Current Date

Search
Close this search box.
Search
Close this search box.

അടിയറവെക്കാത്ത വിജ്ഞാനത്തിനുടമ

പ്രവാചകന്‍മാരുടെ പിതാവ് ഇബ്‌റാഹീം(അ)ന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ട്, ഹിജ്‌റ 97ല്‍ മുസ്‌ലിംകളുടെ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദില്‍ മലിക് പരിശുദ്ധ ദേശങ്ങളിലേക്ക് യാത്രക്കൊരുങ്ങി. അമവികളുടെ തലസ്ഥാനമായ ദമസ്‌കസില്‍ നിന്നും മദീന മുനവ്വറയിലേക്ക് കഴിയും വേഗം അദ്ദേഹത്തിന്റെ യാത്രാസംഘം കടന്നു പോകുകയാണ്. പരിശുദ്ധ റൗദയില്‍ നമസ്‌കരിക്കാനും മുഹമ്മദ്(സ)ക്ക് സലാം പറയാനുമുള്ള അത്യാര്‍ത്ഥി അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഖുര്‍ആന്‍ പാരായണക്കാര്‍, ഹദീസ് പണ്ഡിതര്‍, കര്‍മശാസ്ത്ര വിശാരദര്‍, ജ്ഞാനികള്‍, ഗവര്‍ണര്‍മാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ ഖലീഫയെ അനുഗമിക്കുന്നുണ്ട്. യാത്രാസംഘം മദീന മുനവ്വറയില്‍  ഇറങ്ങിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനും സലാം പറയാനും പൊതുജനങ്ങളും പ്രമുഖരും മുന്നോട്ടു വന്നു. എന്നാല്‍ ഖലീഫക്ക് സലാം ഓതാനും സ്വാഗതമരുളാനും വന്നണഞ്ഞ കൂട്ടത്തില്‍, മദീനയിലെ ഖാദിയും അംഗീകൃത പണ്ഡിതനും ഇമാമുമായ സലമ ബിന്‍ ദീനാര്‍ ഉണ്ടായിരുന്നില്ല.

വരവേല്‍പ്പ് കഴിഞ്ഞപ്പോള്‍ കൂടെയുള്ളവരില്‍ ചിലരോട് അദ്ദേഹം പറഞ്ഞു: ഓരോരോ സന്ദര്‍ഭങ്ങളില്‍ ഓര്‍മപ്പെടുത്താനും മനസ്സിന്റെ തുരുമ്പ് മാറ്റാനുമുള്ളവര്‍ ഇല്ലെങ്കില്‍ ലോഹം തുരുമ്പെടുക്കും പോലെ മനസ്സുകള്‍ തുരുമ്പിച്ചു പോകും.
സദസ്യര്‍: അങ്ങിനെ തന്നെ അമീറുല്‍ മുഅ്മിനീന്‍.
ഖലീഫ: നമ്മളെ ഗുണദോഷിക്കാനായി, റസൂല്‍(സ)യുടെ സഹചരരെ കണ്ട ഒരാള്‍ മദീനയില്‍ ഉണ്ടല്ലോ?
സദസ്യര്‍: അതെ, അമീറുല്‍ മുഅ്മിനീന്‍, അബൂ ഹാസിം അല്‍അഅ്‌റജ് ഇവിടുണ്ട്.
ഖലീഫ: ആരാണ് അബൂ ഹാസിം അല്‍അഅ്‌റജ്?
സദസ്യര്‍: ബഹുമാന്യ സ്വഹാബികളെ കണ്ടിട്ടുള്ള താബിഉകളില്‍ ഒരാളും മദീനയിലെ പണ്ഡിതനും ഇമാമുമായ സലമ ബിന്‍ ദീനാറാണത്.
ഖലീഫ: നമുക്ക് വേണ്ടി അദ്ദേഹത്തെ ക്ഷണിച്ചു കൊണ്ടുവരൂ, മൃദുലമായി വിളിക്കണേ.
അവര്‍ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ടുവന്നു. അദ്ദേഹം വന്നപ്പോള്‍ ഖലീഫ സ്വാഗതമരുളുകയും സമീപത്തു തന്നെ ഇരുത്തുകയും ചെയ്തു. കുറ്റപ്പെടുത്തലോടെ ചോദിച്ചു: അബൂ ഹാസിമേ, എന്ത് അനുസരണക്കേടാണ് ഇത്?
അദ്ദേഹം ചോദിച്ചു: അമീറുല്‍ മുഅ്മിനീന്‍ എന്ത് അനുസരണക്കേടാണ് എന്നില്‍ നിന്നും അങ്ങ് ദര്‍ശിച്ചത്?
ഖലീഫ: ജനങ്ങളെല്ലാം എന്നെ കാണാന്‍ വന്നു, താങ്കള്‍ വന്നില്ലല്ലോ?
അദ്ദേഹം പറഞ്ഞു: അറിഞ്ഞു കൊണ്ട് ചെയ്യുമ്പോളല്ലേ അനുസരണക്കേടാവുകയുള്ളൂ. ഇതിന് മുമ്പ് താങ്കള്‍ക്ക് എന്നെ അറിയില്ല, ഞാന്‍ താങ്കളെ കണ്ടിട്ടുമില്ല, പിന്നെ എന്ത് നന്ദികേടാണ് എന്നില്‍ നിന്നും സംഭവിച്ചത്? അപ്പോള്‍ ഖലീഫ തന്റെ സദസ്യരോട് പറഞ്ഞു: ശൈഖിന്റെ ന്യായീകരണം ശരിയാണ്, അദ്ദേഹത്തെ ആക്ഷേപിച്ചതില്‍ ഖലീഫക്കാണ് തെറ്റുപറ്റിയത്. ശേഷം അബൂ ഹാസിമിന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: മനസ്സില്‍ കുറേയേറെ പ്രശ്‌നങ്ങളുണ്ട്. അബൂ ഹാസിമേ, താങ്കളോട് അത് പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
അബൂ ഹാസിം: ആയിക്കോളൂ അമീറുല്‍ മുഅ്മിനീന്‍, അല്ലാഹു സഹായിക്കാനുണ്ടല്ലോ.
ഖലീഫ: അബൂ ഹാസിമേ, എന്ത് കൊണ്ടാണ് നമുക്ക് മരണത്തോട് വെറുപ്പുണ്ടാകുന്നത്?
അബൂ ഹാസിം: ഇഹലോകത്തെ പരിപോഷിപ്പിച്ചത് കൊണ്ടും പരലോകത്തെ നശിപ്പിച്ചത് കൊണ്ടും. അതായത് വികസനത്തില്‍ നിന്നും തകര്‍ച്ചയിലേക്ക് പോകാന്‍ നമുക്ക് അനിഷ്ടമായിരിക്കും.
ഖലീഫ: ശരിയാണ്, അബൂ ഹാസിമേ, നാളെ അല്ലാഹുവിന്റെ അടുക്കല്‍ നമുക്കുള്ളത് എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍?
അബൂ ഹാസിം: താങ്കളുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ ഗ്രന്ഥവുമായി തുലനംചെയ്ത് നോക്കൂ, അതില്‍ നിന്നും കണ്ടെത്താം.
ഖലീഫ: അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ എവിടെ നോക്കാനാണ്?
അബൂ ഹാസിം: അല്ലാഹുവിന്റെ ഉന്നതമായ വചനം ‘ഗുണവാന്‍മാര്‍ അനുഗ്രഹ ഗേഹത്തിലും തെമ്മാടികള്‍ നരകത്തിലുമാണ്’ (അല്‍ഇന്‍ഫിത്വാര്‍ 13,14) എന്നതിലുണ്ട്.
ഖലീഫ: അപ്പേള്‍ അല്ലാഹുവിന്റെ കരുണയുടെ സ്ഥാനമെന്താണ്?
അബൂ ഹാസിം: ‘അല്ലാഹുവിന്റെ കരുണ നന്മ ചെയ്യുന്നവരോട് അടുത്തു നില്‍ക്കുന്നു.’ (അഅ്‌റാഫ് 56)
ഖലീഫ: ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ അടുക്കല്‍ കടന്നു ചെല്ലുന്നത് എങ്ങിനെയായിരിക്കും?
അബൂ ഹാസിം: വീട് വിട്ടുപോയവന്‍ തിരിച്ചു വരുന്നത് പോലെ ഗുണവാന്‍ കടന്നു വരും. ഓടിപ്പൊയ അടിമയെ കൂട്ടിക്കൊണ്ടു വരുന്നത് പോലെ പാപിയെ കൊണ്ടുവരും. അതോടെ ഖലീഫ ഉച്ചത്തില്‍ കരഞ്ഞു. അദ്ദേഹം പറഞ്ഞു: അബൂ ഹാസിമേ, എങ്ങിനെയാണ് നമുക്ക് നല്ലവനാകാന്‍ കഴിയുക?
അബൂ ഹാസിം: ജാഢ ഉപേക്ഷിച്ച് പൗരുഷം നിലനിര്‍ത്തിയാല്‍ മതി.
ഖലീഫ: സമ്പത്തില്‍ എങ്ങിനെയാണ് അല്ലാഹുവിനെ സൂക്ഷിക്കുക?
അബൂ ഹാസിം: അര്‍ഹിക്കുന്നത് കൈവശപ്പെടുത്തുക, അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുക, തുല്യമായി വീതിക്കുക, പ്രജകള്‍ക്കിടയില്‍ സാമ്പത്തിക നീതി പാലിക്കുക.
ഖലീഫ: അബൂ ഹാസിമേ, ഏറ്റവും ഉത്തമനാരാണ്?
അബൂ ഹാസിം: മനോധൈര്യവും ഭക്തിയുമുള്ളവന്‍.
ഖലീഫ: അബൂ ഹാസിമേ, നേരായ വാക്ക് ഏതാണ്?
അബൂ ഹാസിം: താന്‍ ഭയക്കുന്നവന്റെയും പ്രതീക്ഷിക്കുന്നവന്റെയും മുമ്പില്‍ പറയേണ്ടി വരുന്നതാണ് സത്യമായ വാക്ക്.
ഖലീഫ: വളരെ വേഗം ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥന ഏതാണ്?
അബൂ ഹാസിം: ഗുണവാന്‍ ഗുണവാന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
ഖലീഫ: ഏറെ മഹത്തരമായ ദാനധര്‍മം ഏതാണ്?
്അബൂ ഹാസിം: പെരുമ പറയാതെ, പ്രതിഫലം നഷ്ടപ്പെടുത്താതെ, പരമ ദരിദ്രന്റെ കൈയ്യില്‍ ഇല്ലായ്മക്കാരന്‍ ക്ലേശപ്പെട്ട് നല്‍കുന്നത്.
ഖലീഫ: അബൂ ഹാസിമേ, ബുദ്ധിമാന്‍ ആരാണ്?
അബൂ ഹാസിം: അല്ലാഹുവിനെ വഴിപ്പെട്ട് വിജയം നേടിയവന്‍, അതിനായി കര്‍മം ചെയ്തവന്‍. ജനത്തിന്  അറിയിച്ചു കൊടുത്തവന്‍.
ഖലീഫ: വിഡ്ഢി ആരാണ്?
അബൂ ഹാസിം: അക്രമിയായ കൂട്ടുകാരന്റെ ഇച്ഛക്കൊത്ത് ചരിച്ചവന്‍, മറ്റൊരാളുടെ ദുന്‍യാവിനു വേണ്ടി തന്റെ ആഖിറം നഷ്ടപ്പെടുത്തിയവനാണ്.
ഖലീഫ: അബൂ ഹാസിമേ, താങ്കള്‍ ഞങ്ങള്‍ക്കൊപ്പം കൂടുന്നുവോ? അങ്ങേക്കും ഞങ്ങള്‍ക്കും അത് നേട്ടമാണ്.
അബൂ ഹാസിം: അമീറുല്‍ മുഅ്മിനീന്‍, ഒരിക്കലുമില്ല.
ഖലീഫ: എന്ത് കൊണ്ട്?
അബൂ ഹാസിം: നിങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഞാന്‍ പേടിക്കുന്നു. അതോടെ ഇഹലോകവും പരലോകവും ബലഹീനമാകും.
ഖലീഫ: അബൂ ഹാസിമേ, താങ്കളുടെ ആവശ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണര്‍ത്തിയാലും. അബൂ ഹാസിം മറുപടി നല്‍കാതെ നിശ്ശബ്ദനായപ്പോള്‍ ഖലീഫ ആവര്‍ത്തിച്ചു: അബൂ ഹാസിമേ, താങ്കളുടെ ആവശ്യങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണര്‍ത്തിയാലും, കഴിയുന്നത് പോലെ അത് നിവര്‍ത്തിച്ചു തരാം.
അബൂ ഹാസിം: നരകത്തില്‍ നിന്നും രക്ഷപ്പെടുത്തി സ്വര്‍ഗത്തില്‍ എത്തിക്കണമെന്നതാണ് എന്റെ ആവശ്യം.
ഖലീഫ: അബൂ ഹാസിമേ, അത് എന്റെ ഉത്തരവാദിത്വത്തില്‍ പെട്ടതല്ല.
അബൂ ഹാസിം: അമീറുല്‍ മുഅ്മിനീന്‍ അതല്ലാതെ മറ്റൊരാവശ്യവും എനിക്കില്ല.
ഖലീഫ: അബൂ ഹാസിമേ, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാമോ.
അബൂ ഹാസിം: അല്ലാഹുവേ, നിന്റെ ദാസന്‍ സുലൈമാന്‍, നിന്റെ വലിയ്യുകളില്‍ പെട്ടവനാണെങ്കില്‍ ഇഹപര നന്മകള്‍ അദ്ദേഹത്തിന് എളുപ്പമാക്കി കൊടുക്കേണമേ. അയാള്‍ നിന്റെ ശത്രുക്കളില്‍ പെട്ടവനാണെങ്കില്‍ അദ്ദേഹത്തെ സദ്‌വൃത്തനാക്കേണമേ, നിനക്ക് പ്രിയപ്പെട്ടതും തൃപ്തികരവുമായതിലേക്ക് എത്തിക്കേണമേ. അപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന ഒരാള്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്റെ അടുക്കല്‍ വന്നു കയറിയപ്പോള്‍ മുതല്‍ വേണ്ടാതീനങ്ങളാണല്ലോ നീ പറയുന്നത്. മുസ്‌ലിംകളുടെ ഖലീഫയെ അല്ലാഹുവിന്റെ ശത്രുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി നീ വേദനിപ്പിക്കുകയാണല്ലോ.
അബൂ ഹാസിം: അല്ല, നീയാണ് മോശമായത് പറയുന്നത്. സത്യസന്ധമായത് പറയണമെന്ന് അല്ലാഹു പണ്ഡിതരില്‍ നിന്നും കരാര്‍ വാങ്ങിയിട്ടുള്ളതാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുക്കുക, മറച്ചു വെക്കരുത്’ (ആലു ഇംറാന്‍ 187). പിന്നീട് ഖലീഫയോടായി പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍ , നമുക്ക് മുമ്പ് കഴിഞ്ഞു പോയ സമൂഹങ്ങള്‍ നന്മയും ഉതവിയും നേടിയെടുത്തത്, അവരിലെ നേതാക്കള്‍ പണ്ഡിതരുടെ അടുക്കലുള്ളതില്‍ താത്പര്യം പുലര്‍ത്തിയത് കൊണ്ടാണ്. പിന്നീട് വളരെ നിസ്സാരന്മാരായ ഒരു കൂട്ടര്‍ വന്നു. അവര്‍ അറിവ് പഠിച്ചു, ദുന്‍യാവിന്റെ വസ്തുക്കള്‍ നേടിയെടുക്കണമെന്ന വിചാരത്തില്‍ നേതാക്കന്മാരെ തേടിച്ചെന്നു. അങ്ങിനെ നേതാക്കള്‍ക്ക് പണ്ഡിതന്മാരെ ആവശ്യമില്ലാതായി. അവരുടെ ശക്തി ക്ഷയിച്ചു. ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ ദൃഷ്ടിയില്‍ നിന്നും വീണുപോയി. പണ്ഡിതര്‍ നേതാക്കന്മാരുടെ അടുക്കലുള്ളതില്‍ വിരക്തി കാണിച്ചിരുന്നെങ്കില്‍, നേതാക്കള്‍ പണ്ഡിതരുടെ അറിവില്‍ ആവശ്യമുള്ളവരാകുമായിരുന്നു. പക്ഷെ, അവര്‍ നേതാക്കന്മാരുടെ അടുക്കലുള്ളതില്‍ താത്പര്യം കാണിച്ചപ്പോള്‍ അവരില്‍ നേതാക്കള്‍ക്ക് വിരക്തിയുണ്ടായി. നേതാക്കന്മാരുടെ മുമ്പില്‍ അവര്‍ നിസ്സാരന്മാരായി.
ഖലീഫ പറഞ്ഞു: താങ്കള്‍ പറഞ്ഞത് ശരിയാണ്. അബൂ ഹാസിമേ, ഇനിയും എന്നെ ഉപദേശിക്കൂ. വായില്‍ തത്വം നിറഞ്ഞിരിക്കുന്നതായി താങ്കളെയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.
അബൂ ഹാസിം: താങ്കള്‍ സ്വീകരിക്കുമെങ്കില്‍ ആവശ്യമാകുന്നിടത്തോളം ഞാന്‍ പറയാം. അങ്ങിനെയല്ലെങ്കില്‍ ഞാണില്ലാത്ത വില്ലില്‍ നിന്നും എയ്തിട്ടെന്ത് ഫലം.
ഖലീഫ: സത്യമായും അബൂ ഹാസിമേ, എന്നെ ഉപദേശിക്കൂ.
അബൂ ഹാസിം: അതേ, ചുരുങ്ങിയ വാക്കുകളില്‍ ഉപദേശിക്കാം…… ഉന്നതനും പ്രതാപിയുമായ അല്ലാഹുവിനെ വിലമതിക്കുക, അവന്‍ വിരോധിച്ച കാര്യങ്ങളില്‍ നിന്നെ കാണേണ്ടി വരാതെയും, കല്‍പിച്ചരുളിയതില്‍ നിന്നും വിട്ടുപോകാതെയും കാത്തു കൊള്ളുക.
അദ്ദേഹം സലാം പറഞ്ഞ് തിരിച്ചു പോയപ്പോള്‍ ഖലീഫ പറഞ്ഞു: ഗുണകാംക്ഷ പുലര്‍ത്തുന്ന പണ്ഡിതവര്യാ, അങ്ങേക്ക് അല്ലാഹു നന്മ വരുത്തട്ടെ.

അബൂ ഹാസിം വീട്ടിലെത്തിയതും ദീനാറുകള്‍ നിറച്ച ഒരു സഞ്ചി അമീറുല്‍ മുഅ്മിനീന്‍ കൊടുത്തയച്ചതായി അദ്ദേഹം അറിഞ്ഞു. ‘താങ്കള്‍ ഇത് ചെലവഴിക്കുക, താങ്കള്‍ക്കായി ഇതിലേറെ ഞാന്‍ വെച്ചിട്ടുണ്ട്’ എന്ന കത്തും കൂടെ ഉണ്ടായിരുന്നു. അദ്ദേഹം അത് തിരിച്ചയച്ച് കൊണ്ട് ഖലീഫക്ക് എഴുതി: ‘അമീറുല്‍ മുഅ്മിനീന്‍, എന്നോടുള്ള താങ്കളുടെ ചോദ്യവും താങ്കളോടുള്ള എന്റെ മറുപടിയും വൃഥാവിലാകുന്നതില്‍ നിന്നും അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു. അല്ലാഹുവാണ, അമീറുല്‍ മുഅ്മിനീന്‍ താങ്കള്‍ക്കായി പോലും എനിക്കിത് തൃപ്തിയല്ല, എന്നിട്ടല്ലെ എനിക്ക് വേണ്ടി തൃപ്തിപ്പെടാന്‍. അമീറുല്‍ മുഅ്മിനീന്‍, ഞാന്‍ താങ്കളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ സംസാരിച്ചതിനാണ് ഇതെങ്കില്‍, നിവൃത്തിയില്ലാത്ത ഘട്ടത്തിലെ ശവവും പന്നിമാംസവുമാണ് ഇതിനേക്കാള്‍ അനുവദനീയം. മുസ്‌ലിംകളുടെ പൊതുഭണ്ഡാരത്തില്‍ നിന്നും എനിക്ക് കിട്ടേണ്ട വിഹിതമാണെങ്കില്‍ എനിക്കും മറ്റുള്ളവര്‍ക്കും തുല്യമായിട്ടാണോ വീതിച്ചിട്ടുള്ളത്?’ (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സലമഃ ബിന്‍ ദീനാര്‍ -2

Related Articles