Current Date

Search
Close this search box.
Search
Close this search box.

ഉമ്മു ഹറാം ബിന്‍ത് മില്‍ഹാന്‍ : കടലില്‍ വീരമൃത്യു വരിച്ചവള്‍

കരയില്‍ വാഴ്ത്തപ്പെട്ടവള്‍, കടലില്‍ രക്തസാക്ഷിയായവള്‍, സ്വര്‍ഗത്തോപ്പുകള്‍ കാണാന്‍ അതിയായി മോഹിച്ചവള്‍. ഈ വിശേഷണങ്ങള്‍ക്കെല്ലാം ഒരേയൊരവകാശി മാത്രം, മില്‍ഹാന്റെ പുത്രി ഉമ്മു ഹറാം. തന്നെയുമല്ല, ഇസ്‌ലാമിലെ പ്രമുഖ വനിതകള്‍ക്കിടയില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്നവരില്‍ ഒരാള്‍, നബിതിരുമേനി മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് മുമ്പ് തന്നെ പരസ്യമായി ഇസ്‌ലാമിലേക്ക് കടന്നുവന്ന അന്‍സ്വാരി സ്ത്രീജനങ്ങളില്‍ ആദ്യകൂട്ടത്തിലുള്ളവള്‍, അംറ് ബിന്‍ ഖൈസിന്റെ പത്‌നി, ഖൈസ് ബിന്‍ സൈദിന്റെ ഉമ്മ. ഭര്‍ത്താവും പുത്രനും ഉഹ്ദിലെ രക്തസാക്ഷികള്‍. പിന്നീട് ഉമ്മു ഹറാമിനെ വിവാഹം ചെയ്തത് ഉബാദത് ബിന്‍ സ്വാമിത്(റ). എഴുപത് അന്‍സ്വാരികളൊന്നിച്ച് അഖബയില്‍ പ്രവാചകനെ സന്ധിച്ചതും തുടര്‍ന്ന് ഖസ്‌റജ് ഗോത്രത്തില്‍ നിന്ന് നബി തിരുമേനി തിരഞ്ഞെടുത്ത പന്ത്രണ്ട് നിരീക്ഷകരില്‍ സ്ഥാനം പിടിച്ചതും ഇതേ ഉബാദയായിരുന്നു. ബദറടക്കം എല്ലാ പോരാട്ടഭൂമിയിലും റസൂല്‍(സ)നോടൊപ്പം പങ്കെടുത്ത ബഹുമതിയും ഉബാദയ്ക്കുണ്ട്. അനസ് ബിന്‍ മാലിക്(റ)വിന്റെ മാതൃസഹോദരിയും, മില്‍ഹാന്‍ ബിന്‍ ഖാലിദിന്റെ പുത്രന്‍മാരായ ഹറാം, സുലൈം എന്നീ ധീര രക്തസാക്ഷികളുടെ സഹോദരിയുമാണ് ഉമ്മു ഹറാം.

ബദ്‌റിലും ഉഹുദിലും പങ്കെടുത്ത ഈ രണ്ട് സഹോദരങ്ങളും ബിഅ്ര്‍ മഊന യുദ്ധക്കളത്തില്‍ കൊലചെയ്യപ്പെട്ടു. നല്ലൊരു കുതിരപ്പടയാളിയും കവിയുമായിരുന്ന ഹറാം ബിന്‍ മില്‍ഹാനെ, കത്തുമായി റസൂല്‍(സ) ആമിര്‍ ഗോത്രനേതാവായിരുന്ന ആമിര്‍ ബിന്‍ ത്വുഫൈലിന്റെ അടുക്കലേക്ക് അയച്ചതായിരുന്നു. കത്ത് തുറന്നുനോക്കുക പോലും ചെയ്യാതെ അയാള്‍ ഹറാം(റ)വിനെ കൊന്നുകളഞ്ഞു.

ഉമ്മു ഹറാമിനെ നബി(സ) ബഹുമാനിച്ചിരുന്നു. നബി അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ചില ചരിത്രപണ്ഡിതരുടെ അഭിപ്രായത്തില്‍ നബി തിരുമേനിയുടെ മുലകുടി ബന്ധത്തിലെ മാതൃസഹോദരിയാണ് ഉമ്മു ഹറാം. മറ്റുചിലരുടെ അഭിപ്രായത്തില്‍ നബിയുടെ പിതാവിന്റെയോ, പിതാമഹന്റെയോ മാതൃസഹോദരിയാണ്. കാരണം, അബ്ദുല്‍ മുത്വലിബിന്റെ മാതാവ് ബനൂ നജ്ജാര്‍ ഗോത്രക്കാരിയായിരുന്നു. തന്നെ സന്ദര്‍ശിച്ചിരുന്ന നബി തിരുമേനിക്കായി സമയം മാറ്റിവെച്ചുവെന്നതും, ശുദ്ധമായ മനസ്സും കറയില്ലാത്ത ഈമാനും നിഷ്‌കളങ്കമായ ആരാധനകളും ഉമ്മു ഹറാമിന്റെ യശസ്സുയര്‍ത്തി. ഈ സംഗതികളാണ് ഇവരില്‍ സ്വര്‍ഗ്ഗീയ മോഹം വളര്‍ത്തിയത്. ദൈവമാര്‍ഗ്ഗത്തില്‍ ജീവാര്‍പ്പണം ചെയ്യാനുള്ള ഉല്‍ക്കടമായ ആഗ്രഹം പൂവണിയാന്‍ പ്രാര്‍ത്ഥിക്കണമെന്ന് നബി(സ)യോട് അവര്‍ അപേക്ഷിക്കാറുണ്ടായിരുന്നു. നബി തിരുമേനിയുടെ പ്രാര്‍ത്ഥന ലഭിച്ചതോടെ ഉമ്മു ഹറാം അതിരറ്റ് സന്തോഷിച്ചു. മനസ്സിന്റെ അകത്തളങ്ങളില്‍ രക്തസാക്ഷിയുടെ രൂപവും പ്രതിഷ്ഠിച്ച്, പ്രതീക്ഷയോടെ രാത്രികള്‍ കഴിച്ചുകൂട്ടി.

അല്ലാഹു എന്ന അത്യുന്നതനായ ആത്മമിത്രത്തിന്റെ അടുക്കലേക്ക് റസൂല്‍(സ) യാത്രയായി. ഖുലഫാഉ റാഷിദയുടെ കാലഘട്ടം വന്നെത്തിയപ്പോള്‍ വലിയ യുദ്ധവിജയങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം നേടിയെടുത്തു. വിശിഷ്യാ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ ഭരണകാലത്ത് യുദ്ധവിജയങ്ങളുടെ പരമ്പര തന്നെയുണ്ടായി. ഹിജ്‌റ 27ല്‍ മുആവിയ(റ) ഖുബ്‌റുസ് (cyprus)ല്‍ നാവിക യുദ്ധത്തിലേര്‍പ്പെടുമ്പോള്‍, ഭര്‍ത്താവായ ഉബാദ(റ)വിനോടൊപ്പം ഉമ്മു ഹറാം(റ)യും പുറപ്പെട്ടിരുന്നു. കൊഴിഞ്ഞുപോയ വര്‍ഷങ്ങളിലെ സ്മൃതികളാണ് അവരെ അവിടേക്കെത്തിച്ചത്. ‘ഉമ്മു ഹറാം കടല്‍ പോരാട്ടത്തിലേര്‍പ്പെടുമെന്നും ശഹാദത്ത് വരിക്കുമെന്നും’ പ്രവാചകന്‍(സ) സന്തോഷവാര്‍ത്ത അറിയിച്ചത് അവര്‍ ഓര്‍ത്തു. അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു. ഉമൈര്‍ ബിന്‍ അസ്‌വദ് അന്‍സി പറയുന്നത് കേള്‍ക്കുക: ‘ഹിംസ്വിലെ കടലോരത്തുള്ള ഒരു കെട്ടിടത്തില്‍ ഉബാദത് ബിന്‍ സ്വാമിതും ഭാര്യയായ ഉമ്മു ഹറാമും ഇരിക്കുമ്പോള്‍ ഞങ്ങള്‍ അവിടേക്ക് കടന്നുചെന്നു. അപ്പോള്‍ ഉമ്മു ഹറാം(റ) റസൂല്‍(സ)യെ ഉദ്ദരിച്ചു പറഞ്ഞു, എന്റെ സമൂഹത്തില്‍ ആദ്യമായി നാവിക യുദ്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമായിരിക്കുന്നു. ഉമ്മു ഹറാം ചോദിച്ചു: പ്രവാചകരേ അക്കൂട്ടത്തില്‍ ഞാനുണ്ടാകുമോ? തിരുമേനി പ്രതിവചിച്ചു: അക്കുട്ടത്തില്‍ നീയുമുണ്ടാകും’. (ബുഖാരി)

അനസ്(റ) മാതൃസഹോദരി ഉമ്മു ഹറാമിന്റെ മരണത്തെ സംബന്ധിച്ച് വിശദീകരിക്കുന്നു: ഒരിക്കല്‍ റസൂല്‍(സ) മില്‍ഹാന്റെ പുത്രിയുടെ അടുക്കലെത്തി. അവിടെ ചാരിയിരുന്ന നബി തിരുമേനി കുറച്ച് കഴിഞ്ഞപ്പോള്‍ ചിരിച്ചു. ഉമ്മു ഹറാം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് അങ്ങ് ചിരിക്കുന്നത്. നബി തിരുമേനി മൊഴിഞ്ഞു: എന്റെ സമുദായത്തിലെ ചിലര്‍ ദൈവമാര്‍ഗത്തില്‍ മെഡിറ്ററേനിയന്‍ കടലിലൂടെ സഞ്ചരിക്കുന്നു. സിംഹാസനാരൂഢരായ രാജാക്കന്‍മാരെ പോലെയാണ് യാനപാത്രങ്ങളില്‍ അവരുടെ ഇരുത്തം. അപ്പോള്‍ ഉമ്മു ഹറാം ആവശ്യപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, അക്കൂട്ടത്തില്‍ ഞാനും ഉള്‍പ്പെടാന്‍ പ്രാര്‍ത്ഥിച്ചാലും. ഉടന്‍ പ്രവാചകന്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, ഉമ്മു ഹറാമിനെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാലും. അല്‍പ സമയം കഴിഞ്ഞു നബി തിരുമേനി വീണ്ടും ചിരിച്ചു. ഉമ്മു ഹറാം ചോദിച്ചു: അത് പോലെ വേറെ എന്തെങ്കിലും?
നബി അരുളി: അത് പോലുള്ളത് തന്നെ. ഉമ്മു ഹറാം ആവശ്യപ്പെട്ടു: അക്കൂട്ടത്തിലും എന്നെ ഉള്‍പ്പെടുത്താന്‍ പ്രാര്‍ത്ഥിച്ചാലും.
നബി തിരുമേനി പറഞ്ഞു: നീ ആദ്യ സംഘത്തിലാണ്, അവസാനത്തേതില്‍ ഉണ്ടാവില്ല.

പിന്നീട് സംഭവിച്ചത് അനസ്(റ) പറയുന്നു: ഉബാദത് ബിന്‍ സ്വാമിതിനെ വിവാഹം ചെയ്ത ഉമ്മു ഹറാം(റ) അബൂ സുഫ്‌യാന്റെ പുത്രന്‍ മുആവിയയുടെ ഭാര്യ ഫാഖിത ബിന്‍ത് ഖുറള്വയോടൊപ്പം കടല്‍ മാര്‍ഗം യാത്ര ചെയ്യുകയായിരുന്നു. യാത്രയില്‍ വാഹനത്തില്‍ നിന്ന് വീണ് ഉമ്മു ഹറാം(റ) മരണം വരിച്ചു. മില്‍ഹാന്റെ പുത്രിയെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ!

Related Articles