Current Date

Search
Close this search box.
Search
Close this search box.

സഈദ് ബിന്‍ മുസയ്യബ്

ഖലീഫ അബ്ദുല്‍ മലിക് ഹജ്ജ് ചെയ്യാനുദ്ദേശിച്ചു. ദുല്‍ഖഅദ് മാസമെത്തിയപ്പോള്‍ തന്നെ യാത്രക്കുള്ള പാഥേയങ്ങളൊരുക്കി, ബനൂ ഉമയ്യയില്‍ പെട്ട പ്രമുഖരെയും രാഷ്ട്രത്തിലെ പ്രധാനികളെയും കാണാന്‍ വേണ്ടി ഹിജാസിലേക്ക് പുറപ്പെട്ടു. ഡമസ്‌കസില്‍ നിന്നും പരിവാരങ്ങളുമായി മദീനയിലേക്ക് പുറപ്പെട്ടു. അവര്‍ ഇറങ്ങുന്ന പ്രദേശത്തെല്ലാം ടെന്റുകള്‍ നിര്‍മിച്ചു ; അവിടെ വൈജ്ഞാനികമായ ക്ലാസുകളും ഉദ്‌ബോധനങ്ങളും സംഘടിപ്പിക്കുകയുണ്ടായി.

ഖലീഫ മദീനയിലെത്തി, ഹറം ശരീഫിന് അഭിമുഖമായി നില്‍ക്കുകയും പ്രവാചകന്റെ റൗളയിലെത്തി സലാം ചെല്ലുകയും ചെയ്തു. മുമ്പൊരിക്കലുമില്ലാത്ത ഒരു മാനസികമായ അനുഭൂതിയും നിര്‍വൃതിയും അദ്ദേഹത്തിന് അനുഭവപ്പെടുകയുണ്ടായി. അദ്ദേഹം തന്റെ താമസം മദീനയിലേക്ക് മാറ്റിയാലോ എന്ന് ആലോചിക്കുകയുണ്ടായി. പക്ഷെ അതിന് വഴികളൊന്നും കണ്ടില്ല. മദീന പള്ളിയില്‍ നിറഞ്ഞ ജനസാന്നിദ്ധ്യത്തിലുള്ള വൈജ്ഞാനിക സഭകള്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിക്കുകയുണ്ടായി. താബിഉകളില്‍ പ്രമുഖരും നക്ഷത്ര തുല്യരുമായ പണ്ഡിതന്മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ഒരു ഭാഗത്ത് ഉര്‍വതുബ്‌നു സുബൈര്‍, മറുഭാഗത്ത് സഈദു ബ്‌നുല്‍ മുസയ്യബ്, മറ്റൊരിടത്ത് അബ്ദുല്ലാഹി ബ്‌നു ഉത്ബ തുടങ്ങിയവരുടെ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഒരു ദിവസം പതിവിന് വിപരീതമായി ഖലീഫ തന്റെ ഉച്ചയുറക്കത്തില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റു, തന്റെ കാര്യസ്ഥനായ മൈസറയെ വിളിച്ചുകൊണ്ടു പറഞ്ഞു. നീ മസ്ജിദുന്നബവിയില്‍ പോയി നമുക്ക് വിജ്ഞാനം പകര്‍ന്നു നല്‍കാന്‍ വേണ്ടി ഒരു പണ്ഡിതനെ ഇങ്ങോട്ടു വിളിക്കൂ. മൈസറ മസ്ജിദുന്നബവിയിലെത്തി. അപ്പോള്‍ അവിടെ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ പണ്ഡിതന്മാരടങ്ങുന്ന ആ സദസ്സിന് നേതൃത്വം നല്‍കുന്നത് അറുപതില്‍ പരം വയസുള്ള മഹാ പണ്ഡിതനാണ്. സദസ്സിനു അല്‍പം വിദൂരത്ത് നിന്നുകൊണ്ടു ശൈഖിനെ ആംഗ്യരൂപത്തില്‍ മൈസറ വിളിച്ചു. ശൈഖ് അദ്ദേഹത്തിലേക്ക് തിരിയുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. മൈസറ അദ്ദേഹത്തിന്റെയടുത്ത് വന്നും ഞാന്‍ നിങ്ങളെ വിളിച്ചത് നിങ്ങള്‍ കേട്ടില്ലേ എന്നു ചോദിച്ചു. അതെ, എന്താണ് നിന്റെ ആവശ്യം?

അമീറുല്‍ മുഅ്മിനീന്‍ എഴുന്നേറ്റപ്പോള്‍ പള്ളിയില്‍ പോയി ഒരു പണ്ഡിതനെ തന്റെ സവിദത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ക്ലാസെടുക്കുന്നയാളല്ല  എന്ന് ശൈഖ് പ്രതിവചിച്ചു. അദ്ദേഹത്തിന് ക്ലാസെടുക്കുന്ന ഒരു പണ്ഡിതനെയാണ് ആവശ്യപ്പെട്ടത് എന്നു മൈസറ വീണ്ടും പറഞ്ഞു. അപ്പോള്‍ ശൈഖ് പ്രതികരിച്ചു: ആര്‍ക്കെങ്കിലും വല്ലതും ആവശ്യമായി വന്നാല്‍ അത് അവനിലേക്ക് പോകുകയാണ് ചെയ്യുക, അദ്ദേഹത്തിന് പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ പള്ളിയില്‍ നടക്കുന്ന വൈജ്ഞാനിക സദസ്സില്‍ അദ്ദേഹത്തിനും വന്നിരിക്കാം. വിജ്ഞാനത്തെ നാം തേടിപ്പോകണം, ഒരിക്കലും വിജ്ഞാനം നമ്മെ തേടിയെത്തില്ല.

മൈസറ തിരച്ചെത്തി ഖലീഫയുടെ അരികില്‍ തിരിച്ചെത്തി സംഭവിച്ചതെല്ലാം വിവരിച്ചു. അതു കേട്ടപ്പോള്‍ അബ്ദുല്‍ മലിക് നെടുവീര്‍പ്പിട്ടുകൊണ്ട് എഴുന്നേറ്റു വീട്ടിനുള്ളിലേക്കു പുറപ്പെട്ടു. അത് സഈദു ബ്‌നുല്‍ മുസയ്യബാണെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. നിനക്ക് അദ്ദേഹത്തെ കൊണ്ടുവരാന്‍ കഴിയുന്നില്ലെങ്കില്‍ എന്നോടൊന്നും നീ പറയേണ്ട എന്നു പറയുകയും ചെയ്തു.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

സഈദ് ബിന്‍ മുസയ്യബ് -2

Related Articles