Current Date

Search
Close this search box.
Search
Close this search box.

പാപ്പരായ ധര്‍മിഷ്ഠന്‍

old-man33.jpg

സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിന്റെ കാലത്ത് (1200 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്) റഖ നഗരത്തില്‍ ബനൂ അസദ് ഗോത്രക്കാരനായ ഖുസൈമഃ ബിന്‍ ബിശ്ര്‍ എന്ന ഒരാളുണ്ടായിരുന്നു. ഒട്ടേറെ അനുഗ്രഹങ്ങള്‍ ലഭിച്ച, ധാരാളം സമ്പത്തുള്ള ധനികനായിരുന്നു അദ്ദേഹം. അതോടൊപ്പം തന്നെ അങ്ങേയറ്റം ഉദാരനും മനുഷ്യത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി ഉദാരമായി അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ച് വന്ന ആരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. തനിക്കുണ്ടായിരുന്ന സമ്പത്ത് തീരുംവരെ അദ്ദേഹം തന്റെ ഔദാര്യങ്ങള്‍ തുടര്‍ന്നു. അവസാനം തന്റെ പക്കല്‍ ഒന്നും ശേഷിക്കാത്ത നിലയിലെത്തിയപ്പോള്‍, തന്റെ സഹോദരങ്ങളോട് സഹായം തേടി. ആദ്യമൊക്കെ അവര്‍ സഹായിച്ചു. പിന്നെ അവര്‍ അതിന് വിസമ്മതിച്ചു. അത് അദ്ദേഹത്തെ ഏറെ നിരാശനാക്കി.

അദ്ദേഹം ഭാര്യയോട് പറഞ്ഞു: നീ നിന്റെ വീട്ടുകാരോടൊപ്പം താമസിച്ചോളൂ. ഒരു പരിഹാരം ഉണ്ടാകുകയോ അല്ലെങ്കില്‍ മരിക്കുകയോ ചെയ്യുന്നത് വരെ ഞാന്‍ വീട്ടില്‍ തന്നെ വാതിലടച്ച് കഴിയുകയാണ്.
അവള്‍ പറഞ്ഞു: നല്ല അവസ്ഥയില്‍ നിങ്ങളോടൊപ്പം നില്‍ക്കുകയും പ്രയാസത്തില്‍ നിങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നവളല്ല ഞാന്‍. ഞാന്‍ നിങ്ങളോടൊപ്പം തന്നെ നിലകൊള്ളും. നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ ഞാനും ജീവിക്കും. നിങ്ങള്‍ മരിക്കുകയാണെങ്കില്‍ ഞാനും മരിക്കും.

അവരിരുവരും വീടിനകത്ത് കയറി വാതിലടച്ചു. വീട്ടിലുണ്ടായിരുന്ന ആഹാരവസ്തുക്കള്‍ തീരുന്നത് വരെ അവരിരുവരും അത് ഭക്ഷിച്ചു. അതും കഴിഞ്ഞപ്പോള്‍ അവരിരുവരും മരണവും കാത്തിരുന്നു.

ഇക്‌രിമത്തുല്‍ ഫയ്യാദുല്‍ റബ്ഇയായിരുന്നു അവിടത്തെ ഗവര്‍ണര്‍. അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ ഉദാരതയാണ് ‘ഫയ്യാദ്’ (നിറഞ്ഞ് കവിഞ്ഞൊഴുകുന്നത്) എന്ന അപരനാമത്തിനദ്ദേഹത്തെ അര്‍ഹനാക്കിയത്. ഒരിക്കല്‍ അദ്ദേഹം തന്റെ സദസ്സ്യരോട് ചോദിച്ചു: ‘ഖുസൈമഃ ബിന്‍ ബിശ്‌റിന് എന്തുപറ്റി?’
അവര്‍ പറഞ്ഞു: ‘ഞങ്ങളാരും അദ്ദേഹത്തെ കണ്ടിട്ടില്ല, വല്ല യാത്രയിലുമായിരിക്കും.’
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘അദ്ദേഹം നാട്ടില്‍ തന്നെയുണ്ട്. എന്നാല്‍ അദ്ദേഹം വീടിന്റെ വാതിലടച്ച് സ്വന്തത്തെ അതില്‍ മറമാടിയിരിക്കുകയാണ്. മരണം വരെ പുറത്തിറങ്ങില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിട്ടുണ്ട്.
ഇക്‌രിമ: എന്തിന്?
അവര്‍ പറഞ്ഞു: അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു.
ഇക്‌രിമ: അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ ഒരാളും ഇല്ലായിരുന്നുവോ? നാട്ടില്‍ ധനികര്‍ കുറഞ്ഞുവോ?
അയാള്‍ പറഞ്ഞു: അല്ലയോ അമീര്‍, ഉദാരന്‍മാരാണ് കുറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് ഒരു ദിവസം പ്രയാസമുണ്ടായാല്‍ താങ്കള്‍ക്ക് നന്മ ചെയ്യാന്‍ അവര്‍ മത്സിരിക്കും. താങ്കളുടെ അടുത്തേക്ക് സമ്പത്ത് വരാനുണ്ടെന്നും താങ്കളെ സഹായിച്ചാല്‍ അവരുടെ സമ്പത്ത് തിരിച്ചു കിട്ടുമെന്നും അവര്‍ക്കറിയാം. എന്നാല്‍ താങ്കളിലേക്ക് ഇന് സമ്പത്തൊന്നും വരാനില്ല എന്നിരിക്കട്ടെ അവരില്‍ ഒരാളും താങ്കളെ തിരിഞ്ഞു നോക്കില്ല. മിക്ക ആളുകള്‍ക്കും സൗഹൃദം കച്ചവടമാണ്. താങ്കളുടെ സമ്പത്തില്‍, ഒരു നാള്‍ അതുപയോഗിക്കാം എന്ന് പ്രതീക്ഷയര്‍പ്പിച്ചാണ് അവര്‍ നിങ്ങളോട് കൂട്ടുകൂടുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ സ്ഥാനം ഒരു നാള്‍ ഉപയോഗപ്പെടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ അല്ലാഹുവിന്റെ പേരിലുള്ള സ്‌നേഹം ആളുകളില്‍ കാണുന്നില്ല.
ഇക്‌രിമ: വസ്തുതയാണ് താങ്കള്‍ പറഞ്ഞത്.

അതിനെ കുറിച്ച സംസാരം അവസാനിപ്പിച്ച് മറ്റു വിഷയങ്ങളിലേക്ക് അദ്ദേഹത്തിന്റെ സംസാരം മാറി. അവിടെയുണ്ടായിരുന്നവരെ അത് അത്ഭുതപ്പെടുത്തി. ഖുസൈമക്ക് എന്തെങ്കിലും നല്‍കാന്‍ കല്‍പിക്കുകയോ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു പ്രതിനിധിയെ അയക്കുകയോ ചെയ്യുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്. (തുടരും)

മൊഴിമാറ്റം: നസീഫ്

ജാബിറു അഥ്‌റാതില്‍ കിറാം 2

Related Articles