Current Date

Search
Close this search box.
Search
Close this search box.

ഫ്രഞ്ച് രാജകുമാരി അമവീ കൊട്ടാരത്തില്‍

ghfiqi.jpg

മഹായുദ്ധത്തിന് കോപ്പുകൂട്ടിക്കൊണ്ട് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി രണ്ട് വര്‍ഷം കഴിഞ്ഞുകൂടി. സൈന്യത്തെ ഒരുക്കി, സൈനിക ദളങ്ങള്‍ പുനഃസംഘടിപ്പിച്ചു. ആയുധം മൂര്‍ച്ചകൂട്ടുന്നത് പോലെ സൈനികരുടെ ഇച്ഛാശക്തി രാകിമിനുക്കി. അവരുടെ മനോവീര്യം ഉയര്‍ത്തി. ജിഹാദില്‍ താത്പര്യമുളവാക്കുന്നതിനും, ജീവാര്‍പ്പണം ചെയ്യാനുള്ള മോഹത്തിന് തീപ്പിടിപ്പിക്കാനുമായി ആഫ്രിക്കയിലെ അമീറിനോട് സഹായം തേടുകയും, കുറച്ച് സൈനികരെക്കൂട്ടി അവരെ ശക്തിപ്പെടുത്തുകയും ചെയ്തു.

വന്‍സൈന്യവുമായി താന്‍ എത്തിച്ചേരുന്നത് വരെ ആക്രമണങ്ങളിലൂടെ ശത്രുവിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന് അതിര്‍ത്തിരക്ഷാസേനയുടെ നേതാവായ ഉഥ്മാന്‍ ബിന്‍ അബീ നുസ്അയ്ക്ക് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി സന്ദേശമയച്ചു. എന്നാല്‍, ഇച്ഛാശക്തിയും അതിവാഞ്ഛയുമുള്ള എല്ലാ നേതാക്കളോടും അസൂയ വെച്ചിരുന്ന ഇബ്‌നു അബീ നുസ്അ, ജനസമക്ഷം തന്റെ ശ്രേയസ്സിനെ ഉയര്‍ത്തുന്ന, മറ്റ് ഗവര്‍ണര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും നിറംകെടുത്തുന്ന വന്‍പദ്ധതികളുമായി മുന്നോട്ടുപോയി.

ഫ്രാന്‍സിനെതിരെയുള്ള മുന്‍ ആക്രമണങ്ങളില്‍ ഒന്നിലൂടെ ഒകിതാന്‍യയിലെ പ്രഭുവിന്റെ പുത്രിയെ കൈക്കലാക്കിയത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മെനന്‍ (menen) എന്നായിരുന്നു അവളുടെ പേര്. യൗവ്വനയുക്തയായ സുന്ദരിയായിരുന്നു ഇവള്‍. മനംമയക്കുന്ന ആകാരസൗഷ്ഠവവും അധികാരത്തിന്റെ ആഢ്യത്തവും. ചെറുപ്പത്തിന്റെ തിളക്കവും രാജകുമാരിയുടെ കൊഞ്ചലുമായി അവള്‍ കഴിയുകയായിരുന്നു. അവള്‍ ഇബ്‌നു അബീ നുസ്അയുടെ മനസ്സില്‍ സ്‌നേഹമുണര്‍ത്തി. അവളോടുള്ള അഭിനിവേശം അദ്ദേഹത്തെ പ്രേമാതുരനാക്കി. അവള്‍ അയാളുടെ വാത്സല്യഭാജനമായി. അവള്‍ക്ക് വേണ്ടി അയാള്‍ അവളുടെ പിതാവുമായി രാജിയായി. അയാളുമായി കരാറൊപ്പിട്ടു. സ്‌പെയിനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യകളില്‍ മുസ്‌ലിം ആക്രമണം തടയാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു.

ഭാര്യാപിതാവായ ഒകിതാന്‍യ പ്രഭുവിന്റെ നാടിനെതിരെ പോരാട്ടം കനപ്പിക്കണമെന്ന അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയുടെ നിര്‍ദേശം ലഭിച്ചപ്പോള്‍ ഇബ്‌നു അബീ നുസ്അ താടിയ്ക്ക് കൈകൊടുത്ത് കുന്തിച്ചിരുന്നുപോയി. എന്നാലും, തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഒട്ടും വൈകാതെ തന്നെ അമീര്‍ ഗാഫിഖിയ്ക്ക് അയാള്‍ എഴുതി: ‘ അതായത് ഒകിതാന്‍യ പ്രഭുവുമായിട്ടുള്ള കരാര്‍, കാലാവധി കഴിയും മുമ്പേ ലംഘിക്കാന്‍ തനിക്ക് കഴിയില്ല.’

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയുടെ കോപം തിളച്ചുമറിഞ്ഞു. ‘ഫ്രഞ്ചുകാരുമായി നീ കരാറുണ്ടാക്കിയത് നിന്റെ നേതാവിന്റെ അറിവോടെയല്ല. അതിലൊന്നും തന്നെ അമീറിനോ മുസ്‌ലിം സൈനികര്‍ക്കോ ബാധകമല്ല. ഞാന്‍ നിന്നോട് കല്‍പിച്ചത് ആശങ്കപ്പെടാതെ എത്രയും വേഗം നടപ്പിലാക്കിയേ തീരൂ’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം കത്തയച്ചു.

തീരുമാനത്തില്‍ നിന്നും അമീറിനെ പിന്തിരിപ്പിക്കാന്‍ കഴിയുകയില്ലെന്നായപ്പോള്‍ ഇബ്‌നു അബീ നുസ്അ സംഭവഗതികള്‍ അറിയിച്ചുകൊണ്ടും കരുതിയിരിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടും ഭാര്യാപിതാവിന് ദൂതയച്ചു.

എന്നാല്‍ അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയുടെ ചാരന്മാര്‍ ഇബ്‌നു അബീ നുസ്അയുടെ ചലനങ്ങള്‍ സദാ വീക്ഷിക്കുന്നുണ്ടായിരുന്നു. ശത്രുവുമായി ഇയാള്‍ ബന്ധം സ്ഥാപിച്ച കാര്യം അവര്‍ അമീറിന് എത്തിച്ചു. ഒട്ടും വൈകാതെ ഗാഫിഖി മല്ലന്മാരും പരാക്രമശാലികളുമടങ്ങിയ സൈനിക ദളത്തെ സജ്ജീകരിക്കുകയും, പ്രവര്‍ത്തനപരിചയമുള്ള ഒരു പോരാളിയെ അവരുടെ പതാകവാഹകനായി നിശ്ചയിക്കുകയും, ജീവനോടെയോ അല്ലാതെയോ ഉഥ്മാന്‍ ഇബ്‌നു അബീ നുസ്അയെ കൊണ്ടുവരണമെന്ന് കല്‍പിക്കുകയും ചെയ്തു.

ഈ സൈനികര്‍ ഉഥ്മാന്‍ ഇബ്‌നു അബീ നുസ്അയുടെ പട്ടാളത്താവളം അക്രമിച്ചു അയാളെ കൈപ്പിടിയില്‍ ആക്കിയതായിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ അയാള്‍ അവരെ കബളിപ്പിച്ച്, തന്റെ സഹവാസികളായ കുറച്ചാളുകളുമായി കുന്നിന്‍മുകളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. കൂടെ സുന്ദരിയായ ഭാര്യയും. അവളെ പിരിഞ്ഞ് അയാള്‍ക്ക് ഒരിക്കലും ജീവിക്കാനാവുമായിരുന്നില്ല.

പട്ടാളവ്യൂഹം അയാളെ പിന്തുടര്‍ന്നു. അയാളെയും കൂടെയുള്ളവരേയും വളഞ്ഞുപിടിച്ചു. സിംഹം തന്റെ കുഞ്ഞിനെ കാക്കാന്‍ പോരാടും പോലെ, തന്റെയും ഭാര്യയുടെയും ജീവന് വേണ്ടി പൊരുതി നിന്നെങ്കിലും, അവളുടെ മുമ്പില്‍ വെച്ച് അയാള്‍ കുത്തേറ്റ് വീണു. വാളിന്റെയും കുന്തത്തിന്റെയും അസംഖ്യം വെട്ടും കുത്തും അയാളുടെ ശരീരത്തിലുണ്ടായിരുന്നു. സൈനികര്‍ അയാളുടെ ശിരസ്സ് അറുത്തെടുത്ത് സൗന്ദര്യറാണിയേയുമായി അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയുടെ അടുക്കലേയ്ക്ക് തിരിച്ചു.
മുമ്പില്‍ അവള്‍ വന്നു നിന്നപ്പോള്‍ അവളുടെ മനോരമ്യരൂപം കണ്ട് അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പോയി. അദ്ദേഹം മുഖം തിരിച്ചു. ശേഷം ഖിലാഫത്തിന്റെ തലസ്ഥാനത്തേയ്ക്ക് അവളെ അയച്ചു. അങ്ങിനെ ഫ്രഞ്ച് റാണിയുടെ ജീവിതം ഡമസ്‌കസിലെ അമവീ ഖലീഫയുടെ അന്തഃപുരത്തിലായി.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

 

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 1
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 2
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 3

 

Related Articles