Current Date

Search
Close this search box.
Search
Close this search box.

ഇരട്ട അരപ്പട്ടക്കാരി അസ്മാഅ് ബിന്‍ത് അബീ ബക്ര്‍

വൈവിധ്യമാര്‍ന്ന ബഹുമതികള്‍ വാരിക്കൂട്ടിയ സ്വഹാബി വനിതയാണിവര്‍. പിതാവ് സ്വഹാബി, പിതാമഹന്‍ സ്വഹാബി, സഹോദരി സ്വഹാബിയ്യഃ, ഭര്‍ത്താവ് സ്വഹാബി, പുത്രന്‍ സ്വഹാബി. ബഹുമതിക്ക് ഇത് തന്നെ ധാരാളം. സ്വിദ്ദീഖ് എന്നറിയപ്പെട്ട അബൂബക്‌റാണ് പിതാവ്. പിതാമഹന്‍ അബൂ അതീഖ്. സഹോദരി ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ. ഭര്‍ത്താവ് പ്രവാചക സേവകനായ സുബൈര്‍ ബിന്‍ അവാം. പുത്രന്‍ അബ്ദുല്ലാ ബിന്‍ സുബൈര്‍.

അറിവും അന്തസ്സും ആഭിജാത്യവും കുലമഹിമയും കൊടുകുത്തിവാണ കുലത്തിലായിരുന്നു ജനനം. ഉമ്മയായ ഖതീല ബിന്‍ത് അബ്ദില്‍ ഉസ്സയെ ജാഹിലിയ്യാ കാലഘട്ടത്തില്‍ അബൂബക്ര്‍(റ) വിവാഹം ചെയ്തു. അസ്മാഅ്, അബ്ദുല്ല എന്നീ സന്താനങ്ങള്‍ ഈ ബന്ധത്തിലുണ്ടായതാണ്. ഇസ്‌ലാമിന് മുമ്പ് തന്നെ അദ്ദേഹം ഇവരെ വിവാഹ മോചനം ചെയ്തു. മക്കാ വിജയ ശേഷമാണ് ഇവര്‍ ഇസ്‌ലാം സ്വീകരിച്ചത്.

ഇസ്‌ലാമിന്റെ ഉദയവും കുതിപ്പും കണ്ട അസ്മാഅ് പിതാവിനോടൊപ്പം നിന്ന് മുശ്‌രിക്കുകളുടെ പീഠനം സഹിച്ചു ജീവിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ധ്വജവാഹകയായിരുന്ന അസ്മാഇന്റെ കരസ്പര്‍ശമില്ലാതെ ദഅ്‌വത്തിന്റെ കാമ്പും കഥയും പൂര്‍ണമാകുകയില്ല.

സത്യ വിശ്വാസത്തിന്റെ പരിശീലനക്കളരിയിലെ അഭ്യാസ പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടന്നത് അസ്മാഇന്റെ കണ്‍വെട്ടത്തും കാതിന്‍ ചുവട്ടിലുമായിരുന്നു.
‘എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞ ഒരാളെ നിങ്ങള്‍ കൊല്ലുകയാണോ?’ എന്ന് അബൂബക്ര്‍ ചോദിച്ചതും, അവര്‍ റസൂല്‍(സ)യെ വിട്ട് അബൂബക്‌റിന്റെ നേരെ തിരിഞ്ഞു. ഖുറൈശീ വക്താക്കളുടെയും അവരെ പിന്തുണക്കുന്ന ഗോത്രങ്ങളുടെയും മുമ്പില്‍, പ്രവാചകന് വേണ്ടി ഒറ്റക്ക് നിന്ന് കയര്‍ക്കുന്ന തന്റെ പിതാവിനെ കണ്ടു വളര്‍ന്ന അസ്മാഅ് സത്യത്തിനു വേണ്ടി ധീരതയോടെ ഉറച്ചു നില്‍ക്കുന്നതിന് ഒരിക്കലും അമാന്തിച്ചില്ല.

ആദ്യകാല വിശ്വാസികളോടൊപ്പം കടുത്ത പരീക്ഷണങ്ങളിലും ത്യാഗ പരിശ്രമങ്ങളിലും സഹന ജീവിതത്തിലും ഭാഗഭാക്കായി അസ്മാഅ് ജീവിച്ചു. മക്കയിലെ ചുട്ടു പഴുത്ത ചരല്‍ കല്ലുകളിലൂടെ ബലഹീനരായ മുസ്‌ലിംകളെ, ദൈവ നിഷേധികളായ ഖുറൈശികള്‍ വലിക്കുന്നതും ചുറ്റിലും കൂടി നില്‍ക്കുന്ന അടിമകളും തെമ്മാടിക്കുട്ടികളും പല വിധേനയും ഉപദ്രവിക്കുന്നതും അസ്മാഅ് എത്രയോ തവണ കണ്ടിരിക്കുന്നു. പക്ഷെ അതെല്ലാം വിശ്വാസത്തെ വളര്‍ത്തുക മാത്രമാണ് ചെയ്തത്.
ഓരോ പ്രഭാതോദയത്തിലും വിശ്വാസത്തിന്റെ വേരുകള്‍ അസ്മാഇന്റെ മനസ്സില്‍ കൂടുതല്‍ ആഴ്ന്നിറങ്ങി. പ്രബോധനത്തിന്റെ പ്രഥമ വഴിത്താരയിലെ തന്റെ ത്യാഗ പരിശ്രമത്തെ അസ്മാഅ് നമ്മോട് വിവരിക്കുന്നു: ഹിജ്‌റക്ക് ഒരുങ്ങിയപ്പോള്‍ എന്റെ പിതാവ് താമസിച്ച വീട്ടില്‍ വെച്ചാണ് നബി(സ)യുടെ യാത്രാ സാമഗ്രികള്‍ ഒരുക്കിയത്. പാഥേയവും തോല്‍പാത്രവും കെട്ടാന്‍ കയര്‍ ഇല്ലാത്തതിനാല്‍ ഞാന്‍ പിതാവിനോട് പറഞ്ഞു: എന്റെ അരപ്പട്ടയല്ലാതെ വേറൊന്നും ഇവിടെയില്ല. പിതാവ് പറഞ്ഞു: അത് രണ്ടായി മുറിച്ചു കെട്ടൂ. അസ്മാഅ് പറയുന്നു: അങ്ങിനെയാണ് എനിക്ക് ഇരട്ട അരപ്പട്ടക്കാരി എന്ന പേര് ലഭിച്ചത്.

ബഹുമാന്യ സ്വഹാബിയും റസൂല്‍ (സ)യുടെ പിതൃസഹോദരിയായ സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്വലിബിന്റെ പുത്രനുമായ സുബൈര്‍ ബിന്‍ അവാമുമായി അസ്മാഅ്(റ)വിന്റെ വിവാഹം നടന്നത് ഹിജ്‌റക്ക് മുമ്പായിരുന്നു.

സുബൈര്‍ ധനികനല്ലായിരുന്നു. ദരിദ്രനായിരുന്ന അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം താമസിക്കുന്ന വീടും, യാത്രക്കുപയോഗിക്കുന്ന കുതിരയും, കൈയ്യിലുള്ള വാളും മാത്രമായിരുന്നു. അസ്മാഅ് ഈ ദാമ്പത്യത്തില്‍ സംതൃപ്തയായിരുന്നു. എന്തിന് സംതൃപ്തയാകാതിരിക്കണം! പ്രബോധനത്തിന്റെ പ്രഭാതോദയം രണ്ടാളും ഒന്നിച്ചാണല്ലോ കണ്ടത്. രണ്ടാളുടെയും വീടുകള്‍ ഈമാനിന്റെ ഭവനങ്ങളായിരുന്നു, ദൈവഭക്തിയുടെ വൃക്ഷം മുളച്ചു പൊന്തിയത് അവിടെയായിരുന്നു. സുബൈര്‍ ദരിദ്രനായിരുന്നിട്ടും, അസ്മാഅ് കൈയ്യയച്ച് ധര്‍മ്മം ചെയ്യുന്നവളായിരുന്നു. തന്റെ പെണ്‍മക്കളോടും കുടുംബാദികളോടും അവര്‍ പറയാറുണ്ടായിരുന്നു: ചെലവഴിക്കൂ, ധര്‍മം ചെയ്യൂ, മിച്ചം വരുമെന്ന് കാത്തിരിക്കരുത്. മിച്ചം കാത്തിരുന്നാല്‍ മിച്ചം ഉണ്ടാവുകയില്ല. സ്വദഖഃ ചെയ്താല്‍ അത് ബാക്കിയുണ്ടാകും.

പുത്രന്‍ അബ്ദുല്ല പറയുന്നു: ആഇശയേക്കാളും അസ്മാഇനേക്കാളും ധര്‍മിഷ്ഠരായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടേയില്ല. അവര്‍ രണ്ടാളുടെയും സ്വദഖഃകള്‍ വ്യത്യസ്തമാണ്. ആഇശ കിട്ടുന്നത് കൂട്ടിവെയ്ക്കും. ആവശ്യത്തിനാകുമ്പോള്‍ ആവശ്യമറിഞ്ഞു നല്കും. അസ്മാഅ് ഒന്നും കൂട്ടിവെയ്ക്കുകയില്ല.

നൂറ് വര്‍ഷത്തിലേറെ ജീവിച്ചിട്ടും അസ്മാഇന്റെ ഒരു പല്ല് പോലും കൊഴിഞ്ഞിരുന്നില്ല, ബുദ്ധിക്ക് ഒരു തകരാറും സംഭവിച്ചില്ല. പ്രായമേറിയപ്പോള്‍ കണ്ണിന്റെ വെളിച്ചം അല്ലാഹു തിരിച്ചെടുത്തപ്പോള്‍ തത്വജ്ഞനായ സര്‍വജ്ഞന്റെ പ്രീതിയെക്കരുതി ക്ഷമയോടെ കഴിഞ്ഞുകൂടി.

അസ്മാഇനെ സംബന്ധിക്കുന്ന പലതും ചരിത്രം മറന്നുപോയെങ്കിലും, പുത്രന്‍ അബ്ദുല്ലാ ബിന്‍ സുബൈര്‍(റ)വും ഹജ്ജാജ് ബിന്‍ യൂസുഫും തമ്മിലുള്ള പ്രശ്‌നത്തിലെ അസ്മാഇന്റെ നിലപാടുകള്‍ വിസ്മരിക്കാന്‍ ഒരിക്കലും ചരിത്രത്തിനാവില്ല. അതായത്, യസീദ് ബിന്‍ മുആവിയ്യയുടെ മരണത്തോടെ ഭരണാധികാരം അബ്ദുല്ലാ ബിന്‍ സുബൈര്‍ ഏറ്റെടുക്കണമെന്നുള്ള ആവശ്യം ശക്തമാവുകയും ഖിലാഫത്തിനു കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങളില്‍ നിന്നും അദ്ദേഹത്തിനായി ബൈഅത്ത് സ്വീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മര്‍വാന്‍ ബിന്‍ ഹകം അത് അംഗീകരിച്ചില്ല. ശാം, ഈജിപ്ത് എന്നീ സ്ഥലങ്ങള്‍ ഇബ്‌നു സുബൈറിന്റെ പ്രാതിനിധ്യത്തില്‍ ഉറച്ചു നിന്നു. മര്‍വാന്റെ മരണത്തോടെ അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്‍ അധികാരം ഏറ്റെടുത്തു. അദ്ദേഹം ഇറാഖ് പിടിച്ചടക്കുകയും മുസ്അബ് ബിന്‍ സുബൈറിനെ കൊല്ലുകയും ചെയ്തു. പിന്നീട് തന്റെ ഗവര്‍ണറായ ഹജ്ജാജിന് ദൂതയച്ചു, തദനുസരണം അയാള്‍ ഇബ്‌നു സുബൈറിന്റെ കീഴിലുള്ള മക്ക ഉപരോധിച്ചു. ഏഴ് മാസത്തോളം നീണ്ടു നിന്ന ഉപരോധം ഹിജ്‌റ 73 ജമാദുല്‍ ഊലാ 17 ബുധനാഴ്ച അവസാനിക്കുമ്പോള്‍ മക്ക ഹജ്ജാജിന്റെ കീഴിലായിക്കഴിഞ്ഞിരുന്നു.

ഉര്‍വത് ബിന്‍ സുബൈര്‍(റ) പറയുന്നു: കൊല്ലപ്പെടുന്നതിനു പത്ത് രാത്രി മുമ്പ് ഞാനും സഹോദരനും ഉമ്മയുടെ അടുത്ത് പോയിരുന്നു. ഉമ്മക്ക് ശരീര വേദന കലശലായിരുന്നു. അബ്ദുല്ല ചോദിച്ചു: എങ്ങിനെയുണ്ട്? ഉമ്മ പറഞ്ഞു: വേദനയുണ്ട്. അദ്ദേഹം പറഞ്ഞു: മരണത്തോടെ ശമനമാകുമല്ലോ. അസ്മാഅ്: എന്റെ മരണം നീ ആഗ്രഹിക്കുന്നത് പോലെ തോന്നുന്നല്ലോ, എന്ന് പറഞ്ഞ് ചിരിച്ചു. അസ്മാഅ് പറഞ്ഞു: നിനക്ക് രണ്ടാലൊന്ന് സംഭവിക്കുന്നത് വരെ എന്റെ മരണം സംഭവിക്കരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഒന്നുകില്‍ നിന്റെ മരണത്തില്‍ എനിക്ക് പ്രതിഫലം കാംക്ഷിക്കണം, അല്ലെങ്കില്‍ നിന്റെ വിജയത്തില്‍ എന്റെ കണ്‍കുളിര്‍ക്കണം. നിനക്ക് യോജിക്കാനാവാത്ത പദ്ധതി സമര്‍പ്പിക്കപ്പെട്ടാല്‍, മരണത്തെ പേടിച്ച് അത് സ്വീകരിക്കുന്നതിനെ സൂക്ഷിച്ച് കൊള്ളണം. യാത്ര ചോദിക്കാനൊരുങ്ങിയ അദ്ദേഹത്തെ അവര്‍ തന്റെ അടുത്തേക്ക് വിളിച്ച് ചുമ്പനം നല്‍കി ആലിംഗനം ചെയ്തപ്പോള്‍, നെഞ്ചില്‍ പടയങ്കി ധരിച്ചതായി അനുഭവപ്പെട്ടു. അവര്‍ ചോദിച്ചു: ‘എന്താണിത്? രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവര്‍ക്ക് ഇത് യോജിച്ചതല്ല, അഴിച്ചു കളയൂ’. അദ്ദേഹം പറഞ്ഞു: ഉമ്മാ, എന്നെ അവര്‍ കോലം കെടുത്തുമെന്ന് ഞാന്‍ ഭയക്കുന്നു. ഉമ്മ പറഞ്ഞു: മോനേ, അറവിന് ശേഷം ആടിന്റെ തൊലിപൊളിക്കുന്നത് അതിന് പ്രയാസമാവുകയില്ല.

അസ്മാഅ് പുത്രന് യാത്രാമൊഴി നേര്‍ന്നു, അല്ലാഹുവിന് പൂര്‍ണമായി സമര്‍പ്പിച്ചു, നിത്യ ജീവനിലേക്ക് കൈകകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. ‘അല്ലാഹുവേ, ഈ നിര്‍ത്തത്തിലും നിലവിളിയിലും, തപിക്കുന്ന നട്ടുച്ചകളിലെ ദാഹത്തിനും, എന്റെ മോന്‍ അവന്റെ ഉപ്പയോടും എന്നോടും പുലര്‍ത്തിയ ഗുണകാംക്ഷയിലും നിന്റെ കൃപാ കടാക്ഷം ഉണ്ടാകണേ. അല്ലാഹുവേ, അവനെ നിന്റെ തീരുമാനത്തിനായി വിട്ടുതരുന്നു. നിന്റെ വിധിയില്‍ ഞാന്‍ സംപ്രീതയാണ്. അബ്ദുല്ലാക്ക് പകരമായി, കൃതജ്ഞരായ ക്ഷമാലുക്കള്‍ക്ക് നല്‍കുന്ന പ്രതിഫലം എനിക്ക് നീ നല്‍കേണമേ’.

മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് തിരിച്ച അബ്ദുല്ലാ ബിന്‍ സുബൈര്‍(റ) രാത്രി മുഴുവന്‍ നമസ്‌കാരത്തില്‍ കഴിച്ചുകൂട്ടി. ശേഷം ഉറയിലിട്ട വാളും പിടിച്ച് അവിടെയിരുന്ന് അല്‍പം ഉറങ്ങി. കിഴക്ക് വെള്ള കീറുന്നതിനു മുമ്പ് ഉണര്‍ന്നു. ബാങ്ക് വിളിച്ചപ്പോള്‍ അംഗശുദ്ധി വരുത്തി സുബ്ഹിയുടെ മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കരിച്ചു. ഇഖാമത്ത് കൊടുത്തു, സുബ്ഹി നമസ്‌കാരത്തില്‍ സാവധാനത്തില്‍ സൂറത്തു നൂന്‍ പാരായണം ചെയ്തു. സലാം വീട്ടിക്കഴിഞ്ഞ് അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു. അനുയായികളെ യുദ്ധത്തിന് പ്രേരിപ്പിച്ചു. അത്യാവേശത്തോടെ അനുയായികളൊന്നിച്ച് പോരാട്ടം തുടങ്ങി. അങ്ങിനെയിരിക്കെ മുഖത്ത് വന്ന് വീണ ഒരു പാറക്കല്ല് അദ്ധേഹത്തെ നിശ്ചലനാക്കി. മുഖത്ത് കൂടി ചുടുചോര ഒഴുകിയപ്പോള്‍ അദ്ദേഹം പറഞ്ഞു:
കാലിന്റെ മടമ്പില്‍ കുരു പൊട്ടി ചോരയൊഴുകുവോരല്ല ഞങ്ങള്‍
കാലിന്റെ മുകളില്‍ ചോരയിറ്റു വീഴുവോര്‍ ഞങ്ങള്‍
അതോടെ അദ്ദേഹം നിലംപതിച്ചു. ഇരച്ചെത്തിയ ശത്രുക്കള്‍ അദ്ധേഹത്തെ വകവരുത്തി. വാര്‍ത്ത അറിഞ്ഞ ഹജ്ജാജ് സുജൂദില്‍ വീണു. ദുഃഖം താങ്ങാനാവാതെയുള്ള അലമുറകളാല്‍ മക്ക പ്രകമ്പനം കൊണ്ടു.

ഹജ്ജാജ് ജനസമക്ഷം നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു: ‘മാലോകരേ, ഖിലാഫത്ത് ആഗ്രഹിക്കുന്നതു വരെ അബ്ദുല്ലാ ബിന്‍ സുബൈര്‍ ഈ സമൂഹത്തില്‍ ഏറ്റവും നല്ലവനായിരുന്നു. ഖിലാഫത്തിന്റെ അവകാശികള്‍ അത് പിടിച്ചെടുത്തു. അദ്ദേഹം ഹറമില്‍ രക്തം ചിന്തിയപ്പോള്‍ വേദനാജനകമായ ശിക്ഷ അല്ലാഹു നല്‍കി. അല്ലാഹുവിന്റെ അടുക്കല്‍ ഇബ്‌നു സുബൈറിനേക്കാള്‍ ഉത്തമനായിരുന്നു ആദം. അദ്ദേഹം സ്വര്‍ഗത്തിലായിരുന്നു, അവിടം മക്കയേക്കാള്‍ മഹത്തരമാണല്ലോ. ആദം അല്ലാഹുവിന്റെ കല്‍പന ധിക്കരിച്ച് മരത്തില്‍ നിന്നും ഭക്ഷിച്ചപ്പോള്‍ അവിടെ നിന്നും പുറത്താക്കപ്പെട്ടു. നിങ്ങള്‍ എഴുന്നേറ്റ് നമസ്‌കരിക്കൂ’. അപ്പോള്‍ അബ്ദുല്ലാ ബിന്‍ ഉമര്‍(റ) എഴുന്നേറ്റു നിന്ന് പറഞ്ഞു: ശ്രദ്ധിക്കൂ, അല്ലാഹുവാണ, നീ പറഞ്ഞത് കളവാണെന്ന് പറയാന്‍ ഉദ്യമിച്ചിരുന്നെങ്കില്‍ ഞാന്‍ പറയുമായിരുന്നു. അല്ലാഹുവാണ, ഇബ്‌നു സുബൈര്‍ അല്ലാഹുവിന്റെ ഗ്രന്ഥം മാറ്റിമറിച്ചിട്ടില്ല. അദ്ദേഹം ധാരാളം നോമ്പെടുക്കുകയും നമസ്‌കരിക്കുകയും സത്യത്തിനായി പണിയെടുക്കുകയും ചെയ്യുന്നയാളായിരുന്നു.

പിന്നീട് ഇബ്‌നു സുബൈറിന്റെ തല വെട്ടിയെടുത്ത് അബ്ദുല്‍ മലിക് ബിന്‍ മര്‍വാന് അയച്ചു കൊടുത്ത ഹജ്ജാജ് ഉടല്‍ ഥനിയ്യതുല്‍ ഹജൂന്‍ എന്ന സ്ഥലത്ത് കുരിശില്‍ തറച്ചു. അവിടെ എത്തിയ അദ്ദേഹത്തിന്റെ ഉമ്മ ദീര്‍ഘ നേരം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചിട്ട് തിരിച്ചു പോയി. അല്‍പം കഴിഞ്ഞപ്പോള്‍ അബ്ദുല്ലാ ബിന്‍ ഉമര്‍ അവിടെ വന്നു നിന്ന് പറഞ്ഞു: അസ്സലാമു അലൈക അബാ ഖുബൈബ്, അസ്സലാമു അലൈക അബാ ഖുബൈബ്, അസ്സലാമു അലൈക അബാ ഖുബൈബ്. അല്ലാഹുവാണ, താങ്കളോട് ഞാന്‍ ഇത് വിരോധിച്ചതായിരുന്നല്ലോ? എന്റെ അറിവില്‍ തീര്‍ച്ചയായും താങ്കള്‍ ധാരാളം നമസ്‌കരിക്കുന്നയാളും നോമ്പെടുക്കുന്നയാളും കുടുംബ ബന്ധം ചേര്‍ക്കുന്നയാളുമാണ്. ഇത്രയും പറഞ്ഞ് തന്റെ കൂട്ടരുടെ അരികിലേക്ക് തിരിച്ചു പോയ അദ്ദേഹം അവരോട് പറഞ്ഞു: ഈ കുതിരപ്പടയാളിക്ക് ഇത് വരേയും താഴെ ഇറങ്ങാറായില്ലേ.

ഒരു റിപ്പോര്‍ട്ടില്‍ വരുന്നു, ഇബിനു സുബൈര്‍ കൊല്ലപ്പെട്ടു കഴിഞ്ഞപ്പോള്‍ അസ്മാഇന്റെ അടുക്കല്‍ കടന്നു വന്ന ഹജ്ജാജ് പറഞ്ഞു: ഉമ്മാ, താങ്കളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അമീറുല്‍ മുഅ്മിനീന്‍ എന്നോട് ചട്ടംകെട്ടിയിട്ടുണ്ട്. അത് കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടോ? അസ്മാഅ് പറഞ്ഞു: ഞാന്‍ നിന്റെ ഉമ്മയല്ല. ഞാന്‍ ഥനിയ്യയില്‍ കുരിശില്‍ കിടക്കുന്നവന്റെ ഉമ്മയാണ്. എനിക്ക് ഒന്നും വേണ്ടതില്ല.

യഅ്‌ല തീമീ പറയുന്നു: ഇബിനു സുബൈറിന്റെ മരണത്തിനു മൂന്ന് ദിവസം കഴിഞ്ഞ് ഞാന്‍ മക്കയില്‍ കടന്നു ചെല്ലുമ്പോളും അദ്ദേഹം കുരിശില്‍ തന്നെയാണ്. അപ്പോളാണ് അദ്ദേഹത്തിന്റെ അന്ധയായ വൃദ്ധ മാതാവ് അവിടെ വന്നത്. ദീര്‍ഘകായയായ അവര്‍ ഹജ്ജാജിനോട് ചോദിച്ചു: കുതിരപ്പയടാളിക്ക് താഴെയിറങ്ങാറായില്ലേ? അപ്പോള്‍ ഹജ്ജാജ് ചോദിച്ചു: കപട വിശ്വാസിയെയാണോ ഉദ്ദേശിച്ചത്? അസ്മാഅ് പറഞ്ഞു: അല്ലാഹുവാണ, അവന്‍ മുനാഫിഖ് അല്ല. അവന്‍ ധാരാളമായി നോമ്പെടുക്കുന്നയാളും നമസ്‌കരിക്കുന്നയാളും ഗുണവാനുമാണ്. ഹജ്ജാജ് പറഞ്ഞു: ‘കിളവീ, പിരിഞ്ഞു പോകൂ ഗതികെട്ടവളേ’. അസ്മാഅ് പ്രതിവചിച്ചു: അല്ല, അല്ലാഹുവാണ, ഞാന്‍ ഗതികേടിലായിട്ടില്ല. റസൂല്‍ (സ) പറയുന്നതായി ഞാന്‍ കേട്ടു ‘ഥകീഫ് ഗോത്രത്തില്‍ ഒരു നുണയനും കൊള്ളരുതാത്തവനുമുണ്ട്’.

ഇബ്‌നു അബീ മുലൈക പറയുന്നു: ഇബ്‌നു സുബൈറിന് അപകടം പിണഞ്ഞ ശേഷം ഞാന്‍ അസ്മാഇന്റെ അടുത്തു പോയപ്പോള്‍ ആ മഹതി പറഞ്ഞു: ഇവന്‍ അബ്ദുല്ലായെ കുരിശില്‍ തറച്ചെന്ന് ഞാന്‍ അറിഞ്ഞു. അല്ലാഹുവേ, ഞാന്‍ അവന്റെ അടുത്തെത്തി സുഗന്ധം പൂശി സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതു വരെ എന്നെ നീ മരിപ്പിക്കരുതേ.

പിന്നീട് ഞാന്‍ അവിടെ എത്തിയപ്പോള്‍, കണ്ണിന്റെ വെളിച്ചം അണഞ്ഞു പോയ അസ്മാഅ്, സ്വകരങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സുഗന്ധം പൂശി സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും മയ്യിത്ത് നമസ്‌കരിക്കുകയും ചെയ്തു. ഒരാഴ്ചക്കകം അവര്‍ മരണപ്പെട്ടു. അബൂ ബക്ര്‍ സിദ്ദീഖിന്റെ മകളും, അബ്ദുല്ലാ ബിന്‍ സുബൈറിന്റെ ഉമ്മയും, റസൂല്‍(സ)യുടെ അംഗരക്ഷകന്റെ ഭാര്യയും ഇരട്ട അരപ്പട്ടക്കാരിയുമായ അസ്മാഇന്റെ ജീവിതാന്ത്യം ഇങ്ങിനെയായിരുന്നു.

അസ്മാഇന്റെ ജീവിതം കഴിഞ്ഞു. വിശ്വാസിനികള്‍ക്ക് നിത്യ നിപാഠവും വിലയേറിയ ധര്‍മോപദേശവും ബാക്കിയാക്കി കൊണ്ട് അവര്‍ തന്റെ രക്ഷിതാവിന്‍െ സമക്ഷത്തിലേക്ക് പോയി. കാലം ശേഷിക്കുവോളം, ധര്‍മ സമരവും ക്ഷമയും ദൈവഭക്തിയും ഓര്‍മിപ്പിച്ചു കൊണ്ട്, ഇരട്ട അരപ്പട്ടക്കാരി എന്ന നാമം ഇവിടെ ഉണ്ടാകും. അസ്മാഇലും പിതാവിലും മക്കളിലും എന്നെന്നും അല്ലാഹുവിന്റെ തൃപ്തിയുണ്ടാകട്ടെ.

Related Articles