Current Date

Search
Close this search box.
Search
Close this search box.

അറിവിന്റെ നിറകുടമായ ആമിര്‍ ബിന്‍ ശുറാഹ്ബീല്‍

ഫാറൂഖ് (റ)വിന്റെ ഖിലാഫത്ത് ആറ് വര്‍ഷം പിന്നിട്ടപ്പോള്‍ വിശ്വാസികള്‍ക്കായി, സ്ഥൂലഗാത്രനായ വളര്‍ച്ചയെത്താത്ത ഒരു ശിശു പിറന്നു. ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ അന്യോന്യം മല്‍സരിക്കാന്‍ സഹോദരനും ഉണ്ടായിരുന്നത് കൊണ്ട് വളരാനുള്ള ഇടം അവന് ലഭിച്ചില്ല. എന്നാല്‍, അറിവിന്റെയും തിരിച്ചറിവിന്റെയും ഓര്‍മ്മയുടെയും ഉള്ളറിവിന്റെയും ചാതുര്യത്തിന്റെയും മേഖലകളില്‍ അവനോട് മല്‍സരിക്കാന്‍ സഹോദരനോ മറ്റാര്‍ക്കെങ്കിലുമോ കഴിഞ്ഞില്ല. അവനാണ് അക്കാലഘട്ടത്തിലെ വിശ്വാസികളില്‍ അതുല്യനായ ശഅ്ബി എന്നറിയപ്പെട്ട ആമിര്‍ ബിന്‍ ശുറാഹബീല്‍ ഹിംയരി.

കൂഫയിലാണ് ശഅ്ബി ജനിച്ചു വളര്‍ന്നതെങ്കിലും മദീന മുനവ്വറ അദ്ദേഹത്തിന്റെ ഹൃത്തടത്തില്‍ അനുരാഗവും അത്യാര്‍ത്തിയുമായി മാറി. വന്ദ്യരായ സ്വഹാബികള്‍ അല്ലാഹുവിന്റ മാര്‍ഗത്തിലെ പോരാട്ടത്തിന്റെ ഇടത്താവളമായും താമസസ്ഥലമായും കൂഫയെ ലക്ഷ്യംവെച്ചത് പോലെ, ശഅ്ബി റസൂല്‍(സ)യുടെ സഹചരരെ കാണുവാനും അവരില്‍ നിന്നും അറിവ് നേടിയെടുക്കാനായി മദീനയിലേക്ക് തിരിച്ചു. അഞ്ഞൂറിലേറെ സ്വഹാബി മഹത്തുക്കളെ കണ്ടുമുട്ടാനും, അലിയ്യ് ബിന്‍ അബീ ത്വാലിബ്, സഅ്ദ് ബിന്‍ അബീ വഖാസ്, സൈദ് ബിന്‍ സാബിത്,  ഉബാദത്ത് ബിന്‍ സ്വാമിത്ത്, അബൂ മൂസല്‍ അശ്അരി, അബൂ സഈദുല്‍ ഖുദ്‌രിയ്യ്, നുഅ്മാന്‍ ബിന്‍ ബശീര്‍, അബ്ദുല്ലാ ബിന്‍ ഉമര്‍, അബ്ദുല്ലാ ബിന്‍ അബ്ബാസ്, അദിയ്യ് ബിന്‍ ഹാതിം, അബൂ ഹുറൈറ, ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ, പോലുള്ള ഉന്നതരായ വലിയൊരു അളവ് സ്വഹാബികളില്‍ നിന്നും നിവേദനം ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.

തീക്ഷണമതിയും കാര്യബോധമുള്ളവനും കൂര്‍മ്മകുശലനും ഓര്‍മശക്തിയിലും മനനമികവിലും ദൃഷ്ടാന്തവുമായിരുന്നു അദ്ദേഹം. അദ്ദേഹം സ്വയം പറഞ്ഞു: വെളുപ്പില്‍ കറുപ്പ് കൊണ്ട് എനിക്ക് എഴുതേണ്ടിവന്നിട്ടില്ല, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് മനഃപാഠമാകാതിരുന്നിട്ടില്ല, എന്തെങ്കിലും കേട്ടാല്‍ ഒന്നുകൂടി ആവര്‍ത്തിച്ചിരുന്നെങ്കിലെന്ന് തോന്നിയിട്ടില്ല.

ഈ യുവാവ് ജ്ഞാനനിമഗ്നനും വിജ്ഞാനതൃഷ്ണയുള്ളവനുമായിരുന്നു. ശ്വാസവും ശരീരവും അറിവിന്റെ വഴിയില്‍ വിനിയോഗിച്ചു. അതിലെ പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചു. അദ്ദേഹം പറഞ്ഞു: ‘ശിഷ്ടജീവിതത്തില്‍ ഉപകരിക്കുന്ന ഒരു വചനം പഠിക്കാനായി, ഒരാള്‍ ശാമിന്റെ അങ്ങേത്തലക്കല്‍ നിന്നും യമന്‍ ദേശത്തിന്റെ അങ്ങേയറ്റത്തേക്ക് യാത്രചെയ്താല്‍ ഞാന്‍ പറയും അയാളുടെ യാത്ര പാഴായിട്ടില്ല.’
താന്‍ എത്തിപ്പിടിച്ച അറിവിനെ സംബന്ധിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നു: ‘ഞാന്‍ വളരെക്കുറച്ച് പഠിച്ചത് കവിതയാണ്, ആലാപനം ആവര്‍ത്തിക്കാതെ ഒരു മാസം തുടര്‍ച്ചയായി ഞാനത് പാടിക്കേള്‍പ്പിക്കാം.’

പ്രവാചക തിരുമേനി(സ)യുടെ സഖാക്കള്‍ ജനങ്ങള്‍ക്കിടയില്‍ കാലത്തും വൈകിട്ടും സജീവമായി സഞ്ചരിക്കുന്ന വേളയില്‍ പോലും, കൂഫയിലെ ജുമുഅ മസ്ജിദിലെ ശഅ്ബിയുടെ വൈജ്ഞാനിക സദസ്സുകളില്‍ കൂട്ടംകൂട്ടമായി ജനം വന്നണഞ്ഞു. മാത്രമല്ല, ഇസ്‌ലാമിലെ പോരാട്ടങ്ങളെ സംബന്ധിച്ച് അതീവ കണിശതയോടെ ശഅ്ബി വിവരിക്കുന്നത് ഒരിക്കല്‍ അബ്ദുല്ലാ ബിന്‍ ഉമര്‍(റ) കേള്‍ക്കുകയുണ്ടായി. ശ്രദ്ധയോടെ അത് ശ്രവിച്ച ഇബ്‌നു ഉമര്‍ പറഞ്ഞു: ഇദ്ദേഹം വിവരിക്കുന്നതില്‍ ചിലത് ഞാന്‍ കണ്ണുകള്‍ കൊണ്ട് കണ്ടതും ഇരു ചെവികളാല്‍ കേട്ടതുമാണ്. എന്നിരിക്കലും എന്നേക്കാള്‍ നന്നായി അദ്ദേഹം അത് വിവരിക്കുന്നല്ലോ.

ശഅ്ബിയുടെ പരന്ന ജ്ഞാനത്തിന്റെയും ബുദ്ധി മികവിന്റെയും സാക്ഷ്യപത്രങ്ങള്‍ ഏറെയാണ്. അതില്‍ ചിലത് അദ്ദേഹം തന്നെ വിവരിക്കുന്നു: പൊങ്ങച്ചക്കാരായ രണ്ടാളുകള്‍ എന്റെയടുക്കല്‍ വന്നു. ഒരാള്‍ ആമിര്‍ ഗോത്രക്കാരനും അപരന്‍ അസദ് ഗോത്രക്കാരനുമാണ്. ആമിര്‍ ഗോത്രക്കാരന്‍ അസദ്കാരനെ കീഴ്‌പ്പെടുത്തി വസ്ത്രത്തില്‍ പിടിച്ചുവലിച്ച് എന്റെ നേരെ കൊണ്ടുവരുന്നു. നിഷ്പ്രഭനായ അസദ്കാരന്‍ എന്നെ വിടൂ, എന്നെ വിടൂ എന്ന് അയാളോട് പറയുന്നുണ്ട്. ആമിര്‍കാരന്‍ പറഞ്ഞു: അല്ലാഹുവാണ, ശഅ്ബി, നിനക്കെതിരെയായും എനിക്ക് അനുകൂലമായും തീരുമാനം പറയുന്നത് വരെ നിന്നെ ഞാന്‍ വിടുകയില്ല. ആമിര്‍കാരനോട് ഞാന്‍ പറഞ്ഞു: തീരുമാനം പറയണമെങ്കില്‍ അയാളെ വിടൂ. ശേഷം അസദ്കാരനെ നോക്കി ഞാന്‍ പറഞ്ഞു: ഇയാളുടെ മുമ്പില്‍ നീ ബലഹീനനാണെന്ന് തോന്നുന്നല്ലോ. അറബികള്‍ ആര്‍ക്കുമില്ലാത്ത ആറ് ബഹുമതികള്‍ നിങ്ങള്‍ക്കുണ്ട്.

ഒന്ന്: പടപ്പുകളുടെ നായകനായ മുഹമ്മദ് ബിന്‍ അബ്ദില്ല(സ) വിവാഹമാലോചിക്കുകയും സപ്തവാനങ്ങള്‍ക്കപ്പുറത്ത് നിന്നും അല്ലാഹു വിവാഹം നടത്തിക്കൊടുക്കുകയും ചെയ്ത വനിത നിങ്ങളുടെ കൂട്ടത്തില്‍ നിന്നാണ്. ജിബ്‌രീലായിരുന്നു അവര്‍ക്കിടയിലെ സന്ദേശവാഹകന്‍. അതായത് ഉമ്മുല്‍ മുഅ്മിനീന്‍ സൈനബ് ബിന്‍ത് ജഹ്ശ്. അതിന്റെ പ്രതാപം നിന്റെ കൂട്ടര്‍ക്കുള്ളതാണ്. അറബികളില്‍ മറ്റാര്‍ക്കും അത് അവകാശപ്പെടാനാവില്ല.
രണ്ട്: മണ്ണിനു മീതെ നടന്നു നീങ്ങുന്ന (ഇന്നും ജീവിച്ചിരിക്കുന്ന) സ്വര്‍ഗ്ഗവാസികളില്‍ ഒരാള്‍ നിങ്ങളുടെ കൂടെയുണ്ട്. അതാണ് ഉക്കാശത്ത് ബിന്‍ മിഹ്‌സ്വന്‍. [എല്ലാ പോരാട്ട ഭൂമികളിലും പങ്കെടുത്ത അദ്ദേഹം മതപരിത്യാഗികള്‍ക്കെതിരിലുള്ള യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു]. അസദ് ഗോത്രക്കാരേ, ഇത് നിങ്ങള്‍ക്കുള്ളതാണ്, ജനങ്ങളില്‍ മറ്റാര്‍ക്കും ഇല്ലാത്തതാണ്.
മൂന്ന്: ഇസ്‌ലാമിന്റേതായ ആദ്യ പതാക ഏറ്റുവാങ്ങിയത് നിങ്ങളില്‍ ഒരാളാണ്. അതാണ് ചെറുപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരില്‍ ഒരാളും സ്വഹാബിയും റസൂല്‍ തിരുമേനി(സ)യുടെ ഭാര്യാ സഹോദരനുമായ അബ്ദുല്ലാ ബിന്‍ ജഹ്ശ്.
നാല്: ഇസ്‌ലാമില്‍ ആദ്യമായി വീതംവെക്കപ്പെട്ട സമരാര്‍ജിത സ്വത്ത് അബ്ദുല്ലാ ബിന്‍ ജഹ്ശ് കൊണ്ടുവന്നതായിരുന്നു.
അഞ്ച്: ഹിജ്‌റ ആറിന്റെ അവസാനത്തിലെ ബൈഅത്ത് രിദ്‌വാനിലെ ആദ്യ പ്രതിജ്ഞ നിങ്ങളില്‍ നിന്നായിരുന്നു. അതായത് നിങ്ങളുടെ സഹചരനായിരുന്ന അബൂ സിനാന്‍ ബിന്‍ വഹബ് റസൂല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, കൈനീട്ടിയാലും, ഞാന്‍ കരാര്‍ ചെയ്യാം. നബി തിരുമേനി(സ) ചോദിച്ചു: എന്ത് സംബന്ധമായി? അദ്ദേഹം പറഞ്ഞു: താങ്കളുടെ മനസ്സിലുള്ളതിനെ അടിസ്ഥാനമാക്കിക്കൊണ്ട്. തിരുമേനി ചോദിച്ചു: എന്റെ മനസ്സില്‍ എന്താണ്? അദ്ദേഹം പറഞ്ഞു: വിജയം അല്ലെങ്കില്‍ രക്തസാക്ഷ്യം. നബി തിരുമേനി പറഞ്ഞു: അതെ. ശേഷം അദ്ദേഹത്തില്‍ നിന്നും ബൈഅത്ത് സ്വീകരിച്ചു, അബൂ സിനാനെ തുടര്‍ന്ന് ജനം ഒന്നടങ്കം ബൈഅത്ത് ചെയ്തു.
ആറ്: ബദറിലെ മുഹാജിറുകളിലെ ഏഴിലൊന്ന് നിന്റെ ജനതയായ അസദ് ഗോത്രക്കാരായിരുന്നു. അതോടെ ആമിറുകാരന് ഉത്തരംമുട്ടി.

തോറ്റുപോയ ബലഹീനനെ, അതിജയിച്ചു നിന്ന ശക്തനെതിരില്‍ സഹായിക്കുകയെന്നതായിരുന്നു ശഅ്ബി ഇതിലൂടെ ഉദ്ധേശച്ചതെന്നതില്‍ സംശയമില്ല. ആമിര്‍കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ അയാള്‍ക്കറിയാത്ത കുടുംബ മഹിമകള്‍ അദ്ദേഹം പറഞ്ഞു കേള്‍പ്പിച്ചേനെ.

അബ്ദുല്‍ മലിക് ബിന്‍ മര്‍വാനിലേക്ക് ഖിലാഫത്ത് മാറിയപ്പോള്‍ ഇറാഖിലെ ഗവര്‍ണറായിരുന്ന ഹജ്ജാജിന് ഖലീഫ എഴുതി. ‘ദീനിനും ദുന്‍യാവിനും ഗുണകരമായ ഒരാളെ എന്റടുക്കല്‍ എത്തിക്കുക, കൂടെയിരിക്കാനും കൂട്ടം പറയാനും അങ്ങിനെ ഒരാളെ ആവശ്യമുണ്ട്’. ശഅ്ബിയെയാണ് ഹജ്ജാജ് അയച്ചു കൊടുത്തത്. ഖലീഫ തന്റെ സ്വകാര്യ കൂട്ടത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. വിഷമ സന്ധികളില്‍ അദ്ദേഹത്തിന്റെ വിജ്ഞാനം ഖലീഫക്ക് തുണയാകാറുണ്ടായിരുന്നു. മറ്റ് രാജാക്കന്മാരുടെ അടുക്കലേക്ക് ഖലീഫയുടെ അംബാസഡറായി അദ്ദേഹം നിയോഗിക്കപ്പെടാറുണ്ടായിരുന്നു. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ആമിര്‍ ബിന്‍ ശുറാഹബീല്‍ -2

Related Articles