Current Date

Search
Close this search box.
Search
Close this search box.

ഒരു മഹാപണ്ഡിതന്‍ ജനിക്കുന്നു

അടിമത്വത്തില്‍ നിന്നും അനസ് ബിന്‍ മാലിക്(റ) മോചിപ്പിച്ച ശേഷം സീരീന്‍ തന്റെ ദീനിന്റെ പകുതി കൂടി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. വൈദഗ്ദ്യമുള്ള ചെമ്പുപണിക്കാരനായ സീരീനിന് തന്റെ കൈത്തൊഴില്‍ വമ്പിച്ച ലാഭം നല്‍കി തുടങ്ങിയിരുന്നു. അബൂബക്ര്‍(റ)വിന്റെ വിമോചിത അടിമ സ്ത്രീയായ സ്വഫിയ്യയെ ഇണയാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സൗന്ദര്യവും ബുദ്ധിയും സര്‍സ്വഭാവവും ശ്രേഷ്ഠഗുണങ്ങളും ഒത്തിണങ്ങിയ യുവത്വത്തിലേക്ക് കാലൂന്നിയ പെണ്‍കുട്ടിയാണ് സ്വഫിയ്യ. മദീനയിലെ സ്ത്രീകള്‍ക്കിടയില്‍ അവളെ അറിയാവുന്നവര്‍ക്കെല്ലാം പ്രിയങ്കരി. ബുദ്ധി കൂര്‍മതയിലും സല്‍സ്വഭാവത്തിലും അവര്‍ക്കിടയിലെ മാതൃക. റസൂല്‍ (സ)യുടെ പത്‌നിമാര്‍ വിശിഷ്യാ മഹതി ആഇശ(റ) അവളെ ഏറെ ഇഷ്ടപ്പെട്ടു.

അമീറുല്‍ മുഅ്മിനീന്റെ അടുക്കലെത്തിയ സീരീന്‍ വിമോചിത അടിമ സ്ത്രീയായ സ്വഫിയ്യയെ വിവാഹമാലോചിച്ചു. തന്റെ പുത്രിയെ വിവാഹാര്‍ത്ഥന ചെയ്യുന്നവന്റെ അവസ്ഥകള്‍ വാല്‍സല്യ നിധിയായ പിതാവ് അന്വേഷിക്കുന്നത് പോലെ, വിവാഹമാലോചിക്കുന്ന പുരുഷന്റെ മതബോധവും മനോഭാവവും സ്വദ്ദീഖ്(റ) അന്വേഷിച്ചറിഞ്ഞു. അത്ഭുതപ്പെടാനില്ല, പിതൃ മനസ്സില്‍ സന്താനത്തിനുള്ള സ്ഥാനം സ്വഫിയ്യക്ക് അബൂബക്ര്‍(റ)വിന്റെ അടുക്കലുണ്ടായിരുന്നു. തന്നെയുമല്ല, അദ്ദേഹത്തിന്റെ പിരടിയില്‍ അല്ലാഹു കെട്ടിവെച്ച സൂക്ഷിപ്പുസ്വത്തായിരുന്നു അവള്‍. അദ്ദേഹം കൂലങ്കഷമായി സീരിനിന്റെ വൃത്താന്തം തെരഞ്ഞു. അക്കൂട്ടത്തില്‍ അനസ് ബിന്‍ മാലിക് (റ)വിനോടും വിവരമാരാഞ്ഞു.

അനസ്(റ) പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ ഒന്നും ഭയക്കാനില്ല, അദ്ദേഹത്തിന് അവളെ മംഗളം കഴിച്ചു കൊടുക്കൂ, ഞാന്‍ അറിഞ്ഞിടത്തോളം അദ്ദേഹം ശരിയായ മതവിശ്വാസിയും സദ്ഗുണനും ലക്ഷണം തികഞ്ഞ പുരുഷനുമാണ്. സീരീനടക്കം നാല്‍പത് ആളുകളെ, ഐനുത്തംര്‍ പോര്‍ക്കളത്തില്‍ വെച്ച് ഖാലിദ് ബിന്‍ വലീദ് തടവിലാക്കി മദീനയിലേക്ക് കൊണ്ടുവന്നപ്പോള്‍ മുതല്‍ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതാണ്. സീരീന്‍ എന്റെ ഓഹരിയിലായിരുന്നു.
സ്വഫിയ്യയെ സീരീനിന് കെട്ടിച്ചുകൊടുക്കാന്‍ സ്വിദ്ദീഖ്(റ) ഒരുങ്ങി. ദയാലുവായ പിതാവ് പ്രിയപുത്രിയോടെന്ന പോലെ അവള്‍ക്ക് വേണ്ടുന്നത് ചെയ്തുകൊടുക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. അവളുടെ കല്യാണത്തിനായി ഒരുക്കിയത് പോലുള്ള സദസ്സിന് മദീനയിലെ അപൂര്‍വ്വം യുവതികള്‍ക്കേ ഭാഗ്യമുണ്ടായിട്ടുള്ളൂ. ആ വിവാഹത്തില്‍ അനേകം പ്രമുഖ സ്വഹാബികള്‍ ആഗതരായി. ബദ്‌റില്‍ പങ്കെടുത്ത പതിനെട്ടാളുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. റസൂല്‍ തിരുമേനി(സ)യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന ഉബയ്യ് ബിന്‍ കഅ്ബ് അവള്‍ക്കായി നിര്‍വഹിച്ച പ്രാര്‍ത്ഥനക്ക് അവിടെ കൂടിയിരുന്നവര്‍ ആമീന്‍ ചൊല്ലി. ഭര്‍തൃഗൃഹത്തിലേക്ക് അവളെ ഒരുക്കിയയച്ചത് വിശ്വാസികളുടെ മാതാക്കളായ മൂന്ന് മഹതികളായിരുന്നു.

ഈ അനുഗ്രഹീത ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ കുസുമങ്ങളിലൊന്ന് ഇരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ താബിഉകളില്‍ പ്രമുഖനും മുസ്‌ലിംകളില്‍ പ്രധാനിയുമായിത്തീര്‍ന്നു. അതായിരുന്നു മുഹമ്മദ് ബിന്‍ സീരീന്‍.

അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ ഖിലാഫത്തിന്റെ അവസാന രണ്ട് വര്‍ഷങ്ങളിലായിരുന്നു മുഹമ്മദ് ബിന്‍ സീരീനിന്റെ ജനനം. മുഴുകോണുകളിലും ആത്മനിയന്ത്രണവും ദൈവഭക്തിയും സുഗന്ധ പൂരിതമാക്കിയ ഭവനത്തിലാണ് അദ്ദേഹം വളര്‍ന്നുവന്നത്. വിദഗ്ദനും സ്ഥിരോല്‍സാഹിയുമായ ആ കുട്ടി പ്രായപൂര്‍ത്തിയോട് അടുത്തപ്പോള്‍, സൈദ് ബിന്‍ സാബിത്, അനസ് ബിന്‍ മാലിക്, ഉംറാന്‍ ബിന്‍ ഹുസൈ്വന്‍, അബ്ദുല്ലാ ബിന്‍ ഉമര്‍, അബ്ദുല്ലാ ബിന്‍ അബ്ബാസ്, അബ്ദുല്ലാ ബിന്‍ സുബൈര്‍, അബൂ ഹുറൈറ പോലുള്ള മുതിര്‍ന്ന സ്വഹാബികളും താബിഉകളും സാന്നിദ്ധ്യം കൊണ്ട് അലംകൃതമാക്കിയ മസ്ജിദുന്നബിയെ സംബന്ധിച്ച് അദ്ദേഹം അറിഞ്ഞു. ദാഹമുള്ളവന്‍ നീരുറവ് കണ്ടാലെന്ന പോലെ, അദ്ദേഹം അവര്‍ക്കരികിലെത്തി. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും ദീനിലും ഹദീസുകളിലുമുള്ള അവരുടെ ആഴത്തിലുള്ള അറിവിന്റെ ഉറവയില്‍ നിന്നും അദ്ദേഹം ദാഹം തീര്‍ത്തു. അത് അദ്ദേഹത്തിന്റെ ബുദ്ധിയെ യുക്തിയും ജ്ഞാനവും കൊണ്ട് നിറച്ചു, ഒപ്പം മനസ്സിനെ നന്മകളും സന്‍മാര്‍ഗവും കൊണ്ടും. പിന്നീട് ഈ കുടുംബം സവിശേഷ ഗുണങ്ങള്‍ക്കുടമായായ യുവാവിനോടൊപ്പം ബസ്വറയില്‍ പോയി താമസമാക്കി.

ബസ്വറാ നഗരം അന്ന് നവകന്യകയാണ്. ഫാറൂഖ്(റ)വിന്റെ ഖിലാഫത്തിന്റെ അന്ത്യത്തിലാണ് മുസ്‌ലിംകള്‍ അതിന്റെ രൂപരേഖ വരച്ചത്. അക്കാലഘട്ടത്തിലെ മുസ്‌ലിം സമൂഹത്തിന്റെ എല്ലാ സവിശേഷതകളെയുമത് പ്രതിനിധീകരിച്ചിരുന്നു. ദൈവിക മാര്‍ഗത്തിലെ പോരാളികളായ മുസ്‌ലിം സൈന്യത്തിന്റെ താവളവും, ഇറാഖില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും അല്ലാഹുവിന്റെ മതമുള്‍ക്കൊണ്ട് വരുന്നവര്‍ക്ക് വിജ്ഞാനവും ദിശയും നല്‍കുന്ന കേന്ദ്രങ്ങളിലൊന്നും അവിടമായിരുന്നു. എന്നെന്നും ജീവിക്കുന്നവനെ പോലെ അശ്രാന്ത പരിശ്രമം നടത്തുകയും അതേസമയം നാളെ മരിക്കാനിരിക്കുന്നവനെ പോലെ പരലോകത്തിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന മുസ്‌ലിം സമൂഹത്തിന്റെ ചിത്രമാണത്.

മുഹമ്മദ് ബിന്‍ സീരീനിന്റെ ബസ്വറയിലെ പുതിയ ജീവിതം രണ്ട് മാര്‍ഗത്തിലൂടെയായിരുന്നു. പകലിന്റെ ഒരു ഭാഗം അറിവിനും ആരാധനക്കും, മറുഭാഗം തൊഴിലിനും കച്ചവടത്തിനും. പ്രഭാതോദയത്തില്‍ ലോകം രക്ഷിതാവിന്റെ പ്രകാശത്തില്‍ ഉദിച്ചു പൊങ്ങുമ്പോള്‍ പഠിപ്പിക്കാനും പഠിക്കാനുമായി അദ്ദേഹം ബസ്വറയിലെ മസ്ജിദിലേക്ക് പോകും. പകലുണരുമ്പോള്‍ വാങ്ങാനും വില്‍ക്കാനുമായി മസ്ജിദില്‍ നിന്നും മാര്‍ക്കറ്റിലേക്ക് നടക്കും. ഭുവനത്തില്‍ നിശീഥിനി കരിമ്പടം പുതക്കുമ്പോള്‍ ഭവനത്തിലെ ധ്യാനകേന്ദ്രത്തില്‍ അദ്ദേഹം ആരാധനക്കായി അണിനില്‍ക്കും, ഖുര്‍ആനിക ശകലങ്ങള്‍ക്ക് മുമ്പില്‍ മുതുക് വളക്കും. കണ്ണും ഖല്‍ബും കാരുണ്യവാന്റെ കരുണയ്ക്കു മുമ്പില്‍ നിറഞ്ഞുതുളുമ്പും. ഹൃദയനാളി പൊട്ടുമാറുള്ള തേങ്ങല്‍ കേട്ട് അടുത്ത ബന്ധുക്കളും അയല്‍ക്കാരും സങ്കടപ്പെടും. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

മുഹമ്മദ് ബിന്‍ സീരീന്‍ -2

Related Articles