Current Date

Search
Close this search box.
Search
Close this search box.

ഫരീഅ ബിന്‍ത് മാലിക് : രക്തസാക്ഷിയുടെ പുത്രി

നന്മകളിലേക്ക് ഓടിച്ചെന്ന, സ്വര്‍ഗ്ഗത്തിനായി പണിയെടുത്ത, ബഹുമാന്യരും മഹതികളുമായ സ്ത്രീജനങ്ങളില്‍ ഒരുവളാണ് മാലിക് ബിന്‍ സിനാന്റെ പുത്രി ഫരീഅ. നന്മയുടെ സകല മേഖലകളിലും മുന്നിട്ട് നിന്ന ഖസ്‌റജ് ഗോത്രത്തിലെ ഖുദര്‍ വംശത്തിലാണ് ഇവര്‍ ജീവിച്ചിരുന്നത്. മനസ്സില്‍ ഈമാനിന്റെ വെളിച്ചം തട്ടിയ നാള്‍ മുതല്‍ തന്നെ, തന്റേതായ തിരുശേഷിപ്പുകള്‍ കാലപഥത്തില്‍ ഇറക്കിവെക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

സിനാന്‍ ബിന്‍ അബ്ദില്‍ അന്‍സ്വാരിയുടെ പുത്രനും സ്വഹാബി  വര്യനുമായ മാലികാണ് പിതാവ്. നേര്‍സഹോദരങ്ങളായ സഅദ് ബിന്‍ മാലിക് മദീനയിലെ മുഫ്തിയും, അബൂ സഈദില്‍ ഖുദ്‌രീ അഹ്‌സാബ് യുദ്ധത്തിലെ പോരാളിയും, ബൈഅത്തു രിദ്‌വാനിലെ എണ്ണംപറഞ്ഞ വ്യക്തിത്വങ്ങളില്‍ ഒരാളുമാണ്. താവഴിയിലുള്ള സഹോദരനായ ഖതാദ ബിന്‍ നുഅ്മാന്‍ ദഫരീ ഉഹുദ് യുദ്ധത്തില്‍ അത്ഭുതങ്ങള്‍ കാട്ടിയ ബദര്‍ യുദ്ധവീരന്‍മാരില്‍ ഒരാളാണ്. നബി തിരുമേനിയോടൊപ്പം എല്ലാ പോരാട്ടങ്ങളിലും പങ്കെടുത്ത ഖതാദ, ഉഹുദിലെ ജബലുറുമാത്തില്‍  കാവല്‍ നിന്ന വില്ലാളികളോടൊപ്പം ഉണ്ടായിരുന്നു.

ഈ പരിശുദ്ധ കൂട്ടത്തിലെ ഒരുവളായി വളര്‍ന്നുവന്ന ഫരീഅ മൊത്തിക്കുടിച്ച കീര്‍ത്തിയും പുകളും ഇസ്‌ലാമിലെ സ്ത്രീചരിത്രത്തില്‍ അനുഗ്രഹ സ്പര്‍ശമായി ശേഷിക്കുന്നു. ഉഹുദില്‍ പ്രവാചകന് ആപത്ത് പിണഞ്ഞെന്നും അനേകം മുസ്‌ലിംകള്‍  നിലംപതിച്ചെന്നുമുള്ള വാര്‍ത്ത പ്രചരിച്ചതോടെ റസൂല്‍(സ)യുടെ തിരിച്ചുവരവും കാത്ത് ഫരീഅ അക്ഷമയോടെയിരുന്നു. നബി തിരുമേനി സുരക്ഷിതനായി മടങ്ങിവരുന്നുണ്ടെന്നും പിതാവടക്കം കുറേയാളുകള്‍ രക്തസാക്ഷികളായെന്നും അബൂ സഈദ് സഹോദരി ഫരീഅയെ അറിയിച്ചപ്പോള്‍, ആ കുടുംബം ഒന്നടങ്കം അല്ലാഹുവിനെ സ്തുതിച്ചു! റസൂല്‍(സ) സുരക്ഷിതനെങ്കില്‍ മറ്റേത് ആപത്തും നിസ്സാരം.

ദീര്‍ഘകാലം ഒരുമിച്ചുകഴിഞ്ഞ ഭര്‍ത്താവ് സഹ്ല്‍ ബ്ന്‍ റാഫിഅ് ഖസ്‌റജിയുടെ മരണത്തില്‍, ദൈവപ്രീതിക്കായി ഫരീഅ ക്ഷമിച്ചുകഴിഞ്ഞു. കാണാതായ അടിമയെ അന്വേഷിച്ചിറങ്ങിയ അദ്ധേഹത്തെ മദീനക്ക് സമീപം ശത്രുക്കള്‍ ചതിച്ചുകൊല്ലുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ, ഖുദ്‌റ ഗോത്രത്തിലെ കുടുംബക്കാരിലേക്ക് തിരിച്ചുപോകുന്നതിന് റസൂല്‍(സ)യോട് ഫരീഅ അനുമതിതേടി. ദൈവീക നിര്‍ദേശാനുസരണം സ്വഭവനത്തില്‍ തന്നെ കഴിഞ്ഞുകൂടാന്‍ നബി തിരുമേനി കല്‍പിച്ചു. നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിച്ചുകൊണ്ട് തിരുമേനിയുടെ നിര്‍ദേശം അവര്‍ പാലിച്ചു. ഇദ്ദ കാലം കഴിഞ്ഞപ്പോള്‍ അന്‍സ്വാറുകളിലെ ള്വുഫര്‍ ഗോത്രത്തിലെ സഹ്ല്‍ ബിന്‍ ബഷീര്‍ ഇണയായി കടന്നുവന്നു.

വ്യത്യസ്ത മേഖലകളില്‍ ഇസ്‌ലാമിക ലോകത്തുണ്ടായ സംഭവവികാസങ്ങളുടെ പിന്നാലെയും, വിശുദ്ധമതം കനിഞ്ഞരുളിയ ഉത്തരവാദിത്വങ്ങളില്‍ പങ്കാളിത്തം വഹിച്ചും ഫരീഅ കഴിഞ്ഞുകൂടി. ഉസ്മാന്‍ ബിന്‍ അഫ്ഫാനെ മക്കയില്‍ തടഞ്ഞ്‌വെച്ചപ്പോള്‍ റസൂല്‍(സ) സ്വഹാബികളോട് പ്രതിജ്ഞ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതാണ് ബൈഅത്ത് രിദ്‌വാന്‍. ഹിജ്‌റ ആറാം വര്‍ഷം ഹുദൈബിയ്യയിലെ വൃക്ഷത്തിനു താഴെ, അനുസരണപ്രതിജ്ഞ ചെയ്ത പ്രവാചകാനുയായികളില്‍ ഫരീഅ(റ) ഉണ്ടായിരുന്നു. അല്ലാഹു അവരെ പുകഴ്ത്തിയത് കാണുക. ‘ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും, അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു’. (അല്‍ഫത്ഹ് 18)

നബി തിരുമേനി അരുള്‍ ചെയ്തു: ‘ഇന്‍ഷാ അല്ലാഹ്, വൃക്ഷത്തിനു താഴെ നിന്ന് അനുസരണപ്രതിജ്ഞ എടുത്തവര്‍ നരകത്തില്‍  പ്രവേശിക്കുന്നതല്ല’

Related Articles