Current Date

Search
Close this search box.
Search
Close this search box.

ഹൃദയത്തിനകത്ത് കയറുന്ന ഉപദേശി

ഉപദേശിക്കാനും ഉണര്‍ത്താനും ലഭ്യമായ അവസരങ്ങള്‍ പാഴാക്കുമായിരുന്നില്ല സ്വിലത് ബിന്‍ അശ്‌യം. എതിര്‍ത്തുനില്‍ക്കുന്നവരെ തന്ത്രത്തിലൂടെയും സദുപദേശത്തിലൂടെയും രക്ഷിതാവിന്റെ വഴിയിലേക്ക് ആകര്‍ഷിക്കുന്ന, കഠിനമനസ്‌കരെ മൃദുമാനസരാക്കുന്ന ശൈലിയായിരുന്നു പ്രബോധനത്തില്‍ അദ്ദേഹം സ്വീകരിച്ചത്.
ഒരിക്കല്‍ അദ്ദേഹം ഒറ്റക്ക് ആരാധനയില്‍ മുഴുകുന്നതിന് ബസ്വറയുടെ വെളിമ്പ്രദേശത്തേക്ക് പോകുകയായിരുന്നു. പ്രായത്തിന്റെ ചാപല്യത്തില്‍ നിയന്ത്രണം വിട്ടുപോയ ഒരു സംഘം യുവാക്കള്‍ തമാശ കളിച്ചും മദിച്ചും രമിച്ചും അദ്ദേഹത്തെ കടന്നുപോയി. അദ്ദേഹം അവരോട് സലാം പറയുകയും ലോഹ്യംപറയുകയും ചെയ്തു. മയത്തോടെ അവരെ സംബോധന ചെയ്തു കൊണ്ട് ചോദിച്ചു: ‘മഹത്തായ ഒരു കര്‍മത്തിനായി യാത്രക്ക് ഒരുങ്ങിയ ഒരു സംഘം, പകല്‍നേരം വഴിയില്‍ നിന്നും മാറിയിരുന്ന് തമാശ കളിക്കുന്നു. രാത്രിയില്‍ വിശ്രമിച്ച് കഴിഞ്ഞുകൂടുന്നു. നിങ്ങള്‍ എന്ത് പറയുന്നു? അവരുടെ യാത്ര പൂര്‍ത്തിയാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? അവരുടെ ലക്ഷ്യം നിറവേറുമോ?’ അദ്ദേഹം പിന്നെയും പിന്നെയും ഇത് പറഞ്ഞുകൊണ്ടിരുന്നു. വീണ്ടുമൊരിക്കല്‍ അദ്ദേഹം അവരെ കണ്ടുമുട്ടിയപ്പോള്‍ ഈ വര്‍ത്താനം തന്നെ പറഞ്ഞു: അവരില്‍ പെട്ട ഒരു യുവാവ് അന്നത് ശ്രദ്ധിച്ചു. അയാള്‍ പറഞ്ഞു: ‘അല്ലാഹുവാണ, അദ്ദേഹം ഇത് നമ്മളെ കരുതി പറയുന്നതാണ്. നാമാണല്ലോ പകല്‍ നേരമ്പോക്കിലും രാത്രി ഉറക്കിലും കഴിച്ചുകൂട്ടുന്നത്.’ അന്നുമുതല്‍ അയാള്‍ തന്റെ ചങ്ങാതികളെ ഉപേക്ഷിച്ച് സ്വിലത് ബിന്‍ അശ്‌യമിനെ അനുധാവനം ചെയ്തു. മരണം വരെ അദ്ദേഹത്തിന്റെ സഹവാസത്തില്‍ കഴിഞ്ഞുകൂടി.

ഒരു പകല്‍ സമയം തന്റെ കൂട്ടുകാരായ ചെറുസംഘത്തോടൊപ്പം അദ്ദേഹം ലക്ഷ്യസ്ഥാനത്തേക്ക് പോകുകയാണ്. നിറയൗവ്വനത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തെ കടന്നുപോയി. അയാളുടെ മുണ്ടിന് നീളം കൂടുതലുണ്ട്. അഹങ്കാരികള്‍ വലിച്ചിഴയ്ക്കുന്നത് പോലെ അയാള്‍ നിലത്തുകൂടി അത് വലിച്ചിഴയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ യുവാവിന് നേരെ തിരിഞ്ഞു. കൈയ്യും നാവും ഉപയോഗിച്ച് അയാളെ പിടികൂടാന്‍ അവര്‍ തുനിഞ്ഞു.
സ്വിലത് അവരോട് പറഞ്ഞു: അയാളുടെ കാര്യം എനിക്ക് വിട്ടേക്കൂ.

ശേഷം അദ്ദേഹം യുവാവിന്റെ നേരെ ചെന്നു, പിതൃവിശേഷമായ അനുകമ്പയോടെയും ആത്മസുഹൃത്തിനോടെന്ന പോലെയും പറഞ്ഞു: സഹോദരപുത്രാ, എനിക്ക് ഒരാവശ്യം ഉണ്ടായിരുന്നു. യുവാവ് അവിടെ നിന്നു. അയാള്‍ ചോദിച്ചു: എന്താണ് അങ്ങേക്ക് പറയാനുള്ളത്?
സ്വിലത്: നിനക്ക് മുണ്ട് ഉയര്‍ത്തി ഉടുത്തുകൂടെ, അതാണ് നിന്റെ വസ്ത്രത്തിന് വൃത്തി നല്‍കുന്നതും നിന്റെ രക്ഷിതാവിനോട് തഖ്‌വ ഉണ്ടാക്കുന്നതും നിന്റെ നബിയുടെ മാര്‍ഗത്തോട് അടുത്ത് നില്‍ക്കുന്നതും.

ആ യുവാവ് ലജ്ജയോടെ അപ്പോള്‍ പറഞ്ഞു: തീര്‍ച്ചയായും, സന്തോഷത്തോടെ ഞാനത് സ്വാഗതം ചെയ്യുന്നു. ശേഷം പെട്ടെന്ന്തന്നെ മുണ്ട് ഉയര്‍ത്തി ഉടുത്തു.
സ്വിലത് കൂട്ടുകാരോട് പറഞ്ഞു: നിങ്ങള്‍ കരുതിയതിയതിനേക്കാള്‍ ഉത്തമം ഇതാണ്. നിങ്ങള്‍ അവനെ അടിക്കുകയും ആക്ഷേപിക്കുകയും ചെയ്താല്‍ അവന്‍ നിങ്ങളെയും അടിക്കുകയും ആക്ഷേപിക്കുകയും, പിന്നെയും നിലത്തു കൂടി മുണ്ട് വലിച്ചിഴക്കുകയും ചെയ്യുമായിരുന്നു.

ഒരിക്കല്‍ ബസ്വറയില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പറഞ്ഞു: അബുസ്സഹ്ബാഅ്, അല്ലാഹു താങ്കളെ പഠിപ്പിച്ചതില്‍ നിന്നും എന്നെയും പഠിപ്പിച്ചാലും.
ഹര്‍ഷപുളകിതനായ അദ്ദേഹം പറഞ്ഞു: സഹോദരപുത്രാ, മറന്നുപോയ എന്റെ ഭൂതകാലം താങ്കള്‍ ഓര്‍മിപ്പിച്ചല്ലോ. അന്ന് ഞാനും നിന്നെപ്പോലെ ചെറുപ്പമായിരുന്നു. റസൂല്‍ തിരുമേനി(സ)യുടെ ശിഷ്ട സഹാബികളുടെ അടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു: അല്ലാഹു നിങ്ങളെ പഠിപ്പിച്ചതില്‍ നിന്നും എന്നെയും പഠിപ്പിച്ചാലും. അവര്‍ എന്നോട് പറഞ്ഞു: സ്വന്തത്തിന് താങ്ങും മനസ്സിന് വസന്തവുമായി ഖുര്‍ആനിനെ മാറ്റിക്കൊള്ളൂ. അതിനെ ഉപദേശകനാക്കൂ. അത്‌കൊണ്ട് വിശ്വാസികളെ ഉപദേശിക്കൂ. ആകുന്നിടത്തോളം അല്ലാഹുവിനെ സ്മരിക്കൂ.
ആ യുവാവ് പറഞ്ഞു: താങ്കള്‍ക്ക് നന്മ ഭവിക്കട്ടെ, എനിക്കായി പ്രാര്‍ത്ഥിച്ചാലും.
സ്വിലത് പറഞ്ഞു: ബാക്കിയാകുന്നതില്‍ അല്ലാഹു നിനക്ക് താത്പര്യമുളവാക്കട്ടെ, നശിച്ചു പോകുന്നതില്‍ പരിത്യാഗിയാക്കട്ടെ. മനസ്സുകള്‍ക്ക് ശാന്തിയേകുന്നതും, ദീനില്‍ ആശ്രയിക്കാവുന്നതുമായ ദൃഢത അല്ലാഹു നിനക്ക് നല്‍കുമാറാകട്ടെ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി -1
സ്വിലത് ബിന്‍ അശ്‌യം അല്‍-അദവി -3