Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നീതിക്കുമുമ്പില്‍ ഞാനിതാ തലകുനിക്കുന്നു!

സ്വിഫ്ഫീനിലേക്കുള്ള നിശാപ്രയാണത്തിനിടെ ഖലീഫ അലി(റ)വിന്റെ പടയങ്കി നഷ്ടപ്പെടുകയുണ്ടായി. അദ്ദേഹം തന്റെ ഐഡന്റിറ്റിയുടെയും പ്രതാപത്തിന്റെയും ഭാഗമായിട്ട് സൂക്ഷിച്ചിരുന്ന പടയങ്കിയായിരുന്നു അത്. പിന്നീട് കൂഫയിലെ അങ്ങാടിയില്‍ പടയങ്കി വില്‍ക്കാനായി കൊണ്ടുവന്ന ഒരു ദിമ്മിയുടെ കയ്യില്‍ അത് കണ്ടു. കണ്ട മാത്രയില്‍ അത് എന്റേതാണെന്ന് അലി(റ) തിരിച്ചറിഞ്ഞു.
‘ഇത് എന്റെ പടയങ്കിയാണ്, ഇന്ന രാത്രിയില്‍ ഇന്ന സ്ഥലത്ത് വെച്ച് എന്റെ ഒട്ടകപ്പുറത്ത് നിന്നും വീണതാണ് ഇത്’ -ഖലീഫ അലി(റ) ദിമ്മിയോട് പറഞ്ഞു.
അല്ല, എന്റെ കയ്യിലുള്ള ഈ പടയങ്കി എന്റേതാണ്- ദിമ്മി പ്രതികരിച്ചു.
എന്റെ ഈ പടയങ്കി നിങ്ങളുടെ കയ്യിലെത്തും വരെ ഒരാള്‍ക്കും ഞാന്‍ വിറ്റിറ്റിട്ടില്ല, ദാനമായും കൊടുത്തിട്ടില്ല.-അലി (റ) പറഞ്ഞു.
-ഈ പ്രശ്‌നത്തില്‍ നമുക്ക് ഖാദി ശുറൈഹിന്റെ വിധി തേടാം എന്ന് ദിമ്മി പറഞ്ഞപ്പോള്‍ ‘നീ നീതി പാലിച്ചു, നമുക്ക് അദ്ദേഹത്തിന്റെയടുത്തേക്ക് പോകാം എന്ന് അലി(റ) വൈമനസ്യം കൂടാതെ സമ്മതിച്ചു.

ഖാദി ശുറൈഹിന്റെയടുത്ത് പ്രശ്‌നം എത്തിയപ്പോള്‍ അമീറുല്‍ മുഅ്മിനീന്‍! താങ്കളുടെ പ്രശ്‌നം എന്താണെന്ന് വിവരിക്കാന്‍ അദ്ദേഹം അലി(റ)യോട് ആവശ്യപ്പെട്ടു.
‘ഇന്ന രാത്രി ഇന്ന സ്ഥലത്ത് വെച്ചു എന്റെ പടയങ്കി നഷ്ടപ്പെട്ടിരുന്നു. അത് ഞാനൊരാള്‍ക്കും വില്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ ഇത് ഇദ്ദേഹത്തിന്റെ കയ്യില്‍ കാണുന്നു’- അലി പറഞ്ഞു.
പിന്നീട് ശുറൈഹ് ദിമ്മിക്കു നേരെ തിരിഞ്ഞു ചോദിച്ചു : ‘താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
‘എന്റെ കയ്യിലുള്ള ഈ പടയങ്കി എന്റേതാണ്. അമീറുല്‍ മുഅ്മിനീന്‍ കളവു പറയുകയാണെന്ന് ഞാന്‍ ആരോപിക്കുകയില്ല’- ദിമ്മി പറഞ്ഞു.
ശുറൈഹ് അലി(റ)വിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു : അമീറുല്‍ മുഅ്മിനീന്‍! താങ്കള്‍ പറഞ്ഞത് സത്യമാണെന്നതില്‍ എനിക്ക് സംശയമില്ല, ഈ പടയങ്കി താങ്കളുടേത് തന്നെയാണ്. എന്നാല്‍ താങ്കളുടെ വാദത്തിന്റെ സ്വീകാര്യതക്കായി രണ്ട് സാക്ഷികളെ കൊണ്ടു വരണം.
അതെ,  എന്റെ അടിമ ഖന്‍ബറും എന്റെ മകന്‍ ഹസനും എന്റെ സാക്ഷികളാണ്്-അലി (റ) പറഞ്ഞു.
ഉടന്‍ ശുറൈഹ് പറഞ്ഞു: ‘ഉപ്പക്കു വേണ്ടിയുള്ള മകന്റെ സാക്ഷ്യം അനുവദനീയമല്ല, അമീര്‍!
അലി(റ) പറഞ്ഞു : സുബ്ഹാനല്ലാഹ്, സ്വര്‍ഗാവകാശികളില്‍ പെട്ട വ്യക്തിയുടെ സാക്ഷ്യം അനുവദനീയമല്ലെന്നോ!! ‘സ്വര്‍ഗത്തിലെ യുവനേതാക്കന്മാരാണ് ഹസനും ഹുസൈനുമെന്ന’ പ്രവാചക വചനം താങ്കള്‍ കേട്ടിട്ടില്ലേ…..

‘അതൊക്കെ ശരി തന്നെ, പക്ഷെ ഉപ്പക്കു മകന്‍ സാക്ഷിയാകുക എന്നത് ഞാന്‍ അനുവദിക്കില്ല, – ശുറൈഹ് തന്റെ നിലപാട് വ്യക്തമാക്കി.
-അലി(റ) ദിമ്മിയിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു : ‘ അത് നീ എടുത്തോ, എന്റെയടുത്ത് മറ്റൊരു സാക്ഷിയുമില്ല.
-ദിമ്മി പറഞ്ഞു : അമീറുല്‍ മുഅ്മിനീന്‍! ഈ പടയങ്കി താങ്കളുടേതാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ‘അല്ലാഹുവാണെ സത്യം..എന്റെ വിഷയത്തില്‍ അമീറുല്‍ മുഅ്മിനീന്‍ ഖാദിയുടെ മുമ്പില്‍ വിധി തേടുന്നു. എനിക്കനുകൂലമായും അദ്ദേഹത്തിനെതിരായും ഖാദി വിധി പ്രഖ്യാപിക്കുന്നു. സത്യത്തില്‍ നിലകൊള്ളുന്ന ദീനാണ് ഇത് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞാനിതാ ഇസ്‌ലാമിക നീതിക്കുമുമ്പില്‍ തലകുനിക്കുന്നു.  അല്ലാഹു അല്ലാതെ ഇലാഹ് ഇല്ല എന്നും മുഹമ്മദ് നബി അവന്റെ ദൂതനുമാണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
‘ അല്ലയോ ഖാദി, ഈ പടയങ്കി അമീറുല്‍ മുഅ്മിനീന്റെ പടയങ്കിയാണ്. അദ്ദേഹം സ്വിഫ്ഫീനിലേക്ക് പുറപ്പെടുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ ഒട്ടകപ്പുറത്ത് നിന്ന് പടയങ്കി താഴെ വീണപ്പോള്‍ ഞാന്‍ അത് എടുത്തതാണ്’ – ദിമ്മി കൂട്ടിച്ചേര്‍ത്തു
ഉടനെ അലി(റ) അദ്ദേഹത്തോട് പറഞ്ഞു : താങ്കള്‍ ഇപ്പോള്‍ ഇസ്‌ലാമാശ്ലേഷിച്ചിരിക്കുകയാണല്ലോ…ഈ പടയങ്കി താങ്കള്‍ക്ക് ഞാനിതാ ദാനമായി നല്‍കുന്നു. ഇതോടൊപ്പം ഈ കുതിരയെ കൂടി താങ്കള്‍ എടുത്തുകൊള്ളുക!
സംഭവം കഴിഞ്ഞു കുറച്ചു നാളുകള്‍ക്ക് ശേഷം അദ്ദേഹം അലി(റ) വിന്റെ പിന്നിലണിനിരന്നു കൊണ്ട് ഖവാരിജുകളോട് യുദ്ധം ചെയ്യുകയും രക്തസാക്ഷ്യം വരിക്കുകയും ചെയ്തു.

ഖാദി ശുറൈഹിന്റെ മകന്‍ ഒരിക്കല്‍ മറ്റൊരാളുമായി തര്‍ക്കത്തിലായി. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കണോ അതോ രഞ്ജിപ്പ് (സുല്‍ഹ്) ഉണ്ടാക്കണോ എന്ന് സംശയമായി. ‘പ്രശ്‌നം കോടതിയില്‍ എത്തിയാല്‍ വിധി എനിക്കനുകൂലമാകുമോ അതോ പ്രതികൂലമാകുമോ? താങ്കളുടെ ന്യായബോധം എന്തായിരിക്കും?’ മകന്‍ പിതാവിനോട് ചോദിച്ചു. ‘എനിക്ക് അനുകൂലമാണെങ്കില്‍ കോടതിയില്‍ പോകാം, അല്ലെങ്കില്‍ ‘സുല്‍ഹ്’ ആവാം’ മകന്റെ വിശദീകരണം. ‘കോടതിയില്‍ പോകുന്നതാവും നല്ലത്.’ കുടുംബകോടതിയുടെ തീര്‍പ്പ്. മകന്‍ വേഗം കൂട്ടുകാരെ കണ്ട് നമുക്ക് കോടതിയെ സമീപിക്കാം എന്ന് അവരെ ബോധ്യപ്പെടുത്തി.
 
കേസുവാദം പൂര്‍ത്തിയായപ്പോള്‍ ഖാദി ശുറൈഹ് മകനെതിരെ വിധി പ്രസ്താവിച്ചു.
 
അന്നു രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പിതാവിനോട് മകന്‍: ‘ഉപ്പാ, നിങ്ങളല്ലേ എന്നോട് കോടതിയില്‍ പോകാന്‍ പറഞ്ഞത്. എന്നിട്ടിപ്പോള്‍…?’
 
പിതാവ് മകനെ അരികിലിരുത്തി പറഞ്ഞു: ‘ലോകത്തെ മറ്റേതൊരാളേക്കാളും എനിക്കിഷ്ടം നിന്നെയാണ്. നിന്നെ ഞാന്‍ അതിരറ്റ് സ്‌നേഹിക്കുന്നു. എന്നാല്‍, അല്ലാഹുവിന്റെ ഇഷ്ടം നേടുന്ന കാര്യം വരുമ്പോള്‍ അവിടെ നീ ഒന്നുമല്ല മകനേ. വിധി നിനക്കെതിരാകും എന്ന് ഞാന്‍ കാലെക്കൂട്ടി പറഞ്ഞിരുന്നെങ്കില്‍ നീ രഞ്ജിപ്പിന് പോകും. അതാവട്ടെ എതിര്‍കക്ഷിയുടെ അവകാശം ഒത്തുതീര്‍പ്പെന്ന നിലക്ക് നിന്റെ ഓഹരിയില്‍ വന്നു ചേരാനിടയാകും. അപരന്റെ മുതല്‍ കൈപറ്റുന്നത് അല്ലാഹുവിനിഷ്ടമല്ല. ആ ഇഷ്ടക്കേട് നീ സമ്പാദിച്ചുകൂടാ. അതിനാലാണ് കോടതിയില്‍ പോകാന്‍ ഞാന്‍ പറഞ്ഞത്’ ശുറൈഹ് വിശദീകരിച്ചു.

മകനെ ജയിലിലയച്ചുകൊണ്ട് ഖാദി ശുറൈഹ് പുറപ്പെടുവിച്ച ഒരു ഉത്തരവ് ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ശുറൈഹിന്റെ മകനെ ജാമ്യം നിര്‍ത്തി ഒരാള്‍ പരോളിലിറങ്ങിയിരുന്നു. അയാള്‍ മുങ്ങി. നിശ്ചിത ദിവസമായിട്ടും പ്രതി ഹാജാരായില്ല. ഖാദി ശുറൈഹ് ജാമ്യക്കാരനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ഉത്തരവിട്ടു. ആ മകന് ഭക്ഷണവുമായി പിതാവ് ശുറൈഹ് നിത്യവും ജയില്‍ കവാടത്തിലെത്തുമായിരുന്നു. ശുറൈഹിന്റെ നീതിബോധത്തിന് മുമ്പില്‍ എല്ലാവരും സമം.

സമൂഹത്തിലെ മുഴുവനാളുകളോടും ഗുണകാംക്ഷയോടെ വര്‍ത്തിച്ച ചരിത്രമേ ശുറൈഹിനുണ്ടായിരുന്നുള്ളൂ. ഒരു സ്‌നേഹിതന്‍ തന്നെ വിഷമിപ്പിച്ചുവെന്ന പരാതിയുമായി ഖാദി ശുറൈഹിന്റെയടുത്ത്  ചെന്നയാളെ അടുത്തേക്ക് വിളിച്ച് ചേര്‍ത്തുപുടിച്ച് അദ്ദേഹം പറഞ്ഞു. ‘പ്രിയ സഹോദരാ, അല്ലാഹുവല്ലാത്തവരോട് പരാതി പറയുന്നതിനെ നീ കരുതിയിരിക്കുക. അത് സുഹൃത്തിനോടായാലും ശത്രുവോടായാലും. സുഹൃത്താണെങ്കില്‍ അതവനില്‍ ദുഖമുണ്ടാക്കും. ശത്രുവാണെങ്കില്‍ അവന്‍ നിന്നെ കളിയാക്കിച്ചിരിക്കും’. എന്നിട്ട് തന്റെ ഒരു കണ്ണിലേക്ക് ചൂണ്ടിയിട്ട് ശുറൈഹ് പറഞ്ഞു. ‘പതിനഞ്ചു വര്‍ഷമായി എനിക്കീ കണ്ണിന്റെകാഴ്ച നഷ്ടപ്പെട്ടിട്ട്. ഈ നിമിഷം ഇക്കാര്യം നിങ്ങളോടു പറഞ്ഞുവെന്നല്ലാതെ ഞാനൊരാളോടും അതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. യഅ്ഖൂബ് നബി നടത്തിയ പ്രാര്‍ത്ഥന താങ്കള്‍ക്കറിയില്ലെ -എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്- (യൂസുഫ്. 87). നിന്നെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും അല്ലാഹുവിനു മുന്നില്‍ മാത്രമാക്കുക. ഉത്തരവാദിത്തം നിറവേറ്റാനും പ്രാര്‍ത്ഥനക്കുത്തരം നല്‍കാനും ഏറ്റവും കഴിവുള്ളവനും അവനത്രെ’.

ഒരിക്കല്‍ ഒരാള്‍ മറ്റൊരാളോട് സഹായിക്കാന്‍ വേണ്ടി യാചിക്കുന്ന ഘട്ടത്തില്‍ ശുറൈഹ് പറഞ്ഞു. ‘സഹോദരാ, ഒരാവശ്യത്തിന് താങ്കള്‍ മറ്റൊരാളെ സമീപിച്ചാല്‍ അത് താങ്കളുടെ മനസില്‍ അസ്വസ്ഥത സൃഷ്ടിക്കും. അഥവാ ആ ആവശ്യം നിറവേറ്റപ്പെട്ടാല്‍ അത് നിറവേറ്റിയവന്റെ മുന്നില്‍ ഓഛാനിച്ചു നില്‍ക്കേണ്ടി വരും. അഥവാ ആ ആവശ്യം നിറവേറ്റപ്പെട്ടിട്ടില്ലെങ്കില്‍ രണ്ടു പേരും നിന്ദ്യരാകും. ഒരാള്‍ പിശുക്കിന്റെ പേരിലും മറ്റെയാള്‍ ആവശ്യം നിരാകരിക്കപ്പെട്ടതിന്റെ പേരിലും. അതിനാല്‍ ചോദിക്കുമ്പോള്‍ പടച്ചവനോട് ചോദിക്കുക. സഹായമഭ്യര്‍ത്ഥിക്കുന്നെങ്കില്‍ അതും പടച്ചവനോടാക്കുക. അവനല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല’.

ഇതിനൊക്കെ പുറമെ അദ്ദേഹം മികച്ച ഒരു കവി കൂടിയായിരുന്നു. ആസ്വദ്യകരവും നര്‍മ്മം കലര്‍ന്നതുമായ കവിതകള്‍ അദ്ദേഹം രചിച്ചിരുന്നു. അതിലൊന്ന് തന്റ പത്തു വയസുള്ള അല്‍പം വികൃതിയുള്ള മകനെ കാണാതായപ്പോള്‍ എഴുതിയ കവിതയാണ്. മകന്‍ വിദ്യാലയത്തില്‍ പോകാതെ സുഹൃത്തുക്കളുമൊത്ത് നായ്ക്കളെ വേട്ടയാടാന്‍ പോയി നമസ്‌ക്കരിക്കാതെ തിരിച്ചു വന്നപ്പോള്‍ അദ്ദേഹം ഒരു പേപ്പറില്‍ കാര്യങ്ങള്‍ തമാശകലര്‍ത്തി കവിതാരൂപത്തില്‍ ഉസ്താദിന് കൊടുത്തയച്ചു.

നീതിയുടെ കാവലാളായി അറുപത് വര്‍ഷം ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് സത്യത്തിന്റെ സല്‍പാന്ഥാവില്‍ ജീവിച്ച മഹാനായിരുന്നു ഖാദി ശുറൈഹ്. അനീതയെ പൊറുപ്പിക്കാത്ത, നീതി നടപ്പിലാക്കുന്നിടത്ത് രാജാവെന്നോ പൊതുജനമെന്നോ വിവേചനം കാണിക്കാതെ മാതൃക കാണിച്ച ഖാദി ശുറൈഹ്, പ്രകാശപൂരിതമായ ഒരു ചരിത്രം നമുക്കായി സമ്മാനിച്ചാണ് ദൈവത്തിങ്കലേക്ക് യാത്രയായത്.
(അവസാനിച്ചു)

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 
ഖാദി ശുറൈഹ് : നീതിയുടെ തിരുനെറ്റിയില്‍ ഉദിച്ച പ്രകാശബിന്ദു – 1

Related Articles