Current Date

Search
Close this search box.
Search
Close this search box.

ഉമ്മു വറഖയുടെ ഇബാദത്തും ഖുര്‍ആന്‍ മനഃപാഠവും

ഇസ്‌ലാമിക ചരിത്രത്തില്‍ മനോഹരമായ താളുകള്‍ ആലേഘനം ചെയ്ത അന്‍സ്വാരീ വനിതകളില്‍ ഉമ്മു വറഖയുണ്ട്. വളരെ മുന്നേ ഇസ്‌ലാം സ്വീകരിച്ച് പ്രവാചകനോട് അനുസരണ പ്രതിജ്ഞ ചെയ്ത അവര്‍ നബി വചനങ്ങള്‍ നിവേദനം ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തിലെ മഹതികളില്‍ ഒരുവള്‍, ശ്രേഷ്ഠ മുസ്‌ലിം സ്ത്രീ ജനങ്ങളിലെ ഒരംഗം എന്നൊക്കെ ഉമ്മു വറഖയെ വിശേഷിപ്പിക്കാം.

അല്ലാഹുവിന്റെ ഗ്രന്ഥത്തോടുള്ള സ്‌നേഹത്തില്‍ വളര്‍ന്നു വന്ന അവര്‍ ഇരപകലുകളിലെ യാമങ്ങളിലും ഓരങ്ങളിലും അതിലെ വചനങ്ങള്‍ വായിച്ച് നിര്‍വൃതി  കൊണ്ടു. അങ്ങിനെ മഹനീയ ഉപാസകരില്‍ ഉള്‍പ്പെട്ടു. ഖുര്‍ആനിന്റെ മികവുറ്റ വായനക്കാരി എന്നത് പോലെ അതിന്റെ അര്‍ത്ഥ തലങ്ങളെ സംബന്ധിച്ച് ആഴത്തില്‍ ചിന്തിക്കുകയും ഖുര്‍ആന്‍ പഠനത്തിനും മനഃപാഠത്തിനും അതീവ പ്രാധാന്യം നല്‍കുകയും ചെയ്തു. എണ്ണമറ്റ നമസ്‌കാരത്തിലൂടെയും മറ്റ് ആരാധനകളിലൂടെയും അവര്‍ പ്രസിദ്ധയായിത്തീര്‍ന്നു.

പ്രവാചക തിരുമേനി ഉമ്മു വറഖയുടെ സ്ഥാനം തിരിച്ചറിയുകയും അവരുടെ ഖുര്‍ആന്‍ മനഃപാഠ വൈദഗ്ദ്ധ്യത്തെ വിലമതിക്കുകയും ചെയ്തിരുന്നു. വീട്ടില്‍ തന്നെ നമസ്‌കാരം നിര്‍വഹിക്കാന്‍ നബി തിരുമേനി അവരോട് നിര്‍ദേശിച്ചിരുന്നു.

ദൈവിക മാര്‍ഗത്തിലെ ധര്‍മ സമരത്തിനും രക്തസാക്ഷിത്വത്തിനുമുള്ള താത്പര്യത്തെ സംബന്ധിച്ച് ഉമ്മു വറഖഃ(റ) നമ്മോട് സംസാരിക്കുന്നത് കേള്‍ക്കുക.
നബി(സ) ബദ്‌റിലേക്ക് തിരിച്ചപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടു: ദൈവദൂതരേ, അങ്ങയുടെ കൂടെ പോരാട്ട ഭൂമിയിലേക്ക് തിരിക്കാന്‍ അനുമതി ലഭിക്കുമെങ്കില്‍ രോഗികളെ ഞാന്‍ ശുശ്രൂഷിച്ചുകൊള്ളാം, അല്ലാഹു എനിക്കും ശഹാദത്ത് നല്‍കിയേക്കാം. തിരുമേനി പറഞ്ഞു: വീട്ടില്‍ ഇരുന്നോളൂ. അല്ലാഹു നിനക്ക് ശഹാദത്ത് നല്‍കുന്നതാണ്. റസൂല്‍(സ)യെ അനുസരിക്കല്‍ നിര്‍ബന്ധമാണല്ലോ, ആരാധയിത്രിയും പ്രവാചകാനുചരയുമായ ഉമ്മു വറഖഃ കല്‍പന മാനിച്ച് വീട്ടിലേക്ക് മടങ്ങി.

‘വീട്ടില്‍ ഇരുന്നോളൂ. അല്ലാഹു നിനക്ക് ശഹാദത്ത് നല്‍കുന്നതാണ്’ എന്ന തിരുവചനത്തിന്റെ പേരില്‍ രക്തസാക്ഷിയെന്ന സുഗന്ധ പൂരിത നാമത്തില്‍ ഉമ്മു വറഖഃ(റ) ജീവിച്ചിരുന്നപ്പോള്‍ തന്നെ  അറിയപ്പെട്ടു. ഉസുദുല്‍ ഗാബ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുല്‍ അഥീര്‍ പ്രതിപാദിക്കുന്നു: ഉമ്മു വറഖയെ സന്ദര്‍ശിക്കാനായി നബി തിരുമേനി ഒരുങ്ങുമ്പോള്‍ ആദരണീയരായ കുറച്ച് അനുചരരും ഒപ്പംകൂടും. ‘നമുക്ക് പോയി രക്തസാക്ഷിയെ കണ്ടുവരാം’ എന്നായിരുന്നു തിരുമേനി അവരോട് പറയാറുണ്ടായിരുന്നത്.

ജീവിത കാലം മുഴുവന്‍ അല്ലാഹുവിന്റെ അതിരടയാളങ്ങളെ സംരക്ഷിച്ചു കൊണ്ട് കഴിഞ്ഞു കൂടുമ്പോളും റസൂല്‍(സ) അറിയിച്ച സന്തോഷ വര്‍ത്തമാനം പുലരുന്നതും കാത്തിരിക്കുകയായിരുന്നു ഉമ്മു വറഖയെന്ന ബഹുമാന്യ സ്വഹാബീ വനിത.

റസൂല്‍(സ) അല്ലാഹുവിലേക്ക് യാത്രയായി. അബൂബക്ര്‍ (റ)വിന്റെ  കാലഘട്ടം വന്നു ചേര്‍ന്നു. ജീവിതത്തില്‍ മുമ്പുണ്ടായിരുന്നതിലേറെ ഇബാദത്തിലും തഖ്‌വയിലുമായി ഉമ്മു വറഖഃ കഴിഞ്ഞു കൂടി. ഉമര്‍ (റ)വിന്റെ കാലഘട്ടത്തില്‍ അദ്ധേഹം നബി(സ)യെ അനുധാവനം ചെയ്ത് ഉമ്മു വറഖയെ സന്ദര്‍ശിക്കുകയും വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്യാറുണ്ടായിറുന്നു.

ഉമ്മു വറഖയ്ക്ക് ഒരു അടിമ സ്ത്രീയും പുരുഷനും ഉണ്ടായിരുന്നു. തന്റെ മരണാനന്തരം അവര്‍ മോചിതരാണെന്ന് ഉമ്മു വറഖഃ വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു. നേരത്തേ മോചിതരാകണം എന്ന് ലക്ഷ്യത്തില്‍ ഉമ്മു വറഖയെ കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അന്ന് രാത്രി ഈ അടിമകള്‍ ഉമ്മു വറഖയെ ബോധരഹിതയാക്കി കൊന്നു കളഞ്ഞതിനു ശേഷം ഓടി രക്ഷപ്പെട്ടു. സുബ്ഹിയായപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ, ഇന്നലെ രാത്രി എന്റെ എളാമ്മയായ ഉമ്മു വറഖയുടെ പാരായണം കേട്ടില്ലല്ലോ?

അദ്ദേഹം വീട്ടില്‍ കടന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല… അതാ, വീടിന്റെ ഒരു ഭാഗത്ത്  ഉമ്മു വറഖയെ പായയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു: അല്ലാഹുവും റസൂലും സത്യം പറഞ്ഞിരിക്കുന്നു. പിന്നീട് അദ്ദേഹം മിമ്പറില്‍ കയറി പറഞ്ഞു: ആ രണ്ടാളെയും ഹാജരാക്കൂ. രണ്ടാളെയും പിടികൂടി കുരിശില്‍ തറച്ചു. മദീനയില്‍ ആദ്യമായി ക്രൂശിച്ചത് ഇവരെയായിരുന്നു.
ഉമ്മു വറഖയെ അല്ലാഹു എല്ലാ നിലയിലും അനുഗ്രഹിക്കട്ടെ.

Related Articles