Current Date

Search
Close this search box.
Search
Close this search box.

പരിത്യാഗികളുടെ നേതാവ്

അമീറുല്‍ മുഅ്മിനീന്‍ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന്റെ ഖിലാഫത്ത് കാലഘട്ടം. ഇസ്‌ലാമിന്റെ ഊരപ്പെട്ട ഖഡ്ഗങ്ങളിലൊന്നും ഖുറാസാനിലെ ശക്തനായ ഗവര്‍ണറുമായ യസീദ് ബിന്‍ മുഹല്ലബ് ബിന്‍ അബീ സ്വുഫ്‌റ ഒരുലക്ഷം വരുന്ന സൈനികരുമായി അതിശീഘ്രം നീങ്ങുകയാണ്. രക്തസാക്ഷിത്വം തേടിയിറങ്ങിയ, പ്രതിഫലം കൊതിക്കുന്ന സ്വയം സമര്‍പ്പിതര്‍ വേറെയും. പേര്‍ഷ്യന്‍ ഭൂപ്രദേശത്തെ ജുര്‍ജാനും ത്വബരിസ്താനും ജയിച്ചടക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. സ്വയം സമര്‍പ്പിതരുടെ കൂട്ടത്തില്‍ സൈനുല്‍ ഫുഖഹാഅ് (കര്‍മശാസ്ത്ര വിശാരദരുടെ അലങ്കാരം), ആബിദുല്‍ ബസ്വറ (ബസ്വറയിലെ ആരാധകന്‍) എന്നറിയപ്പെട്ടിരുന്ന, മഹാനായ താബിഈ മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി ബസ്വരിയുമുണ്ടായിരുന്നു. റസൂല്‍ (സ)യുടെ സേവകന്‍ അനസ് ബിന്‍ മാലിക് അന്‍സ്വാരിയുടെ ശിഷ്യനാണിദ്ദേഹം.

യസീദ് ബിന്‍ മുഹല്ലബ് സൈന്യവുമായി ദിഹിസ്താനില്‍ താവളമടിച്ചു. പ്രശ്‌നക്കാരും അതിശക്തരും അപ്രതിരോധ്യ കോട്ടകളുള്ളവരുമായ തുര്‍ക്കി വംശജരായിരുന്നു അവിടെ പാര്‍ത്തിരുന്നത്. മുസ്‌ലിംകള്‍ക്കെതിരില്‍ പോരാടാന്‍ എല്ലാദിവസവും അവര്‍ ഇറങ്ങിത്തിരിക്കുമായിരുന്നു. യുദ്ധംചെയ്ത് മടുക്കുമ്പോഴും ശക്തമായ ആക്രമണമുണ്ടാകുമ്പോഴും അവര്‍ താഴ്‌വാരങ്ങളിലെ കോട്ടകളില്‍ അഭയംതേടും, ഉയര്‍ന്ന ഗിരിശൃംഗങ്ങളില്‍ രക്ഷകണ്ടെത്തും. ശാരീരിക ദൗര്‍ബല്യവും പ്രായക്കൂടുതലുമുണ്ടായിട്ടും മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്ക്ക് ഈ യുദ്ധത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രശോഭിത വദനത്തില്‍ നിന്നും ഉദിച്ചുയരുന്ന വിശ്വാസശോഭയിലാണ് മുസ്‌ലിം സൈന്യം ആശ്വാസം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ തെളിമയുള്ള ജിഹ്വയില്‍ നിന്നും തെളിഞ്ഞുവരുന്ന ദിക്‌റിന്റെ ഊഷ്മളതയിലാണ് അവര്‍ ഉന്മേഷം കണ്ടെത്തിയിരുന്നത്. യാതനയുടെയും വിഷമത്തിന്റെയും സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ സ്വീകാര്യയോഗ്യമായ പ്രാര്‍ത്ഥനകളില്‍ അവര്‍ സമാധാനം കണ്ടെത്തി.

സേനാനായകന്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ ‘അല്ലാഹുവിന്റെ അശ്വമേ, യാത്രയാകൂ, അല്ലാഹുവിന്റെ അശ്വമേ, യാത്രയാകൂ’ എന്ന് വിളിച്ചുപറയുന്ന ഒരു ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിളിയാളം കേള്‍ക്കുന്നമാത്രയില്‍ തന്നെ മുസ്‌ലിം സൈനികര്‍, വിറളിവിടിച്ച സിംഹങ്ങളെപ്പോലെ ശത്രുവിന്റെ നേരെ പടയെടുത്ത് പാഞ്ഞുചെല്ലും. വേനല്‍ക്കാലത്ത് തണുത്തവെള്ളം ചൂടുപിടിക്കുന്നത് പോലെ അടര്‍ക്കളത്തിലേക്ക് അവര്‍ കുതിക്കും.

മുച്ചൂടും തകര്‍ത്തു തരിപ്പണമാക്കുന്ന ഈ പോരാട്ടങ്ങളില്‍ ഒരിക്കല്‍ ശത്രുനിരകളില്‍ നിന്നും ഒരു അശ്വാഭ്യാസി പ്രത്യക്ഷപ്പെട്ടു. ആകാരവലുപ്പത്തിലും ശക്തിയിലും ധീരതയിലും കരുത്തിലും അതിനേക്കാള്‍ മികച്ച ഒരാളെ കണ്ടിട്ടില്ല. അണികള്‍ക്കിടയില്‍ ചുറ്റിക്കറങ്ങി അയാള്‍ മുസ്‌ലിംകളെ അവിടെ നിന്നും തുരത്തി, അവരുടെ മനസ്സുകളില്‍ ഭീതി വിതച്ചു, അഹങ്കാരത്തോടെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചു, അയാള്‍ ആക്രോശിച്ചുകൊണ്ടേയിരുന്നു. അവസാനം അയാള്‍ക്കെതിരെ മുഹമ്മദ് ബിന്‍ വാസിഅ് രംഗത്തിങ്ങാന്‍ തയ്യാറാവേണ്ടി വന്നു. മുസ്‌ലിം പോരാളികളുടെ ഉള്ളിലെ ആത്മാഭിമാനത്തെ അത് ഇളക്കിവിട്ടു. അവരില്‍ ഒരാള്‍ ശൈഖിന്റെ അടുക്കലെത്തി, അതിന് മുതിരില്ലെന്ന് സത്യം ചെയ്യിച്ചു. തനിക്കായി അത് വിട്ടുതരാന്‍ ആവശ്യപ്പെട്ടു. ശൈഖ് തന്റെ സത്യത്തില്‍ ഉറച്ചുനിന്നു, അയാളുടെ വിജയത്തിനായി പ്രാര്ഥിക്കുകയും പിന്തുണ നല്‍കുകയും ചെയ്തു.

രണ്ട് അശ്വാഭ്യാസികളും പ്രതിയോഗിക്ക് നേരെ പ്രതീക്ഷയോടെ മുന്നിട്ടുവന്നു, അപകടകാരികളായ സിംഹങ്ങളെപ്പോലെ അടുത്തു. എല്ലാ ദിശയില്‍ നിന്നും സൈനികരുടെ കണ്ണുകളും മനസ്സുകളും അവരെ പൊതിഞ്ഞു. കുറച്ചു നേരം അവര്‍ ചുറ്റിക്കറങ്ങി നിന്നു. അങ്ങിനെ ഇരുവരും സര്‍വ്വശക്തിയും സംഭരിച്ചു തലകള്‍ ലക്ഷ്യമാക്കി ഒരേ നിമിഷം വാളുകള്‍ കൊണ്ട് വെട്ടി. തുര്‍ക്കിക്കാരന്റെ വാള്‍ മുസ്‌ലിം കുതിരപ്പടയാളിയുടെ ലോഹപ്പടത്തൊപ്പിയില്‍ പതിച്ചു. മുസ്‌ലിം പടയാളിയുടെ വാള്‍ തുര്‍ക്കി പടയാളിയുടെ നെറ്റിയില്‍ ആഴ്ന്നിറങ്ങി, അയാളുടെ തല രണ്ട് പാളിയായി വേര്‍പെട്ടു. കണ്ണുകള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചയില്‍ നിന്നും ജേതാവായ അശ്വാഭ്യാസി മുസ്‌ലിം അണികളിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യിലെ വാളില്‍ നിന്നും രക്തമിറ്റുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പടത്തൊപ്പിയില്‍ തറച്ച വാള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. ലാ ഇലാഹ ഇല്ലല്ലാ, അല്ലാഹു അക്ബര്‍, അല്‍ഹംദുലില്ലാ മുഴക്കി വിശ്വാസികള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ആ മഹാ പുരുഷന്റെ മേലുളള രണ്ട് വാളിന്റെയും പടയങ്കിയുടെയും ആയുധത്തിന്റെയും തിളക്കം കണ്ട യസീദ് ബിന്‍ മുഹല്ലബ് പറഞ്ഞു ‘ഈ കുതിരപ്പടയാളിയുടെ പിതാവ് മഹാഭാഗ്യവാന്‍ തന്നെ, ആരാണിത്?’ ആരോ പറഞ്ഞു: മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യുടെ പ്രാര്‍ത്ഥനകളുടെ അനുഗ്രഹം ലഭിച്ച ആരോ ആണ്.

തുര്‍ക്കി അശ്വാഭ്യാസിയുടെ പതനത്തോടെ യുദ്ധത്തിലെ ശാക്തിക സംന്തുലനം മാറിമറിഞ്ഞു. ഉണക്കക്കച്ചിയില്‍ തീയാളും പോലെ ബഹുദൈവാരാധകരുടെ മനസ്സില്‍ ഭീതി വ്യാപരിച്ചു. മുസ്‌ലിം മനസ്സുകളില്‍ ആത്മാഭിമാനത്തിന്റെയും അന്തസ്സിന്റെയും അഗ്നിയാളിക്കത്തി. മലവെള്ളപ്പാച്ചില്‍ പോലെ അവര്‍ അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരെ മുന്നിട്ടിറങ്ങി. കഴുത്തില്‍ കുടുക്കിട്ടത് പോലെ അവര്‍ ശത്രുക്കളെ വളഞ്ഞു… അവരുടെ വെള്ളവും ഭക്ഷണവും തടഞ്ഞു. പരസ്പരസന്ധിക്ക് പോലും അവരുടെ രാജാവിന് കഴിയാതെ വന്നു. ഏതായാലും തനിക്കും തന്റെ സമ്പത്തിനും കുടുബത്തിനും സംരക്ഷണം നല്‍കണമെന്നുമുള്ള വ്യവസ്ഥയില്‍, നാട്ടിലുള്ളതെല്ലാം സമര്‍പ്പിക്കാനൊരുക്കമാണെന്ന് അറിയിച്ച് കൊണ്ട് ശത്രുരാജാവ് യസീദിന്റെ അടുക്കലേക്ക് ആളയച്ചു. യസീദ് സന്ധി അംഗീകരിച്ചുവെങ്കിലും ഗഡുക്കളായി ഏഴുലക്ഷം ദിര്‍ഹവും, റൊക്കമായി നാലുലക്ഷവും, കുങ്കുമച്ചുമടുകളുമായി നാലുലക്ഷം മൃഗങ്ങളേയും, അവയെ തെളിച്ചുകൊണ്ട് കൈകളില്‍ വെള്ളിക്കിണ്ണവും തലയില്‍ പട്ടുതലപ്പാവും, തലപ്പാവിന്‍ മേല്‍ വെല്‍വെറ്റ് ഉത്തരീയവും, സൈനികരുടെ സ്ത്രീകള്‍ക്ക് ധരിക്കാനായി പട്ടുതുണിക്കഷ്ണവുമായി നാലുലക്ഷം ആളുകളും ഉണ്ടാകണമെന്ന് ഉപാധിവെച്ചു. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 2

Related Articles