Current Date

Search
Close this search box.
Search
Close this search box.

ബദ്ര്‍ പടയാളരുടെ ഉമ്മ അഫ്‌റാഅ് ബിന്‍ത് ഉബൈദ്

രക്തസാക്ഷികളുടെമാതാവ്, ധീരന്‍മാര്‍ക്ക് ജന്മം നല്‍കിയ ഗര്‍ഭപാത്രം, ഉബൈദ് ബിന്‍ സഅ്‌ലബാണ് പിതാവ്. മാതാവ്അദിയ്യ് ബിന്‍ സവാദിന്റെ മകള്‍ റുആ. രിഫാഅയുടെ പുത്രന്‍ ഹാരിസിനെ വിവാഹം ചെയ്ത അഫ്‌റാഇന് ആ ബന്ധത്തില്‍ മുആദ്, മുഅവ്വിദ് എന്നീ സന്താനങ്ങളുണ്ടായി. ഹാരിസ് ബന്ധം വേര്‍പെടുത്തിയപ്പോള്‍ മക്കയിലേക്ക് പോയ അഫ്‌റാഇനെ ബുകൈര്‍ ബിന്‍ അബ്ദിയാലീല്‍ ജീവിതസഖിയാക്കി. ആ ബന്ധത്തില്‍ഖാലിദ്, ഇയാസ്, ആഖില്‍, ആമിര്‍ എന്നീ സന്താനങ്ങള്‍ ജനിച്ചു. പിന്നീട് മദീനയിലേക്ക് തിരിച്ചുപോയ അഫ്‌റാഇനെ ഹാരിസ് തന്റെ ജീവിതത്തിലേക്ക് മടക്കിവിളിച്ചു. അങ്ങിനെയാണ് ഔഫ് ജനിച്ചത്. ഹാരിസിലൂടെയുള്ള സന്താനങ്ങളെല്ലാം അന്‍സ്വാറുകളാണ്. ഉമ്മയുടെ പേരിലാണ് എല്ലാവരുംഅറിയപ്പെടുന്നത്.

അല്ലാഹുവിനോട് ചെയ്ത കരാര്‍ നിറവേറ്റിയ ആണുങ്ങള്‍ ആ പാഠശാലയില്‍ നിന്നും പഠിച്ചിറങ്ങി. അവര്‍ അല്ലാഹുവിനു വേണ്ടി യഥാര്‍ത്ഥ പോരാട്ടം നടത്തി. ധീരതയുടെ മകുടോദാഹരണങ്ങളായി.

അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്‌നേഹം അഫ്‌റാഇന്റെ മനസ്സില്‍ നിറഞ്ഞു നിന്നു. മറ്റാര്‍ക്കുമില്ലാത്ത പ്രത്യേകതകള്‍ ഇവര്‍ക്കുണ്ടായിരുന്നു. പ്രപഞ്ച നാഥന്റെ ദീനില്‍ ആവേശത്തോടെ കടന്നു വന്ന അഫ്‌റാഅ് പ്രവാചക തിരുമേനിയോട് രണ്ടാം അഖബാ ഉടമ്പടിയില്‍ അനുസരണ പ്രതിജ്ഞചെയ്തു. അല്ലാഹു ഇവര്‍ക്ക് നല്‍കിയ ചുണക്കുട്ടികളായ ഏഴ് ആണ്‍മക്കളും ധീരകേസരികളെ പോലെ ബദര്‍ പോരാട്ട വേദിയില്‍ മുസ്‌ലിം പക്ഷത്ത് നിലയുറപ്പിച്ചു. അല്ലാഹുവിന്റെ ശത്രുവായ അബൂജഹ്‌ലിനെ കൊന്നത് ഇവരില്‍ രണ്ടാളാണ്.നബി തിരുമേനിയോടൊപ്പം ഏഴ്‌ചെറുപ്പക്കാര്‍ അടര്‍ക്കളത്തില്‍ നിറഞ്ഞു നിന്നു. മുആദും, മുഅവ്വിദും ആഖിലും രക്തസാക്ഷികളായി. അത് കണ്ടപ്പോള്‍ അവരുടെ മനസ്സ്‌കൊതിച്ചിട്ടുണ്ടാകാം, അല്ലാഹുവിന്റെമാര്‍ഗത്തില്‍ പൊരുതാന്‍ അനേകം സന്താനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍!

ഇബ്‌നുല്‍കല്‍ബി പറയുന്നു: ‘മുആദും മുഅവ്വിദും ബദ്‌റില്‍ രക്തസാക്ഷികളായപ്പോള്‍ തിരുമേനിയുടെ അടുക്കലെത്തിയ ആ മാതാവ് നബിയോട് ഔഫിനെ സംബന്ധിച്ച്‌ചോദിച്ചു: തിരുദൂതരേ, ഹാരിസിന്റെ മക്കളില്‍ ഇവനാണോ ഏറ്റവും മോശം? നബി പറഞ്ഞു: അല്ല.’രക്തസാക്ഷിത്വം ലഭിക്കാത്ത പുത്രന്റെ നിര്‍ഭാഗ്യം ഓര്‍ത്ത് വിഷമിച്ച അഫ്‌റാഇനെ നബി ആശ്വസിപ്പിച്ചു.

സുബ്ഹിനും അസ്വറിനും ശേഷം നമസ്‌കാരം പാടില്ല എന്ന തിരുവചനം മുആദ് നിവേദനം ചെയ്തിട്ടുണ്ട്. അലി(റ)വിന്റെ കാലഘട്ടത്തിലാണ് മുആദ് മരണപ്പെട്ടതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നുണ്ട്.

ഹിജാസിലെ റജീഅ് എന്ന സ്ഥലത്ത് നടന്ന കൂട്ടക്കൊലയില്‍ ഏറെ നേരം പൊരുതി നിന്നതിന് ശേഷം ഖാലിദ് രക്തസാക്ഷിയായി. പ്രവാചകനോടും അനുയായികളോടും പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഹുദൈല്‍ ഗോത്രക്കാര്‍, പ്രബോധനത്തിനെന്ന വ്യാജേന സ്വഹാബികളെകൂട്ടിക്കൊണ്ടു പോയി ചതിയില്‍ അകപ്പെടുത്തുകയായിരുന്നു.

ഇതിലും വലിയചതിയായിരുന്നു ബിഅ്ര്‍മഊന എന്ന സ്ഥലത്ത് സംഭവിച്ചത്. അതില്‍ ആമിര്‍ രക്തസാക്ഷിയായി. പ്രസിദ്ധമായ യമാമ യുദ്ധത്തില്‍ ഇയാസും സ്വര്‍ഗത്തിലെ പച്ചക്കിളിയായി. ഏഴ് പേരില്‍ ഔഫ് മാത്രം ബാക്കിയായി.

സ്വഹാബി വനിതകളുടെ മഹത്വം തിരിച്ചറിയാന്‍ അഫ്‌റാഇന്റെ ജീവിതം പഠിച്ചാല്‍ മതിയാകും. മഹിതമായ സ്വഭാവം, പൂര്‍ണത, കരുതലോടെയുള്ള സമീപനം, വ്യക്തമായ മുന്നൊരുക്കം, തന്ത്രജ്ഞത, അപൂര്‍വ്വമായ സ്ഥൈര്യം, ഈമാനിന്റെ അടിയുറപ്പ്, ശരിയായ വിശ്വാസം, സുകൃത പ്രവര്‍ത്തനം, സ്തുത്യര്‍ഹമായ നീക്കം, ഇങ്ങിനെയൊക്കെയാണ് ചരിത്രം അഫ്‌റാഇനെ വിശേഷിപ്പിക്കുന്നത്.

എല്ലാമക്കളേയും യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ച അഫ്‌റാഅ് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമാണ് കാംക്ഷിച്ചത്. മുജാഹിദുകള്‍ക്ക് വേണ്ടുന്ന സേവനങ്ങള്‍ ചെയ്തുകൊണ്ട്, യുദ്ധക്കളത്തില്‍ തന്റേതായ ഭാഗം ഭംഗിയായി അഫ്‌റാഅ് നിര്‍വഹിച്ചു. മഹത്‌സ്മൃതികളുടെതിളങ്ങുന്ന ഏടുകള്‍ചരിത്രത്തില്‍ചേര്‍ത്തുവെച്ചു. ഒന്നൊന്നായി നിലംപതിക്കുന്ന പൊന്നുമക്കളുടെ വേര്‍പാടിന്റെ പ്രയാസത്തില്‍ വിതുമ്പുമ്പോഴും അവരുടെ രക്തസാക്ഷിത്വത്തില്‍ സന്തോഷിച്ചു. സ്‌നേഹനിധിയായ മാതാവിന്റെ അനുകമ്പയുടെയും കാരുണ്യത്തിന്റെയും കണ്ണുനീര്‍തുള്ളിയും, രക്ഷിതാവിന്റെതൃപ്തിക്കായി സ്വന്തമായുള്ളതെല്ലാം പരലോകത്തേക്ക് നീക്കിവെച്ച ദൈവജ്ഞാനിയുടെ സന്തോഷാശ്രുവും ഒരുമിച്ചൊഴുകി. ഇവരുടെ ജന്മത്തിന് നിമിത്തമായതിന്റെ ആനന്ദാശ്രു.

അഫ്‌റാഇന്റെ രണ്ട് മക്കളുടെ രക്തസാക്ഷിത്വം ബുഖാരി ഇബ്‌നു മസ്ഊദില്‍ നിന്നും വിവരിക്കുന്നു: ഞാന്‍ ബദ്‌റിന്റെ ഒന്നാം അണിയില്‍ നിന്നും തിരിഞ്ഞു നോക്കുമ്പോള്‍ ചെറുപ്രായക്കാരായ രണ്ട് യുവാക്കളാണ് ഇടത്തും വലത്തും ഉള്ളതെന്ന് കണ്ടു. ഇവിടം സുരക്ഷിതമല്ലല്ലോ എന്നോര്‍ത്തു. അപ്പോള്‍ രണ്ടിലൊരാള്‍ അപരന്‍കേള്‍ക്കാതെ എന്നോട് ചോദിച്ചു: എളാപ്പാ, അബൂജഹ്‌ലിനെ കാണിച്ചുതരുമോ? ഞാന്‍ ചോദിച്ചു: എന്തിനാണ്? അവന്‍ പറഞ്ഞു: അവന്‍ തിരുമേനിയെ ചീത്ത വിളുക്കാറുണ്ടെന്ന്‌കേട്ടു. ഒന്നുകില്‍ ഞാന്‍ അവനെ കൊല്ലും അല്ലെങ്കില്‍ അതിനായി ഞാന്‍ മരിക്കും. രഹസ്യമായി മറ്റേയാളുംഅത്‌പോലെ തന്നെ ചോദിച്ചു. ഇബ്‌നു മസ്ഊദ് പറയുന്നു: മുതിര്‍ന്ന പുരുഷന്മാരുടെ കൂടെ നില്‍ക്കുന്നതിലും എനിക്കിഷ്ടം ഇവരുടെ കൂടെ നില്‍ക്കുന്നതായി. രണ്ടാള്‍ക്കും ഞാന്‍ അവനെ കാണിച്ചു കൊടുത്തു. പ്രാപ്പിടിയന്മാരെ പോലെചാടി അവര്‍അവനെ വെട്ടി. അഫ്‌റാഇന്റെ രണ്ട് ആണ്‍കുട്ടികളായിരുന്നു അവര്‍. അനസ് ബിന്‍ മാലിക് ബാക്കി കഥ വിവരിക്കുന്നു: റസൂല്‍(സ) അവശ്യപ്പെട്ടു: അബൂജഹ്‌ലിന് എന്ത്‌സംഭവിച്ചെന്ന് ആരാണ് അന്വേഷിക്കുക?. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ് പറഞ്ഞു: ദൈവദൂതരേ, ഞാന്‍ നോക്കിവരാം. അദ്ദേഹം പോയി നോക്കിയപ്പോള്‍ അഫ്‌റാഇന്റെ രണ്ട് മക്കള്‍ അബൂജഹ്‌ലിനെ വെട്ടിത്താഴെയിട്ടിരിക്കുന്നു. ഇബ്‌നു മസ്ഊദ് തുടരുന്നു: അവന്റെ താടിപിടിച്ച് ഞാന്‍ ചോദിച്ചു. അബൂജഹ്‌ലാണോ? അവന്‍ ചോദിച്ചു: അതിനേക്കാള്‍ പ്രമുഖനെ നിങ്ങള്‍ കൊന്നിട്ടുണ്ടോ? അങ്ങിനെ ഇബ്‌നു മസ്ഊദ് അവന്റെ തല മുറിച്ചെടുത്ത് നബി(സ)യുടെ അടുക്കലേക്ക് പോയി. നബി(സ) പറഞ്ഞു: ‘അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. അല്ലാഹുവിന്റെ ശത്രൂ, നിന്നെ നിന്ദ്യനാക്കിയ അല്ലാഹുവിന് സര്‍വ്വസ്‌തോത്രം, ഇവനാണ് ഈ സമൂഹത്തിലെ ഫറോവ’.

റസൂല്‍ തിരുമേനി അഫ്‌റാഇന്റെ മക്കള്‍ വീണുകിടക്കുന്ന സ്ഥലത്തെത്തി പറഞ്ഞു: ‘അഫ്‌റാഇന്റെ രണ്ട് ആണ്‍കുട്ടികളേയും അല്ലാഹു അനുഗ്രഹിക്കട്ടെ, ഈ സമൂഹത്തിലെ ഫറോവയെ, ദൈവ നിഷേധത്തിന്റെ തലവനെ വകവരുത്തിയതില്‍ ഇവരും പങ്കാളികളാണ്’. അപ്പോള്‍ ആരോചോദിച്ചു: പ്രവാചകരേ, ഇവരുടെ കൂടെ വേറെ ആരാണ് പങ്കാളികള്‍? തിരുമേനി പറഞ്ഞു: മലക്കുകളും ഇബ്‌നു മസ്ഊദും.

അല്ലാഹുവിനോടും ദൂതരോടുമുള്ള സ്‌നേഹം, ജിഹാദിനോടുള്ള പ്രതിപത്തി, അര്‍പ്പണ ബോധം, ഉദാരത, ബഹുമതി, ധൈര്യം, മുന്നേറ്റം എന്നിവ മക്കളുടെ മനസ്സില്‍ എങ്ങിനെ നട്ടുവളര്‍ത്താമെന്ന് ഈ മാതാവിനെ കണ്ടുപഠിക്കണം.

Related Articles