Current Date

Search
Close this search box.
Search
Close this search box.

കടമ മറക്കാത്ത കൊട്ടാര പണ്ഡിതന്‍

തൊണ്ണൂറ്റി ഒന്നാം ആണ്ടില്‍ വലീദ് ബിന്‍ അബ്ദില്‍ മലിക് ഹജ്ജ് ചെയ്യുമ്പോള്‍ റജാഅ് ബിന്‍ ഹയ്‌വയും കൂടെയുണ്ടായിരുന്നു. വിശുദ്ധ പ്രവാചകന്റെ മസ്ജിദില്‍ എത്തിയപ്പോള്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസും അവരുടെ കൂട്ടത്തില്‍ സഹവസിച്ചു. ഇരുന്നൂറ് മുഴം വിസ്തീര്‍ണത്തിലേക്ക് നബി തിരുമേനിയുടെ ഹറം വികസിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നത് കൊണ്ട്, ആളൊഴിഞ്ഞ് തിരക്കില്ലാതെ അവിടം നോക്കിക്കാണണമെന്ന് ഖലീഫ ആശിച്ചു. ഖലീഫയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി മസ്ജിദില്‍ നിന്നും ജനങ്ങളെ പുറത്താക്കി. സഈദ് ബിന്‍ മുസയ്യബ് അല്ലാതെ മറ്റാരും അവിടെ ശേഷിച്ചില്ല. അദ്ദേഹത്തെ പുറത്താക്കാന്‍ കാവല്‍ക്കാര്‍ തുനിഞ്ഞില്ല. ‘ജനങ്ങള്‍ മസ്ജിദില്‍ മിന്നും പുറത്ത് പോയതുപോലെ താങ്കളും പോകുമെങ്കില്‍’ എന്ന് പറയുന്നതിനായി മദീനയിലെ അന്നത്തെ ഗവര്‍ണറായിരുന്ന ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് അദ്ദേഹത്തിന്റെ അടുക്കലേക്ക് ദൂതനെ അയച്ചു.

സഈദ് ബിന്‍ മുസയ്യബ് പറഞ്ഞു: എന്നും പതിവായി മസ്ജിദ് വിട്ടുപോകുന്ന നേരത്തല്ലാതെ ഞാന്‍ പോകുകയില്ല. ആരോ ഒരാള്‍ ചോദിച്ചു: അമീറുല്‍ മുഅ്മിനീന്റെ അടുക്കല്‍ പോയി സലാം പറയുമോ?… അദ്ദേഹം പറഞ്ഞു: ഞാന്‍ ഇവിടെ വന്നത് പ്രപഞ്ചനാഥന്റെ മുമ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ്. തന്റെ ദൂതന്റെയും സഈദ് ബിന്‍ മുസയ്യബിന്റെയും ഇടയില്‍ നടന്ന കാര്യം അറിഞ്ഞപ്പോള്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖലീഫയെ സഈദ് ഉള്ള സ്ഥലത്തു നിന്നും മാറ്റിനടത്തി. രണ്ടാള്‍ക്കും ഖലീഫയുടെ പാരുഷ്യം അറിയാമായിരുന്നത് കൊണ്ട് റജാഅ് ബിന്‍ ഹയ്‌വ ഖലീഫയെ സംസാരത്തില്‍ നിരതനാക്കിക്കൊണ്ടിരുന്നു. വലീദ് അവരോട് ചോദിച്ചു: ആ ശൈഖ് ആരാണ്? അത് സഈദ് ബിന്‍ മുസയ്യബ് അല്ലേ? അവര്‍ പറഞ്ഞു: അതെ, അമീറുല്‍ മുഅ്മിനീന്‍.

സഈദിന്റെ മതബോധവും അറിവും മഹത്വവും വര്‍ദ്ധിച്ച അളവിലുള്ള ദൈവഭക്തിയേയും സംബന്ധിച്ച് രണ്ടാളും ഖലീഫയോട് വിശേഷിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ സാന്നിധ്യം അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം എഴുന്നേറ്റുവന്ന് സലാം പറയുമായിരുന്നു, പക്ഷെ അദ്ദേഹത്തിന് കാഴ്ച കുറവാണ്.
വലീദ് പറഞ്ഞു: നിങ്ങള്‍ പറയുന്നത് പോലെ അദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് അറിവുള്ളതാണ്. നാമാണ് അദ്ദേഹത്തിന്റെ അടുക്കലെത്തി സലാം പറയേണ്ടത്. അങ്ങിനെ മസ്ജിദില്‍ ചുറ്റിത്തിരിഞ്ഞ് ഖലീഫ അദ്ദേഹത്തിന്റെ അടുക്കലെത്തിയപ്പോള്‍ സലാം പറഞ്ഞുകൊണ്ട് ചോദിച്ചു: ശൈഖ് എന്താണ് വിശേഷം? അവിടെ നിന്നും എഴുന്നേല്‍ക്കാതെ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹം, സ്തുതിയും പ്രകീര്‍ത്തനവും അവന് തന്നെ, അമീറുല്‍ മുഅ്മിനീന് എന്താണ് വിശേഷം? അല്ലാഹുവിന്റെ ഇഷ്ടത്തിലും തൃപ്തിയിലും ചരിക്കാന്‍ അവന്‍ ഉതവി നല്‍കുമാറാകട്ടെ.
ഇദ്ദേഹമാണ് ജനങ്ങളില്‍ ഇനി ബാക്കിയുള്ളത്, ഇദ്ദേഹമാണ് ഈ സമൂഹത്തിലെ മുന്‍ഗാമികളില്‍ ബാക്കിയുള്ളത് എന്ന് പറഞ്ഞുകൊണ്ട് വലീദ് തിരിഞ്ഞുനടന്നു.

സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് ഖിലാഫത് ഏറ്റെടുത്തപ്പോള്‍ റജാഅ് ബിന്‍ ഹയ്‌വയുടെ സ്വാധീനം മുന്‍ഗാമികളിലുള്ളതിനേക്കാള്‍ ഏറെയായിരുന്നു. ചെറുതും വലുതുമായ കാര്യങ്ങളില്‍ റജാഇന്റെ അഭിപ്രായം സ്വീകരിക്കാന്‍ സുലൈമാന്‍ അതീവ തല്‍പരനായിരുന്നു. അദ്ദേഹം റജാഇനെ വളരെയേറെ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു. സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിനോടുള്ള റജാഅ് ബിന്‍ ഹയ്‌വയുടെ നിലപാടുകള്‍ കാര്യശേഷിയുള്ളതും വ്യാപകവുമായിരുന്നു. അതില്‍ ഏറ്റവും ബൃഹത്തായതും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വളരെ നിര്‍ണായകവുമായിരുന്നു ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ യുവരാജാവായി വാഴിക്കണമെന്നുള്ള അദ്ദേഹത്തിന്റെ നിലപാട്. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റജാഅ് ബിന്‍ ഹയ്‌വ – 1
റജാഅ് ബിന്‍ ഹയ്‌വ – 3

Related Articles