Current Date

Search
Close this search box.
Search
Close this search box.

ഇബ്‌ലീസിന്റെ ഭാര്യയുടെ പേരെന്താണ്

ഒരുവേള ഖലീഫ അബ്ദല്‍ മലിക് ബിന്‍ മര്‍വാന്‍, റോമന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്റെ അടുക്കലേക്ക് ഒരു സുപ്രധാന വിശേഷവുമായി ശഅ്ബിയെ നിയോഗിച്ചു. നിവേദക സംഘത്തിലെ ശഅ്ബിയെ ശ്രവിച്ച ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മതയില്‍ ആകൃഷ്ടനാവുകയും സാമര്‍ത്ഥ്യത്തില്‍ അത്ഭുതം കൊള്ളുകയുമുണ്ടായി. അദ്ദേഹത്തിന്റെ വിശകലന വിശാലത്വവും ഭാവനാശക്തിയും ചക്രവര്‍ത്തിയെ വിസ്മയിപ്പിച്ചു. അംബാസഡര്‍മാരുടെ അടുക്കല്‍ അധികസമയം ചെലവഴിക്കാത്ത ചക്രവര്‍ത്തി പതിവിനു വിപരീതമായി ശഅ്ബിയോടൊത്ത് ഏറെ ദിനങ്ങള്‍ കഴിഞ്ഞു. ദമാസ്‌കസിലേക്ക് തിരിച്ചുപോകാനുള്ള അനുമതിക്കായി അദ്ദേഹം നിര്‍ബന്ധം പിടിച്ചപ്പോള്‍ റോമാചക്രവര്‍ത്തി ചോദിച്ചു: താങ്കള്‍ രാജകുടുംബമാണോ? അദ്ദേഹം പറഞ്ഞു: അല്ല, മുസ്‌ലിംകളുടെ കൂട്ടത്തിലെ ഒരാള്‍ മാത്രം. യാത്രയ്ക്ക് അനുമതിനല്‍കിക്കൊണ്ട് രാജാവ് പറഞ്ഞു: താങ്കളുടെ ചങ്ങാതിയുടെ (അബ്ദുല്‍ മലിക് ബിന്‍ മര്‍വാന്റെ) അടുത്തെത്തി അറിയേണ്ടുന്നതെല്ലാം എത്തിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഈ കുറിമാനം നല്‍കണം.

ദമസ്‌കസില്‍ തിരിച്ചെത്തിയ ശഅ്ബി വൈകാതെ തന്നെ അബ്ദുല്‍ മലികിനെ മുഖംകാണിച്ചു. കണ്ടതും കേട്ടതുമായതെല്ലാം അറിയിച്ചു. ചോദിച്ചതിനെല്ലാം മറുപടി നല്‍കി. തിരികെപ്പോകാന്‍ എഴുന്നേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ക്കായി റോമാചക്രവര്‍ത്തി ഈ കുറിമാനം എന്നെ ഏല്‍പ്പിച്ചതാണ്. അത് കൊടുത്ത അദ്ദേഹം തിരിച്ചുപോയി. അത് വായിച്ചു കഴിഞ്ഞ അബ്ദുല്‍ മലിക് സേവകരോട് പറഞ്ഞു: അദ്ദേഹത്തെ തിരിച്ചുവിളിക്കൂ. ശഅ്ബിയെ അവര്‍ തിരിച്ചെത്തിച്ചു. അബ്ദുല്‍ മലിക് ശഅ്ബിയോട് ചോദിച്ചു: ഈ കുറിമാനത്തില്‍ എന്താണെന്ന് അറിയുമോ?
അദ്ദേഹം പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.
അബ്ദുല്‍ മലിക് പറഞ്ഞു: ‘ആശ്ചര്യകരമായിരിക്കുന്നു, ഈ യുവാവല്ലാത്ത മറ്റൊരാളെ രാജാവാക്കാന്‍ അറബികള്‍ക്ക് എങ്ങിനെ കഴിഞ്ഞു’ എന്നാണ് റോമാചക്രവര്‍ത്തി എഴുതിയിരിക്കുന്നത്.
ഉടന്‍ തന്നെ ശഅ്ബി പറഞ്ഞു: താങ്കളെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അയാള്‍ ഇങ്ങിനെ പറഞ്ഞത്. അമീറുല്‍ മുഅ്മിനീന്‍ അയാള്‍ താങ്കളെ കണ്ടിരുന്നെങ്കില്‍ ഇങ്ങിനെ പറയുമായിരുന്നില്ല. അപ്പോള്‍ അബ്ദുല്‍ മലിക് പറഞ്ഞു: റോമാചക്രവര്‍ത്തി ഇങ്ങിനെ എഴുതിയത് എന്തിനെന്ന് അറിയുമോ?
ശഅ്ബി പറഞ്ഞു: ഇല്ലാ, അമീറുല്‍ മുഅ്മിനീന്‍.
അബ്ദുല്‍ മലിക് പറഞ്ഞു: താങ്കളുടെ കാരണത്താല്‍ അയാള്‍ക്ക് എന്നോട് അസൂയയാണ്. താങ്കളില്‍ നിന്നും അയാള്‍ക്ക് രക്ഷപ്പെടണം. താങ്കളെ കൊല്ലാന്‍ അയാള്‍ എന്നെ പ്രേരിപ്പിക്കുകയാണ്.
ഈ സംഭവം അറിഞ്ഞപ്പോള്‍ റോമാചക്രവര്‍ത്തി പറഞ്ഞു: ദൈവമേ, ഞാന്‍ ഉദ്ദേശിച്ചത് വേറൊന്നുമായിരുന്നില്ല.

വിജ്ഞാനത്തില്‍ ശഅ്ബി നേടിയെടുത്ത സ്ഥാനം അക്കാലഘട്ടത്തിലെ നാല് പണ്ഡിതരില്‍ ഒരാളെന്ന പദവിയായിരുന്നു. സുഹ്‌രി പറയാറുണ്ടായിരുന്നു: പണ്ഡിതര്‍ നാലാണ്. മദീനയില്‍ സഈദ് ബിന്‍ മുസയ്യബ്, കൂഫയില്‍ ആമിര്‍ ശഅ്ബി, ബസ്വറയില്‍ ഹസന്‍ ബസ്വരി, ശാമില്‍ മക്ഹൂല്‍. എന്നിരിക്കലും ആരെങ്കിലും ശഅ്ബിയെ ആലിം എന്ന് വിശേഷിപ്പിച്ചാല്‍ വിനയാന്വിതനായ അദ്ദേഹത്തിന് അത് ലജ്ജയാകുമായിരുന്നു. പണ്ഡിതനായ കര്‍മശാസ്ത്രവിശാരദാ, എനിക്ക് മറുപടി തന്നാലും എന്ന് ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: നാശം, നമുക്ക് ഇല്ലാത്തത് കൊണ്ട് പുകഴ്ത്തല്ലേ. അല്ലാഹു നിരോധിച്ചതില്‍ നിന്നും ഭക്തിയോടെ ഒഴിഞ്ഞുനില്‍ക്കുന്നവനാണ് കര്‍മശാസ്ത്രവിശാരദന്‍. അല്ലാഹുവിനെ ഭയക്കുന്നവനാണ് പണ്ഡിതന്‍. നാം എവിടെ നില്‍ക്കുന്നു?

ഒരിക്കല്‍ ഒരാള്‍ ഒരു നിയമപ്രശ്‌നം അദ്ദേഹത്തോട് അന്വേഷിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞു: അവ്വിഷയത്തില്‍ ഉമര്‍ ബിന്‍ ഖത്താബ് ഇങ്ങിനെ പറഞ്ഞിരിക്കുന്നു, അലിയ്യ് ബിന്‍ അബീ ത്വാലിബ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ചോദ്യകര്‍ത്താവ് ചോദിച്ചു: അബൂ അംറേ, താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ലജ്ജയോടെ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഉമറിന്റെയും അലിയ്യിന്റെയും വിശദീകരണം കേട്ടുകഴിഞ്ഞിരിക്കെ എന്റെ സംസാരം കൊണ്ട് എന്ത് ചെയ്യാനാണ്?

മഹനീയ ഗുണങ്ങളും ഉന്നത വിശേഷണങ്ങളും കൊണ്ട് അലംകൃതനായിരുന്നു ശഅ്ബി. അദ്ദേഹത്തിന് തര്‍ക്കിക്കുന്നത് വെറുപ്പായിരുന്നു, ആവശ്യമില്ലാത്തതില്‍ ഇടപെടുന്നതില്‍ നിന്നും സൂക്ഷിച്ചിരുന്നു. ഒരിക്കല്‍ ഒരു സുഹൃത്ത് വിളിച്ചു: അബൂ അംറേ.
ശഅ്ബി: അതേ,
സുഹൃത്ത്: ജനം ചര്‍ച്ച ചെയ്യുന്ന ഈ രണ്ടാളുകളെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?
ശഅ്ബി: ആരെയാണ് താങ്കള്‍ ഉദ്ദേശിച്ചത്?
സുഹൃത്ത്: ഉസ്മാനും അലിയ്യും.
ശഅ്ബി: അല്ലാഹുവാണ, അന്ത്യദിനത്തില്‍ ഉസ്മാന്‍ (റ), അലി(റ) എന്നിവരുടെ പ്രതിയോഗിയായി വരേണ്ട ആവശ്യം എനിക്കില്ല.
അറിവ് ഉള്ളതിനോടൊപ്പം ശഅ്ബി സഹിഷ്ണുതയും ചേര്‍ത്തുവെച്ചു. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തെ വളരെ വൃത്തികെട്ട ചീത്തവിളിച്ചു, വളരെ മോശമായി സംസാരിച്ചു. ശഅ്ബി ഇത്രമാത്രമേ പറഞ്ഞുള്ളൂ ‘നീ എന്നെ സംബന്ധിച്ച് പറഞ്ഞത് ശരിയാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തു തരട്ടെ, കളവാണെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തു തരട്ടെ.

സ്ഥാനവും മഹിമയും ഉണ്ടായിരുന്നിട്ടും ശഅ്ബി, വളരെ നിസ്സാരരായവരില്‍ നിന്നും വിജ്ഞാനം കരഗതമാക്കുന്നതില്‍ നിന്നും ദുരഭിമാനം കാട്ടിയില്ല.
ഒരു കാട്ടറബി അദ്ദേഹത്തിന്റെ സദസ്സില്‍ പതിവായി വരാറുണ്ടായിരുന്നു, പക്ഷെ ഒന്നും സംസാരിക്കാറില്ലായിരുന്നു.  അയാളോട് ശഅ്ബി ചോദിച്ചു: നീ എന്താണ് സംസാരിക്കാത്തത്?
അയാള്‍ പറഞ്ഞു: ‘മിണ്ടാതിരുന്നു മുസ്‌ലിമാകുന്നു, കേട്ടുപഠിക്കുന്നു, ഒരാളുടെ ചെവി അയാളിലേക്ക് മടങ്ങുന്നു, നാവ് മറ്റുള്ളവരിലേക്ക് മടങ്ങുന്നു’. ജീവിച്ചിരുന്ന കാലമത്രയും കാട്ടറബിയുടെ ഈ വാക്കുകള്‍ ശഅ്ബി ആവര്‍ത്തിക്കാറുണ്ടായിരുന്നു.

അറിയപ്പെട്ട അപൂര്‍വ്വ സാഹിത്യകാരന്മാര്‍ക്ക് മാത്രം ലഭ്യമായിട്ടുള്ള വാക്ചാതുരിയും സംവേദനശേഷിയും ശഅ്ബിക്കുണ്ടായിരുന്നു. ഒരിക്കല്‍ കൂഫ-ബസ്വറ പട്ടണങ്ങളിലെ അമീറായ ഉമര്‍ ബിന്‍ ഹുബൈറ ഫസാരി തടഞ്ഞു വെച്ച ഒരു സംഘത്തെ സംബന്ധിച്ച്, അദ്ദേഹം അമീറിനോട് സാസാരിച്ചു. അദ്ദേഹം പറഞ്ഞു: അമീര്‍, താങ്കള്‍ ഇവരെ തടവിലിട്ടത് അന്യായമായിട്ടാണെങ്കില്‍ സത്യം ഇവരെ രക്ഷപ്പെടുത്തും, ന്യായമായിട്ടാണെങ്കില്‍ അവരോട് വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരം ഇഷ്ടപ്പെട്ട അമീര്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം അവരെ വിട്ടയച്ചു.

മത-വൈജ്ഞാനിക മേഖലകളില്‍ ഉന്നതസ്ഥാനീയനായിരുന്നിട്ടും, അദ്ദേഹം ലളിതമനസ്‌കനും സരസനുമായിരുന്നു. തമാശക്ക് വീണുകിട്ടുന്ന അവസരങ്ങള്‍ അദ്ദേഹം പാഴാക്കുകയില്ലായിരുന്നു. അദ്ദേഹം സഹധര്‍മിണിയോടൊത്ത് ഇരിക്കുമ്പോള്‍ ഒരാള്‍ കടന്നുവന്ന് ചോദിച്ചു: നിങ്ങളില്‍ ആരാണ് ശഅ്ബി?
പത്‌നിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഇവളാണ്.
മറ്റൊരാള്‍ ചോദിച്ചു: ഇബിലീസിന്റെ ഭാര്യയുടെ പേരെന്താണ്?
ശഅ്ബി: ആ കല്യാണത്തിന് ഞങ്ങള്‍ പങ്കെടുത്തില്ലായിരുന്നു.

ശഅ്ബിയെ സംബന്ധിച്ച് ഏറ്റവും നല്ല ചിത്രം അദ്ദേഹം സ്വയം നല്‍കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ജനം എത്തിനോക്കുന്നതിലേക്കെല്ലാം ഞാന്‍ ഇറങ്ങിനോക്കാറില്ലായിരുന്നു…. ഒരു സേവകനേയും ഞാന്‍ അടിച്ചിട്ടില്ല….. കടക്കാരനായി മരണപ്പെട്ട ഏതൊരു ബന്ധുവിന്റേയും കടം ഞാന്‍ വീട്ടാതിരുന്നിട്ടില്ല.
എണ്‍പത് വയസ്സിലേറെ ശഅ്ബി ജീവിച്ചിരുന്നു. അദ്ദേഹം രക്ഷിതാവിന്റെ വിളിക്കുത്തരം ചെയ്ത വൃത്താന്തം ശ്രവിച്ച ഹസന്‍ ബസ്വരി പറഞ്ഞു: ‘അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ, അദ്ദേഹം അറിവിന്റെ കേദാരവും വലിയ സഹിഷ്ണുവുമായിരുന്നു. ഇസ്‌ലാമില്‍ അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ടായിരുന്നു’.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ആമിര്‍ ബിന്‍ ശുറാഹബീല്‍ -1

Related Articles