Current Date

Search
Close this search box.
Search
Close this search box.

മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് വിഭവം നല്‍കും

ഉമര്‍(റ)വിന്റെ ജീവിതചരിത്രത്തിലെ മൂന്നാം ചിത്രം ഇബ്‌നു അബ്ദുല്‍ ഹകീം അദ്ദേഹത്തിന്റെ വിശിഷ്ട ഗ്രന്ഥമായ ‘സീറത്തു ഉമര്‍ ബിന്‍ അബ്ദില്‍ അസീസില്‍’ നമുക്കായി നിവേദനം ചെയ്യുന്നു: ഉമര്‍ മരണാസന്നനായപ്പോള്‍, അമവീ പ്രമുഖരില്‍ ഒരാളും ബുദ്ധിജീവിയും സൈനിക നേതൃത്വത്തിലെ ഒരംഗവുമായ മസ്‌ലമ ബിന്‍ അബ്ദില്‍ മലിക് അദ്ദേഹത്തിന്റെ സമക്ഷം വന്ന് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ സന്താനങ്ങള്‍ക്ക് സമ്പത്ത് ഒന്നും നല്‍കിയിട്ടില്ല. എന്നോടോ, താങ്കളുടെ കുടുംബത്തിലെ കൊള്ളാവുന്ന ആരോടെങ്കിലുമോ മക്കള്‍ക്കായി ഒസ്യത്ത് ചെയ്യുമെങ്കില്‍ നന്നായിരുന്നു.

അദ്ദേഹത്തിന്റെ സംസാരം അവസാനിച്ചപ്പോള്‍ ഉമര്‍ പറഞ്ഞു: എന്നെ എഴുന്നേല്‍പ്പിച്ചിരുത്തൂ. അവര്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചിരുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: മസ്‌ലമ, നിന്റെ സംസാരം ഞാന്‍ കേട്ടു. എന്റെ സന്താനങ്ങള്‍ക്ക് ഞാന്‍ സമ്പത്ത് തടഞ്ഞുവെന്ന താങ്കളുടെ സംസാരമുണ്ടല്ലോ, അല്ലാഹുവാണ, അവര്‍ക്ക് അവകാശപ്പെട്ടത് ഞാന്‍ തടഞ്ഞിട്ടില്ല, അവരുടേതല്ലാത്തത് നല്‍കിയിട്ടുമില്ല. താങ്കളെയോ, എന്റെ കുടുംബത്തിലെ കൊള്ളാവുന്ന ആരെയെങ്കിലുമോ മക്കള്‍ക്കായി ഒസ്യത്ത് ഏല്‍പിച്ചിരുന്നെങ്കിലെന്ന് താങ്കള്‍ പറഞ്ഞല്ലോ, അവരുടെ വിഷയത്തില്‍ എന്റെ ഒസ്യത്ത് ഏറ്റെടുത്തിരിക്കുന്നതും എന്റെ രക്ഷാധികാരിയും സത്യവേദം അവതരിപ്പിച്ച അല്ലാഹുവാണ്. അവനാണ് സല്‍കര്‍മികളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. മസ്‌ലമാ, അറിയണം, എന്റെ മക്കള്‍ രണ്ടാലൊന്നാണ്. ഒന്നുകില്‍ ഭക്തനായ സല്‍ക്കര്‍മി, അല്ലാഹു തന്റെ ഔദാര്യത്താല്‍ അവനെ ധന്യനാക്കും, പ്രയാസങ്ങള്‍ ദുരീകരിക്കും. അല്ലെങ്കില്‍ പാപകര്‍മങ്ങളില്‍ അഭിരമിക്കുന്ന ദുഷ്ടന്‍, അല്ലാഹുവിന് അനിഷ്ടകരമായതില്‍ പണംകൊടുത്ത് അവനെ സഹായിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കുകയില്ല.

പിന്നീട് അദ്ദേഹം പറഞ്ഞൂ: എന്റെ മക്കളെ വിളിക്കൂ.
അങ്ങിനെ അവരെ വിളിച്ചു വരുത്തി. അവര്‍ പത്തിലേറെയുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു: ഒന്നുമില്ലാത്തവരായി ഇവരെ വിട്ടുപോരേണ്ടി വന്നിരിക്കുകയാണല്ലോ. അദ്ദേഹം കരച്ചില്‍ അടക്കിപ്പിടിച്ചു. ശേഷം അവരുടെ നേരെ തിരിഞ്ഞു പറഞ്ഞു: പ്രിയമക്കളേ, ഞാന്‍ നിങ്ങള്‍ക്കായി ധാരാളം നന്മകള്‍ ബാക്കിവെച്ചിട്ടുണ്ട്. അതായത്, മുസ്‌ലിം-അമുസ്‌ലിം പ്രജകളില്‍ ആര്‍ക്കെങ്കിലും നിങ്ങളില്‍ നിന്നും വല്ല അവകാശവും വകവെച്ചു കിട്ടാനുണ്ടെന്ന് അവര്‍ക്ക് തോന്നാത്ത നിലയില്‍ നിങ്ങള്‍ക്ക് നടന്നു നീങ്ങാമല്ലോ. പ്രിയമക്കളേ, നിങ്ങള്‍ക്ക് മുമ്പാകെ രണ്ട് നിര്‍ദേശങ്ങള്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്, ഇഷ്ടമുള്ളത് സ്വീകരിക്കാം. ഒന്നുകില്‍, നിങ്ങള്‍ സമ്പന്നരായി നിങ്ങളുടെ പിതാവ് നരകത്തില്‍ കടക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ദരിദ്രരായി നിങ്ങളുടെ പിതാവ് സ്വര്‍ഗത്തില്‍ കടക്കുക. ധനികനാവുന്നതിനുമപ്പുറം നിങ്ങളുടെ പിതാവിനെ നരകത്തില്‍ നിന്നും രക്ഷിക്കുന്നതിന് നിങ്ങള്‍ പ്രാമുഖ്യം നല്‍കുമെന്ന് ഞാന്‍ കരുതുന്നു. ശേഷം അനുകമ്പയോടെ അവരെ നോക്കിയിട്ട് അദ്ദേഹം പറഞ്ഞു: പൊയ്‌ക്കോളൂ, അല്ലാഹു നിങ്ങളെ കാത്തുകൊള്ളും. പൊയ്‌ക്കോളൂ, അല്ലാഹു നിങ്ങള്‍ക്ക് വിഭവം നല്‍കും.
അപ്പോള്‍ മസ്‌ലമ അദ്ദേഹത്തോട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ അതിലും മെച്ചമായത് എന്റെ കൈയ്യിലുണ്ട്.
ഉമര്‍: എന്താണത്?
മസ്‌ലമ: എന്റെയടുക്കല്‍ മൂന്നു ലക്ഷം ദീനാറുണ്ട്. ഞാനത് താങ്കള്‍ക്ക് നല്‍കാം. അവര്‍ക്ക് വീതംവെച്ച് കൊടുക്കുകയോ, താല്‍പര്യമെങ്കില്‍ ധര്‍മം ചെയ്യുകയോ ആവാം.
ഉമര്‍: മസ്‌ലമ, അതിലും മെച്ചമായത് വല്ലതുമുണ്ടോ?
മസ്‌ലമ: അമീറുല്‍ മുഅ്മിനീന്‍, അതേതാണ്?
ഉമര്‍: എടുത്തിടത്തേക്ക് തന്നെ അത് തിരിച്ചുവെക്കുക. കാരണം അത് താങ്കള്‍ക്ക് അവകാശപ്പെട്ടതല്ല.

മസ്‌ലമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അല്ലാഹു താങ്കളെ ജീവിതത്തിലും മരണത്തിലും അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പരുക്കന്‍ ഹൃദയങ്ങളെ അങ്ങ് മയപ്പെടുത്തി, വിസ്മരിക്കപ്പെട്ടത് താങ്കള്‍ ഓര്‍മിപ്പിച്ചു. സച്ചരിതരുടെ കൂടെ സ്മരിക്കപ്പടുന്നവരായി ഞങ്ങളെയും മാറ്റി.

ഉമറിന്റെ കാലശേഷം അദ്ദേഹത്തിന്റെ മക്കളുടെ വര്‍ത്തമാനം ജനം ഓര്‍ത്തെടുത്തു. അതായത്, അവരില്‍ ആരും പണം തേടി നടക്കുന്നവരായില്ല, ദരിദ്രരുമായില്ല. അല്ലാഹു പറഞ്ഞതാണ് ശരി ‘തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ ഭയപ്പെടട്ടെ. അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.’

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 1
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 2

Related Articles