Current Date

Search
Close this search box.
Search
Close this search box.

ഖാദി ശുറൈഹ് : നീതിയുടെ തിരുനെറ്റിയില്‍ ഉദിച്ച പ്രകാശബിന്ദു

”ആഹാ, ഇതിനാണ് നീതി എന്ന് പറയുക. ഈ വിധി നീതിയുടെ തിരുനെറ്റിയില്‍ ഉദിച്ച പ്രകാശ ബിന്ദുവാണ്.” തനിക്കെതിരെ ഖാദി ശുറൈഹ് വിധിപ്രസ്താവിച്ചപ്പോള്‍ ഹസ്രത്ത് ഉമറിന്റെ പ്രതികരണം. ഒരു ഗ്രാമീണ കച്ചവടക്കാരനില്‍ നിന്ന് ഉമര്‍(റ) ഒരു ഒട്ടകത്തെ വാങ്ങിയിരുന്നു. വില കൊടുത്ത ശേഷം ഉമര്‍ ഒട്ടകപ്പുറത്ത് കയറി യാത്രയായി.കുറച്ച് ദൂരം ചെന്നപ്പോള്‍ ഒട്ടകം നടക്കുന്നില്ല. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ ഒട്ടകത്തെ വാങ്ങിയിടത്ത് തന്നെ കൊടുത്ത് പണം തിരിച്ചുവാങ്ങാനായി ഉമര്‍ ഗ്രാമീണനെ സമീപിച്ചു.
 
എന്നാല്‍ ഗ്രാമീണന്‍ ഉമറി(റ)നോട് തട്ടിക്കയറി. ‘താങ്കളെന്താണ് പറയുന്നത്. ഞാന്‍ തന്ന ഒട്ടകം നല്ല മേനിയുള്ളതും ശക്തിയുള്ളതും വൈകല്യമില്ലാത്തതുമായിരുന്നു. ആ ഒട്ടകത്തെ തിരിച്ച് തരൂ എങ്കില്‍ പണം മടക്കിത്തരാം’. തര്‍ക്കം മൂത്ത് കേസ് കോടതിയിലെത്തി. ശുറൈഹാണ് ന്യായാധിപന്‍. ‘ഞാന്‍ ഇയാളോട് വാങ്ങിയ ഒട്ടകത്തിന് വൈകല്യമുണ്ട്. അത് നടക്കുന്നില്ല. അതിനെ തിരിച്ചെടുത്ത് വില നല്‍കണം’ ഉമര്‍ വാദിച്ചു. പ്രതിയായ ഗ്രാമീണന്‍ പറഞ്ഞു: ‘ഇങ്ങനെയൊരു ഒട്ടകത്തെ ഞാനിദ്ദേഹത്തിന് നല്‍കിയിട്ടില്ല.’
 
കോടതി: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഈ ഒട്ടകത്തെ ഇയാളില്‍നിന്ന് വാങ്ങുമ്പോള്‍ വല്ല വൈകല്യവും ഉണ്ടായിരുന്നോ?
ഉമര്‍: ഇല്ല.
 
കോടതി: എങ്കില്‍ പിന്നെ ഈ വാദം നിലനില്‍ക്കത്തക്കതല്ല. ഇത് അന്യായമാണ്. ഏത് രൂപത്തിലാണോ താങ്കള്‍ ഒട്ടകത്തെ വാങ്ങിയത് ആ രൂപത്തില്‍ പൂര്‍ണ ആരോഗ്യമുള്ള ഒട്ടകത്തെ തിരിച്ചു നല്‍കുക. എന്നിട്ട് കാശ് ചോദിക്കുക. മതിയായ തെളിവിന്റെ അഭാവത്തില്‍ കേസ് തള്ളിപ്പോയി.
 
ഈ വിധി കേട്ടാണ് ഉമറിന്റെ മേല്‍ പറഞ്ഞ പ്രതികരണം. മാത്രമല്ല, കൂഫയിലെ കോടതിയുടെ ഉത്തരവാദിത്വം കൂടി ശുറൈഹിനെ ഉമര്‍(റ) ഏല്‍പിച്ചു കൊടുത്തു.

ഉമര്‍(റ) ശുറൈഹിനെ ജഡ്ജിയാക്കി നിശ്ചയിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം പൊതുസമൂഹത്തില്‍ അറിയപ്പെട്ടിരുന്ന വ്യക്തി ആയിരുന്നില്ല; താബിഉകളില്‍ പെട്ട മറ്റു പ്രമുഖ പണ്ഡിതന്മാരുടെയും നിപുണന്മാരുടെ ഇടയിലും അദ്ദേഹം അന്ന് പ്രസിദ്ദനായിരുന്നില്ല. ശുറൈഹിന്റെ ബുദ്ധികൂര്‍മതയും ഉയര്‍ന്ന വ്യക്തിത്വവും ജീവിതത്തിലെ അനുഭവപാഠങ്ങളും താമസിയാതെ പുരോഗമനമായി ചിന്തിക്കുന്നവരുടെയും ഉയര്‍ന്ന വ്യക്തിത്വങ്ങളുടെയും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

യമനിലെ കിന്ദി വംശത്തില്‍ പെട്ട ആളായിരുന്നു ശുറൈഹ്. ജീവിതത്തിന്റെ ഏകദേശം പകുതിയോളം ഭാഗം ജാഹിലിയ്യത്തിലായിരുന്നു കഴിഞ്ഞത്. അറേബ്യന്‍ ഉപദ്വീപില്‍ ഇസ് ലാമിന്റെ വെളിച്ചം പ്രഭ പരത്തിയപ്പോള്‍ യമനിലേക്കും അതിന്റെ അലയൊലികള്‍ എത്തുകയുണ്ടായി. യമനില്‍ തുടക്കത്തില്‍ തന്നെ ഇസ്‌ലാമിലേക്ക് കടന്നുവന്ന വ്യക്തികളില്‍ ശുറൈഹും ഉള്‍പ്പെടുന്നു. മദീനയില്‍ ചെന്ന് തിരുനബി(സ)യെ കാണാനും അദ്ദേഹത്തോട് സംവദിക്കാനും ശുറൈഹ് ഏറെ അഭിലഷിച്ചു. പക്ഷേ, വിധിവശാല്‍ അത് നടക്കുകയുണ്ടായില്ല. അതിനാല്‍ അദ്ദേഹത്തിന് ‘സ്വഹാബി’ എന്ന പദവിയിലെത്താന്‍ കഴിയാതെ പോയി. എന്നാല്‍ പല പ്രമുഖ സ്വഹാബിവര്യന്മാരും ജീവിച്ചിരിക്കുമ്പോഴാണ് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്നത് ശ്രദ്ധേയമാണ്.

അദ്ദേഹത്തിന്റെ ശ്രേഷ്ടതയും സ്ഥാനവും സവിശേഷതയും അറിയുന്ന ആളുകള്‍ ഇത്തരത്തില്‍ പരിതപിക്കാറുണ്ടായിരുന്നു : ‘ശുറൈഹ് പ്രവാചകനെ മദീനയില്‍ നിന്ന് കണ്ടുമുട്ടുകയും അദ്ദേത്തിന്റെ തെളിഞ്ഞ സ്രോതസ്സില്‍ നിന്ന് വിജ്ഞാനമാര്‍ജിക്കുകയും ചെയ്തിരുന്നെങ്കില്‍ അത് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നേനേ!
തുടര്‍ച്ചയായ അറുപത് വര്‍ഷം ഖാദി ശുറൈഹ് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിച്ചുകൊണ്ടിരുന്നു. ഉമറിന്റെയും ഉസ്മാനിന്റെയും അലിയുടെയും മുആവിയയുടെയും കാലഘട്ടത്തില്‍ അദ്ദേഹത്തെ ഈ സ്ഥാനത്തു തന്നെ പ്രത്യേക പരിഗണനയോടെ നിലനിര്‍ത്തുകയുണ്ടായി. മുആവിയക്കു ശേഷമുള്ള ബനൂ ഉമയ്യയില്‍ പെട്ട ഖലീഫമാരെല്ലാം അദ്ദേഹത്തെ അംഗീകരിക്കുകയുണ്ടായി. ഹജ്ജാജിന്റെ കാലത്താണ് അദ്ദേഹം ശരീരാസ്വസ്ഥത കാരണമായി ഖാദിസ്ഥാനത്തില്‍ നിന്ന് ഒഴിവായത്. അന്ന് അദ്ദേഹത്തിന് 107 വയസ്സുണ്ടായിരുന്നു. ഇസ്‌ലാമിക ഭരണത്തിലെ ജഡ്ജിമാരെല്ലാം ശുറൈഹിന്റെ നിലപാടുകളെ ആധികാരിക രേഖയായി ഉദ്ദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും വാക്കുകളും നിലപാടുകളെല്ലാം ആധികാരിക രേഖകളായി ചരിത്ര ഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

 ഖാദി ശുറൈഹ് : നീതിയുടെ തിരുനെറ്റിയില്‍ ഉദിച്ച പ്രകാശബിന്ദു – 2

Related Articles