Stories

സൗരഭ്യം പരത്തിയ ചൈതന്യം

ഭക്തനും പരിത്യാഗിയും സച്ചരിതനുമായ അഞ്ചാം ഖലീഫയുടെ ഭാഷണം, കസ്തൂരിയേക്കാള്‍ സുഗന്ധപൂരിതവും പൂന്തോപ്പിനേക്കാള്‍ ചേതോഹരവുമാണ്. അനിതരസാധാരണവും ദീപ്തവുമായ അദ്ദേഹത്തിന്റെ  ജീവചരിത്രം നറുമണമുള്ള പൂങ്കാവാണ്. അതിലെവിടെ ചെന്നാലും കണ്ടെത്താനാവും ഒരു പുതുനാമ്പ്… വിടര്‍ന്ന പൂവ്… പഴുത്ത കായ്കനി. കുന്നുകൂടിക്കിടക്കുന്ന പുരാവൃത്തത്തിലുള്ള കനപ്പെട്ട ആ ജീവചരിതം മുഴുമിക്കാനാവുകയില്ലെങ്കിലും, ആ പൂങ്കാവനത്തിലെ ഒരു മലര്‍ ഇറുത്തെടുക്കാനും, അതിന്റെ വെളിച്ചത്തിലെ ഒരു സ്ഫുരണം കൊളുത്തിയെടുക്കാനും നമുക്ക് തടസ്സമുണ്ടാവുകയില്ല. അതായത് എല്ലാം കിട്ടിയില്ലെങ്കിലും അല്‍പവും കിട്ടാതെ പോവില്ല. ഇതാ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ ജീവിതചിത്രങ്ങളില്‍ നിന്നും മൂന്നെണ്ണം നിങ്ങള്‍ക്ക് മുന്നില്‍. അല്ലാഹു അനുവദിക്കുമെങ്കില്‍… എളുപ്പത്തിലാക്കുമെങ്കില്‍ വരും ലിഖിതങ്ങളില്‍ വേറെ ചിത്രങ്ങള്‍ കൂടി നല്‍കുന്നതാണ്.

ആദ്യ ചിത്രം മദീനയിലെ ജഞാനിയും ഖാദിയും പണ്ഡിതശ്രേഷ്ഠനുമായ സലമഃ ബിന്‍ ദീനാര്‍ നമുക്ക് പറഞ്ഞുതരുന്നു. ‘മുസ്‌ലിംകളുടെ ഖലീഫയായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ അടുക്കല്‍ ഞാന്‍ കടന്നുചെന്നു. അദ്ദേഹം ഹല്‍ബ് പ്രവിശ്യയിലെ ഖുനാസ്വിറ എന്ന സ്ഥലത്തായിരുന്നു. എനിക്ക് പ്രായമേറിയിരുന്നു. ഞാനും അദ്ദേഹവും കണ്ടുമുട്ടിയിട്ട് ഏറെ നാളായിരുന്നു. കവാടത്തിനു മുന്നിലായി ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. പക്ഷെ അദ്ദേഹം മദീനയില്‍ ഗവര്‍ണറായിരുന്ന കാലത്ത് ദര്‍ശിച്ചതില്‍ നിന്നും കോലം മാറിയിരുന്നത് കൊണ്ട് എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. എന്നെ സ്വാഗതംചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു: അബൂ ഹാസിമേ, അടുത്തേക്ക് വരൂ.

അടുത്ത് എത്തിയപ്പോള്‍ ഞാന്‍ ചോദിച്ചു: താങ്കള്‍ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് അല്ലേ?
അദ്ദേഹം പറഞ്ഞു: അങ്ങിനെ തന്നെ.
ഞാന്‍: താങ്കള്‍ക്ക് എന്ത് സംഭവിച്ചു? വിടര്‍ന്ന വദനവും ചുളിവ് വീഴാത്ത ചര്‍മവും മെച്ചപ്പെട്ട ജീവിതവും താങ്കള്‍ക്കുണ്ടായിരുന്നതല്ലേ.
ഉമര്‍: അങ്ങിനെയായിരുന്നു.
ഞാന്‍: മഞ്ഞലോഹവും വെള്ളലോഹവും അധീനതയില്‍ വന്നുകഴിഞ്ഞപ്പോള്‍, വിശ്വാസികളുടെ നായകനായിക്കഴിഞ്ഞപ്പോള്‍ താങ്കള്‍ക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്?
ഉമര്‍: അബൂ ഹാസിമേ, എനിക്ക് എന്ത് മാറ്റം സംഭവിച്ചുവെന്നാണ്?
ഞാന്‍: ശരീരം ശോഷിച്ചു, ചര്‍മം പരുപരുത്തതായി, മുഖം മഞ്ഞയായി, കണ്ണിന്റെ തിളക്കം കെട്ടുപോയി.
കരഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു: എന്നെ ഖബ്‌റിലാക്കി മൂന്നു ദിനം കഴിഞ്ഞ്, എന്റെ ഇരുകവിളുകളിലൂടെയും രണ്ട് കണ്ണുകളും ഒലിച്ചിറങ്ങി… വയര്‍ വീര്‍ത്തു പൊട്ടി… പുഴുക്കള്‍ ശരീരത്തിലൂടെ തിന്നും കുടിച്ചും മദിച്ചു നടക്കുന്ന അവസ്ഥയില്‍ കാണേണ്ടി വരുമ്പോള്‍ എങ്ങിനെയുണ്ടാകും? അബൂ ഹാസിമേ, അന്ന് എന്നെ കാണുമ്പോള്‍ ഇന്നുള്ളതിലേറെ അപരിചിതത്വം താങ്കള്‍ക്ക് തോന്നുമല്ലോ…
ശേഷം എന്റെ നേരെ ദൃഷ്ടിയുയര്‍ത്തി കൊണ്ട് പറഞ്ഞു: അബൂ ഹാസിമേ, മദീനയില്‍ വെച്ച് താങ്കള്‍ എന്നോട് പറയാറുണ്ടായിരുന്ന ഒരു തിരുവചനം താങ്കള്‍ ഓര്‍ക്കുന്നുവോ?
ഞാന്‍: അമീറുല്‍ മുഅ്മിനീന്‍ അനേകം ഹദീസുകള്‍ അങ്ങയോട് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഏതാണ് താങ്കള്‍ ഉദ്ധേശിച്ചത്?
ഉമര്‍: അബൂ ഹുറൈറ നിവേദനം ചെയ്ത ഹദീസ്.
ഞാന്‍: അതെ, അമീറുല്‍ മുഅ്മിനീന്‍ എനിക്കോര്‍മയുണ്ട്.
ഉമര്‍: ഒന്നുകൂടി അത് ആവര്‍ത്തിക്കാമോ? താങ്കളില്‍ നിന്നും അത് എനിക്ക് കേള്‍ക്കണമെന്നുണ്ട്.
ഞാന്‍: റസൂലുല്ലാഹി (സ) നിന്നും ശ്രവിച്ചതായി അബൂ ഹുറൈറ പറയുന്നതായി ഞാന്‍ കേട്ടു ‘നിങ്ങള്‍ക്കു മുമ്പാകെ അതീവ ദുര്‍ഘടവും ചെങ്കുത്തായതുമായ ഒരു മലമ്പാതയുണ്ട്. ദൈവാരാധനയും ധര്‍മസമരവും കൊണ്ട് മെലിഞ്ഞുണങ്ങിയ ശരീരങ്ങള്‍ക്കല്ലാതെ അതിലൂടെ കടന്നുപോകാന്‍ കഴിയില്ല.’ അപ്പോളേക്കും ഉമര്‍ അതിശക്തമായി കരഞ്ഞു. അദ്ദേഹത്തിന്റെ കരള്‍ പറിഞ്ഞുപോകുമെന്ന് ഞാന്‍ പേടിച്ചുപോയി. കണ്ണുനീര്‍ ചാലിട്ടൊഴുകി. എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: ആ മലമ്പാതയ്ക്ക് വേണ്ടി ഞാന്‍ മെലിഞ്ഞാല്‍… അതിലൂടെ രക്ഷപ്പെടണമെന്നുള്ള താല്‍പര്യത്താല്‍… എനിക്ക് തോന്നുന്നില്ല രക്ഷപ്പെടാനാവുമെന്ന്… അബൂ ഹാസിമേ, ഇനിയും എന്നെ താങ്കള്‍ കുറ്റപ്പെടുത്തുമോ? (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് -1
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് -2
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് -3
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 2

Facebook Comments
Related Articles
Show More

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Close
Close