Current Date

Search
Close this search box.
Search
Close this search box.

ഹജ്ജാജിനെ ഇളിഭ്യനാക്കിയവന്റെ പിന്നാലെ

ത്വാവൂസ് ബിന്‍ കൈസാന്‍ പറയുന്നു: ഞാന്‍ ഹജ്ജിനായി മക്കയിലെത്തിയ വേളയില്‍ ഹജ്ജാജ് ബിന്‍ യൂസുഫ് ഥഖഫി എന്നെ വിളിപ്പിച്ചു. അവിടെ എത്തിയ എന്നെ അയാളുടെ അടുത്തായി സ്വീകരിച്ചിരുത്തി. തലയിണ തന്നുകൊണ്ട് അതില്‍ ചാരിയിരിക്കാന്‍ ക്ഷണിച്ചു. പിന്നീട് അയാള്‍ക്ക് പിടികിട്ടാതെ പോയ ഹജ്ജിന്റെയും മറ്റും ചില മസ്അലകള്‍ ചോദിച്ചുതുടങ്ങി. അങ്ങിനെയിരിക്കേ, കഅ്ബാലയത്തിന്റെ ചുറ്റും നടന്ന് ഉച്ചത്തില്‍ തല്‍ബിയ്യത്ത് പറയുന്ന ഒരാളുടെ ശബ്ദം അയാള്‍ കേട്ടു. ഹൃദയങ്ങളെ വിറപ്പിക്കാന്‍പോന്ന ഒരു മാറ്റൊലി അതിനുണ്ടായിരുന്നു. ഹജ്ജാജ് പറഞ്ഞു: ലബ്ബൈക് പറയുന്ന അയാളെ ഹാജരാക്കൂ.
അയാളെ കൊണ്ടുവരപ്പെട്ടു. അയാളോട് ഹജ്ജാജ് ചോദിച്ചു: ഇയാള്‍ ആരാണ്?
അയാള്‍: മുസ്‌ലിംകളില്‍ ഒരാളാണ്.
ഹജ്ജാജ്: അതല്ല ഞാന്‍ നിന്നോട് ചോദിച്ചത്. നാട് ഏതെന്നാണ് ഞാന്‍ അന്വേഷിക്കുന്നത്.
അയാള്‍: യമന്‍കാരനാണ്.
ഹജ്ജാജ് (തന്റെ സഹോദരനെ ഉദ്ദേശിച്ചു കൊണ്ട്): നിങ്ങളുടെ അമീര്‍ എങ്ങിനെയുണ്ട്?
അയാള്‍: ആജാനുബാഹുവാണ്…. നല്ല ശരീരമാണ്…. ഉടയാടകള്‍ ധരിച്ച് വാഹനത്തില്‍ കയറി…. വന്നും പോയുമിരിക്കുന്നു അയാള്‍.
ഹജ്ജാജ്: അതല്ല ഞാന്‍ അന്വേഷിക്കുന്നത്.
അയാള്‍: പിന്നെന്താണ് താങ്കള്‍ക്ക് അറിയേണ്ടത്?
ഹജ്ജാജ്: നിങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ സംബന്ധിച്ചാണ് ഞാന്‍ അന്വേഷിക്കുന്നത്.
അയാള്‍: അക്രമി.. തെമ്മാടി.. സൃഷ്ടികളെ അനുസരിച്ച്… സൃഷ്ടാവിനെ ധിക്കരിക്കുന്നു.

സദസ്യര്‍ക്കിടയിലിരുന്ന് ഹജ്ജാജിന്റെ മുഖം ലജ്ജയും കോപവും നിമിത്തം ചുവന്നുതുടുത്തു. അയാളോടായി ഹജ്ജാജ് ചോദിച്ചു: ഇങ്ങിനെയൊക്കെ പറയാന്‍ നിനക്ക് എങ്ങിനെ ധൈര്യംവന്നു? അദ്ദേഹത്തിന് എന്റെ അടുക്കലുള്ള സ്ഥാനം നിനക്ക് അറിവുള്ളതല്ലേ?
അയാള്‍: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ നബിയെ അംഗീകരിക്കുകയും…. അല്ലാഹുവിന്റെ ഭവനത്തിലെത്തി അതിന്റെ മുറ്റത്ത് നിന്ന് ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുന്ന വേളയില്‍, അവന്റെ മുമ്പിലുള്ള എന്റെ സ്ഥാനത്തേക്കാള്‍ മഹത്വമുള്ളതാണോ നിന്റെ സഹോദരന് നിന്റെ മുമ്പിലുള്ളത്?
ഹജ്ജാജ് മറുപടി പറയാനാകാതെ കുഴങ്ങി.

ത്വാവൂസ് പറയുന്നു: പിന്നെ അയാള്‍ അവിടെ ഇരുന്നില്ല, അനുവാദം ചോദിക്കാതെ… അനുമതിക്ക് കാത്തുനില്‍ക്കാതെ എഴുന്നേറ്റുപോയി. ഞാനും അയാളുടെ പിന്നാലെ എഴുന്നേറ്റു. ഞാന്‍ എന്നോടായി പറഞ്ഞു: ‘അയാള്‍ സദ്‌വൃത്തനാണ്. ജനസഞ്ചയം കണ്‍വെട്ടത്തു നിന്നും അയാളെ ഒളിപ്പിക്കും മുമ്പ് അയാളുടെ പിന്നാലെ കൂടി നേട്ടമുണ്ടാക്കൂ.’ അങ്ങിനെ ഞാന്‍ അയാളെ അനുഗമിച്ചു. ഞാന്‍ കണ്ടു അയാള്‍ കഅ്ബയിലെത്തി…. അതിന്റെ കറുത്ത വസ്ത്രത്തോട് ചേര്‍ന്നുനിന്നു… ചുവരില്‍ കവിള്‍ അമര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവേ, നിന്നോട് ശരണം തേടുന്നു…… നിന്റെ സന്നിധിയില്‍ അഭയം തരണമേ…. അല്ലാഹുവേ, പിശുക്കന്മാരുടെ പിടിച്ചുവെക്കലില്‍ നിന്നും മുക്തമായിട്ടുള്ള…. താന്‍പോരിമക്കാരുടെ കൈയ്യിലുള്ളത് ആശിക്കേണ്ടാത്ത തരത്തിലുള്ള, നിന്റെ ഓശാരത്തിലും….. നിന്റെ സംരക്ഷണത്തില്‍ പൊരുത്തപ്പെടാനും എനിക്ക് മനഃസ്സംതൃപ്തി നല്‍കേണമേ. അല്ലാഹുവേ, ലോകങ്ങളുടെ പരിപാലകാ, അടുത്ത് തന്നെ മോക്ഷവും ഔദാര്യവും നിന്റെ നല്ല ഇടപെടലും ഞാന്‍ ചോദിക്കുന്നു.

ശേഷം ഒരു മനുഷ്യത്തിരക്ക് അയാളെയും കൊണ്ടുപോയി എന്റെ ദൃഷ്ടിക്ക് അഗോചരമാക്കി. ഇനിയും അയാളെ സന്ധിക്കാന്‍ ഒരുവഴിയുമില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങിനെയിരിക്കെ, അറഫാ ദിനം വൈകുന്നേരം ജനക്കൂട്ടത്തില്‍ അയാള്‍ ഒഴുകിനീങ്ങുന്നത് ഞാന്‍ കണ്ടു. അയാളോട് ഞാന്‍ അടുത്തു. അയാള്‍ പറയുകയാണ് ‘അല്ലാഹുവേ, എന്റെ ഹജ്ജും പരിക്ഷീണവും അത്യദ്ധ്വാനവും സ്വീകരിച്ചില്ലെങ്കിലും, എന്നെ പരീക്ഷിച്ചതിലെ കൂലി നല്‍കാതിരിക്കല്ലേ. എന്നില്‍ നിന്നും അത് സ്വീകരിക്കാതിരിക്കല്ലേ. ശേഷം അയാള്‍ ജനക്കൂട്ടത്തില്‍ നടന്നുപോയി, ഇരുട്ട് അയാളെ മറച്ചുകളഞ്ഞു. അയാളെ സന്ധിക്കാന്‍ കഴിയില്ല എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവേ, എന്റേയും അദ്ദേഹത്തിന്റെയും പ്രാര്‍ത്ഥന സ്വീകരിക്കേണമേ, എന്റേയും അദ്ദേഹത്തിന്റെയും ആഗ്രഹം പൂര്‍ത്തീകരിക്കേണമേ, കാലുകള്‍ ഇടറി വീഴുന്ന ദിനത്തില്‍ എന്റേയും അദ്ദേഹത്തിന്റെയും പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തേണമേ. ഉദാരരില്‍ ഉദാരാ, സ്വര്‍ഗ്ഗീയ നദിയായ ഹൗദുല്‍ കൗഥറിന് സമീപത്ത് അദ്ദേഹത്തോടൊപ്പം എന്നെ സന്ധിപ്പിക്കേണമേ.

ത്വാവൂസ് എന്ന് വിളിപ്പേരുള്ള മഹാനായ താബിഈ ദക്‌വാന്‍ ബിന്‍ കൈസാന്റെ കൂടെയുള്ള യാത്ര വേറെയുമുണ്ട്. അല്ലാഹു അദ്ദേഹത്തില്‍ സംപ്രീതനാകട്ടെ, നിത്യസ്വര്‍ഗം അദ്ദേഹത്തിന്റെ താവളമാക്കട്ടെ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ത്വാവൂസ് ബിന്‍ കൈസാന്‍ 1

Related Articles