Current Date

Search
Close this search box.
Search
Close this search box.

ഗവര്‍ണര്‍ക്ക് പിണഞ്ഞ അമളി

സാലിം ബിന്‍ അബ്ദില്ലയുടെ അഭിപ്രായം സ്വീകരിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കുന്നവനെയായിരുന്നു ഏറ്റവും ഭാഗ്യവാനും, ജനമനസ്സില്‍ ഇടംനേടുകയും ഖലീഫമാരുടെ അടുക്കല്‍ സ്വാധീനമുള്ളതുമായ ഗവര്‍ണറായി ഗണിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് എതിര് കാണിക്കുന്നവന് മദീനയില്‍ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല. അവരുടെ അധികാരം മദീന അംഗീകരിച്ചിരുന്നില്ല.

യസീദ് ബിന്‍ അബ്ദില്‍ മലികിന്റെ ഭരണകാലത്ത് മദീനയില്‍ ഗവര്‍ണറായിരുന്നു അബ്ദുറഹ്മാന്‍ ബിന്‍ ദഹ്ഹാക്. വിധവയായി മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്ന ഹുസൈന്‍(റ)വിന്റെ പുത്രി ഫാത്വിമയെ (അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ വിളങ്ങട്ടെ) ദഹ്ഹാക് തനിക്കായി കല്യാണമാലോചിച്ചു. അവര്‍ പറഞ്ഞു: അല്ലാഹുവാണ, ഞാന്‍ വിവാഹം ആഗ്രഹിക്കുന്നില്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. ഞാന്‍ എന്നെ അവര്‍ക്കായി സമര്‍പ്പിക്കുകയാണ്.

അയാള്‍ അവരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍, അയാളുടെ ഉപദ്രവം പേടിച്ചത് കൊണ്ട്  അലോസരമുണ്ടാക്കാത്ത നിലയില്‍ അവര്‍ പല തന്ത്രങ്ങളും പയറ്റി. അവര്‍ വിസമ്മതിക്കുകയാണെന്ന് അറിഞ്ഞ അയാള്‍ പറഞ്ഞു: എന്നെ നിന്റെ ഭര്‍ത്താവായി തൃപ്തിപ്പെടുന്നില്ലെങ്കില്‍ നിന്റെ മുതിര്‍ന്ന കുട്ടിയെ പിടിച്ച് കള്ള് കുടിച്ചെന്ന് ആരോപിച്ച് അടിശിക്ഷ നടപ്പാക്കും.

അവര്‍ സാലിം ബിന്‍ അബ്ദില്ലായോട് കൂടിയാലോചിച്ചു. ഗവര്‍ണറെ സംബന്ധിച്ച് ആവലാതിപ്പെട്ടു കൊണ്ടും, പ്രവാചകന്‍(സ)യുമായിട്ടുള്ള തനിക്കുള്ള കുടുംബബന്ധവും രക്തബന്ധവും പരാമര്‍ശിച്ചു കൊണ്ടും ഖലീഫയ്ക്ക് കത്തെഴുതണമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. അങ്ങിനെ അവര്‍ കത്തെഴുതി ദൂതന്‍ വശം ദമസ്‌കസിലേക്ക് കൊടുത്തയച്ചു.

ദൂതന്‍ കത്തുമായി പോകുമ്പോളാണ്, കണക്ക് ബോധിപ്പിക്കണമെന്ന ഖലീഫയുടെ നിര്‍ദേശം മദീനയിലെ ഖജനാവ് സൂക്ഷിപ്പുകാരനായ ഇബ്‌നു ഹുര്‍മുസിന് വന്നത്. ഇബ്‌നു ഹുര്‍മുസ് ഉത്തരവാദിത്വപ്പെട്ടവരോട് യാത്രചോദിച്ചു. യാത്ര ചോദിച്ച കുട്ടത്തില്‍ അയാള്‍ ഫാത്വിമ ബിന്‍ത് ഹുസൈനോട് പറഞ്ഞു: ഞാന്‍ നാളെ ദമസ്‌കസിലേക്ക് പോകുകയാണ്. എന്തെങ്കിലും ആവശ്യമുണ്ടോ?

അവര്‍ പറഞ്ഞു: അതെ, ഇബ്‌നു ദഹ്ഹാകില്‍ നിന്നും അഭിമുഖീകരിക്കേണ്ടി വന്നതും അയാള്‍ എന്നോട് ആവശ്യപ്പെട്ട കാര്യവും നീ ഖലീഫയെ അറിയിക്കണം. അയാള്‍ക്ക് മദീനയിലെ പണ്ഡിതരോട് ആദരവില്ല, പ്രത്യേകിച്ചും സാലിം ബിന്‍ അബ്ദില്ലായോട്. അവരെ സന്ദര്‍ശിക്കേണ്ടി വന്നതില്‍ ഇബ്‌നു ഹുര്‍മുസ് സ്വയം കുറ്റപ്പെടുത്തി. ഇബ്‌നു ദഹ്ഹാകിന്റെ പേരില്‍ ഫാത്വിമയുടെ ആവലാതി ഖലീഫയെ അറിയിക്കണമെന്ന് അയാള്‍ ഉദ്ദേശിച്ചിരുന്നില്ല.

ഫാത്വിമ ബിന്‍ത് ഹുസൈന്റെ സന്ദേശവും വഹിച്ച് ദൂതന്‍ ദമസ്‌കസില്‍ എത്തിച്ചേര്‍ന്ന ദിവസത്തില്‍ തന്നെ ഇബ്‌നു ഹുര്‍മുസും അവിടെ എത്തിച്ചേര്‍ന്നു. ഇബ്‌നു ഹുര്‍മുസ് ഖലീഫയുടെ അടുക്കല്‍ എത്തിയപ്പോള്‍ മദീനയിലെ വാര്‍ത്തകള്‍ അദ്ദേഹം തിരക്കി. സാലിം ബിന്‍ അബ്ദില്ലായുടെയും അദ്ദേഹത്തിന്റെ അനുയായികളായ പണ്ഡിതവരേണ്യരുടെയും വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ചോദിച്ചു: അറിയേണ്ടതായിട്ടുള്ള കാര്യപ്പെട്ട വല്ലതുമോ, പറയേണ്ടതായിട്ടുള്ള പ്രധാന വാര്‍ത്തയോ മറ്റോ ഉണ്ടോ?

എന്നാല്‍ ഫാത്വിമ ബിന്‍ത് ഹുസൈന്റെ കഥ ഒന്നുംതന്നെ അയാള്‍ പറഞ്ഞില്ല. സാലിം ബിന്‍ അബ്ദുല്ലായോടുള്ള ഗവര്‍ണറുടെ നിലപാടിനെ സംബന്ധിച്ച് ഒരു സൂചനയും കൊടുത്തില്ല. കണക്ക് കേള്‍പ്പിച്ച് കൊണ്ടിരിക്കെ കാവല്‍ക്കാരന്‍ മുഖംകാണിച്ചു: അല്ലാഹു അമീറിന് നല്ലത് വരുത്തട്ടെ, ഫാത്വിമ ബിന്‍ത് ഹുസൈന്റെ ദൂതന്‍ പുറത്തുണ്ട്.

ഇബ്‌നു ഹുര്‍മുസിന്റെ മുഖഭാവം മാറി. അയാള്‍ പറഞ്ഞു: ആയുഷ്മാന്‍ ഭവഃ, ഫാത്വിമ ബിന്‍ത് മുഹമ്മദ് താങ്കള്‍ക്കായി എന്നെ ഒരു കത്ത് ഏല്‍പ്പിച്ചിരുന്നു. അയാള്‍ വിശേഷങ്ങള്‍ വിളമ്പി. വിശേഷങ്ങള്‍ കേട്ട ഖലീഫ സിംഹാസനത്തില്‍ നിന്നും താഴെ ഇറങ്ങിക്കൊണ്ട് പറഞ്ഞു: നിനക്ക് ഉമ്മ ഇല്ലാതാകട്ടെ. മദീനയിലെ വിശേഷങ്ങളും വാര്‍ത്തകളും ഞാന്‍ നിന്നോട് ചോദിച്ചതല്ലേ? ഇത്‌പോലുള്ള സംഭവം നിന്റെ അറിവിലുണ്ടായിരുന്നിട്ടും മറച്ചുവെക്കുകയായിരുന്നുവല്ലേ? മറന്നുപോയതാണെന്ന് അയാള്‍ ഒഴിവ്പറഞ്ഞു.

ദൂതന് ഖലീഫ പ്രവേശനാനുമതി കൊടുത്തു. കത്ത് വാങ്ങി പൊട്ടിച്ചുനോക്കി. വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ തീപാറുന്നുണ്ടായിരുന്നു. കൈയ്യില്‍ ഉണ്ടായിരുന്ന ചൂരല്‍ നിലത്തടിച്ചു കൊണ്ട് പറഞ്ഞു: ഇബ്‌നു ദഹ്ഹാക് നബികുടുംബത്തോട് ധിക്കാരം കാണിച്ചിരിക്കുന്നു. അയാള്‍ സാലിം ബിന്‍ അബ്ദില്ലായുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുത്തില്ല. മദീനയില്‍ വെച്ച് അയാളെ അതായത് ഇബ്‌നു ദഹ്ഹാകിനെ ശിക്ഷിക്കുന്ന ശബ്ദം ഇവിടെ ദമസ്‌കസില്‍ എന്റെ വിരിപ്പില്‍ വെച്ച് എന്നെ ആരാണ് കേള്‍പ്പിക്കുക.

ആരോ പറഞ്ഞു: ഉത്തരവ് അമീറുല്‍ മുഅ്മിനീന്‍, മദീനയില്‍ അബ്ദുല്‍ വാഹിദ് ബിന്‍ ബിശ്ര്‍ നദ്‌രി മാത്രമേയുള്ളൂ. അയാളെ അവിടേക്ക് നിയോഗിക്കൂ. അയാള്‍ ഇപ്പോള്‍ ത്വാഇഫിലാണ് താമസം.
ഖലീഫ പറഞ്ഞു: അതെ, അല്ലാഹുവാണ, അങ്ങിനെത്തന്നെ. അയാള്‍ അവിടേക്ക് പുറപ്പെടട്ടെ.
കടലാസ് കൊണ്ടുവരാന്‍ ഖലീഫ ആവശ്യപ്പെട്ടു. അതില്‍ സ്വന്തം കൈപ്പടയില്‍ എഴുതി. ‘അമീറുല്‍ മുഅ്മിനീന്‍ യസീദ് ബിന്‍ അബ്ദില്‍ മലികില്‍ നിന്നും അബ്ദുല്‍ വാഹിദ് ബിന്‍ ബിശ്ര്‍ നദ്‌രിയ്ക്ക്, അസ്സലാമു അലൈകും. ബിസ്മി ഹംദ് സ്വലാത്ത് സലാമുകള്‍ക്ക് ശേഷം. എന്തെന്നാല്‍ ഞാന്‍ നിന്നെ മദീനയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നു. അതിനാല്‍ എന്റെ ഈ ലിഖിതം എത്തിക്കഴിഞ്ഞാല്‍ അവിടേക്ക് തിരിക്കുക. ഇബ്‌നു ദഹ്ഹാകിനെ അവിടെ നിന്നും നീക്കംചെയ്യുക. അയാള്‍ക്ക് 40000 ദിര്‍ഹം പിഴയിടണം. അവനെ ശിക്ഷിക്കണം. മദീനയില്‍ നിന്നുള്ള അവന്റെ നിലവിളി എനിക്കിവിടെ കേള്‍ക്കണം.’

അഞ്ചല്‍ക്കാരന്‍ കത്ത് വാങ്ങി. ത്വാഇഫിന്റെ നേരെ മദീനവഴി അതിശീഘ്രം കുതിച്ചു. മദീനയില്‍ എത്തിയിട്ടും അയാള്‍ ഗവര്‍ണറായ ഇബ്‌നു ദഹ്ഹാകിന്റെ അടുത്തേക്ക് പോകുകയോ സലാം പറയുകയോ ചെയ്തില്ല. ഗവര്‍ണര്‍ക്ക് എന്തോ പന്തികേട് തോന്നി. ഗവര്‍ണര്‍ അയാളെ ആളയച്ചു വീട്ടിലേക്ക് വിളിപ്പിച്ചു. ആഗമനോദ്ദേശം തിരക്കിയെങ്കിലും അയാള്‍ ഒന്നുംപറഞ്ഞില്ല. ഇബ്‌നു ദഹ്ഹാക് തന്റെ വിരിപ്പിന്റെ അരിക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: നോക്കൂ. അയാള്‍ അവിടെ നോക്കിയപ്പോളുണ്ട് ഒരു സഞ്ചി നിറയെ ദീനാറുകള്‍.

ഗവര്‍ണര്‍ പറഞ്ഞു: ഇത് ആയിരം ദീനാറുണ്ട്…… അല്ലാഹുവിനെ മുന്‍നിര്‍ത്തി ചോദിക്കുകയാണ് നിന്റെ ഉദ്ദേശമെന്തെന്നും കൈയ്യിലുള്ളത് എന്താണെന്നും അറിയിച്ചുതന്നാല്‍ ഞാനിത് നിനക്ക് നല്‍കാം, ഞാന്‍ ആരോടും പറയുകയുമില്ല.
അങ്ങിനെ അയാള്‍ അത് പറഞ്ഞുകൊടുത്തു. പണം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ പറഞ്ഞു: ഞാന്‍ ദമസ്‌കസില്‍ എത്തുന്നത് വരെ മൂന്ന് രാത്രി ഇവിടെ കാത്തിരുന്നിട്ട്, താങ്കളെ നിയോഗിക്കപ്പെട്ട കാര്യത്തിലേക്ക് പൊയ്‌ക്കൊള്ളൂ.
ഇബ്‌നു ദഹ്ഹാക് യാത്രക്കൊരുങ്ങി. കുറുക്കുവഴിയിലൂടെ മദീനവിട്ടു. ദമസ്‌കസിന് നേരെ അതിവേഗം കുതിച്ചു.
അവടെയെത്തിയപ്പോള്‍ ഖലീഫയുടെ സഹോദരന്‍ മസ്‌ലമത് ബിന്‍ അബ്ദില്‍ മലികിന്റെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹം ഉത്തമനും പ്രസിദ്ധനും പരസഹായിയുമായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ നിന്ന് അയാള്‍ പറഞ്ഞു: അമീര്‍ ഞാനിതാ താങ്കളുടെ സവിധത്തില്‍ ഹാജറായിരിക്കുന്നു.
മസ്‌ലമ: നല്ലത് വരട്ടെ, എന്താണ് വിശേഷം?
ഇബ്‌നു ദഹ്ഹാക്: എന്നില്‍ നിന്നും സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ അമീറുല്‍ മുഅ്മിനീന്‍ എന്നോട് പ്രതികാരം ചെയ്യുകയാണ്.
മസ്‌ലമ ഉടനെ യസീദിന്റെ അടുക്കല്‍ പ്രവേശിച്ചു പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ അടുക്കല്‍ എനിക്ക് ഒരാവശ്യം ഉണ്ടായിരുന്നു.
യസീദ് പറഞ്ഞു: ഇബ്‌നു ദഹ്ഹാകിന്റെ കാര്യത്തിലല്ലാത്ത താങ്കളുടെ ഏതാവശ്യവും സാധിച്ചുതരാം.
മസ്‌ലമ: അല്ലാഹുവാണ, അതിനുവേണ്ടി മാത്രമാണ് ഞാന്‍ വന്നത്.
യസീദ്: അല്ലാഹുവാണ, ഒരിക്കലും ഞാന്‍ അവന് മാപ്പുകൊടുക്കുകയില്ല.
മസ്‌ലമ: എന്താണ് അയാളുടെ കുറ്റം?
യസീദ്: അയാള്‍ ഫാത്വിമ ബിന്‍ത് ഹുസൈന്റെ അടുത്തുപോയി, ഭയപ്പെടുത്തി, ഭീഷണിപ്പെടുത്തി, അപമാനിച്ചു….. അവ്വിഷയത്തില്‍ സാലിം ബിന്‍ അബ്ദില്ലായുടെ ഉപദേശം ചെവിക്കൊണ്ടില്ല. മാത്രമല്ല, മദീനയിലെ കവികള്‍ ഒന്നടങ്കം അയാളെ ആക്ഷേപിക്കുന്നു. അവിടുത്തെ സുകൃതരും പണ്ഡിതരും ഒട്ടാകെ അയാളെ കുറ്റപ്പെടുത്തുകയാണ്….
അപ്പോള്‍ മസ്‌ലമ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ അയാളെ എന്തും ചെയ്‌തോളൂ.
യസീദ്: എന്റെ പുതിയ ഗവര്‍ണര്‍ക്ക് അയാളുടെ പേരില്‍ നടപടികള്‍ എടുക്കാനായി, മദീനയിലേയ്ക്ക് തിരിച്ചുപോകാന്‍ അയാളോട് കല്‍പിക്കൂ.

തങ്ങളുടെ പുതിയ ഗവര്‍ണറെ കൊണ്ട് മദീനക്കാര്‍ അതിരറ്റ് ആഹ്ലാദിച്ചു. ഇബ്‌നു ദഹ്ഹാകിന്റെ വിഷയത്തില്‍ ഖലീഫയിടെ ഉത്തരവ് നടപ്പാക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ശുഷ്‌കാന്തിയില്‍ അവര്‍ സന്തോഷിച്ചു. അദ്ദേഹം നന്മകളുടെ വഴിത്താരകളിലൂടെ ചരിക്കുന്നുവെന്നും, ഖാസിം ബിന്‍ മുഹമ്മദ് ബിന്‍ അബീ ബക്‌റിനോടും സാലിം ബിന്‍ അബ്ദില്ലാ ബിന്‍ ഉമറിനോടും കൂടിയാലോചിക്കാതെ അവരുടെ കാര്യങ്ങളില്‍ തീരുമാനം എടുക്കുകയില്ലെന്നും കണ്ടപ്പോള്‍, അദ്ദേഹത്തോടുള്ള അവരുടെ ബന്ധം വര്‍ദ്ധിച്ചു.
മുസ്‌ലിംകളുടെ ഖലീഫ യസീദ് ബിന്‍ അബ്ദില്‍ മലികിന് മംഗളം. ഈവക മാതൃകകള്‍ സംവിധാനിച്ച, ഇത്തരം ആണുങ്ങളെ നിര്‍മിച്ച, മഹത്തായ ഇസ്‌ലാമിന് ഭാവുകങ്ങള്‍.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സാലിം ബിന്‍ അബ്ദില്ലാ ബിന്‍ ഉമര്‍ 1

Related Articles