Current Date

Search
Close this search box.
Search
Close this search box.

ഓര്‍മകളിലേക്കൊരു തിരിച്ചു നടത്തം

tantawi.jpg

എന്റെ ഓര്‍മകളിലേക്ക് തന്നെ ഞാന്‍ മടങ്ങി വരാം. ഞാന്‍ ചെലവഴിച്ച മണിക്കൂറുകളെ കുറിച്ച് മുമ്പ് ഞാന്‍ ‘ഫില്‍ കുത്താബ്’ല്‍ എഴുതിയിട്ടുണ്ട്. ചില കഥകള്‍ മാത്രമാണ് അതില്‍ നിങ്ങള്‍ വായിച്ചിട്ടുള്ളത്. കോടതിയില്‍ സാക്ഷി സത്യം മാത്രമേ പറയൂ എന്നും സത്യമല്ലാത്തതൊന്നും പറയില്ലെന്നും ശപഥം ചെയ്യാറുണ്ട്. കാരണം, സത്യത്തിന്റെ ഒരു ഭാഗം മാത്രമെടുക്കുമ്പോള്‍ കളവിനോടാണത് കൂടുതല്‍ അടുത്തു നില്‍ക്കുക. ഫില്‍ കുത്താബില്‍ നിങ്ങള്‍ വായിച്ചത് ശരിയാണ്. എന്നാല്‍ സത്യത്തിന്റെ ഭാഗം മാത്രമാണത്.

എന്റെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുള്ള കാര്യങ്ങളാണ് നിങ്ങളതില്‍ വായിച്ചിട്ടുള്ളത്. ഇന്ന് അറുപത്തിയേഴാം വയസ്സിലും ഞാനത് മറന്നിട്ടില്ലെന്ന് നിങ്ങള്‍ ഓര്‍ത്താല്‍ മതി. എന്നാല്‍ അതിന്റെ വേദന ഞാനിന്ന് അനുഭവിക്കുന്നില്ല. ചെറിയ പ്രായത്തിലുള്ള എന്നെ കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളെ കുറിച്ച് പറയുന്ന പോലെയാണ് ഞാന്‍ പറയുക. ആ ഞാനല്ല ഈ ഞാന്‍. ഞാന്‍ തത്വങ്ങള്‍ വിവരിക്കുകയോ കടങ്കഥകളുദ്ധരിക്കുകയോ അല്ല. മറിച്ച് യാഥാര്‍ഥ്യം വിവരിക്കുകയാണ്. എന്റെ ജീവിതത്തില്‍ എന്റെ പേരും വഹിച്ച് എത്രയോ പേര്‍ കടന്നു പോയിട്ടുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞു. കൂട്ടുകാരുടെയും അധ്യാപകരുടെയും അടുക്കല്‍ അതെല്ലാം ‘ഞാന്‍’ തന്നെയാണ്. എന്റെ അനുഭവത്തിലും ചിന്തയിലും വികാരത്തിലും ചിന്തയിലും അതില്‍ ഒന്ന് മാത്രമാണ് ഞാന്‍.

വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങള്‍ എന്നെ ശരിക്കും ബാധിച്ചിരിക്കുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് വിശദീകരിച്ചു തരണമെന്നാണോ നിങ്ങളാഗ്രഹിക്കുന്നത്? ഒരു പാലത്തില്‍ നിന്ന് നിങ്ങള്‍ക്ക് താഴെ ഒഴുകുന്ന വെള്ളത്തെ നിരീക്ഷിച്ചു നോക്കൂ. ഏതെങ്കിലും തുള്ളി അവിടെ നില്‍ക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ? ഓരോ തുള്ളിയും മറ്റൊന്നിനെ തള്ളിക്കൊണ്ടിരിക്കുന്നതല്ലേ കാണുന്നത്? അതില്‍ ഒന്ന് പോകുന്നു, അത് പിന്നെ മടങ്ങി വരുന്നില്ല. അതിന് പുറകെ മറ്റൊന്ന് പോകുന്നു. അതൊരിക്കലും നില്‍ക്കുന്നില്ല. നിരന്തരം പുതിയത് വന്നു കൊണ്ടിരിക്കുകയാണ്. പാലത്തിന് മേല്‍ എത്ര സമയം ഇരുന്നാലും ഒരു തുള്ളിയെ രണ്ട് തവണ കാണാനാവില്ല. അപ്രകാരമാണ് മനുഷ്യനും. അവനും പുതുക്കലിന് വിധേയമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റം നദിക്ക് അതിന്റെ പേരോ സവിശേഷതകളോ നഷ്ടപ്പെടുത്തുന്നില്ല. നൈലിനെയത് ടൈഗ്രീസോ, ടൈഗ്രീസിനെ ബറദയോ, ബറദയെ തേംസ് നദിയോ ആക്കി അത് മാറ്റുന്നില്ല.

അപ്രകാരം മനുഷ്യന്റെ വ്യക്തിത്വവും മാറാതെ നിലനില്‍ക്കുന്നു. സൈദ് അംറായി മാറുകയോ സാലിഹ് ബകറായി മാറുകയോ ചെയ്യുന്നില്ല. ഞാന്‍ നഷ്ടപ്പെടുത്തിയവയെ കണ്ടുമുട്ടുന്നതിന് ആയുസ്സിന്റെ പാതയില്‍ എന്നെ പിന്നോട്ടു നടത്തിച്ച സഹോദരന്‍ സുഹൈറിന് ഞാന്‍ നന്ദി രേഖപ്പെടുത്തുകയാണ്. അവനാണ് ഈ ഓര്‍മക്കുറിപ്പുകളെഴുതാന്‍ എന്നെ നിര്‍ബന്ധിച്ചത്. എനിക്ക് രക്ഷപ്പെടാനാവാത്ത പിടുത്തം അവന്‍ പിടിച്ചു. എന്റെ പുറകെ കര്‍ക്കശക്കാരനായ ഒരു പോലീസുകാരനെ അയക്കുയും ചെയ്തു. ഇബ്‌റാഹീം സര്‍സീഖ് ആയിരുന്നു അത്. നൈര്‍മല്യമുള്ള നാവും നീളവും കരുത്തുമുള്ള കൈകളുമായിരുന്നു അയാളുടെ സവിശേഷത. അവന്റെ നാവു കൊണ്ട് എന്നെ വലിുക്കുകയും കൈകളാല്‍ ചുറ്റിവരിയുകയും ചെയ്തു. എന്റെ നാല്‍പതില്‍, ഞാനും അവരുടെ പ്രായത്തിലായിരുന്നു എങ്കില്‍ അവരിരുവര്‍ക്കും അത് സാധിക്കുമായിരുന്നില്ല. അന്ന് ഞാന്‍ എഴുതിയിരുന്നെങ്കില്‍ ഇന്ന് എഴുതുന്ന പോലെ ആയിരിക്കില്ല അത്.

ഞാന്‍ അന്ന് കടലില്‍ നിന്ന് കോരിയെടുക്കുകയായിരുന്നെങ്കില്‍, ഇന്ന് പാറയില്‍ കൊത്തിയുണ്ടാക്കുകയാണ്. യൗവ്വനത്തിലായിരുന്ന ചിന്തക്ക് വാര്‍ധക്യം ബാധിച്ചു. ചിന്തക്ക് വാര്‍ധക്യം ബാധിക്കില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കരുത്. മത്സരിച്ചോടുന്ന കുതിരയെ പോലെ കടലാസില്‍ ഓടുകയായിരു മുമ്പ് എന്റെ പേന. അതിനൊപ്പം എത്താന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ വാര്‍ധക്യം ബാധിച്ച കുതിരയെ പോലെയായിരുന്നു അത് ഇന്ന്. ആശയങ്ങള്‍ സന്നിഹിതവും പേന അതിന് സജ്ജവുമായിരുന്നു. എന്നാല്‍ കടലാസ് ഇല്ലായിരുന്നു അല്ലെങ്കില്‍ വളരെ കുറവായിരുന്നു. പ്രതിഫലമില്ലാതെ ഞങ്ങള്‍ എഴുതിയിരുന്നു. എന്നാല്‍ പ്രസിദ്ധീകരിക്കാന്‍ ആളില്ലായിരുന്നു. ഇന്ന് പ്രസിദ്ധീകരണങ്ങള്‍ വര്‍ധിക്കുകയും പ്രതിഫലം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ മനസ്സിനും പേനക്കും ഭാരമേറുകയും ഓര്‍മ ക്ഷയിക്കുകയും ചെയ്തിരിക്കുന്നു. വിശപ്പുള്ളപ്പോള്‍ ഞങ്ങള്‍ ആഹാരം അന്വേഷിച്ചിരുന്നു. എന്നാല്‍ ആഹാരം വന്നെത്തിയപ്പോള്‍ അതിനോടുള്ള താല്‍പര്യം ഇല്ലാതായിരിക്കുന്നു.

ഏറ്റവും നല്ല സജ്ജീകരണങ്ങളോടെ ഒരു ഫാക്ടറി സ്ഥാപിക്കുകയും അതില്‍ കഴിവുറ്റ ജോലിക്കാരെ വെക്കുകയും ചെയ്ത് ഏറ്റവും നല്ല ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുകയും എന്നിട്ടത് വാങ്ങാന്‍ ആളെ കിട്ടാതിരിക്കുകയും ചെയ്ത ഒരാളെ പോലെയാണ് ഞാന്‍. അവസാനം ചരക്ക് മുഴുവന്‍ വിറ്റഴിക്കല്‍ വില്‍പന നടത്തി. ജോലിക്കാരെ പിരിച്ചുവിടുകയും ഉപകരണങ്ങള്‍ വില്‍ക്കുകയും ചെയ്യണം. അപ്പോള്‍ വാങ്ങാനായി ആളുകള്‍ മുന്നോട്ടു വന്നിരിക്കുന്നു. (തുടരും)

വിവ: നസീഫ്‌

ഓര്‍മകളിലെ ദമസ്‌കസ്‌

Related Articles