Current Date

Search
Close this search box.
Search
Close this search box.

ഖുതൈബയുടെ സൈനിക മുന്നേറ്റത്തോടൊപ്പം

ഹിജ്‌റ എണ്‍പത്തിയൊന്ന്, മുസ്‌ലിംകളുടെ അഭിമാനമായ സേനാനായകനും ജേതാവുമായ ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലി, ജയഭേരി മുഴക്കുന്ന പട്ടാളക്കാരുമായി പേര്‍ഷ്യന്‍ രാജധാനികളില്‍ ഒന്നായിരുന്ന മര്‍വുറൂദില്‍ നിന്നും, പേര്‍ശ്യ, റഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലേക്കുള്ള വഴിത്താവളമായ ഉസ്ബകിസ്താന്‍ നഗരം ബുഖാറ പ്രവിശ്യ ലക്ഷ്യമാക്കി തിരിക്കുകയാണ്. ഖുറാസാനിലെ ജൈഹൂന്‍ നദിക്കപ്പുറം സ്ഥിതിചെയ്യുന്ന മാവറാഅന്നഹ്ര്‍ (trans oxiana) എന്നറിയപ്പെടുന്ന ബാക്കി പ്രദേശങ്ങളും കൂടി കീഴടക്കാനും, ചൈനയുടെ കുറച്ചു ഭാഗങ്ങളില്‍ സൈനികനീക്കം നടത്തി നികുതി ചുമത്തണമെന്നും അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരിന്നു. എന്നാല്‍ സമര്‍ഖന്തിന് അപ്പുറം സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സൈഹൂന്‍ മഹാനദി മുറിച്ചുകടക്കാന്‍ ഖുതൈബ ബിന്‍ മുസ്‌ലിമിന് കഴിയാതെവന്നു. തന്നെയുമല്ല മുന്‍കൂട്ടി വിവരം ലഭിച്ച ബുഖാറക്കാര്‍ സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു. നാനാവശത്തു നിന്നും അവര്‍ പെരുമ്പറ മുഴക്കി പാഞ്ഞടുത്തു. ചുറ്റുപാടുമുള്ള പേര്‍ഷ്യന്‍ സില്‍ബന്ധികള്‍, തുര്‍ക്കികള്‍, ചൈനക്കാര്‍ മുതലായവരോടെല്ലാം അവര്‍ സഹായാര്‍ത്ഥന നടത്തി. ജാതി മത ദേശ ഭാഷാ വര്‍ണഭേദമന്യേ, സകല സൈനിക  സംഘങ്ങളും മുസ്‌ലിംകള്‍ക്കെതിരെ കുതിച്ചെത്തി. ആളും അര്‍ത്ഥവുമായി മുസ്‌ലിം സൈനികരുടെ പലമടങ്ങുണ്ടായിരുന്നു ഇവര്‍. മുസ്‌ലിംകള്‍ക്ക്  മുമ്പില്‍ അവര്‍ പ്രതിബന്ധം തീര്‍ത്ത്, സകലവഴികളും വളരെവേഗം തന്നെ ഉപരോധിച്ചു. ചെറു സംഘങ്ങളെ ഉപയോഗിച്ച് രഹസ്യമായി വിവരങ്ങള്‍ അറിയാന്‍ പോലും ഖുതൈബ ബിന്‍ മുസ്‌ലിമിന് കഴിഞ്ഞില്ല. ശത്രുക്കള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചാരന്മാരില്‍ ആര്‍ക്കുംതന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിവരങ്ങള്‍ എത്തിക്കാനുമായില്ല.

മാവറാഅന്നഹ്ര്‍ (transoxiana) ലെ ഒരു നഗരമായ ബേക്കന്ദിനടുത്ത് ഖുതൈബ ബിന്‍ മുസ്‌ലിം താവളമടിച്ചെങ്കിലും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവാതെ അവിടെത്തന്നെ നില്‍ക്കേണ്ടിവന്നു. നേരം വെളുത്തത് മുതല്‍, പകല്‍ മുഴുവന്‍ ശത്രുവിന്റെ മുന്നണി സേനകള്‍ അദ്ദേഹത്തിന്റെ സൈനികരെ കടന്നാക്രമിച്ചു തുടങ്ങും. നേരമിരുളുമ്പോള്‍ സുശക്തവും സുരക്ഷിതവുമായ കോട്ടകളിലേക്ക് അവര്‍ മടങ്ങിപ്പോകും. ഈ അവസ്ഥയില്‍ രണ്ട് മാസം കഴിഞ്ഞുപോയി. ഖുതൈബ ആശയക്കുഴപ്പത്തിലായി. പിന്തിരിയണോ, മുന്നേറണോ എന്നുപോലും അദ്ദേഹത്തിന് നിശ്ചയമുണ്ടായില്ല.

ഖുതൈബയുടെയും സൈനികരുടെയും വിവരങ്ങള്‍ എല്ലാ സ്ഥലത്തെയും മുസ്‌ലിംകള്‍ അറിഞ്ഞുതുടങ്ങി. അടിയറവ് പറഞ്ഞിട്ടില്ലാത്ത ബൃഹത്തായ സൈനികരെയും, പരാജയപ്പെട്ടിട്ടില്ലാത്ത മഹാനായ നായകനെയും ഓര്‍ത്ത് ജനം പരിഭ്രാന്തരായി. മാവറാഅന്നഹ്ര്‍ (transoxiana)ല്‍ പ്രതീക്ഷയുമായി കഴിയുന്ന മുസ്‌ലിം സൈനികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുള്ള അഭിപ്രായങ്ങള്‍ ഗവര്‍ണര്‍മാരോട് ഉന്നയിക്കപ്പെട്ടു. പ്രര്‍ത്ഥനകളാല്‍ മസ്ജിദുകള്‍ മുഖരിതമായി. വിനയത്തോടെ കേണപേക്ഷിക്കുന്നതിന്റെ ധ്വനികള്‍ പള്ളിമിനാരങ്ങളില്‍ നിന്നും കേട്ടുതുടങ്ങി. എല്ലാ നമസ്‌കാരങ്ങളിലും ഇമാമുമാര്‍ ഖുനൂത്ത് പാരായണം ചെയ്തു. സൈന്യത്തിന് ശക്തമായ പിന്തുണ നല്‍കാനായി അനേകമാളുകള്‍ രംഗത്തിറങ്ങി. അവരുടെ മുന്നിലുണ്ടായിരുന്നു മുഹമ്മദ് ബിന്‍ വാസിഅ് അസ്ദി.

അനറബി വംശജനായ ഒരു ചാരന്‍ ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലിക്കുണ്ടായിരുന്നു. പരിചയസമ്പന്നനും തന്ത്രജ്ഞനും ബുദ്ധിമാനുമായ അയാളുടെ പേര് തൈദര്‍ എന്നായിരുന്നു. വമ്പിച്ച പണം കൊടുത്ത് ശത്രുക്കള്‍ അയാളെ വശത്താക്കി. ഉപായത്തിലൂടെ മുസ്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കാനും യുദ്ധം ഒഴിവാക്കി നാട് വിട്ടുപോകാന്‍ അവരെ പ്രേരിപ്പിക്കാനുമായി അവര്‍ അയാളെ ചട്ടംകെട്ടി.

ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലിയുടെ അടുത്തേക്ക് തൈദര്‍ കടന്നുവന്നു. സദസ്സ് നിറയെ മുതിര്‍ന്ന സേനാനായകരും സൈനിക കമാന്‍ഡര്‍മാരുമാണ്. അയാള്‍ ഖുതൈബയുടെ ചാരത്ത് വന്ന് ചെവിയില്‍ മന്ത്രിച്ചു: അമീര്‍, സദസ്സ് പിരിച്ചുവിടാമോ? ഖുതൈബ സദസ്യര്‍ക്ക് പിരിഞ്ഞുപോകാന്‍ സൂചന കൊടുത്തു. ദിറാര്‍ ബിന്‍ ഹുസൈ്വന്‍ ഒഴികെ എല്ലാവരും എഴുന്നേറ്റുപോയി. അദ്ദേഹത്തോട് അവിടെയിരിക്കാന്‍ ഖുതൈബ ആവശ്യപ്പെട്ടതായിരുന്നു. ഉടനെ തൈദര്‍ ഖുതൈബയുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അമീര്‍, കുറച്ച് വിശേഷങ്ങളുണ്ട്. ആധിയോടെ ഖുതൈബ പറഞ്ഞു: കേള്‍ക്കട്ടെ.

തൈദര്‍: ദമസ്‌കസില്‍…  അമീറുല്‍ മുഅ്മിനീന്‍…. ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫിയ്യെ നീക്കിയിട്ടുണ്ട്. അദ്ദേഹത്തെ പിന്തുടരുന്ന നേതാക്കളെയും മാറ്റി. താങ്കളും അക്കൂട്ടത്തിലുണ്ട്. സൈന്യങ്ങള്‍ക്ക് പുതിയ നായകരെ നിശ്ചയിച്ചു, ചുമതലകളേല്‍പ്പിച്ചു. നേരമിരുട്ടി വെളുക്കുമ്പോള്‍ താങ്കളുടെ പിന്‍ഗാമിയും വന്നെത്തും. സൈന്യത്തെയും കൊണ്ട് ഈ പ്രദേശത്തു നിന്നും താങ്കള്‍ തിരിച്ചു പോയി, യുദ്ധമേഖലകളില്‍ നിന്നും വിദൂരത്തുള്ള മര്‍വിലേക്കി മടങ്ങി കാര്യങ്ങള്‍ ആലോചിക്കണമെന്നാണ് എന്റെ അഭിപ്രായം.

തൈദര്‍ സംസാരം മുഴുമുപ്പിക്കും മുമ്പേ ഖുതൈബ ബിന്‍ മുസ്‌ലിം സേവകനായ സിയാഹിനെ വിളിച്ചു. അയാള്‍ മുമ്പിലെത്തിയപ്പോള്‍ ഖുതൈബ പറഞ്ഞു: സിയാഹ്, ഈ വഞ്ചകന്റെ തല വെട്ടൂ. തല വെട്ടിയ സിയാഹ് വന്നയിടത്തേക്ക് തിരിച്ചുപോയി. ദിറാര്‍ ബിന്‍ ഹുസൈ്വന്റെ നേരെ തിരിഞ്ഞ് ഖുതൈബ പറഞ്ഞു: ഞാനും നീയുമല്ലാതെ ഈ  വാര്‍ത്ത ലോകത്തൊരാളും കേട്ടിട്ടില്ല. ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുകയാണ്, നമ്മുടെ പോരാട്ടം അവസാനിക്കും മുമ്പ് ആരെങ്കിലും ഈ സംഗതി അറിയാനിടയായാല്‍ നിനക്കും ഇതായിരിക്കും ഗതി. ജീവനില്‍ കൊതിയുണ്ടെങ്കില്‍ നാവ് സൂക്ഷിച്ചോണം. ഓര്‍മ വേണം, ഈ വാര്‍ത്ത പ്രചരിക്കുന്ന പക്ഷം സൈനികരുടെ ശക്തി ക്ഷയിക്കാനിടയാകും. നമുക്ക് നാണംകെട്ട പരാജയമുണ്ടാകും.

ശേഷം ജനങ്ങള്‍ക്ക് കടന്നുവരാന്‍ അനുമതി നല്‍കി. ചോരയില്‍ മുങ്ങി തറയില്‍ കിടക്കുന്ന തൈദറിനെ കണ്ട് അവര്‍ പേടിച്ച് മിണ്ടാതിരുന്നു. അപ്പോള്‍ ഖുതൈബ അവരോട് ചോദിച്ചു: വഞ്ചകനും ചതിയനുമായ ഒരാളുടെ വധം നിങ്ങളെ പരിഭ്രമിപ്പിക്കുന്നുവോ?
അവര്‍ പറഞ്ഞു: അയാളെ മുസ്‌ലിംകളുടെ ഗുണകാംക്ഷിയായിട്ടാണ് ഞങ്ങള്‍ കരുതിയിരുന്നത്.
ഖുതൈബ: പക്ഷെ, അയാള്‍ അവരെ വഞ്ചിക്കുകയായിരുന്നു. അയാള്‍ക്ക് കിട്ടേണ്ടത് കിട്ടി. ശേഷം ശബ്ദമുയര്‍ത്തി ഖുതൈബ പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ ശത്രുവിനെ നേരിടൂ, പൂര്‍വാധികം നെഞ്ചുറപ്പോടെ ഏറ്റുമുട്ടൂ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 1
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 2
മുഹമ്മദ് ബിന്‍ വാസിഅ് അസ്ദിയ്യ് – 4

Related Articles