Current Date

Search
Close this search box.
Search
Close this search box.

അജ്ഞാത സഹായി

masked-knight.jpg

ഒന്നും കഴിക്കാതെ ഖുസൈമയും ഭാര്യയും മൂന്ന് ദിവസം പിന്നിട്ടു. തന്റെ വിശപ്പിനേക്കാളും പ്രയാസത്തേക്കാളും അദ്ദേഹത്തെ വേദനപ്പിച്ചത് ഭാര്യയുടെ അവസ്ഥയായിരുന്നു. അവളോടുള്ള സ്‌നേഹവും അനുകമ്പയും പുറത്തു പോയി തന്നോട് കടബാധ്യതയുള്ളവരോട് അതാവശ്യപ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കടം വാങ്ങിയവര്‍ ഒന്നും തിരിച്ചു നല്‍കാതിരുന്നപ്പോഴും അത് ചോദിക്കാന്‍ അദ്ദേഹത്തിന്റെ അന്തസ്സും ഔദാര്യവും അനുവദിച്ചില്ല. തന്റെ മുന്നില്‍ കൈനീട്ടിയിരുന്നവരോട് എങ്ങനെ ചോദിക്കുമെന്ന ചിന്ത അദ്ദേഹത്തെ പ്രയാസപ്പെടുത്തി. നിന്ദ്യതയോടെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് അന്തസ്സോടെ മരിക്കുകയാണെന്ന തീരുമാനത്തിലാണ് അവസാനം അദ്ദേഹം എത്തിചേര്‍ന്നത്.

രാത്രിയുടെ ഒരു ഭാഗം പിന്നിട്ടപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നതായി അദ്ദേഹത്തിന് തോന്നി. ആരാണ് വാതില്‍ക്കലെന്ന് നോക്കാന്‍ അദ്ദേഹം ഭാര്യയോട് പറഞ്ഞു.
അവള്‍ പറഞ്ഞു: മുഖം മറച്ച ഒരു കുതിരപ്പടയാളിയാണ്, അയാളുടെ കണ്ണുകളല്ലാതെ ഒന്നും കാണുന്നില്ല.
അദ്ദേഹം വന്ന് വാതില്‍ തുറന്നു കൊടുത്തു. അദ്ദേഹത്തെ കണ്ട ആ പടയാളി കുതിരപ്പുറത്തു നിന്നും ഇറങ്ങുകയോ സംസാരിക്കുകയോ ചെയ്യാതെ ഭാരമുള്ള ഒരു കിഴി അദ്ദേഹത്തിന് നല്‍കി. അതില്‍ പണമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന രൂപത്തിലായിരുന്നു. എന്നിട്ട് അയാള്‍ കുതിരയുടെ കടിഞ്ഞാന്‍ പിടിച്ച് പോകാന്‍ ഒരുങ്ങി. അപ്പോള്‍ ഖുസൈമ ചോദിച്ചു: ആരാണ് നീ? എന്താണിത്?
അയാള്‍ പറഞ്ഞു: അല്ലാഹു താങ്കളുടെ അടുത്തേക്ക് എത്തിച്ചതാണിത്. ഈ ഔദാര്യം ആരും താങ്കളോട് എടുത്തു പറയില്ല. ഞാന്‍ ആരാണെന്ന് താങ്കള്‍ മനസ്സിലാക്കുന്നത് എനിക്കിഷ്ടമില്ലാത്തതിനാലാണ് ഈ സമയത്ത് ഇതും വഹിച്ച് ഞാന്‍ തന്നെ താങ്കളുടെ അടുത്തേക്ക് വന്നത്.
ഖുസൈമ: അല്ലാഹുവാണ, താങ്കളാരാണെന്ന് പറയാതെ ഞാനിത് സ്വീകരിക്കുകയില്ല.
പടയാളി: ഉദാരമാരെ വീഴ്ച്ചയില്‍ സഹായിക്കുന്നവനാണ് (ജാബിറു അഥ്‌റാതില്‍ കിറാം) ഞാന്‍.
ഖുസൈമ: ഒന്നു കൂടി തെളിയിച്ചു പറയൂ.
കൂടുതല്‍ വിശദീകരണത്തിന് വിസമ്മതിച്ച് കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ച് അയാള്‍ ഇരുട്ടില്‍ മറഞ്ഞു.

ഖുസൈമ ഭാര്യയുടെ അടുത്ത് ചെന്ന് പറഞ്ഞു: നിന്റെ പ്രയാസത്തിന് അറുതിയായിരിക്കുന്നു. നീ വിളക്ക് കത്തിച്ച് ഇവിടെ വന്ന് ഒന്നു നോക്ക്.
അവള്‍ പറഞ്ഞു: വിളക്ക് കത്തിക്കാന്‍ ഒരു തുള്ളി എണ്ണ പോലും ഈ വീട്ടിലില്ലെന്ന് നിങ്ങള്‍ക്ക് അറിയുമല്ലോ.
അവരിരുവരും ആ കിഴി പരിശോധിച്ചു. അത് പണമാണെന്ന് അവര്‍ക്ക് മനസ്സിലായി. ഭാര്യ പറഞ്ഞു: പണമാണെങ്കില്‍ ഇത് ധാരാളമുണ്ടാകും.

അവരുടെ കണ്ണുകളിലെ ഉറക്കമെല്ലാം പോയി. നേരം വെളുക്കുന്നത് വരെ അവര്‍ ഉണര്‍ന്നിരുന്നു. സ്വര്‍ണ നാണയങ്ങളുടെ പ്രകാശം അവരുടെ കണ്ണുകളില്‍ തട്ടി. നാലായിരം ദിനാറുണ്ടായിരുന്നു അത്. ആശ്ചര്യത്തോടെ ‘ആരാണ് അയാള്‍?’ എന്ന് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു. (തുടരും)

മൊഴിമാറ്റം: നസീഫ്‌

ജാബിറു അഥ്‌റാതില്‍ കിറാം 1

ജാബിറു അഥ്‌റാതില്‍ കിറാം 3

Related Articles