Current Date

Search
Close this search box.
Search
Close this search box.

ക്ഷാമത്തിന്റെ പിടിയിലമര്‍ന്ന ശാം

sham-uthmani.jpg

നാലാം ഉഥ്മാനി (ഓട്ടോമന്‍) സൈന്യത്തിന്റെ നായകനും ജംഇയത്തുല്‍ ഇത്തിഹാദി വത്തറഖി നേതാക്കളില്‍ ഒരാളുമായിരുന്നു ജമാല്‍ പാഷ. സൈന്യാധിപന്‍ അന്‍വര്‍ പാഷ, ആഭ്യന്തര മന്ത്രി തല്‍അത്ത് പാഷ, ധനകാര്യ മന്ത്രി ജാവേദ് (ഡേവിഡ്), മുസ്തഫ കമാല്‍ അത്താതുര്‍ക് തുടങ്ങിയവര്‍ അതിന് നേതൃത്വം നല്‍കിയവരാണ്. അന്‍ദുലുസില്‍ നിന്നുള്ള ജൂതന്‍മാരുടെ പാരമ്പര്യമുള്ളവരാണ് അവരധികവും. ലോകത്തെ തന്നെ ശക്തമായ രാഷ്ട്രമായിരുന്ന ഉഥ്മാനി രാഷ്ട്രത്തിന്റെ ഉന്മൂലനത്തില്‍ പങ്കുള്ളവരാണവര്‍.

ഉഥ്മാന്റെ സന്താനങ്ങള്‍ പണിതുയര്‍ത്തിയത് തകര്‍ത്തവരാണവര്‍. ഭാഷയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാം ആളുകളെ വേര്‍തിരിക്കുന്നില്ലെന്നത് അവര്‍ മറന്നു (അല്ലെങ്കില്‍ അവരങ്ങനെ മനസ്സിലാക്കിയിട്ടേ ഇല്ല). തുര്‍ക് വല്‍കരണമാണ് അവരാഗ്രഹിച്ചത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ ആരംഭിച്ച് ഒറ്റക്കെട്ടായിരുന്ന മുഹമ്മദ് നബിയുടെ സമുദായത്തെ വംശത്തിന്റെ അടിസ്ഥാനത്തില്‍ പല ചീന്തുകളാക്കി. ജാഹിലിയത്തിലേക്കുള്ള മടക്കമായിരുന്നു അത്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ അധ്യാപകരെ തുര്‍ക്കികളെന്നോ കുര്‍ദുകളെന്നോ അറബികളെന്നോ വേര്‍തിരിച്ചിരുന്നില്ല. അങ്ങനെ വേര്‍തിരിക്കാന്‍ ഇസ്‌ലാം ഞങ്ങളെ അനുവദിച്ചില്ല എന്നതാവും കൂടുതല്‍ ശരി. ആ കുഴപ്പം തല്‍ക്കാലം അടങ്ങിയിരിക്കുകയാണ്. ഇനിയും അത്തരം കുഴപ്പങ്ങള്‍ പുറത്തുവരും. എന്നാല്‍ ഇസ്‌ലാമിക പ്രബോധനത്തിന് മാത്രമേ നിലനില്‍പ്പുള്ളൂ.

എന്നാല്‍ ഒട്ടേറെ കയ്പ്പുറ്റ അനുഭവങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടിലെ സ്‌കൂള്‍ സാക്ഷ്യം വഹിച്ചു. തുര്‍കി വംശജരായ അധ്യാപകര്‍ അവിടെയുണ്ടായിരുന്നു. അവരിലെ മതനിഷ്ഠയുള്ളവര്‍ ഈ ‘ജാഹിലിയ’ വേര്‍തിരിവിനെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ആ വേര്‍തിരിവ് പുലര്‍ത്തിയിരുന്നവരും അവിടെയുണ്ടായിരുന്നു.അറബി ഭാഷാ നിയമങ്ങള്‍ തുര്‍കി അധ്യാപകനായിരുന്നു ഞങ്ങളെ പഠിപ്പിച്ചിരുന്നത്.

മനുഷ്യ ചരിത്രത്തിലെ ഒന്നാം ലോക യുദ്ധത്തിന് തിരികൊളുത്തപ്പെട്ട 1914ലെ സംഭവങ്ങളെ കുറിച്ച് വിവരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇതെല്ലാം പറഞ്ഞത്. ഒരു ചരിത്രകാരന്റെ സൂക്ഷമമായ വിവരണം നിങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കരുത്. അന്നാളുകളില്‍ ഒരു കുട്ടിയായിരുന്ന എന്റെ ഓര്‍മകളാണ് ഞാന്‍ കുറിക്കുന്നത്. ഇബ്‌നു ഖല്‍ദൂനെയോ ചാള്‍സ് സെയ്‌നോബോസിനെയോ ഉദ്ധരിക്കുകയല്ല ഞാന്‍.

ആരോടും കൂട്ടുകൂടാതെയായിരുന്നു ആ സ്‌കൂളില്‍ മാസങ്ങളോളം ഞാന്‍ കഴിഞ്ഞത്. വളരെ അത്യാവശ്യമായിട്ടല്ലാതെ ആരോടും ഞാന്‍ മിണ്ടിയിരുന്നില്ല. ഏകാന്തതയിലായിരുന്നു ഞാന്‍ വളര്‍ന്നത്. കുട്ടികളോടൊപ്പം കളിക്കുകയോ അവരെ സന്ദര്‍ശിക്കുകയോ ഞാന്‍ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ എന്റെ അടുത്തേക്ക് അവരും എത്തിയില്ല. ജീവിതത്തിലുടനീളം ഏകാന്തതയില്‍ ജീവിച്ച എനിക്ക് പുസ്തകങ്ങളായിരുന്നു കൂട്ടുകാര്‍.

അങ്ങനെയൊരു ദിവസം ആകാശത്ത് ഞങ്ങളില്‍ നിന്നും ഏറെ അകലെയല്ലാതെ കറുത്ത മേഘത്താല്‍ മൂടിയ വലിയൊരു ‘തളിക’ ഞാന്‍ കണ്ടു. ഞങ്ങളുടെ തലക്ക് മുകളിലേക്ക് അതില്‍ നിന്ന് എന്തോ ഏറിയുന്നുണ്ട്. അത് മഴത്തുള്ളികളല്ല, അത് മേഘവുമായിരുന്നില്ല. വെട്ടുകിളി കൂട്ടമായിരുന്നു അത്. ശാമിന്റെ വാനത്തില്‍ വ്യാപിച്ച അവ അവിടത്തെ പച്ചയും ഉണങ്ങിയതുമായ എല്ലാറ്റിനെയും നശിപ്പിച്ചു. അതിഭീകരമായിരുന്നു അത്. അവയുടെ കഥകഴിക്കാനുള്ള കീടനാശിനികളോ സംവിധാനങ്ങളോ അന്നുണ്ടായിരുന്നില്ല.

രാജ്യത്തെ ക്ഷാമം പിടികൂടി. മുതിര്‍ന്നവരില്‍ നിന്ന് കേട്ടിരുന്നത് പൂര്‍ണമായും മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കന്ന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ ശൈലിയില്‍ നിന്നും മുഖഭാവങ്ങളില്‍ നിന്നും ഭീകരമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ വായിച്ചെടുത്തു. ദൂരെ എവിടെയോ യുദ്ധം നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി. നാല്‍പത് വര്‍ഷം നീണ്ടു നിന്ന് ബസൂസ് യുദ്ധം പോലെയല്ല അതെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലാക്കിയത്. അതില്‍ നാല്‍പതോളം ചെറിയ ചെറിയ ഏറ്റുമുട്ടലുകളായിരുന്നു ഇരു സൈന്യത്തിനുമിടയില്‍ നടന്നത്. അതില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എടുത്താല്‍ ജാഹിലിയാ കാലത്തെ മുഴുവന്‍ യുദ്ധങ്ങളിലും കൊല്ലപ്പെട്ടരുടെ അത്രയും വരില്ല. ബദ്ര്‍, ഉഹ്ദ്, ഖാദിസിയ, യര്‍മൂഖ് എന്നീ യുദ്ധങ്ങളിലെല്ലാം കൊല്ലപ്പെട്ടവരുടെ അത്ര ആളുകളാണ് അതില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഞങ്ങളെ ബാധിക്കാത്ത ഒരു വിഷയം പോലെയാണ് ഞങ്ങളത് കേട്ടത്. ഞങ്ങള്‍ക്ക് ഒരു പരിചയവുമില്ലാത്ത ഞങ്ങള്‍ക്ക് കേട്ടുപരിചയം പോലുമില്ലാത്ത സ്ഥലത്ത് വെച്ച് ഏറ്റുമുട്ടുന്നു. അതിന് ഞങ്ങള്‍ക്കെന്താണെന്നായിരുന്നു ഞങ്ങളാലോചിച്ചത്. അതിന്റെ തീയോ ചൂടോ ഞങ്ങളെ ബാധിക്കില്ലെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ വൈകാതെ തന്നെ അതിന്റെ തീപ്പൊരികള്‍ ഞങ്ങളിലേക്കും എത്തി, ഒപ്പം ഭീതിയുണ്ടാക്കുന്ന വാര്‍ത്തകളും. അഖീബയിലുള്ള എന്റെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരു കഷണം റൊട്ടിക്കായി ആളുകള്‍ തിക്കുംതിരക്കും കൂട്ടുന്ന കാഴ്ച്ചയാണ് ഞാന്‍ കണ്ടത്.

റോമിന്റെ ഗോഡൗണ്‍ എന്നായിരുന്നു അത് വിളിക്കപ്പെട്ടിരുന്ന ഏറെ നന്മകളുള്ള മണ്ണായിരുന്നു ശാം. അവിടത്തെ ഗോതമ്പ് എവിടെ പോയി? അഴുക്കും പൊടിയും പുരണ്ട ഒരു കഷ്ണം റൊട്ടിക്ക് കേഴുന്നവരാക്കി ഞങ്ങളെ മാറ്റിയത് എന്താണ്? വായനക്കാര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ലാത്തത്ര കുറഞ്ഞ വിലക്കായിരുന്നു ഞങ്ങളുടെ കാലത്ത് റൊട്ടി ലഭിച്ചിരുന്നത്. ശുദ്ധമായ ഗോതമ്പു പൊടി കൊണ്ട് നിര്‍മിച്ച പല തരത്തിലുള്ള റൊട്ടികളുണ്ടായിരുന്നു. അവയെല്ലാം എവിടെ പോയി?

അതിന്റെ ഒരു ഭാഗം വെട്ടുകളികള്‍ കൊണ്ടു പോയി. അവശേഷിച്ചത് ഞങ്ങളുടെ സഖ്യകക്ഷിയായ (ഞങ്ങളുടെ ഭരണാധികാരികളുടെ എന്നതാണ് ശരി) ജര്‍മനിയും. പിന്നെ ശാമില്‍ അവശേഷിച്ചത് വൃദ്ധന്‍മാരും സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു. യുവാക്കള്‍ ആദ്യം സൂയസ് കനാല്‍ യുദ്ധത്തിലേക്ക് നയിക്കപ്പെട്ടു. പരാജയപ്പെട്ടാണ് അതില്‍ നിന്നും നാം മടങ്ങിയത്. ജര്‍മനിയുടെ ശത്രുക്കള്‍ക്കെതിരെ നടന്ന ‘ജനഖ് ഖല്‍അ’ പോരാട്ടത്തില്‍ വരെ അവര്‍ പങ്കെടുത്തു.

Related Articles