Current Date

Search
Close this search box.
Search
Close this search box.

പ്രായം തളര്‍ത്താത്ത വിജ്ഞാനത്തിനുടമ

ചില ഭരണാധികാരികളെ ഓര്‍മപ്പെടുത്താനും ദിശകാണിക്കാനും കടന്നു ചെന്നിരുന്നത് പോലെ, ചിലരെ ആക്ഷേപിക്കാനും ശകാരിക്കാനും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രന്‍ പറയുന്നു: ഞങ്ങള്‍ ഒരിക്കല്‍ പിതാവൊന്നിച്ച് യമനില്‍ നിന്നും ഹജ്ജിനായി പുറപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു ദേശത്ത് എത്തിച്ചേര്‍ന്നു. ഇബ്‌നു നജീഹ് എന്ന ഒരു പ്രാദേശിക ഭരണാധികാരിയാണ് അവിടെ ഉണ്ടായിരുന്നത്. അയാള്‍ അങ്ങേയറ്റം വൃത്തികെട്ടവനും സത്യത്തെ നിരാകരിക്കാന്‍ തന്റേടം കാണിക്കുന്നവനും അസത്യത്തിന്റെ കൂട്ടിരിപ്പുകാരനുമായിരുന്നു. ഫര്‍ദ് നമസ്‌കരിക്കാനായി ഞങ്ങള്‍ അവിടുത്തെ പള്ളിയിലെത്തി. എന്റെ പിതാവിന്റെ ആഗമനം അറിഞ്ഞ ഇബ്‌നു നജീഹ് മസ്ജിദിലെത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ ഇരുന്നു, സലാം പറഞ്ഞു. പിതാവ് അവനോട് പ്രതികരിക്കാതെ തിരിഞ്ഞിരുന്നു. അയാള്‍ വലതു വശത്തു കൂടി എത്തി സംസാരിക്കാന്‍ ശ്രമിച്ചു. പിതാവ് അദ്ദേഹത്തെ അവഗണിച്ചു. അയാള്‍ ഇടതു വശത്തു കൂടി വന്ന് സംസാരിച്ചു. അപ്പോഴും അദ്ദേഹം തിരിഞ്ഞുകളഞ്ഞു. ഇത് കണ്ട് ഞാന്‍ അയാളുടെ നേരെ നിന്ന് കൈ നീട്ടി സലാം പറഞ്ഞിട്ട് പറഞ്ഞു: എന്റെ പിതാവ് താങ്കളെ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.

അയാള്‍ പറഞ്ഞു: അല്ല, നിന്റെ പിതാവിന് എന്നെ അറിയാം. അദ്ദേഹത്തിന്റെ ചെയ്തി നീ കണ്ടില്ലേ, അത് എന്നെ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്.
അങ്ങിനെ അദ്ദേഹം ഒന്നും പറയാതെ നിശ്ശബ്ദനായി അയാള്‍ നടന്നുപോയി. ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങിയപ്പോള്‍ പിതാവ് എന്നോട് പറഞ്ഞു: എടാ വിഡ്ഢീ, ആളില്ലാത്തപ്പോള്‍ നീ ഇവരെയൊക്കെ നാവ്‌കൊണ്ട് അക്രമിക്കും, ഇവര്‍ ഉള്ളപ്പോള്‍ മൃദുഭാഷണം നടത്തുന്നോ. ഇതല്ലാതെ വേറെ ഏതാണ് കപടത.

ത്വാവൂസിന്റെ ഉപദേശം ഖലീഫമാരിലും ഗവര്‍ണര്‍മാരിലും പരിമിതമായിരുന്നില്ല. ആവശ്യമുണ്ടെന്ന് തോന്നിയവര്‍ക്കും…. താത്പര്യം ഉള്ളതിലും അദ്ദേഹം അത് വിനിയോഗിച്ചു.

അത്വാഅ് ബിന്‍ അബീ റബാഹ് ഉദ്ദരിക്കുന്നു. അനഭിലഷണീയമെന്ന് ത്വാവൂസ് ബിന്‍ കൈസാന് തോന്നിയ ഒരു സ്ഥലത്ത് എന്നെ ഒരിക്കല്‍ അദ്ദേഹം കണ്ടു. അദ്ദേഹം പറഞ്ഞു: അല്ലയോ അതാഅ്, നിന്റെ മുമ്പില്‍ വാതില്‍ കൊട്ടിയടക്കുന്ന, കാവല്‍ക്കാരെ നിര്‍ത്തുന്നവനോട് നിന്റെ ആവശ്യങ്ങള്‍ ഉണര്‍ത്തരുത്. നിനക്കായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നവനോട്, ചോദിക്കാന്‍ ആവശ്യപ്പെട്ടവനോട്, ഉത്തരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നവനോട് നീ ആവശ്യപ്പെടൂ.

തന്റെ പുത്രനോട് അദ്ദേഹം പറയാറുണ്ടായിരുന്നു: ‘പ്രിയ പുത്രാ, ബുദ്ധിയുള്ളവരോട് ചങ്ങാത്തംകൂടൂ, നീ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും നിന്നെയും അവരുടെ കൂടെ ചേര്‍ത്തു പറയപ്പെടും. വിവരദോഷികളോട് ചങ്ങാത്തംകൂടരുത്, നീ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും ആ കൂട്ടുകെട്ട് കൊണ്ട് നിന്നെയും അവരുടെ കൂടെ ചേര്‍ത്തു പറയപ്പെടും. എല്ലാത്തിനും അനന്തരഫലമുണ്ടെന്ന് അറിഞ്ഞുകൊള്ളുക. മനുഷ്യന്റെ ലക്ഷ്യം തന്റെ ദീനിന്റെ പൂര്‍ണതയും സ്വഭാവത്തിന്റെ തികവുമാണ്’
അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ലാ, തന്റെ ഉപ്പ നല്‍കിയ പരിലാളനയിലും, അദ്ദേഹത്തിന്റെ സ്വഭാവം പകര്‍ത്തിയും, ആ സഞ്ചാരവഴിയിലൂടെ നടന്നുമാണ് വളര്‍ന്നുവന്നത്.

ഒരിക്കല്‍ അബ്ബാസീ ഖലീഫ അബൂ ജഅ്ഫര്‍ മന്‍സ്വൂര്‍ തന്നെ സന്ദര്‍ശിക്കാനായി ത്വാവൂസിന്റെ മകന്‍ അബ്ദുല്ലായെയും താബിഉത്താബിഈനും മുസ്‌ലിംകളില്‍ പ്രമുഖനും മാലീകീ മദ്ഹബിന്റെ സ്ഥാപകനുമായ മാലിക് ബിന്‍ അനസിനെയും ക്ഷണിച്ചു. രണ്ടാളും സദസ്സില്‍ ഉപവിഷ്ടരായപ്പോള്‍ അബ്ദുല്ലാ ബിന്‍ ത്വാവൂസിനോട് ഖലീഫ പറഞ്ഞു: താങ്കളുടെ പിതാവ് താങ്കളോട് പറയാറുണ്ടായിരുന്നതില്‍ ചിലത് എനിക്കായി നിവേദനംചെയ്താലും.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞിട്ടുണ്ട് ‘അന്തസ്സുള്ളവനും പ്രതാപവാനുമായ അല്ലാഹു തന്റെ അധികാരത്തില്‍ ഒരാള്‍ക്ക് പങ്കാളിത്തം നല്‍കിയിട്ട്, അയാള്‍ ഭരണനിര്‍വഹണത്തില്‍ അനീതി പുലര്‍ത്തുമെങ്കില്‍, അന്ത്യദിനത്തില്‍ മറ്റാരെക്കാളും കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത് അയാള്‍ക്കായിരിക്കും.’
മാലിക് ബിന്‍ അനസ് പറയുന്നു: അദ്ദേഹത്തിന്റെ ഈ വിവരണം കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ ചോര തെറിക്കാതിരിക്കാന്‍ ഞാന്‍ എന്റെ വസ്ത്രം ചുരുട്ടിപ്പിടിച്ചു. എന്നാല്‍ കുറേനേരം മിണ്ടാതിരുന്ന അബൂ ജഅ്ഫര്‍ ഞങ്ങളെ ഒന്നും ചെയ്യാതെ വിട്ടയച്ചു.

നൂറ് വയസ്സ് വരെയോ അതില്‍ അല്‍പം കൂടുതലോ കാലം ത്വാവൂസ് ബിന്‍ കൈസാന്‍ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിരിക്കലും അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തിനോ, കാര്യഗ്രഹണ ശക്തിയ്‌ക്കോ, ചിന്താവേഗത്തിനോ പ്രായാധിക്യവും വാര്‍ധക്യവും ഒരു പോറലുമേല്‍പിച്ചില്ല. അബ്ദുല്ലാ ശാമി പറയുന്നു: ത്വാവൂസിന്റെ അടുക്കല്‍ നിന്നും അറിവ് പഠിക്കാനായി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എനിക്ക് അദ്ദേഹത്തെ അറിയുമായിരുന്നില്ല. വാതിലില്‍ മുട്ടിയപ്പോള്‍ ഒരു പടുവൃദ്ധന്‍ പുറത്തേക്ക് വന്നു. അദ്ദേഹത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു: താങ്കളാണോ ത്വാവൂസ് ബിന്‍ കൈസാന്‍?
അദ്ദേഹം പറഞ്ഞു: അല്ല, ഞാന്‍ അദ്ദേഹത്തിന്റെ പുത്രനാണ്.
ഞാന്‍: താങ്കള്‍ പുത്രനാണെങ്കില്‍, ശൈഖിന് വയസ്സായി ഓര്‍മയൊക്കെ നശിച്ചിട്ടുണ്ടാകുമല്ലോ. അദ്ദേഹത്തിന്റെ വിജ്ഞാനം ഉപയോഗപ്പെടുത്താനായി വളരെ വിദൂരത്തു നിന്നും അദ്ദേഹത്തെ ലക്ഷ്യം വെച്ച് വന്നതാണ് ഞാന്‍.
അദ്ദേഹം: കഷ്ടം, അല്ലാഹുവിന്റെ ഗ്രന്ഥം വഹിക്കുന്നവര്‍ക്ക് ഓര്‍മ നശിക്കുകയില്ല, അവിടേക്ക് കടന്നുചെല്ലൂ.
ഞാന്‍ ത്വാവൂസിന്റെ അടുക്കലെത്തി സലാം പറഞ്ഞു. ഞാന്‍ പറഞ്ഞു: താങ്കളുടെ അറിവ് തേടി, ഉപദേശത്തില്‍ ആകൃഷ്ടനായിട്ടാണ് ഞാന്‍ എത്തിയിട്ടുള്ളത്.
ത്വാവൂസ്: ചോദ്യങ്ങള്‍ ചുരുക്കിച്ചോദിക്കൂ.
ഞാന്‍: ഇന്‍ശാ അല്ലാഹ്, കഴിയുന്നത്ര ചുരുക്കിച്ചോദിക്കാം.
ത്വാവൂസ്: തൗറാത്ത്, സബൂര്‍, ഇന്‍ജീല്‍, ഖുര്‍ആന്‍ എന്നിവയുടെ രത്‌നച്ചുരുക്കം ഞാന്‍ അവതരിപ്പിക്കട്ടേ?
ഞാന്‍: അതേ.
ത്വാവൂസ്: അല്ലാഹുവിനെ ഭയക്കുക, അതിലുപരി മറ്റൊന്നിനേയും ഭയക്കേണ്ടാത്ത തരത്തില്‍. അവനെ ഭയക്കുന്നതിലേറെ തീക്ഷണമായി അവനോട് താത്പര്യം പുലര്‍ത്തുക. നിനക്കായി ഇഷ്ടപ്പെടുന്നത് ജനത്തിന് വേണ്ടിയും ഇഷ്ടപ്പെടുക.

ഹിജ്‌റ 106ല്‍ ദുല്‍ഹിജ്ജ 10ന്റെ രാത്രിയില്‍ വയോവൃദ്ധനായ ത്വാവൂസ് ബിന്‍ കൈസാന്‍ 40 ാമത്തെ ഹജ്ജില്‍ അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് പോയി. മുസ്ദലിഫയിലെ അങ്കണത്തില്‍ തന്റെ യാത്രാസാമഗ്രികള്‍ ഇറക്കിവെച്ചു. ഇശാഇനോടൊപ്പം മഗിരിബ് നിസ്‌കരിച്ചു. അല്‍പം വിശ്രമിക്കാനായി ചരിഞ്ഞുകിടന്നു. ഉറപ്പായ മരണം അദ്ദേഹത്തിന് എത്തിക്കഴിഞ്ഞു. നാടും വീടും വിട്ട് അല്ലാഹുവിന്റെ സാമീപ്യത്തില്‍, ലബൈക് മൊഴിഞ്ഞു കൊണ്ട്… ഇഹ്‌റാമിലായിരിക്കെ… അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലം മോഹിച്ചു കൊണ്ട്… അല്ലാഹുവിന്റെ ഔദാര്യത്താല്‍, മാതാവ് അദ്ദേഹത്തെ പ്രസവിക്കുമ്പോഴുള്ള പോലെ പാപങ്ങളില്‍ നിന്നും മുക്തനായി അദ്ദേഹം മരണത്തെ കണ്ടുമുട്ടി.

പ്രഭാതമായപ്പോള്‍ അദ്ദേഹത്തെ മറമാടാന്‍ അവര്‍ ഒരുങ്ങി. ജനത്തിരക്ക് കാരണം ജനാസ പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. ജനങ്ങളെ മാറ്റിനിര്‍ത്തി, ജനാസയ്ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി സംസ്‌കരിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടി മക്കയിലെ അമീറിന് ജനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. അനേകമാളുകള്‍ അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിച്ചു. അവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ അല്ലാഹുവിനല്ലാതെ കഴിയുകയില്ല. നമസ്‌കരിക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ മുസ്‌ലിംകളുടെ ഖലീഫയായ ഹിശാം ബിന്‍ അബ്ദില്‍ മലികുമുണ്ടായിരുന്നു.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ത്വാവൂസ് ബിന്‍ കൈസാന്‍ 1
ത്വാവൂസ് ബിന്‍ കൈസാന്‍ 2
ത്വാവൂസ് ബിന്‍ കൈസാന്‍ 3
ത്വാവൂസ് ബിന്‍ കൈസാന്‍ 4

Related Articles