Current Date

Search
Close this search box.
Search
Close this search box.

ഉര്‍വത് ബിന്‍ സുബൈര്‍ -1

urvath.jpg

പ്രദോഷ സൂര്യന്‍ അതിന്റെ പൊന്‍കിരണങ്ങള്‍ കൊണ്ട് പരിശുദ്ധ ഭവനത്തെ പൊതിഞ്ഞ സമയം. കഅ്ബാലയത്തിന്റെ വിശാല മുറ്റത്ത് മന്ദമാരുതന്‍ പതിയെ പരിമളം വിടര്‍ത്തിയിരിക്കുന്നു. പ്രവാചക സഖാക്കളിലും, താബിഉകളിലും പെട്ട പ്രമുഖര്‍ ചുറ്റും ത്വവാഫ് ചെയ്യുന്നുണ്ട്. അവരുടെ തഹ്‌ലീലുകളും, തക്ബീറുകളും കൊണ്ട് അവിടമാകെ സുഗന്ധം പരന്നിരിക്കുന്നു. അന്തരീക്ഷമെങ്ങും പ്രാര്‍ത്ഥനാ മുഖരിതമാണ്.

ത്വവാഫിന് ശേഷം ജനങ്ങള്‍ കഅ്ബക്ക് ചുറ്റും കൂട്ടം കൂട്ടമായി ഇരുന്നു. അതിന്റെ വെട്ടിത്തിളങ്ങുന്ന ശോഭയില്‍ അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. കുറ്റകരമല്ലാത്ത, അനാവശ്യം കലരാത്ത വര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുന്നു അവര്‍.

ത്വവാഫിന് തുടക്കം കുറിക്കുന്ന റുക്‌നുല്‍ യമാനിയില്‍ നാല് യുവാക്കള്‍ ഇരിക്കുന്നു. ഓജസ്സുള്ള അവരുടെ മുഖങ്ങള്‍ ആഢ്യത്വം വിളിച്ചറിയിക്കുന്നുണ്ട്. അവര്‍ പൂശിയ വിലകൂടിയ സുഗന്ധം കുലീനതയെ അറിയിക്കുന്നു. വസ്ത്രത്തിന്റെ വെളുത്ത നിറവും, ഹൃദയത്തിന്റെ ഇണക്കവും കണ്ടാല്‍ പള്ളിയിലെ പ്രാവുകളാണെന്ന് തോന്നിപ്പോവും.

അബ്ദുല്ലാഹ് ബിന്‍ സുബൈര്‍, സഹോദരന്‍ മുസ്അബ് ബിന്‍ സുബൈര്‍, അവരുടെ സഹോദരന്‍ ഉര്‍വത് ബിന്‍ സുബൈര്‍, പിന്നെ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍(റ) എന്നിവരായിരുന്നു ആ നാലു പേര്‍. നന്മ കാംക്ഷിക്കുന്ന ആ യുവ സംഘം വളരെ ശാന്തമായ ചര്‍ച്ചയിലായിരുന്നു. അതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു ‘നമുക്കെല്ലാവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലെ അവരവരുടെ സ്വപ്‌നങ്ങള്‍ പങ്ക് വെക്കാം.’

അവര്‍ തങ്ങളുടെ ഭാവനകളെ കെട്ടഴിച്ച് വിട്ടു. വിശാലമായ അദൃശ്യലോകത്ത് അവ വട്ടമിട്ട് പറന്നു തുടങ്ങി. പച്ചപുതച്ച സ്വപ്‌നപ്പൂന്തോപ്പില്‍ അവ പാറിക്കളിക്കുകയാണ്. അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) പറഞ്ഞു.

‘ഹിജാസിന്റെ അധികാരം കയ്യില്‍വരികയും അവിടത്തെ ഖിലാഫത്ത് ഏറ്റെടുക്കുകയും ചെയ്യുന്നതാണ് എന്റെ സ്വപ്നം’.
സഹോദരന്‍ മുസ്അബ്(റ) പറഞ്ഞു ‘കൂഫയും ബസറയും കീഴ്‌പെടുത്തണമെന്നും, അവിടെ പ്രതിയോഗിയില്ലാതെ വാഴണമെന്നുമാണ് എന്റെ ആഗ്രഹം’.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ പറഞ്ഞു ‘നിങ്ങള്‍ രണ്ട് പേരും അവ കൊണ്ട് തൃപ്തരാവുമെങ്കില്‍ ഞാന്‍ ലോകം മുഴുന്‍ കീഴ്‌പെടുത്തിയാലെ തൃപ്തനാവൂ. മുആവിയക്ക് ശേഷം ഖിലാഫത്ത് നേടണമെന്നതാണ് എന്റെ അഭിലാഷം.’

ഉര്‍വത് ബിന്‍ സുബൈര്‍(റ) മൗനിയായി നിശ്ബദനായി ഇരിക്കുകയാണ്. കൂട്ടുകാര്‍ അദ്ദേഹത്തോട് ചോദിച്ചു ‘അല്ലയോ ഉര്‍വ എന്താണ് താങ്കളുടെ സ്വപ്നം?’

‘നിങ്ങള്‍ സ്വപ്‌നം കണ്ട ഇഹലോക നേട്ടങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. കര്‍മനിരതനായ ഒരു പണ്ഡിതനാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ എന്നില്‍ നിന്നും അവരുടെ നാഥന്റെ വേദവും, പ്രവാചക സുന്നത്തും, ദീനീ നിയമങ്ങളും പഠിക്കണമെന്നാണ് എന്റെ ആശ. അല്ലാഹുവിന്റെ തൃപ്തി മുഖേന എനിക്ക് പരലോകത്ത് വിജയിയാകാമല്ലോ. അത് മുഖേനെ എനിക്ക് സ്വര്‍ഗം ലഭിക്കുമല്ലോ.

കാലം കുറെ കഴിഞ്ഞ് പോയി. യസീദ് ബിന്‍ മുആവിയക്ക് ശേഷം ഹിജാസ്, ഈജിപ്ത്, യമന്‍, ഖുറാസാന്‍, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളില്‍ അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടു. ശേഷം പരിശുദ്ധ കഅ്ബാലയത്തിന്റെ തൊട്ടടുത്ത് വെച്ച് അദ്ദേഹം ആഗ്രഹിച്ചത് പോലെ രക്തസാക്ഷിത്വം വരിച്ചു.
സഹോദരന്റെ നിര്യാണത്തെ തുടര്‍ന്ന് അബ്ദുല്ലാഹ് ബിന്‍ സുബൈര്‍ അധികാരമേറ്റു. അദ്ദേഹവും അധികാരവുമായി ബന്ധപ്പെട്ട പ്രശന്ത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു.

തന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അബ്ദുല്‍ മലിക് ബിന്‍ മര്‍വാനും ഖിലാഫത്ത് ലഭിച്ചു. അബ്ദുല്ലാഹ് ബിന്‍ സുബൈറും, സഹോദരന്‍ മുസ്അബും കൊല്ലപ്പെട്ടതിന് ശേഷം മുഴുവന്‍ മുസ്‌ലിങ്ങളുടെയും ഖലീഫയായി അവരോധിതനായി. തന്റെ കാലത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണാധികാരിയായി അദ്ദേഹം അധികാരത്തില്‍ വാണു.

എന്നാല്‍ ഉര്‍വത് ബിന്‍ സുബൈറോ?

ഉമര്‍(റ)ന്റെ ഖിലാഫത്ത് അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹത്തിന്റെ ജനനം. മുസലിങ്ങളിലെ കുലീന കുടുംബത്തിലാണ് പിറന്നത്. പ്രവാചക സതീര്‍ത്ഥനായ സുബൈര്‍ ബിന്‍ അവാം(റ) ആണ് പിതാവ്. ഇസ്‌ലാമിന് വേണ്ടി ആദ്യമായി വാളൂരിയത് അദ്ദേഹമായിരുന്നു. സ്വര്‍ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. ഇരട്ടപ്പട്ടക്കാരിയെന്ന് അറിയപ്പെട്ട അസ്മാഅ് ബിന്‍ത് അബീബക്ര്‍ ആണ് ഉര്‍വയുടെ മാതാവ്. മാതാമഹന്‍ ഒന്നാം ഖലീഫ അബൂബക്ര്‍(റ), പിതാമഹി പ്രവാചകന്റെ അമ്മായിയായിരുന്ന സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്തലിബ്. മാതൃസഹോദരി പ്രവാചക പത്‌നി ആഇശ(റ)യും. അവരെ ഖബ്‌റടക്കിയപ്പോള്‍ അദ്ദേഹമാണ് ഖബ്‌റില്‍ ഇറങ്ങി, കൈകൊണ്ട് കുഴിയില്‍ അവരെ ശരിയാക്കി വെച്ചത് അദ്ദേഹമായിരുന്നു. എത്ര മഹത്തരമായ സ്ഥാനം!

കഅ്ബക്കരികിലരുന്ന് വിശദീകരിച്ച തന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് വേണ്ടി ഉര്‍വത് കച്ചമുറുക്കി. വിജ്ഞാനസമ്പാദനത്തിന്നായി ഒഴിഞ്ഞിരുന്നു. അവശേഷിക്കുന്ന പ്രവാചക സഖാക്കളെ അതിന്നായി ഉപയോഗപ്പെടുത്തി. അവരുടെ വീടുകളില്‍ ചെന്നിരുന്ന്, പിന്നില്‍ നമസ്‌കരിച്ച്, സദസ്സുകളില്‍ പങ്കെടുത്ത് അദ്ദേഹം പാണ്ഡിത്യത്തിലേക്ക് ചുവട് വെച്ചു. അലി ബിന്‍ അബീത്വാലിബ്, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്, സൈദ് ബിന്‍ സാബിത്, അബൂ അയ്യൂബുല്‍ അന്‍സ്വാരി, ഉസാമ ബിന്‍ സൈദ്, സഈദ് ബിന്‍ സൈദ്, അബൂ ഹുറൈറ, ഇബ്‌നു അബ്ബാസ്, നുഅ്മാന്‍ ബിന്‍ ബഷീര്‍(റ) തുടങ്ങിയരില്‍ നിന്ന് അദ്ദേഹം വിജ്ഞാനം നുകര്‍ന്നു.

തന്റെ ഭാര്യാ സഹോദരിയായ ആഇശ(റ)യില്‍ നിന്നും ധാരാളം വിജ്ഞാനം നേടി. മുസ്‌ലിങ്ങള്‍ തങ്ങളുടെ ദീനീ സംശയങ്ങള്‍ ചോദിക്കുന്ന മദീനയിലെ പ്രഗല്‍ഭരായ ഏഴ് പണ്ഡിതരില്‍ ഒരാളായി അറിയപ്പെട്ടു. സല്‍ക്കര്‍മികളായ ഭരണാധികാരികള്‍ തങ്ങളുടെ ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സഹായം തേടി.

വലീദ് ബിന്‍ അബ്ദുല്‍ മലികിന്റെ ഗവര്‍ണറായി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് മദീനയിലെത്തിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന് അഭിവാദ്യം നേര്‍ന്ന് ചുറ്റും കൂടി. അദ്ദേഹം ളുഹ്ര്‍ നമസ്‌കാരത്തിന് ശേഷം അവിടത്തെ പത്ത് പണ്ഡിതന്മാരെ വിളിച്ച് കൂട്ടി. അവരുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത് ഉര്‍വത് ബിന്‍ സുബൈര്‍(റ) ആയിരുന്നു. അവരെത്തിയപ്പോള്‍ അദ്ദേഹമവരെ അഭിവാദ്യം ചെയ്തു. അവരെ ആദരിച്ചു സദസ്സിലിരുത്തി. പിന്നീട് അല്ലാഹുവിനെ സ്തുതിച്ച് സംസാരം തുടങ്ങി.

‘നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ ക്ഷണിച്ചിരിക്കുന്നത്. സത്യത്തിന്റെ മേല്‍ നിങ്ങളെന്റെ സഹായികളാവണം. നിങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ ഞാനൊരു തീരുമാനവും എടുക്കുകയില്ല. ഒരാള്‍ മറ്റൊരാളെ അതിക്രമിക്കുന്നത് നിങ്ങള്‍ കണ്ടാല്‍, അല്ലെങ്കില്‍ എന്റെ ഉദ്യോഗസ്ഥന്‍ അക്രമം പ്രവര്‍ത്തിച്ചതായി അറിഞ്ഞാല്‍ എന്നെ അറിയിക്കണമെന്ന് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന് നന്മ വരുത്താന്‍ ഉര്‍വത്(റ) പ്രാര്‍ത്ഥിച്ചു. സന്മാര്‍ഗവും, സുബദ്ധതയും അല്ലാഹു അദ്ദേഹത്തിന് നല്‍കുമെന്ന് പ്രത്യാശിച്ചു.

ഉര്‍വത് കര്‍മവും വിജ്ഞാനവും യോജിപ്പിച്ച പണ്ഡിതനായിരുന്നു. നോമ്പനുഷ്ഠിക്കുകയും, എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നാവ് സദാസമയവും ദൈവസ്മരണയില്‍ മുഴുകി. ഖുര്‍ആന്റെ കൂട്ടുകാരനായിരുന്ന അദ്ദേഹം അത് വായിക്കുന്നതിന് വേണ്ടി തപസ്സിരിക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും ഖുര്‍ആന്റെ നാലിലൊന്ന് കണ്ട് കൊണ്ട് പാരായണം ചെയ്യും. ശേഷം മനപാഠമാക്കിയത് പാരായണം ചെയ്ത് രാത്രി നമസ്‌കാരം നിര്‍വഹിക്കും. യുവത്വത്തിന് ശേഷം ജീവിതത്തില്‍ ഒരിക്കല്‍ പോലും ആ പതിവ് അദ്ദേഹമുപേക്ഷിച്ചില്ല. നമസ്‌കാരത്തിലായിരുന്നു അദ്ദേഹത്തിന് സ്വസ്ഥത ലഭിച്ചിരുന്നത്. പ്രാര്‍ത്ഥന അദ്ദേഹത്തിന്ന് കണ്‍കുളിര്‍മയേകി. അത് മുഖേനെ അദ്ദേഹം ഭൂമിയില്‍ സ്വര്‍ഗം ഒരുക്കി. ഏറ്റവും കുറ്റമറ്റ വിധത്തില്‍, പൂര്‍ണമായി, സുദീര്‍ഘമായി അദ്ദേഹം നമസ്‌കാരം നിര്‍വഹിച്ചു.

വളരെ ചുരുക്കി നമസ്‌കരിക്കുന്ന ഒരാളെ ഉര്‍വത് കാണാനിടയായി. നമസ്‌കാരം പൂര്‍ത്തിയാക്കിയ ഉടനെ അയാളെ അടുത്തേക്ക് വിളിച്ചു പറഞ്ഞു ‘സഹോദരാ, നിനക്ക് അല്ലാഹുവിന്റെ അടുത്ത് ഒരാവശ്യവും ഉണ്ടായിരുന്നില്ലേ? അല്ലാഹുവാണ, ഞാന്‍ നമസ്‌കാരത്തിലാണ് അല്ലാഹുവോട് എല്ലാകാര്യവും ചോദിക്കുന്നത്. എനിക്ക് ആവശ്യമുള്ള ഉപ്പ് വരെ.’

കയ്യയച്ച് ദാനം ചെയ്യാറുണ്ടായിരുന്ന വളരെ ഉദാരനായിരുന്നു ഉര്‍വ. മദീനയിലെ ഏറ്റവും ഉത്തമമായ ഒരു തോട്ടമുണ്ടായിരുന്നു അദ്ദേഹത്തിന്. മധുരിതമായ വെള്ളം, കുളിര്‍മയേകുന്ന തണല്‍, തേനൂറുന്ന ഈത്തപ്പനക്കുലകള്‍ ………

എല്ലാവര്‍ഷവും അദ്ദേഹം തന്റെ പൂന്തോട്ടത്തിന് ചുറ്റും മതില്‍ കെട്ടാറുണ്ടായിരുന്നു അദ്ദേഹം. കന്നുകാലികളില്‍ നിന്നും ഈത്തപ്പനകളെ സംരക്ഷിക്കാനായിരുന്നു അത്. ശേഷം ഈത്തപ്പന കുലച്ചാല്‍, പഴം പാകമാവുകയും സ്വാദിഷ്ടമാവുകയും ചെയ്താല്‍, എല്ലാവരും അവ ആഗ്രഹിക്കുന്ന ആ സമയത്ത് അതിന്റെ മതില്‍ അദ്ദേഹം പൊളിക്കും. ജനങ്ങള്‍ അതില്‍ കയറി വേണ്ടുവോളം ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യും. ആവശ്യമുള്ളത് ശേഖരിച്ച് വീട്ടിലേക്ക് കൊണ്ട് പോകും. തന്റെ തോട്ടത്തിലേക്ക് കയറുമ്പോഴൊക്കെ സൂറത്തുല്‍ കഹ്ഫിലെ ഈ വചനം ഉരുവിടാറുണ്ടായിരുന്നു ”നീ നിന്റെ തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കിങ്ങനെ പറഞ്ഞുകൂടായിരുന്നോ: ഇത് അല്ലാഹു ഇച്ഛിച്ചതാണ്. അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും സ്വാധീനവും ഇല്ല.’ (അല്‍ കഹ്ഫ് 39)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

ഉര്‍വത് ബിന്‍ സുബൈര്‍ -2
ഉര്‍വത് ബിന്‍ സുബൈര്‍ -3

 

Related Articles