Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധികളെ പ്രണയിച്ച മഹാപണ്ഡിതന്‍

pattern.jpg

ഇയാസിന്റെ ബുദ്ധിസാമര്‍ത്ഥ്യത്തെക്കുറിച്ച വാര്‍ത്തകള്‍ പ്രചരിച്ച് കൊണ്ടേയിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനായി നാനാഭാഗത്ത് നിന്നും ജനങ്ങളെത്തി. അവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വിവരിച്ചു. ചിലര്‍ വിജ്ഞാനം തേടിയാണെത്തിയതെങ്കില്‍ മറ്റ് ചിലര്‍ തര്‍ക്കിച്ച് ജയിക്കാനാണ് വന്നത്.
ഒരിക്കല്‍ ഒരു പ്രാദേശിക നേതാവ് അദ്ദേഹത്തിന്റെ സദസ്സില്‍ വന്ന് ചോദിച്ചു
-‘അല്ലയോ അബൂവാഇല, മദ്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
-‘ഹറാം’ ഇയാസ് മറുപടി നല്‍കി.
-‘അതില്‍ ഏത് വശമാണ് നിഷിദ്ധത്തിന് കാരണമായിട്ടുള്ളത്. പഴവര്‍ഗവും, വെള്ളവുമാണല്ലോ അതില്‍ ചേര്‍ത്തിട്ടുള്ളത്. അവയെല്ലാ അനുവദനീയമാണെന്നതില്‍ സംശയവുമില്ല.’ എന്നായി അയാള്‍
-‘താങ്കള്‍ പറയാനുള്ളത് മുഴുവനും പറഞ്ഞു കഴിഞ്ഞോ? അതല്ല ഇനി വല്ലതും പറയാനുണ്ടോ? ഇയാസ് അയാളോട് ചോദിച്ചു.
-അതെ, ഞാന്‍ പറഞ്ഞ് കഴിഞ്ഞിരിക്കുന്നു’ അയാള്‍ മറുപടി നല്‍കി.
-‘ഞാന്‍ ഒരു കുമ്പിള്‍ വെള്ളമെടുത്ത് താങ്കള്‍ക്ക് മേല്‍ ഒഴിച്ചാല്‍ താങ്കള്‍ക്ക് വേദനിക്കുമോ? ഇയാസ് ചോദിച്ചു.
-‘ഇല്ല’ എന്ന് അയാള്‍.
-‘ഞാന്‍ ഒരു കുമ്പിള്‍ മണ്ണെടുത്ത് താങ്കളെ എറിഞ്ഞാല്‍ താങ്കള്‍ക്ക് വേദനിക്കുമോ?
-‘ഇല്ല’ അയാള്‍ വീണ്ടും പറഞ്ഞു.
-‘ഞാന്‍ കുറച്ച് പുല്ല് പറിച്ച് താങ്കളെ എറിഞ്ഞാലോ’
-‘ഇല്ല എനിക്ക് വേദനിക്കില്ല.’
-‘ഞാന്‍ പുല്ല് കൊണ്ട് ഒരു ഘടനയുണ്ടാക്കി അതില്‍ മണ്ണ് വെച്ച വെള്ളമൊഴിച്ച് കുഴച്ച് വെയിലത്ത് വെച്ച് അത് ഉണങ്ങിയതിന് ശേഷം ഞാന്‍ അത് കൊണ്ട് താങ്കളെ എറിഞ്ഞാല്‍ എങ്ങനെയുണ്ടായിരിക്കും?
-‘അത് വേദനയുണ്ടാക്കും, എന്നല്ല എന്നെ കൊന്നേക്കും’. അയാള്‍ വളരെ ലളിതമായി പറഞ്ഞു.
-‘അതുപോലെത്തന്നെയാണ് മദ്യവും, അതിലെ മിശ്രിതങ്ങള്‍ ചേര്‍ന്ന് മദ്യമാവുന്നതോടെയാണ് അത് നിഷിദ്ധമാവുന്നത്.’

ഖാദി സ്ഥാനം ഏറ്റെടുത്ത ഇയാസിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ അങ്ങേയറ്റെത്ത ബുദ്ധികൂര്‍മതയും, തന്ത്രവും, യാഥാര്‍ത്ഥ്യം കണ്ടെത്താനുള്ള അസാമാന്യ പാടവത്തെയും കുറിക്കുന്നതായിരുന്നു.

ഒരിക്കല്‍ രണ്ടാളുകള്‍ തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി അദ്ദേഹത്തെ സമീപിച്ചു. അവരിലൊരാള്‍ മറ്റെയാളുടെ കയ്യില്‍ കാശേല്‍പിക്കുകയും തിരിച്ച് ചോദിച്ചപ്പോള്‍ നിഷേധിക്കുകയും ചെയ്‌തെന്നാണ് കേസ്. കുറ്റാരോപിതനായ വ്യക്തിയോട് ഇയാസ് നിക്ഷേപത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാളക്കാര്യം നിഷേധിക്കുകയാണ് ചെയ്തത്. എന്നല്ല അയാള്‍ ഇപ്രകാരം പറഞ്ഞു
-‘ഇയാളുടെ അടുത്ത് തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ. അതിലെങ്കില്‍ പിന്നെ സത്യം ചെയ്യുകയെന്നത് മാത്രമാണ് എന്റെ ബാധ്യത.’
അയാല്‍ സത്യം ചെയ്ത് ആ കാശ് അപഹരിക്കുമെന്ന് ഇയാസ് ഭയപ്പെട്ടു. അദ്ദേഹം വാദിയോട് ചോദിച്ചു.
-‘താങ്കള്‍ എവിടെ വെച്ചാണ് കാശ് നല്‍കിയത്?’
-‘ഇന്നയിന്ന സ്ഥലത്ത് വെച്ച്’
-‘അവിടെ അടയാളമായി എന്താണ് ഉള്ളത്?’
-‘ഒരു വലിയ മരമുണ്ട് അവിടെ, അതിന് താഴെയാണ് ഞങ്ങള്‍ ഇരുന്നത്. അതിന്റെ തണലില്‍ വെച്ച് ഞങ്ങള്‍ ഭക്ഷണം കഴിക്കുകയും ചെയ്തു. പിരിഞ്ഞുപോരാറായപ്പോള്‍ ഞാനദ്ദേഹത്തിന് കാശ് കൊടുത്തു.’
ഇയാസ് അദ്ദേഹത്തോട് പറഞ്ഞു.
-‘ആ മരം നില്‍ക്കുന്നിടത്തേക്ക് പോവുക. താങ്കളവിടെ എത്തുന്ന മുറക്ക് കാശ് എവിടെ വെച്ചു, അത് കൊണ്ട് എന്ത് ചെയ്തുവെന്ന് താങ്കള്‍ക്ക് ഓര്‍മ വന്നേക്കും. ശേഷം താങ്കള്‍ വന്ന് അവിടെ കണ്ട കാര്യങ്ങള്‍ എന്നെ അറിയിക്കുക.’
അയാള്‍ ആ സ്ഥലത്തേക്ക് പോയി. ഇയാസ് കുറ്റമാരോപിക്കപ്പെട്ടവനോട് പറഞ്ഞു
-‘അയാള്‍ വരുന്നത് വരെ താങ്കളിവിടെ ഇരിക്ക്…’ അയാളിരുന്നു.

ശേഷം ഇയാസ് തന്നെ തേടിവന്നവരുടെ കേസുകള്‍ പരിഹരിക്കാന്‍ തുടങ്ങി. അതേസമയം തന്നെ ഇടംകണ്ണിട്ട് അയാളെ നിരീക്ഷിക്കുകയും ചെയ്തു. അദ്ദേഹം ശാന്തമായിരിക്കുന്നുവെന്ന് കണ്ട ഇയാസ് ചോദിച്ചു.
-‘അദ്ദേഹം താങ്കള്‍ കാശ് തന്ന സ്ഥലത്ത് ഇപ്പോള്‍ എത്തിയരിക്കുമോ?’
-‘ഇല്ല, അത് വളരെ ദൂരെയാണ്.’
-‘അല്ലയോ അല്ലാഹുവിന്റെ ശത്രു, കാശ് വാങ്ങിയ സ്ഥലം താങ്കള്‍ക്കോര്‍മയുണ്ട്, ശേഷം കാശ് വാങ്ങിയത് നിഷേധിക്കുകയും ചെയ്യുന്നു. അല്ലാഹുവാണ, താങ്കള്‍ ചതിയനാണ്.’

അതോടെ അയാള്‍ രക്ഷയില്ലാതായി, കുറ്റം സമ്മതിച്ചു. ഇയാസ് വാദി മടങ്ങി വരുന്നത് വരെ അദ്ദേഹത്തെ തടഞ്ഞുവെച്ചു. അയാളുടെ കാശ് തിരിച്ച് കൊടുക്കാന്‍ കല്‍പിക്കുകയും ചെയ്തു.

മറ്റൊരിക്കല്‍ തലയില്‍ വെക്കാനോ, തോളില്‍ തൂക്കിയിടാനോ ഉപയോഗിക്കുന്ന ഒരു ഷാളിന്റെ പേരില്‍ പരാതിയുമായി രണ്ട് പേര്‍ അദ്ദേഹത്തിന്റെ അടുത്ത് വന്നു. രണ്ട് ഷാളുകളാണുള്ളത്. ഒന്ന് വിലകൂടിയതും പുതിയതുമായ പച്ചനിറത്തിലുള്ളതാണ്. രണ്ടാമത്തെത് പഴകി നുരുമ്പിയ ചുവന്നതും.
വാദി തന്റെ പരാതി ഇപ്രകാരം ബോധിപ്പിച്ചു
-‘ഞാന്‍ കുളിക്കാന്‍ വേണ്ടി കുളത്തിലേക്ക് ഇറങ്ങി. എന്റെ പച്ച ഷാള്‍ മറ്റ് വസ്ത്രങ്ങളോടൊപ്പം കരയില്‍ വെച്ചിരുന്നു. അപ്പോഴാണ് ഇയാള്‍ വന്ന് ചുവന്ന ഷാള്‍ എന്റെ അവയുടെ അടുത്ത് വെച്ചത്. അയാള്‍ കുളത്തിലിറങ്ങി എന്റെ മുമ്പ് കുളിച്ച് കയറി. വസ്ത്രം ധരിച്ചതിന് ശേഷം എന്റെ ഷാളെടുത്ത് തലയിലിട്ട് നടന്ന് പോയി.

ഞാന്‍ പിന്നാലെ ചെന്ന് എന്റെ ഷാള്‍ ആവശ്യപ്പെട്ടു. അത് തന്റെതാണെന്ന് അവകാശപ്പെട്ടു അയാള്‍. ഇതു കേട്ട ഇയാസ് കുറ്റാരോപിതനോട് ചോദിച്ചു.
-‘താങ്കള്‍ക്കെന്താണ് പറയാനുള്ളത്?’
-‘എന്റെ കയ്യിലുള്ളത് എന്റെ ഷാളാണ്’. അയാള്‍ മറുപടി പറഞ്ഞു.
ഇയാസ് വാദിയോട് ചോദിച്ചു
-‘താങ്കളുടെ അടുത്ത് വല്ല തെളിവുമുണ്ടോ?’
-‘ഇല്ല’
ഇയാസ് തന്റെ പാറാവുകാരനെ വിളിച്ച് ഒരു ചീര്‍പ്പ് കൊണ്ട് വരാന്‍ കല്‍പിച്ചു. ശേഷം അതുകൊണ്ട് രണ്ട് പേരുടെയും മുടിചീകി. അവരിലൊരാളുടെ തലയില്‍ നിന്ന് ചുവന്ന നാരുകളും, മറ്റെയാളുടെ മുടിയില്‍ നിന്ന് പച്ചനാരുകളും ലഭിച്ചു. ശേഷം പച്ച ഷാള്‍ അതിന്റെ ആള്‍ക്കും, ചുവന്നത് അതിന്റെ ഉടമസ്ഥനും നല്‍കി ഇയാസ് പ്രശ്‌നം പരിഹരിച്ചു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഇയാസ് ബിന്‍ മുആവിയ 3

ഇയാസ് ബിന്‍ മുആവിയ 1

Related Articles