Current Date

Search
Close this search box.
Search
Close this search box.

ത്വാവൂസും ഗവര്‍ണര്‍ മുഹമ്മദ് ഥഖഫിയും

സന്‍മാര്‍ഗത്തിന്റെ അമ്പത് താരകങ്ങളില്‍ നിന്നും കൊളുത്തിയെടുത്ത പ്രകാശരേണുക്കള്‍ അദ്ദേഹത്തില്‍ തുള്ളിത്തുളുമ്പി. വെളിച്ചം അവിടെ ഓളംവെട്ടുകയായിരുന്നു. ആ മനസ്സില്‍ വെളിച്ചം… നാവില്‍ വെളിച്ചം…. മുന്നിലൂടെ ഒഴുകിപ്പരക്കുന്ന വെളിച്ചം.
മുഹമ്മദീയ പാഠശാലയിലെ അമ്പത് മഹാത്മാക്കളുടെ അടുക്കല്‍ നിന്നുമാണ് അദ്ദേഹം പഠിച്ചിറങ്ങിയത്. ഈമാന്റെ പരകോടിയില്‍… സത്യസന്ധമായ സംസാരത്തില്‍… ഭൗതിക വിഭവങ്ങളേക്കാള്‍ പ്രാധാന്യമുള്ള പലതുമണ്ടെന്ന് മനസ്സിലാക്കുന്നതില്‍…. അല്ലാഹുവിന്റെ തൃപ്തിക്കായി അര്‍പ്പണം ചെയ്യുന്നതില്‍… സത്യവചനത്തിന് എത്ര വില കൊടുക്കേണ്ടി വന്നാലും സത്യമായത് ഉറക്കെപ്പറയുന്നതില്‍… എല്ലാം അദ്ദേഹം റസൂല്‍ തിരുമേനി(സ)യുടെ അനുചരരുടെ തനിപ്പകര്‍പ്പായിരുന്നു. ദീന്‍ എന്നാല്‍ ഗുണകാക്ഷയാണ്… അല്ലാഹുവിനോടും അവന്റെ ഗ്രന്ഥത്തോടും റസൂലിനോടും മുസ്‌ലിം നേതാക്കളോടും പൊതുജനങ്ങളോടും പുലര്‍ത്താനുള്ള ഗുണകാംക്ഷയാണെന്ന് അദ്ദേഹത്തെ പഠിപ്പിച്ചത് മുഹമ്മദീയ പാഠശാലയാണ്. എല്ലാത്തരം പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും തുടക്കം കുറിക്കുന്നതും ഒടുങ്ങുന്നതും ഖലീഫയോ, ഗവര്‍ണറോ, അമീറോ പോലുള്ള കാര്യകര്‍ത്താക്കളില്‍ നിന്നാണെന്ന് അദ്ദേഹത്തിന് വഴികാണിച്ചത് അനുഭവജ്ഞാനമാണ്. മുസ്‌ലിംകളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ഇടയന്‍ നന്നായാല്‍ പ്രജകള്‍ നന്നാകും. ചീത്തയായാല്‍ അവരും ചീത്തയാകും.

ദക്‌വാന്‍ ബിന്‍ കൈസാനാണ് ത്വാവൂസ് (മയില്‍) എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്നത്. കര്‍മശാസ്ത്രവിശാരദരിലെ മയില്‍, അക്കാലഘട്ടത്തില്‍ അവരില്‍ പ്രഥമന്‍ എന്ന നിലയിലൊക്കെയാണ് ഈ വിളിപ്പേര് അദ്ദേഹത്തിന് കിട്ടിയത്.

ത്വാവൂസ് ബിന്‍ കൈസാന്‍ യമന്‍കാരനാണ്. ഹജ്ജാജ് ബിന്‍ യൂസുഫിന്റെ സഹോദരനായ മുഹമ്മദ് ബിന്‍ യൂസുഫ് ഥഖഫിയായിരുന്നു അന്ന് യമനിലെ ഗവര്‍ണര്‍. അബ്ദുല്ലാ ബിന്‍ സുബൈറിന്റെ വിപ്ലവത്തിനെതിരെ നടപടിയെടുത്ത് തന്റെ അധികാരവും ശക്തിയും സ്വാധീനവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് യമനിലെ ഗവര്‍ണറായി ഹജ്ജാജ് അയാളെ അവിടേക്ക് അയച്ചത്. സഹോദരന്‍ ഹജ്ജാജിന്റെ തിന്മകളില്‍ ഏറിയകൂറും മുഹമ്മദ് ബിന്‍ യൂസുഫ് ഥഖഫിയില്‍ സമ്മേളിച്ചിരുന്നുവെങ്കിലും ഹജ്ജാജിന്റെ നന്മകള്‍ ഒന്നും തന്നെ അയാള്‍ എടുത്തണിഞ്ഞില്ല.

ഒരു ശിശിരകാലത്തിലെ തണുത്ത പകല്‍ സമയം, പേര്‍ഷ്യന്‍ വംശജനായ വേദപാണ്ഡിത്യമുള്ള യമന്‍കാരനായ താബിഈ വഹബ് ബിന്‍ മുനബ്ബഹിനോടൊപ്പം ത്വാവൂസ് ബിന്‍ കൈസാന്‍ ഗവര്‍ണറുടെ അടുത്തെത്തി. സദസ്സില്‍ ഉപവിഷ്ടനായതോടെ, ജനസമക്ഷം വെച്ചുതന്നെ ത്വാവൂസ് ഗവര്‍ണറെ ഗുണദോഷിക്കാനും നന്മകളില്‍ താത്പര്യമുണര്‍ത്തിക്കാനും, തിന്മകളെ സംബന്ധിച്ച് ഭയപ്പെടുത്താനും തുടങ്ങി. ഉടനെ ഗവര്‍ണര്‍ കാവല്‍ക്കാരില്‍ ഒരാളോട് പറഞ്ഞു: സേവകാ, തൈ്വലസാന്‍ പട്ട് കൊണ്ട് വരൂ, അബൂ അബ്ദില്‍ റഹ്മാന്റെ തോളത്ത് അത് ഇട്ട് കൊടുക്കൂ. കാവല്‍ക്കാരന്‍ മുന്തിയ ഇനം തൈ്വലസാന്‍ പട്ട് കൊണ്ടുവന്ന് അദ്ദേഹത്തിന്റെ ചുമലിലിട്ടു. അപ്പോളും ത്വാവൂസ് ഉപദേശം തുടര്‍ന്നു. പതിയെ തോള്‍ ഇളക്കി ഇളക്കി തൈ്വലസാന്‍ പട്ട് താഴെ വീണു. അദ്ദേഹം എഴുന്നേറ്റ് നടന്നുപോയി. ഭയങ്കര കോപം കൊണ്ട് മുഹമ്മദ് ബിന്‍ യൂസുഫിന്റെ കണ്ണ് ചുവന്നു, മുഖം രക്തമയമായി. എങ്കിലും അയാള്‍ ഒന്നും പറഞ്ഞില്ല.

ത്വാവൂസും കൂട്ടുകാരനും സദസ്സ് വിട്ടപ്പോള്‍ ത്വാവൂസിനോടായി വഹബ് പറഞ്ഞു: അല്ലാഹുവാണ, അയാളെ ദേഷ്യംപിടിപ്പിക്കാതിരിക്കാമായിരുന്നു നമുക്ക്. ആ തൈ്വലസാന്‍ പട്ട് സ്വീകരിക്കുന്നത് കൊണ്ട് എന്ത് സംഭവിക്കാനാണ്? വിറ്റിട്ട് ആ പണം പാവങ്ങള്‍ക്കും സാധുക്കള്‍ക്കും ധര്‍മം ചെയ്യാമായിരുന്നില്ലേ?
ത്വാവൂസ് പറഞ്ഞു; അത് താങ്കളുടെ അഭിപ്രായം. എന്റെ ഭയം അതല്ല. ത്വാവൂസ് സ്വീകരിച്ചത് പോലെ ഞങ്ങളും സ്വീകരിക്കും എന്ന് ശേഷക്കാരായ പണ്ഡിതര്‍ പിന്നീട് പറഞ്ഞുതുടങ്ങും, താങ്കള്‍ അഭിപ്രായപ്പെട്ടത് പോലെ അവര്‍ അനുവര്‍ത്തിക്കുകയുമില്ല.

ലക്ഷ്യത്തില്‍ പിഴച്ചുപോയ കല്ല് ത്വാവൂസിനെ നേരെ വീണ്ടും എറിയാനായി മുഹമ്മദ് ബിന്‍ യൂസുഫ് തയ്യാറെടുത്തു. അയാള്‍ വലയൊരുക്കി കാത്തിരുന്നു. ഇത്തവണ എഴുന്നൂറ് സ്വര്‍ണ ദീനാറുകള്‍ നിറച്ച ഒരു തുണിക്കിഴിയുമായി തന്റെ പരിവാരങ്ങളിലെ ഒരു അത്യാഗ്രഹിയെ നിയോഗിച്ചു കൊണ്ട് അയാള്‍ പറഞ്ഞു: ഈ കിഴിയുമായി ത്വാവൂസ് ബിന്‍ കൈസാന്റെ അടുക്കലെത്തണം. അദ്ദേഹം അത് സ്വീകരിക്കാനായി ഉപായം പ്രയോഗിക്കണം. അദ്ദേഹം അത് സ്വീകരിക്കുമെങ്കില്‍ നിനക്ക് ഞാന്‍ സമ്മാനങ്ങള്‍ നല്‍കും, നല്ല ഉടയാടകള്‍ അണിയിക്കും, നിന്നെ എന്റെ അടുത്തയാളാക്കും.

അയാള്‍ കിഴിയുമായി പോയി. സ്വന്‍ആയുടെ അടുത്ത് ത്വാവൂസ് താമസിക്കുന്ന ജന്‍ദ് എന്ന ഗ്രാമത്തില്‍ അയാളെത്തി. അഭിവാദ്യം ചെയ്തു കളിതമാശകള്‍ പറഞ്ഞു കൊണ്ട് ഉണര്‍ത്തിച്ചു: അബൂ അബ്ദില്‍ റഹ്മാന്‍, ഇത് അമീര്‍ താങ്കള്‍ക്ക് ജീവിതച്ചെലവിനായി നല്‍കിയതാണ്.
അദ്ദേഹം പറഞ്ഞു: എനിക്കിതാവശ്യമില്ല.
അദ്ദേഹം അത് സ്വീകരിക്കാനായി അയാള്‍ പലവഴിയും പരിശ്രമിച്ചെങ്കിലും അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. അയാള്‍ പല വാദഗതികളും ഉന്നയിച്ചു നോക്കി. അദ്ദേഹം അതെല്ലാം തിരസ്‌കരിച്ചു.
ത്വാവൂസിന്റെ അറിവോടെ ഇതില്‍ നേട്ടംകൊയ്യാന്‍ കഴിയില്ലായെന്ന് അയാള്‍ക്ക് മനസ്സിലായി. വീടിന്റെ ചുവരിലുള്ള ഒരു പൊത്തില്‍ അയാള്‍ ആ കിഴി നിക്ഷേപിച്ചു അമീറിന്റെ അടുത്തേക്ക് തിരിച്ചുപോയി. അയാള്‍ പറഞ്ഞു: അമീര്‍, ത്വാവൂസ് കിഴി സ്വീകരിച്ചു.

മുഹമ്മദ് ബിന്‍ യൂസുഫിന് സന്തോഷമായെങ്കിലും ഒന്നും പറഞ്ഞില്ല. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ഭൃത്യന്മാരെയും കൂട്ടത്തില്‍ പണക്കിഴി കൊണ്ടുപോയവനേയയും നിയോഗിച്ചു കൊണ്ട് പറഞ്ഞു: ‘അമീറിന്റെ ദൂതന്‍ അബദ്ധവശാല്‍ താങ്കള്‍ക്ക് പണം നല്‍കിയതാണ്. മറ്റൊരാള്‍ക്കുള്ളതായിരുന്നു അത്. അവകാശിക്ക് കൊടുക്കാനായി അത് മടക്കിവാങ്ങാനാണ് ഞങ്ങള്‍ ഇപ്പോള്‍ വന്നത്.’ എന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറയണം.
എന്നാല്‍ ത്വാവൂസ് പറഞ്ഞു: അമീറിന്റെ പണം ഞാന്‍ കൈപ്പറ്റിയിട്ടില്ലല്ലോ. പിന്നെന്തിന് തിരിച്ചുകൊടുക്കണം.
രണ്ടാളും പറഞ്ഞു: അല്ല, താങ്കള്‍ അത് സ്വീകരിച്ചിരുന്നു. പണക്കിഴിയും കൊണ്ടുവന്നയാളോടായി അദ്ദേഹം ചോദിച്ചു: നിന്നില്‍ നിന്നും ഞാന്‍ എന്തെങ്കിലും സ്വീകരിച്ചിരുന്നോ?
ഭയന്നു പോയ അയാള്‍ പറഞ്ഞു: അങ്ങിനെയല്ല, താങ്കള്‍ അറിയാതെ ഈ പൊത്തില്‍ ഞാനത് വെക്കുകയാണുണ്ടായത്.
ത്വാവൂസ് പറഞ്ഞു: പൊത്ത് പരിശോധിച്ച് എടുത്തോളൂ.
പൊത്തില്‍ നോക്കിയപ്പോള്‍ കിഴി അതുപോലെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എട്ടുകാലി അതിന്റെ മേലെ വലനെയ്തിരുന്നു. രണ്ടാളും അതെടുത്ത് അമീറിന്റെ അടുത്തേക്ക് തിരിച്ചുപോയി. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ത്വാവൂസ് ബിന്‍ കൈസാന്‍ 2

Related Articles