Current Date

Search
Close this search box.
Search
Close this search box.

ഖദീജ ബിന്‍ത് ഖുവൈലിദ്

അക്കാലഘട്ടത്തിലെ സകലമാന സ്ത്രീകളുടെയും നേതാവായിരുന്നു ഖുവൈലിദ് ബിന്‍ അസദിന്റെ മകള്‍ ഖദീജ. ഖുറൈശ് ഗോത്രത്തിലെ അസദ് വംശജയായ ഈ മഹതിയെ അവര്‍ ത്വാഹിറ എന്ന് ചെല്ലപ്പേരിട്ട് വിളിച്ചു. ആനക്കലഹത്തിന് ഏറെക്കുറെ 15 വര്‍ഷം മുമ്പ്, അബ്ദുല്‍ഉസ്സ  ഖുസയ്യിന്റെ പരമ്പരയിലുള്ള ഒരു ആഢ്യകുലത്തിലായിരുന്നു അവരുടെ ജനനം. ബുദ്ധിശാലിനിയും പക്വമതിയും സാഹിത്യകാരിയുമായിരുന്ന ഖദീജ അത്‌കൊണ്ട് തന്നെ തന്റെ സമൂഹത്തിലെ മുതിര്‍ന്ന പുരുഷന്‍മാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമീം ഗോത്രത്തിലെ അബൂഹാല  സുറാറയില്‍ ഖദീജയ്ക്ക് ഹാല, ഹിന്ദ് എന്നീ സന്താനങ്ങള്‍ ജനിച്ചു. അബൂഹാലയുടെ മരണാനന്തരം മഖ്‌സൂം ഗോത്രത്തിലെ അതീഖ്  ആഇദുമായി കുറച്ചുകാലം വിവാഹജീവിതം നയിച്ചെങ്കിലും തമ്മില്‍ പിരിയേണ്ടി വന്നു. പിന്നീട് വന്ന വിവിാഹാലോചനകള്‍, തന്റെ മക്കളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനും കച്ചവട വ്യവഹാരങ്ങള്‍ക്കുമായി അവര്‍ തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. തനിക്ക് വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് തോതനുസരിച്ച് അവര്‍ പണം നല്‍കും. റസൂല്‍(സ)യുടെ സത്യസന്ധതയും വിശ്വസ്തതയും കേട്ടറിഞ്ഞ ഖദീജ, മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലേറെ പണം നല്‍കാമെന്ന ഉപാധിയില്‍ തിരുമേനിയെ ജോലിക്ക് വിളിച്ചു. അതുപ്രകാരം നബി ഖദീജയുടെ അടിമയായ മൈസറയുമൊന്നിച്ച് ശാമിലേക്ക് തിരിച്ചു. കച്ചവടത്തില്‍ അളവററ ലാഭം ലഭിച്ചെങ്കിലും ഖദീജയെ ഹഠാദാകര്‍ഷിച്ചത് തിരുമേനിയുടെ വ്യക്തിത്വമായിരുന്നു. അന്തഃകരണത്തില്‍ മുമ്പില്ലാത്തവണ്ണം എന്തൊക്കെയോ അനുരണനങ്ങള്‍….
അദ്ധേഹം മററാരെയും പോലെയല്ല…………പക്ഷേ, അല്‍അമീന്‍ നാല്‍പത് കഴിഞ്ഞ തന്നെ സ്വീകരിക്കുമൊ?

ഖുററൈശീ നേതാക്കളുടെ വിവാഹാലോചനകള്‍ തിരസ്‌കരിച്ച പശ്ചാത്തലത്തില്‍ എങ്ങിനെയിനി സമൂഹത്തെ അഭിമുഖീകരിക്കും………….
ഈ അങ്കലാപ്പിനിടെയാണ് തന്റെ തോഴിയായ നഫീസ ബിന്‍ത് മുനബ്ബഹ് കടന്നു വന്നത്. ഉള്ളിന്റെയുള്ളില്‍ മുളപൊട്ടിയ മോഹങ്ങളില്‍ ചിലതൊക്കെ ഒന്നിച്ചിരുന്നപ്പോള്‍ പുറത്തേക്ക് വന്നു.

നഫീസ ഖദീജയുടെ ഭീതിയകററി, മനശ്ശാന്തി നല്‍കി, ഖദീജയുടെ നിലയും വിലയും വംശമഹിമയും രൂപലാവണ്യവും അവരെ ഓര്‍മപ്പെടുത്തി. ബഹുകേമന്‍മാരായ പുരുഷകേസരികളുടെ കല്യാണാലോചനകളെ, ഖദിജയുടെ സംസാരത്തിന്റെ സത്യസന്ധതക്ക് തെളിവായുദ്ധരിച്ചു.
അപ്പോള്‍ തന്നെ  തിരുമേനിയുടെ അടുക്കലെത്തിയ നഫീസ ചോദിച്ചു ‘മുഹമ്മദ് വിവാഹത്തിന് താങ്കള്‍ക്കെന്താണ്  തടസ്സം’. നബി പറഞ്ഞു ‘കൈയ്യിലൊന്നുമില്ലല്ലോ’.
നഫീസ: സമ്പത്തും സൗന്ദര്യവും കുലമഹിമയും യോഗ്യതയുമുള്ള ഒരുവള്‍ സ്വയം സന്നദ്ധയായെങ്കില്‍?
നബി: അതാരാണ്?
ഒട്ടും വൈകാതെ നഫീസ പറഞ്ഞു: ഖുവൈലിദിന്റെ മകള്‍ ഖദീജ.
നബി: ഖദീജ അതിനോട് യോജിക്കുന്നെങ്കില്‍ ഞാനും അത് അംഗീകരിക്കുന്നു.

സന്തോഷവാര്‍ത്തയുമായി നഫീസ ഖദീജയുടെ അടുക്കലേക്കോടി. ഈ വിവാഹത്തിന് താന്‍ സന്നദ്ധനാണെന്ന് നബി തന്റെ പിതൃവ്യരെയും അറിയിച്ചു. അതോടെ അബൂത്വാലിബും ഹംസയും വൈവാഹിക ചര്‍ച്ചകള്‍ക്കായി ഖദീജയുടെ പിതൃവ്യന്‍ അംറ്  അസദിന്റെ അടുക്കലെത്തി. മഹ്ര്‍ നല്‍കി കല്യാണം നടന്നു. വിവാഹ ഉടമ്പടികള്‍ കഴിഞ്ഞതോടെ, ഖദിജ മൃഗങ്ങളെയറുത്ത്  പാവങ്ങള്‍ക്ക് വിതരണം ചെയ്തു. കുടുംബബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചു.

താന്‍ മുലകൊടുത്തു വളര്‍ത്തിയ പ്രിയ പുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി വന്ന ഹലീമ സഅ്ദിയ്യയും ഈ കര്‍മങ്ങള്‍ക്കെല്ലാം സാക്ഷിയായാരുന്നു. തന്റെ ഭര്‍ത്താവിന് മുലകൊടുത്തു വളര്‍ത്തിയയാള്‍ക്കുള്ള സമ്മാനമായ നാല്‍പത് ആടുകള്‍, ഉല്‍കൃഷ്ട വധുവില്‍ നിന്നും ഏററുവാങ്ങിയാണ് ഹലീമ മടങ്ങിയത്. തന്റെ അടിമയായ സൈദ്  ഹാരിസയെ നബിക്കിഷ്ടമാണെന്നറിഞ്ഞ ഖദീജ സൈദിനെ നബിക്ക് നല്‍കി. പിതൃവ്യന്‍ അബൂത്വാലിബിന്റെ സന്താനങ്ങളിലൊരാളെ ഏറ്റെടുക്കാന്‍ നബിക്ക് താല്‍പര്യമുണ്ടെന്നറിഞ്ഞ ഖദീജ അത് സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല, ഭര്‍ത്താവായ മുഹമ്മദിന്റെ നന്‍മകള്‍ പകര്‍ത്തിയെടുത്ത് കൂടെക്കഴിയാനുള്ള അവസരം അലിക്ക് തന്നെ നല്‍കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് ഖുററൈശികളുടെ നായികയായി, അല്‍അമീന്റെ പത്‌നിയായി ഖദീജ മാറിയത്, ഉല്‍കൃഷ്ട ഉപമയായിത്തീര്‍ന്നത്.

ഉല്‍കൃഷ്ടമായ ഈ വീടര്‍ക്ക് അല്ലാഹു അത്യധികം അനുഗ്രഹം ചൊരിഞ്ഞു. ആണും പെണ്ണുമായി ഖാസിം, അബ്ദുല്ല, സൈനബ്, റുഖയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നീ സന്താനങ്ങളെയും നല്‍കി.

റസൂല്‍(സ) എല്ലാ വര്‍ഷവും ഒരു മാസം ഹിറാ ഗുഹയില്‍ ആരാധനയില്‍ കഴിഞ്ഞുകൂടാറുണ്ടായിരുന്നു. ഒററക്കിരിക്കുന്നതായിരുന്നു മറെറന്തിനേക്കാളും നബിക്കിഷ്ടം. ഇങ്ങിനെ ഹിറാ ഗുഹയില്‍ കഴിയുമ്പോഴായിരുന്നു ഒരു റമദാനില്‍ ജിബ്‌രീല്‍(അ) വഹ്‌യുമായി വന്നത്. ഭയന്നുപോയ നബി പ്രഭാതം പൊട്ടിവിടരുന്ന നേരം ‘എന്നെ പുതപ്പിട്ടുമൂടൂ, എന്നെ പുതപ്പിട്ടുമൂടൂ’ എന്ന് നിലവിളിച്ച് വിട്ടിലേക്കോടി. കാര്യംതിരക്കിയ പത്‌നിയോട് നബി പറഞ്ഞു ‘ഖദീജാ എനിക്കു പേടിയാവുന്നു’.  ഖദീജ പറഞ്ഞു: ‘അല്ലാഹുവാണ, ഒരിക്കലും താങ്കളെ അല്ലാഹു നിന്ദ്യനാക്കുകയില്ല, താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നുണ്ട്, സത്യം പറയുന്നു, അശരണന്റെ ജീവിതഭാരം വഹിക്കുന്നു, അതിഥിയെ ഊട്ടുന്നു, പ്രയാസപ്പെടുന്നവനെ സഹായിക്കുന്നു’.

ഈ കൈത്താങ്ങിനു മുമ്പില്‍ റസൂലിന്റെ ഹൃദയം ശാന്തമായി, ഈ വസ്തുത പത്‌നി അംഗീകരിച്ചതോടെ മനസ്സ് പൂര്‍വ്വസ്തിഥിയിലായി. ഖദിജ ഇത്‌കൊണ്ട് നിറുത്തിയില്ല. ഉടനെത്തന്നെ അവരുടെ പിതൃവ്യപുത്രന്‍ വറഖത്  നൗഫലിന്റെ അരികിലെത്തി റസൂലിന് സംഭവിച്ച കാര്യങ്ങള്‍ ഉണര്‍ത്തിച്ചു. വറഖത് പ്രതിവചിച്ചു ‘മൂസ(അ)യുടെ അടുക്കലെത്തിയ നാമൂസ് (മാലാഖ)യാണിത്, എനിക്കന്ന് തണ്ടും തടിയുമുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ്. താങ്കളുടെ സമൂഹം താങ്കളെ പുറത്താക്കുമ്പോള്‍ ഞാനുണ്ടായിരുന്നെങ്കില്‍!’. റസൂല്‍ ചോദിച്ചു ‘അവര്‍ എന്നെ പുറത്താക്കുമെന്നോ?’. വറഖത് പറഞ്ഞു ‘ജനത്തിന്റെ ശത്രുത സമ്പാദിക്കാതെ ഒരാളും താങ്കള്‍ക്ക് ലഭ്യമായത് പോലുള്ളതുമായി  വന്നിട്ടില്ല, അന്ന് ഞാനുണ്ടെങ്കില്‍ സര്‍വ്വസഹായവും ഞാന്‍ വാഗ്ദാനം ചെയ്യുന്നു’
വീണ്ടും ഖുര്‍ആന്‍ അവതരിച്ചു. ‘പുതച്ചു മൂടിയവനേ, എഴുന്നേററ് മുന്നറിയിപ്പ് നല്‍കുക, നിന്റെ രക്ഷിതാവിനെ പ്രകീര്‍ത്തിക്കുക, നിന്റെ വസ്ത്രം വെടിപ്പാക്കുക, അഴുക്കിനെ അകറ്റുക, കുടുതല്‍ നേട്ടം കൊതിച്ച് നീ ഔദാര്യം ചെയ്യരുത്. നിന്‍െ രക്ഷിതാവിന്റെ തൃപ്തിക്കായി നീ ക്ഷമ കൈക്കൊള്ളുക’.
അല്ലാഹുവിലും റസൂലിലും ആദ്യമായി വിശ്വസിച്ചത് ഖദീജയായിരുന്നു. നബി ചെയ്തത് പോലെ ഖദീജയും ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചു തുടങ്ങി. സഹായിയായി, താങ്ങായി, കടുത്ത അക്രമപീഠനങ്ങള്‍ ഏററുവാങ്ങുമ്പോള്‍ തുണയായി പ്രവാചകന്റെയൊപ്പം ഖദിജ നിലകൊണ്ടു. ജനതയുടെ തിരസ്‌കാരവും കളവാക്കലും റസൂലിനെ ദുഃഖത്തിലാഴ്ത്തിയപ്പോള്‍ അല്ലാഹു ഖദീജയിലൂടെയാണ് അവിടുന്നിന് സമാശ്വാസം നല്‍കിയത്. മുസ്‌ലിമുകള്‍ക്കെതിരില്‍ കടുത്ത പീഠനങ്ങള്‍ അരങ്ങേറിയപ്പോള്‍ ഖദീജ ചെങ്കുത്തായ മല പോലെ ഉറച്ചുനിന്നു. ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി സുമയ്യ തെമ്മാടിക്കൂട്ടത്തിന്റെ മുമ്പില്‍ കിടന്ന് ജീവന്‍ വെടിഞ്ഞതും ഖദീജ കണ്ണാലെ കണ്ടു. മക്കളായിരുന്ന ഖാസിമിനെയും അബ്ദുല്ലയെയും ചെറുപ്രായത്തില്‍ അല്ലാഹു തിരിച്ചുവിളിച്ചപ്പോള്‍ ഖദീജ അക്ഷമയായില്ല.

കരളിന്റെ കഷ്ണമായ പ്രിയപുത്രി റുഖയ്യ മുശ്‌രിക്കുകളുടെ ഉപദ്രവത്തില്‍ നിന്നും മതസംരക്ഷണാര്‍ത്ഥം, ഭര്‍ത്താവായ ഉസ്മാന്‍  അഫ്ഫാനൊപ്പം ഏത്യോപ്യയിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവരെ യാത്രയാക്കിയത് ഖദിജ(റ) ആയിരുന്നു. വിവിധ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ പതറാതെ, ക്ഷമയോടെ അല്ലാഹുവിന്റെ വഴിത്താരയിലേക്ക് ക്ഷണിച്ച് കൊണ്ട്, വിശ്വാസത്തിന് വിലയിട്ടവരോട് രാജിയാവാതെ,  മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത അടിയുറപ്പോടെടുള്ള നബിയുടെ പ്രഖ്യാപനം ‘അല്ലാഹുവാണ, എന്റെ എളാപ്പാ, ഈ പ്രയത്‌നം നിറുത്താനായി വലംകൈയ്യില്‍ സൂര്യനേയും ഇടംകൈയ്യില്‍ ചന്ദ്രനേയും വെച്ചുതന്നാല്‍ പോലും ഞാനിത് ഒഴിവാക്കുകയില്ല. ഒന്നുകില്‍ അല്ലാഹു ഇത് വിജയത്തിലെത്തിക്കും, അല്ലെങ്കില്‍ ഞാന്‍ അതിനായി ജീവാര്‍പ്പണം ചെയ്യും’.ഇതിന് സാക്ഷിയാകാനും ഖദീജ(റ) ഉണ്ടായിരുന്നു.

രാഷ്ട്രീയമായും സാമ്പത്തികമായും മുസ്‌ലിമുകളെ ബഹിഷ്‌കരിക്കാനായി കഅ്ബയുടെ ഉള്‍ച്ചുമരില്‍ ഖുറൈശികള്‍ ഉപരോധ പ്രഖ്യാപനം പതിച്ച സന്ദര്‍ഭം, അതികഠിനമായ ബഹിഷ്‌കരണത്തിന്റെ പാരുഷ്യത്തിനു മുമ്പില്‍, വിഗ്രഹാരാധകരുടെ പരിധിവിട്ട അഹന്തക്ക് മുമ്പില്‍, നബിയ്ക്കും സഹചരര്‍ക്കുമൊപ്പം അചഞ്ചലയായി നിന്നു ഖദീജ. ഒടുവില്‍, മൂന്ന് വര്‍ഷം നീണ്ട ഉപരോധം ഈമാനിന്റെ ദാര്‍ഢ്യതക്ക് മുമ്പില്‍ പൊളിഞ്ഞുവീഴുമ്പോള്‍ അക്കാലമത്രയും നബി(സ)ക്ക് ഏറ്റവും വലിയ ആശ്വാസമായിരുന്നു ഖദീജ(റ).

ഉപരോധമവസാനിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍, ഹിജ്‌റക്ക് മൂന്ന് വര്‍ഷം മുമ്പ് അബൂത്വാലിബ് അന്തരിച്ചു, തൊട്ടുപിന്നാലെ ഖദീജയും. എല്ലാത്തിനെയും അതാതിന്റെ ഗൗരവത്തില്‍ നോക്കിക്കണ്ട തന്ത്രജ്ഞയായ പത്‌നി, അല്ലാഹുവിന്റെ തൃപ്തിക്കായി നല്‍കിയവള്‍. അട്ടഹാസങ്ങളോ ക്ഷീണമോ തെല്ലുമില്ലാത്ത സ്വര്‍ഗത്തില്‍ പച്ചമുത്തിനാലുള്ള മാളിക നേടിയെടുക്കുമെന്ന സുവാര്‍ത്ത അറിയിക്കപ്പെട്ടവള്‍. നബി തിരുമേനി പറഞ്ഞു ‘സ്ത്രീകളിലുത്തമ ഇംറാന്റെ മകള്‍ മര്‍യമാണ്, സ്ത്രീകളിലുത്തമ ഖുവൈലിദിന്റെ മകള്‍ ഖദീജയാണ്’.

Related Articles