Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ബിന്‍ അല്‍ ഹനഫിയ്യ

പ്രവാചക സന്നിധിയിലിരിക്കുകയായിരുന്ന അലി (റ), നബിയോട് ചോദിച്ചു. ‘അങ്ങയുടെ കാലശേഷം എനിക്കൊരു കുഞ്ഞുണ്ടായാല്‍ ഞാനവന് മുഹമ്മദ് എന്ന് പേരുവിളിക്കുന്നതിനെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്’. കുഴപ്പമില്ല എന്ന് നബി (സ) പ്രതിവചിച്ചു. കാലം കടന്നു പോയി. നബി(സ)യും ശേഷം അലി(റ)വിന്റെ പ്രിയ പത്‌നി ഫാത്വിമയും ദൈവ സന്നിധിയിലേക്ക് യാത്രയായി. പുനര്‍വിവാഹം ചെയ്യാനുദ്ദേശിച്ച അലി(റ), ഹനഫിയ്യ ഗോത്രക്കാരനായ ജഅ്ഫര്‍ ബിന്‍ ഖൈസിന്റെ മകള്‍ ഖൗലയെ ഭാര്യയായി സ്വീകരിച്ചു. ആ സ്ത്രീയില്‍ പിറന്ന കുഞ്ഞിന് നബിയോട് ആവശ്യപ്പെട്ട പ്രകാരം മുഹമ്മദ് എന്ന് നാമകരണം ചെയ്തു. ഫാത്വിമബീവിയുടെ മക്കളായ ഹസന്‍ ഹുസൈന്‍മാരില്‍ നിന്നും തിരിച്ചറിയുന്നതിനായി, ആ കുഞ്ഞിനെ മുഹമ്മദ് ബിന്‍ ഹനഫിയ്യ എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചു തുടങ്ങി. ആ പേരില്‍ തന്നെ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു.

ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ഭൂജാതനായ മുഹമ്മദ് ബിന്‍ ഹനഫിയ്യ , പ്രിയ പിതാവ് അലിയുടെ എല്ലാ സവിശേഷതകളും സ്വായത്തമാക്കിയിരുന്നു. ആരാധനകളിലെ നിഷ്ഠയിലും, ഭൗതിക വിരക്തിയിലും, അപാരമായ ധീരതയിലും, ശുദ്ധമായ ഭാഷാശൈലിയിലുമെല്ലാം  പിതാവിന് സദൃശനായിരുന്നു പുത്രന്‍. യുദ്ധക്കളത്തിലെ ധീരനായ പോരാളി. പ്രസംഗപീഠത്തിലെ ഗര്‍ജിക്കുന്ന സിംഹം. ലോകം ഗാഢനിദ്രയിലാകുമ്പോള്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന ഭക്തന്‍.

ഒരിക്കല്‍ റോമന്‍ ചക്രവര്‍ത്തി മുആവിയ(റ)വിനെഴുതി. ‘ ഞങ്ങള്‍ രാജാക്കന്‍മാര്‍ പൊതുവെ പരസ്പരം എഴുത്തുകുത്തുകള്‍ നടത്തുകയും വിലപിടിപ്പുളള സമ്മാനങ്ങള്‍ നല്‍കി പരസ്പരം സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്. കൂടാതെ അപൂര്‍വ്വ വസ്തുക്കളുടെ കാര്യത്തില്‍ പരസ്പര മല്‍സരം നടത്താറുമുണ്ട്. നമുക്കും അങ്ങിനെ ഒരു മല്‍സരം സംഘടിപ്പിച്ചുകൂടെ’.  സമ്മതമാണെന്ന് മുആവിയ അറിയിച്ചപ്പോള്‍ റോമന്‍ രാജാവ് രണ്ട് അപൂര്‍വ്വ മനുഷ്യരെ അയച്ചു. ഉയര്‍ന്നു നീണ്ട ഒരു വടവൃക്ഷം പോലുള്ളൊരു ആജാനബാഹുവും ഉരുക്കു കണക്കെ ശരീരമുളള ഒരു തടിമാടനും, കൂടെയൊരു കത്തും. ‘ശക്തിയിലും നീളത്തിലും ഇവരുമായി മല്‍സരിക്കാന്‍ നിങ്ങളുടെ സാമ്രാജ്യത്തില്‍ ആണ്‍കുട്ടികളുണ്ടോ’? കത്തിലെ സന്ദേശം വായിച്ചയുടന്‍  മുആവിയ, അംറുബ്‌നുല്‍ ആസ്വിനോട് ഇവരോടു മല്‍സരിക്കാന്‍ ആരെങ്കിലും നമ്മുടെ കൂട്ടത്തിലുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘നീളമുളളവനുമായി മല്‍സരിക്കാന്‍ ഖൈസ് ബിന്‍ സഅദ് ഉണ്ട്. ശക്തിയില്‍ മല്‍സരിക്കാന്‍ രണ്ടുപേരുണ്ടെങ്കിലും അവര്‍ താങ്കളുമായി അടുപ്പംകുറവുളളവരാണ്. മുഹമ്മദ് ബിന്‍ ഹനഫിയ്യയും അബ്ദുല്ലാഹ് ബിന്‍ സുബൈറുമാണ് ആ രണ്ടു പേര്‍’. മുഹമ്മദ് ബിന്‍ ഹനഫിയ്യയെ അറിയാമെന്ന് മുആവിയ പറഞ്ഞപ്പോള്‍ അംറ് ബിനുല്‍ ആസ്വ് തിരിച്ചു ചോദിച്ചു. ‘തന്റെ ശക്തി പ്രകടിപ്പിക്കാന്‍ ജനമധ്യത്തില്‍ മല്‍സരിക്കാന്‍ അദ്ദേഹം തയാറാകുമോ?’ ഇസ്‌ലാമിന് പ്രതാപമേകുന്ന കാര്യമാണെങ്കില്‍ അതും അതിനപ്പുറവും അദ്ദേഹം ചെയ്യുമെന്ന് മുആവിയ പറഞ്ഞു. മുആവിയയുടെ കല്‍പനപ്രകാരം മുഹമ്മദ് ബിന്‍ അല്‍ ഹനഫിയ്യക്ക് തന്റെ ശക്തിയുപയോഗിച്ച് വളരെ എളുപ്പത്തില്‍ റോമന്‍ മല്ലന്‍മാരെ തോല്‍പ്പിക്കാന്‍ സാധിച്ചു.

മുആവിയയും മകന്‍ യസീദും മര്‍വാനുബ്‌നുല്‍ ഹകമും അന്തരിച്ച ശേഷം അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ സ്വയം ഖലീഫ സ്ഥാനം ഏറ്റെടുത്ത് ശാമിലെ ജനങ്ങളോട് ബൈഅത്ത് ചെയ്യാന്‍ ആവശ്യപ്പെട്ടു.  ഇറാഖിലെയും ഹിജാസിലെയും ജനങ്ങള്‍ അബ്ദുല്ലാഹ് ബിന്‍ സുബൈറിനെയും ഖലീഫയാക്കി നിശ്ചയിച്ചു. രണ്ടു പേരും, തങ്ങളാണ് ഖലീഫയാകാന്‍ കൂടുതല്‍ യോഗ്യന്‍ എന്ന് വാദിച്ചു കൊണ്ട് പരമാവധി ആളുകളെ കൂടെക്കൂട്ടി. മുസ്‌ലിം നിരയില്‍ വീണ്ടും ഭിന്നത തലപൊക്കി. ഇതേ സമയം മുഹമ്മദ് ബിന്‍ അല്‍ ഹനഫിയ്യയെ തന്റെ കൂട്ടത്തില്‍ ചേരാന്‍ അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ ക്ഷണിച്ചു. ഏതു പക്ഷമാണ് കൂടുതല്‍ അനുയോജ്യമെന്ന് കണ്ടെത്തി ആ ഭാഗത്ത് ചേരാന്‍ മുഹമ്മദ് തീരുമാനിച്ചെങ്കിലും സിഫ്ഫീന്‍ യുദ്ധം മുസ്‌ലിം സമൂഹത്തിനേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇതുവരെയും മുക്തനാകാത്ത അദ്ദേഹം, ഇരു ഖലീഫമാര്‍ക്കും കീഴില്‍ അണിനിരക്കാതെ മാറി നിന്നു.

ഇരു ഖലീഫമാരുടെ കീഴിലും ചേരാതിരുന്നതിനാല്‍, കൂടെ ചേരാന്‍  ഇരുഭാഗത്തുനിന്നും  നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മനസ് എങ്ങോട്ടും ചാഞ്ചല്യപ്പെട്ടില്ല. അവസാനം ഹജ്ജാജിന്റെ വരവോടെ അബ്ദുല്ലാഹ് ബിന്‍ സുബൈറിന്റെ ഖിലാഫത്ത് അടിച്ചമര്‍ത്തപ്പെട്ടു. സമൂഹത്തില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാതിരുന്ന മുഹമ്മദ് ഉടനെ അബ്ദുല്‍ മലികിനെഴുതി. ‘എല്ലാവരും താങ്കള്‍ക്ക് ബൈഅത്തു ചെയ്യുന്നതിനാല്‍ ഞാനും അതു ചെയ്യുന്നു. ഈ കത്ത് ബൈഅത്തായി അംഗീകരിക്കണമെന്നും അറിയിക്കുന്നു’. അധികം വൈകും മുമ്പെ മുഹമ്മദ് ബിന്‍ അല്‍ ഹനഫിയ്യ അല്ലാഹുവിങ്കലേക്ക് യാത്രയായി.

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles