Current Date

Search
Close this search box.
Search
Close this search box.

ഇബ്‌റാഹീം ഖലീലിനെ പോലൊരു ഖൗലാനി

തന്റെ പ്രബോധനത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി മാനസികമായി അടിച്ചമര്‍ത്താനായി, അബൂ മുസ്‌ലിമിനെ നിഷ്‌കരുണം പിടികൂടാന്‍ അസ്‌വദുല്‍ അന്‍സി തീരുമാനിച്ചു. സ്വന്‍ആയിലെ വെളിമ്പ്രദേശങ്ങളിലൊന്നില്‍ വിറകുകള്‍ കൂട്ടി തീ കൊടുക്കാന്‍ അയാള്‍ തിട്ടൂരമിറക്കി. യമനിലെ പണ്ഡിതനും ഭക്തനുമായ അബൂ മുസ്‌ലിം ഖൗലാനിയുടെ പശ്ചാതാപത്തിനും, തന്റെ പ്രവാചകത്വം അംഗീകരിക്കലിനും സാക്ഷിയാകാനായി അയാള്‍ ജനങ്ങളെ ക്ഷണിച്ചു വരുത്തി.
ജനം തിങ്ങിനിറഞ്ഞിരുന്ന മൈതാനത്തിലേക്ക്, നിശ്ചചയിക്കപ്പെട്ട സമയത്ത് അസ്‌വദുല്‍ അന്‍സി കടന്നുവന്നു. അഹങ്കാരികളായ പ്രഭൃതികളും മുതിര്‍ന്ന അനുയായികളും അയാളെ പൊതിഞ്ഞുനിന്നു. കാവല്‍ക്കാരും സേനാനായകരും അയാളെ വലയത്തിലാക്കി. അഗ്നിയുടെ മുമ്പിലായി സ്ഥാപിക്കപ്പെട്ട സിംഹാസനത്തില്‍ അയാള്‍ ഇരുന്നു. കണ്‍പാര്‍ത്തിരുന്ന ജനദസ്സിലേക്ക് അബൂ മുസ്‌ലിം ഖൗലാനിയെ കൊണ്ടുവന്നു. തെമ്മാടിയായ കള്ളവാദി അഹന്തയോടെ അദ്ദേഹത്തെ  നോക്കി. പിന്നെ തന്റെ മുമ്പില്‍ ആളിക്കത്തുന്ന അഗ്നിയിലേക്ക് പരുഷമായി നോക്കി. ശേഷം തിരിഞ്ഞു നിന്ന് അബൂ മൂസല്‍ ഖൗലാനിയോട് ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?

അബൂ മുസ്‌ലിം ഖൗലാനി പറഞ്ഞു: അതെ, അദ്ദേഹം അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അദ്ദേഹം മുര്‍സലുകളുടെ നേതാവാണ്. അവസാനത്തെ നബിയുമാണ്.

അസ്‌വദ് പുരികക്കൊടി വളച്ചു കൊണ്ട് ചോദിച്ചു; ഞാന്‍ അല്ലാഹുവിന്റെ  ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ?

അബൂ മുസ്‌ലിം: എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ട്. നീ പറയുന്നത് കേള്‍ക്കാന്‍ കഴിയുന്നില്ല.

അസ്‌വദ്: അങ്ങിനെയെങ്കില്‍ നിന്നെ ഞാന്‍ ഈ തീയില്‍ എറിയും.

അബൂ മുസ്‌ലിം: നീ അത് ചെയ്യുമെങ്കില്‍, വിറക് ഇന്ധനമായുള്ള ഈ തീയ്യിനെ കൊണ്ട് മനുഷ്യനും കല്ലും ഇന്ധനമായ, പരുക്കന്മാരും ബലിഷ്ഠരും, അല്ലാഹുവിന്റെ കല്‍പനക്ക് എതിരു കാണിക്കാതെ, കല്‍പിക്കപ്പെടുന്നതെന്തും ചെയ്യുന്ന മലക്കുകളുള്ള നരകത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെടും.

അസ്‌വദ്: ഞാന്‍ ധ്യതികൂട്ടുന്നില്ല. നിനക്ക് ഒന്നുകൂടി ആലോചിക്കാനായി അവസരം തരാം.

അയാള്‍ വീണ്ടും ചോദിച്ചു: മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്ന് നീ സാക്ഷ്യം വഹിക്കുന്നുണ്ടോ?.

അബൂ മുസ്‌ലിം: അതെ, അവിടുന്ന് അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. സത്യവും നേരായതുമായ മതവുമായി അല്ലാഹു അദ്ദേഹത്തെ നിയോഗിച്ചതാണ്. അദ്ദേഹത്തിന്റെ നിയോഗത്തോടെ ദൈവിക ദൗത്യങ്ങള്‍ക്ക് പരിസമാപ്തിയായി.

അസ്‌വദിന്റെ കോപം ഇരട്ടിച്ചു. അയാള്‍ ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് അംഗീകരിക്കുന്നുണ്ടോ?

അബൂ മുസ്‌ലിം: ഞാന്‍ നിന്നോട് പറഞ്ഞില്ലേ, എന്റെ ചെവിക്ക് കേള്‍വിക്കുറവുണ്ടെന്ന്. നിന്റെ ഈ സംസാരം കേള്‍ക്കാന്‍ കഴിയുന്നില്ല.

നിസ്സങ്കോചം ധ്യഢമാനസനായി ശാന്തമായ ഭാവത്തിലുള്ള മറുപടിയില്‍ അസ്‌വദുല്‍ അന്‍സി കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹത്തെ തീകുണ്ഡത്തില്‍ എറിയാന്‍ കല്‍പിക്കാന്‍ ഒരുങ്ങി. ആ സന്ദര്‍ഭത്തില്‍ അയാളുടെ കിങ്കരന്മാരില്‍ ഒരാള്‍ അടുത്ത് വന്ന് ചെവിയില്‍ മന്ത്രിച്ചു ‘താങ്കള്‍ക്ക് അറിയാവുന്നത് പോലെ അദ്ദേഹം ശുദ്ധമനസ്‌കനും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നവനുമാണ്. വിഷമഘട്ടങ്ങളില്‍ അല്ലാഹുവിനെ കൈയ്യൊഴിക്കാത്തവനെ അല്ലാഹുവും കൈയ്യൊഴിയുകയില്ല. നീ അദ്ദേഹത്തെ തീയിലെറിയുകയും അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്താല്‍ നീ പടുത്തുയര്‍ത്തിയതെല്ലാം ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നടിയും. നിന്റെ നുബുവ്വത്തിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിഷേധിക്കുന്നതിന് അത് നിമിത്തമാകും. തീ അദ്ദേഹത്തെ ദഹിപ്പിച്ചെങ്കില്‍ തന്നെയും ജനം അതില്‍ അത്ഭുതം കൂറുകയും അദ്ദേഹത്തിന് ബഹുമതി ലഭിക്കുകയും ചെയ്യും. അദ്ദേഹത്തെ അവര്‍ രക്തസാക്ഷികളുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യും. അത്‌കൊണ്ട് അദ്ദേഹത്തെ ബന്ധനമുക്തനാക്കി നാട് കടത്തി ആ പ്രശ്‌നത്തില്‍ നിന്നും ഒഴിവാകൂ.’

അസ്‌വദ് അന്‍സി കിങ്കരന്മാരോട് കൂടിയാലോചിച്ചു അദ്ദേഹത്തെ നാടുകടത്താന്‍ ഉത്തരവായി. (തുടരും)

(ലഭ്യമായ വിവര സ്രോതസ്സുകളില്‍ മിക്കതും സൂചിപ്പിക്കുന്നത് അദ്ദേഹത്തെ അയാള്‍ തീയിലിട്ടെന്നും ഇബ്‌റാഹീമിന് സംഭവിച്ചത് പോലെ തീ അദ്ദേഹത്തിന് തണുപ്പും രക്ഷയുമായി എന്നുമാണ്. വസ്തുത അല്ലാഹുവിന് അറിയാം)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

അബൂ മുസ്‌ലിം ഖൗലാനി 1
അബൂ മുസ്‌ലിം ഖൗലാനി 3

Related Articles