Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് അധികാരമേല്‍ക്കുന്നു

മുന്‍ഗാമിയായ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലികിന്റെ ഖബറടക്കം കഴിഞ്ഞ് കൈയ്യിലെ മണ്ണ് കുടഞ്ഞു കളയും മുമ്പേ, ചുറ്റിലുമുള്ള ഭൂമി പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലുള്ള ശബ്ദം കേട്ട അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ചോദിച്ചു: എന്താണത്?
ആരോ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ക്ക് സഞ്ചരിക്കാന്‍ തയ്യാറാക്കപ്പെട്ട രാജരഥമാണത്.
കണ്‍കോണ്‍ കൊണ്ട് അതിനെ ഒന്ന് നോക്കിയ അദ്ദേഹം ക്ഷീണിച്ച ശബ്ദത്തില്‍ ഉറക്കച്ചടവോടെ ചോദിച്ചു : എന്തിനാണ് എനിക്കിത്? അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ,  ഇത് ഇവിടെ നിന്നും മാറ്റൂ, എന്റെ കോവര്‍ കഴുതയെ കൊണ്ടുവരൂ, അത് തന്നെ ആവശ്യത്തിന് മതിയായതാണ്.
അനന്തരം തന്റെ കോവര്‍ കഴുതപ്പുറത്ത് അദ്ദേഹം കയറിപ്പോള്‍ പോലീസ് മേധാവി മുമ്പിലും കൂടെയുള്ളവര്‍ തിളങ്ങുന്ന ആയുധങ്ങളുമായി ഇരുവശത്തും അണിനിരന്നു. അദ്ദേഹം അവരോട് പറഞ്ഞു: എനിക്ക് നിങ്ങളുടെ അകമ്പടി ആവശ്യമില്ല, ഞാന്‍ മുസ്‌ലിംകളിലൊരുവന്‍ മാത്രമാണ്. അവരുടെ പോക്കുവരവ് പോലെയാണ് എന്റെ സഞ്ചാരവും. ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം ജനങ്ങളൊന്നിച്ച് മസ്ജിദിലേക്ക് നടന്നു.

നമസ്‌കാരത്തിനായുള്ള വിളിയുയര്‍ന്നപ്പോള്‍. നാനാ ഭാഗത്തു നിന്നും ജനം മസ്ജിദിലേക്ക് ഒഴുകി. ആളുകള്‍ അണിനിരന്നപ്പോള്‍ അദ്ദേഹം പ്രഭാഷണത്തിനായി എഴുന്നേറ്റു. അല്ലാഹുവിനെ പുകഴ്ത്തുകയും വാഴ്ത്തുകയും ചെയ്തു, നബി തിരുമേനിയുടെ മേല്‍ സ്വലാത്തുകള്‍ അര്‍പ്പിച്ചു, ശേഷം പറഞ്ഞു: ജനങ്ങളേ, വിശ്വാസികളോട് കൂടിയാലോചിക്കാതെയാണ് എനിക്കിഷ്ടമില്ലാത്ത ഈ ഉത്തരവാദിത്വം എന്നില്‍ അര്‍പ്പിക്കപ്പെട്ടത്. എന്നോട് അനുസരണ പ്രതിജ്ഞ ചെയ്യുന്നതില്‍ നിന്നും നിങ്ങളെ ഞാനിതാ ഒഴിവാക്കുന്നു, നിങ്ങള്‍ക്ക് താത്പര്യമുള്ള ഖലീഫയെ തെരഞ്ഞടുക്കാം.

ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, ഞങ്ങള്‍ക്ക് അങ്ങയെ മതി, താങ്കളെ ഞങ്ങള്‍ തെരഞ്ഞെടുക്കുന്നു, വിജയാശംസകള്‍ നേരുന്നു, ശുഭപ്രതീക്ഷയോടെ ഉത്തരവാദിത്വം ഏറ്റെടുത്താലും.

ശബ്ദഘോഷങ്ങള്‍ അടങ്ങിയപ്പോള്‍ അദ്ദേഹം വീണ്ടും അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു, ദൈവദൂതരുടെ മേല്‍ സ്വലാത്തുകള്‍ ചൊരിഞ്ഞു. ദൈവഭക്തി പുലര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. അവരെ ഭൗതിക വിരക്തരാക്കി, പരലോകത്തെ സംബന്ധിച്ച് അവബോധം നല്‍കി. കടുത്ത മനസ്സുകളെ പോലും അലിയിപ്പിക്കുന്ന, കണ്ണുകളെ ഈറനണിയിപ്പിക്കുന്ന ശൈലിയില്‍ മരണത്തെ ഓര്‍മിപ്പിച്ചു. മനസ്സില്‍ നിന്നും പ്രവഹിച്ച വാക്കുകള്‍ ശ്രോതാക്കളുടെ നെഞ്ചകങ്ങളിലേക്ക് തറച്ചു കയറുകയായിരുന്നു. എല്ലാവരും കേള്‍ക്കാനായി, തളര്‍ന്ന ശബ്ദം അല്‍പം ഉയര്‍ത്തി അദ്ദേഹം പറഞ്ഞു: ജനങ്ങളേ, അല്ലാഹുവിനോട് അനുസരണശീലമുള്ളവനെ മാത്രം അനുസരിച്ചാല്‍ മതി. അല്ലാഹുവിനെ ധിക്കരിക്കുന്നവന് ആരും കീഴ്‌പ്പെടേണ്ടതില്ല. ജനങ്ങളേ, നിങ്ങളുടെ വിഷയത്തില്‍ ഞാന്‍ അല്ലാഹുവിന് വഴങ്ങുമ്പോള്‍ മാത്രം നിങ്ങള്‍ എന്റെ ആജ്ഞാനുവര്‍ത്തികളാകൂ. ഞാന്‍ അല്ലാഹുവിന് എതിര് കാണിച്ചാല്‍ നിങ്ങള്‍ എന്റെ നിയന്ത്രണത്തിന് വിധേയരാകേണ്ടതില്ല.

ഖലീഫയുടെ മരണത്തോടെ നിരന്തര തിരക്കിലായിരുന്ന അദ്ദേഹത്തിന് അല്‍പം വിശ്രമിക്കണമായിരുന്നു. മിമ്പറില്‍ നിന്നും ഇറങ്ങി അദ്ദേഹം വീട്ടിലേക്ക് തിരിച്ചു, മുറിക്കുള്ളില്‍ കടന്നു. കിടക്കയിലേക്ക് ചാഞ്ഞതും, പതിനേഴുകാരനായ പുത്രന്‍ അബ്ദുല്‍ മലിക് വന്നു ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ എന്ത് ചെയ്യാന്‍ പോകുന്നു?

പിതാവ് : കുഞ്ഞേ, അല്‍പം ഉറങ്ങണം , തീരെ ആവതില്ല.
പുത്രന്‍ : ന്യായവിരുദ്ധമായ സ്വത്തുക്കള്‍ അവകാശികള്‍ക്ക് മടക്കിക്കൊടുക്കും മുമ്പേ ഉറങ്ങുകയോ!
പിതാവ് : മോനേ, നിന്റെ എളാപ്പ സുലൈമാന്റെ മരണം കാരണമായി ഇന്നലെ ഞാന്‍ ഉറങ്ങിയിട്ടില്ല. ഇന്‍ശാ അല്ലാഹ്, ള്വുഹര്‍ നമസ്‌കാരം ജനങ്ങളോടൊന്നിച്ചായിരിക്കും. അത് കഴിഞ്ഞാല്‍ ന്യായമല്ലാത്ത വസ്തുക്കള്‍ അവകാശികള്‍ക്ക് തിരിച്ചു കൊടുക്കാം.
പുത്രന്‍ : അമീറുല്‍ മുഅ്മിനീന്‍, ള്വുഹര്‍ വരെ ജീവിച്ചിരിക്കുമെന്ന് ആരാണ് താങ്കള്‍ക്ക് ആരാണ് ഉറപ്പ് തന്നത്.

ഈ വാക്കുകള്‍ ഉമറിനെ തളര്‍ത്തി, കണ്ണുകളില്‍ നിന്നും ഉറക്കം പോയി. അവശ ശരീരത്തിലേക്ക് ശക്തിയും ഊര്‍ജസ്വലതയും ആവാഹിച്ചെടുത്തു. അദ്ദേഹം പറഞ്ഞു: മോനേ, അടുത്തേക്ക് വരൂ. പുത്രനെ അണച്ചുകൂട്ടി നയനങ്ങള്‍ക്കിടയില്‍ ചുംബനം അര്‍പ്പിച്ചു കൊണ്ട് പറഞ്ഞു : മതകാര്യത്തില്‍ എന്നെ സഹായിക്കുന്ന ഒരു പുത്രനെ നല്‍കിയ നാഥാ, നിനക്ക് സ്തുതി.
കിടക്കയില്‍ നിന്നും അദ്ദേഹം എഴുന്നേറ്റു. ‘അവകാശം ലഭിക്കാനുള്ളവര്‍ അന്യായം ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടുള്ള വിളംബരം പുറപ്പെടുവിക്കാന്‍ ആജ്ഞ നല്‍കി.
പിതാവിനെ ആരാധനയുടെയും വിരക്തിയുടെയും വഴിയിലെത്തിച്ചത് അബ്ദുല്‍ മലിക് എന്ന ഈ പുത്രനാണെന്നാണ് ജനസംസാരം. സദ്‌വൃത്തനായ ഈ യുവാവിന്റെ കഥ വിശദമായി പിന്നീട് മനസ്സിലാക്കാം. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 2
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് – 3

Related Articles