: ന്യായാധിപസ്ഥാനം ഏറ്റെടുക്കാനായി താങ്കളെ വിളിച്ചുവരുത്താന്‍ ഇറാഖ് ഗവര്‍ണര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: എന്നെ വിട്ടേക്കൂ, അല്ലാഹു താങ്കളെ രക്ഷപ്പെടുത്തട്ടെ. രണ്ട് മൂന്ന് തവണ അയാള്‍ ആവശ്യം ആവര്‍ത്തിച്ചു. അദ്ദേഹം തന്റെ വിസമ്മതത്തില്‍ ഉറച്ചുനിന്നു.
പോലീസ് മേധാവി: അല്ലാഹുവാണ, താങ്കള്‍ ന്യായാധിപസ്ഥാനം ഏറ്റെടുക്കണം. അല്ലെങ്കില്‍ മുന്നൂറ് അടി തരും, താങ്കളെ നാണംകെടുത്തും.
മുഹമ്മദ് ബിന്‍ വാസിഅ്: ചെയ്‌തോളൂ, താങ്കള്‍ക്ക് അതാവാം. പരലോകത്ത് ശിക്ഷിക്കപ്പെടുന്നതിലും നല്ലത് ഇഹലോകത്ത് ശിക്ഷിക്കപ്പെടുന്നതാണ്. നാണിച്ചു പോയ പോലീസ് മേധാവി അദ്ദേഹത്തെ നല്ലനിലയില്‍ പറഞ്ഞയച്ചു.

ബസ്വറയിലെ മസ്ജിദില്‍ മുഹമ്മദ് ബിന്‍ വാസിഇന്റെ സദസ്സ് വിദ്യാര്‍ത്ഥികളുടെ അവലംബവും, വിജ്ഞാന ദാഹികളുടെ നീരുറവയുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സദസ്സുകളുടെ  വിവരണങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ എമ്പാടും നിറഞ്ഞു കിടക്കുന്നുണ്ട്.
ഒരിക്കല്‍ അദ്ദേഹത്തോട് ഒരാള്‍ പറഞ്ഞു: അബൂ അബ്ദില്ലാ, എനിക്ക് ഉപദേശം നല്‍കിയാലും. അദ്ദേഹം പറഞ്ഞു: ഇഹലോകത്തും പരലോകത്തും നീ രാജാവായിരിക്കണം എന്ന് ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്. ചോദ്യകര്‍ത്താവ് പരിഭ്രാന്തനായി ചോദിച്ചു: അബൂ അബ്ദില്ല, ഇതെങ്ങിനെ സാധിക്കാനാണ്?
അദ്ദേഹം പറഞ്ഞു: നിലനില്‍പില്ലാത്ത നീങ്ങിപ്പോകുന്ന ഇഹലോക വിഭവങ്ങളില്‍ വിരക്തി പുലര്‍ത്തൂ. ജനസമക്ഷം ഉള്ളതില്‍ ധന്യത പുലര്‍ത്തിക്കൊണ്ട് ഇവിടെ രാജാവാകാം, അല്ലാഹുവിന്റെ അടുക്കലുള്ള നല്ല പ്രതിഫലം കരഗതമാക്കിക്കൊണ്ട് അവിടെയും രാജാവാകാം.
മറ്റൊരാള്‍ പറഞ്ഞു: അബൂ അബ്ദില്ല, അല്ലാഹുവിന്റെ തൃപ്തിക്കായി ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന് വേണ്ടി എന്നെ ഇഷ്ടപ്പെട്ട താങ്കളെ അവന്‍ ഇഷ്ടപ്പെടട്ടെ. പിന്നീട് അദ്ദേഹം ‘അല്ലാഹുവേ, നീ എന്നെ വെറുക്കുമ്പോള്‍, നിന്റെ വിഷയത്തില്‍ എന്നെ സ്‌നേഹിക്കപ്പെടുന്നതില്‍ നിന്നും ഞാന്‍ കാവല്‍ ചോദിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞു കളഞ്ഞു.

അദ്ദേഹത്തിന്റെ തഖ്‌വയേയും ആരാധനയേയും ജനങ്ങള്‍ പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു ‘പാപങ്ങള്‍ക്ക് ഗന്ധം ഉണ്ടായിരുന്നെങ്കില്‍, എന്റെ ദുര്‍ഗന്ധം കാരണമായി നിങ്ങളില്‍ ഒരാള്‍ക്ക് പോലും എന്നോട് അടുക്കാന്‍ കഴിയുമായിരുന്നില്ല.

അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെപ്പിടിക്കാനും അതിന്റെ ഓരത്ത് കഴിഞ്ഞു കൂടാനും തന്റെ ശിഷ്യന്മാരെ അദ്ദേഹം നിരന്തരം പ്രേരിപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു: ഖുര്‍ആന്‍ വിശ്വാസിയുടെ തോപ്പാണ്. അതിലെവിടെ ഇറങ്ങിയാലും നീ പൂന്തോപ്പില്‍ തന്നെയാണ്. ഭക്ഷണം കുറക്കാന്‍ അദ്ദേഹം അവരെ ഉപദേശിക്കാറുണ്ടായിരുന്നു. അദ്ദേഹം പറയുമായിരുന്നു: ഭക്ഷണം കുറഞ്ഞാല്‍ പഠിച്ചത് മനസ്സിലാകും, മനസ്സിലാക്കിക്കൊടുക്കാന്‍ കഴിയും, തെളിമയുണ്ടാകും, നൈര്‍മല്യമുണ്ടാകും, ഉദ്ദേശിക്കുന്നത് പലതും, അധിക ഭക്ഷണത്തിലൂടെ മനുഷ്യന് അപ്രാപ്യമാകും.

തഖ്‌വയുടെയും സൂക്ഷമതയുടെയും ഉയര്‍ന്ന സ്ഥാനം നേടിയെടുത്തിരുന്നു മുഹമ്മദ് ബിന്‍ വാസിഅ്. അതിന്റെ ധാരാളം വൃത്താന്തങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഒരിക്കല്‍ അദ്ദേഹം ചന്തയില്‍ തന്റെ കഴുതയെ വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. ഒരാള്‍ ചോദിച്ചു: ശൈഖ്, എനിക്കായി താങ്കള്‍ ഇത് ഇഷ്ടപ്പെടുമോ?
അദ്ദേഹം പറഞ്ഞു: എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നുവെങ്കില്‍ ഞാനിത് വില്‍ക്കില്ലായിരുന്നു.

പാപത്തെ സംബന്ധിച്ചുള്ള ഭീതിയിലും രക്ഷിതാവിങ്കല്‍ അത് സമര്‍പ്പിക്കപ്പെടുന്ന പേടിയിലുമാണ് മുഹമ്മദ് ബിന്‍ വാസിഅ് ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടിയത്. അബൂ അബ്ദില്ല, എന്താണ് വിശേഷം എന്ന് ആരെങ്കിലും ചോദിച്ചാല്‍ അദ്ദേഹം പറയും: ആയുസ്സിനോട് അല്‍പം കൂടി അടുത്തു, പ്രതീക്ഷ കുറഞ്ഞു, കര്‍മം കുറഞ്ഞു. ചോദ്യകര്‍ത്താക്കളുടെ മുഖത്ത് ആശങ്ക പ്രകടമായിക്കണ്ടാല്‍ അദ്ദേഹം പറയും: എല്ലാ ദിനവും പരലോകത്തോക്ക് ഒരു ദിവസത്തെ വഴിദൂരം താണ്ടിക്കടക്കുന്ന ഒരാളെ സംബന്ധിച്ച് നിങ്ങള്‍ എന്ത് കരുതി?

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി മരണശയ്യയിലായപ്പോള്‍ അനേകം ആളുകള്‍ സന്ദര്‍ശനത്തിനായെത്തി. വരുന്നവരേയും പോകുന്നവരേയും നില്‍ക്കുന്നവരേയും ഇരിക്കുന്നവരേയും കൊണ്ട് വീട് നിറഞ്ഞു. അപ്പോള്‍ തന്റെ ചങ്ങാതിമാരുടെ നേരെ തിരിഞ്ഞ് പറഞ്ഞു: പറഞ്ഞു തരൂ, നാളെ കാലും തലയും പിടിച്ചു വലിച്ചിഴക്കപ്പെടുന്ന ഒരു കൂട്ടരുണ്ട്, അതിലുള്‍പ്പെടാതിരിക്കാന്‍ എന്താണ് വഴി? നരകത്തില്‍ എന്നെ ഇട്ടു കഴിഞ്ഞാല്‍ എനിക്ക് പ്രയോജനപ്പെടുന്നത് എന്താണ്?. പിന്നീട് അദ്ദേഹം റബ്ബിനോടായി പറഞ്ഞു തുടങ്ങി ‘അല്ലാഹുവേ, ഞാന്‍ നിലനിന്ന തിന്മയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, ഞാന്‍ ഇരുന്ന തിന്മയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, ഞാന്‍ കടന്നുചെന്ന തിന്മയുടെ എല്ലാ കവാടങ്ങളില്‍ നിന്നും, ഞാന്‍ പുറത്തേക്ക് പോയ തിന്മയുടെ എല്ലാ മടക്കസ്ഥാനങ്ങളില്‍ നിന്നും, ഞാന്‍ ചെയ്ത തിന്മയുടെ എല്ലാ കര്‍മങ്ങളില്‍ നിന്നും, ഞാന്‍ പറഞ്ഞ തിന്മയുടെ എല്ലാ വാക്കുകളില്‍ നിന്നും പാപമോചനം ഇരക്കുകയാണ്. അല്ലാഹുവേ, അതില്‍ നിന്നെല്ലാം ഞാന്‍ പാപമോചനം തേടുന്നു. അതിനാല്‍ എനിക്ക് പൊറുത്ത് തരേണമേ. ഞാന്‍ അതില്‍ നിന്നും ഖേദിച്ച് മടങ്ങുന്നു. അതിനാല്‍ എന്റെ ഖേദം അംഗീകരിക്കേണമേ. അങ്ങിനെ അദ്ദേഹത്തിന്റെ വേര്‍പിരിഞ്ഞു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി – 1
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി – 2
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി – 3
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി – 4

Related Articles