Stories

വിജ്ഞാനത്തെ സ്‌നേഹിച്ച റബീഅ

റബീഅ കുട്ടിക്കാലം മുതല്‍ തന്നെ അഗ്രഗണ്യനായി വളര്‍ന്നു വന്നു. വാക്കിലും പ്രവര്‍ത്തനത്തിലും കൂര്‍മകുശലതയുടെ അടയാളങ്ങള്‍ തെളിഞ്ഞുനിന്നിരുന്നു. അതിനാല്‍ അദ്ദേഹത്തിന് നല്ല നിലയില്‍ തന്നെ വിജ്ഞാനവും ശിക്ഷണവും നല്‍കണമെന്ന് അധ്യാപകരോടും പരിശീലകരോടും അദ്ദേഹത്തിന്റെ ഉമ്മ പ്രത്യേകം നിര്‍ദേശം നല്‍കി. ഏറെ വൈകാതെ തന്നെ അദ്ദേഹം എഴുത്തിലും വായനയിലും നിപുണനായി. പിന്നീട് അല്ലാഹുവിന്റെ ഗ്രന്ഥം മനനം ചെയ്തു. മുഹമ്മദ്(സ)യുടെ ഹൃദയത്തില്‍ അവതരിച്ചത് പോലെ ഇമ്പമായി വിശുദ്ധ ഗ്രന്ഥം റബീഅ് പാരായണം ചെയ്യുമായിരുന്നു. ലളിതമായ പ്രവാചക വചനങ്ങള്‍ മനഃപാഠമാക്കാന്‍ ശ്രമിച്ചു. അറബികളുടെ ഭാഷാശൈലി അദ്ദേഹത്തിന്റ കഴിവിനനുസൃതമായി കൈവശപ്പെടുത്തി. അനിവാര്യമായ മതനിര്‍ദേശങ്ങളില്‍ അറിയേണ്ടതെല്ലാം അറിഞ്ഞു.

പുത്രന്റെ അധ്യാപകര്‍ക്കും ഗുരുക്കന്മാര്‍ക്കും റബീഅയുടെ ഉമ്മ സമ്പത്തും സമ്മാനങ്ങളും നിര്‍ലോഭം നല്‍കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വിജ്ഞാനം വര്‍ധിക്കുമ്പോള്‍ ഉമ്മയുടെ സ്‌നേഹ പരിലാളനകളും കൂടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ കാണാമറയത്തുള്ള പിതാവ് മടങ്ങിവന്ന് പുത്രനെ കണ്ട് കണ്‍കുളിര്‍മയാകുന്നതും കാത്ത് ഉമ്മയിരുന്നു. പക്ഷെ ഫര്‍റൂഖിന്റെ പ്രവാസം നീണ്ടുപോയി, പലരും പലതും പറഞ്ഞുതുടങ്ങി. ശത്രുക്കളുടെ കരങ്ങളില്‍ തടവുകാരനായി കഴിയുകയാണെന്ന് ചിലര്‍, ജിഹാദില്‍ തന്നെ തുടരുകയാണെന്ന് മറ്റുചിലര്‍. യുദ്ധരംഗത്ത് നിന്ന് മടങ്ങിവന്ന ഒരുകൂട്ടര്‍ പറഞ്ഞത് ആഗ്രഹിച്ചത് പോലെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്. ഒരു വിവരവും ലഭ്യമല്ലാത്തത് കൊണ്ട് റബീഅയുടെ ഉമ്മ അവസാനം കേട്ട വാര്‍ത്ത സ്ഥിരീകരിച്ചു. മനോവേദനയാല്‍ വിമ്മിഷ്ടപ്പെട്ടപ്പോളും അവള്‍ അല്ലാഹു നല്‍കുന്ന പ്രതിഫലത്തെ കാത്തിരുന്നു.

കൗമാരക്കാരനായിരുന്ന റബീഅ യുവജനങ്ങളുടെ സതീര്‍ത്ഥ്യനായിരുന്നു. ചില ഗുണകാംക്ഷികള്‍ അദ്ദേഹത്തിന്റെ ഉമ്മയോട് പറഞ്ഞു: അദ്ദേഹത്തെ പോലെയുള്ളവര്‍ മനസ്സിലാക്കേണ്ട എഴുത്തും വായനയുമൊക്കെ റബീഅ പൂര്‍ത്തിയാക്കിക്കഴിഞ്ഞു, സമപ്രായക്കാരേക്കാളേറെ അദ്ദേഹം നേടിയെടുത്തുകഴിഞ്ഞു, ഖുര്‍ആന്‍ മനഃപാഠമാക്കി, ഹദീസുകള്‍ നിവേദനം ചെയ്യുന്നുമുണ്ട്. അവനെ വല്ല തൊഴിലും പഠിപ്പിച്ചിരുന്നുവെങ്കില്‍ അതിലൂടെ ലഭിക്കുന്ന ഉപകാരങ്ങള്‍ നിനക്കും അവനും ജീവിക്കാനുതകുമായിരുന്നു. അപ്പോള്‍ റബീഅയുടെ ഉമ്മ പറഞ്ഞു: ഇഹപരലോക നന്മകള്‍ അവന് നല്‍കിടേണമേ എന്നാണ് അല്ലാഹുവോട് ഞാന്‍ തേടാറുള്ളത്. റബീഅ വിജ്ഞാനത്തെ തെരഞ്ഞെടുത്തു കഴിഞ്ഞു. ജീവിതകാലമത്രയും അറിവ് നേടിയും നല്‍കിയും കഴിച്ചുകൂട്ടണമെന്നാണ് അവന്റെ തീരുമാനം.

സ്വയം വെട്ടിത്തെളിച്ച വഴിത്താരയിലൂടെ തളരാതെയും പതറാതെയും  റബീഅ നടന്നുപോയി. ദാഹാര്‍ത്ഥന്‍ തെളിവെള്ളമുള്ള ഉറവിടങ്ങള്‍ തേടിപ്പോകുന്നത് പോലെ, മദീനയിലെ മസ്ജിദിനെ അലങ്കരിച്ചിരുന്ന വൈജ്ഞാനിക സദസ്സുകള്‍ തേടി അദ്ദേഹം പോയി. ശിഷ്ടജീവിതം മഹത്തുക്കളായ സ്വഹാബികളോടൊപ്പമാക്കി, അക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു പ്രവാചക സേവകനും അന്‍സ്വാരിയുമായ അനസ് ബിന്‍ മാലിക്. ആദ്യകാല താബിഉകളില്‍ നിന്നും അദ്ദേഹം പലതും നേടിയെടുത്തു, സഈദ് ബിന്‍ മുസയ്യബ്, മക്ഹൂല്‍ ശാമി, സലമ ബിന്‍ ദീനാര്‍ എന്നിവര്‍ അവരുടെ മുന്‍നിരയിലുണ്ടായിരുന്നു. രാവും പകലും നിരന്തര പരിശ്രമം ചെയ്ത് അദ്ദേഹം പരിക്ഷീണനായി. അവ്വിഷയകമായി വല്ലവരും സംസാരിക്കുകയോ, സ്വന്തത്തോട് അലിവ് കാട്ടാന്‍ ഉദ്‌ബോധിപ്പിക്കുകയോ ചെയ്താല്‍ അദ്ദേഹം പറയും: ഞങ്ങളുടെ ഗുരുക്കന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് ‘വിജ്ഞാനത്തിന് നിന്നെ പൂര്‍ണമായി നല്‍കിയാലേ വിജ്ഞാനം അതിലൊരു ഭാഗം നിനക്ക് നല്‍കുകയുള്ളൂ’.

അധിക കാലം പിന്നിടും മുമ്പേ അദ്ദേഹത്തിന്റെ യശസ്സ് മുകളിലെത്തി, ആ താരകം വിളങ്ങിനിന്നു, സ്‌നേഹിതരുടെ എണ്ണംകൂടി, വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ അതിരറ്റ് സ്‌നേഹിച്ചു. ജനം നേതാവായി അംഗീകരിച്ചു. മദീനയിലെ ആ പണ്ഡിതന്റെ ജീവിതം സ്വസ്ഥവും ശാന്തവുമായി ഒഴുകി. പകലിന്റെ ഒരു ഭാഗം കുടുബത്തിനും സഹോദരങ്ങള്‍ക്കുമൊപ്പം വീട്ടില്‍, മറ്റൊരു ഭാഗം പ്രവാചകന്റെ മസ്ജിദിലെ ജ്ഞാനസദസ്സുകളില്‍. കണക്ക് കൂട്ടലുകള്‍ക്ക് പിടിതരാതെ സന്നിഗ്ദ്ധമായി കടന്നുപോയി ആ ജീവിതം. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

റബീഅത്തു റഅ്‌യ് – 1
റബീഅത്തു റഅ്‌യ് – 3

Facebook Comments
Related Articles
Show More

ഡോ. അബ്ദുറഹ്മാന്‍ റഅ്ഫത്ത് പാഷ

1920- ല്‍ വടക്കന്‍ സിറിയയിലെ അരീഹയില്‍ ജനനം. ജന്മസ്ഥലത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം സിറിയയിലെ ഖസ്‌റവിയ്യ മദ്‌റസയില്‍ ഉപരിപഠനം നടത്തി. അസ്ഹറിലാണ് അദ്ദേഹം യൂനിവേഴ്‌സിറ്റി പഠനം തുടങ്ങിയത്. ശേഷം കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും, ഡോക്ടറേറ്റും നേടി.
സിറിയയിലെ പ്രശസ്ത അറബി സാഹിത്യ അധ്യാപകനും ഗവേഷകനുമായിരുന്നു അദ്ദേഹം. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ അറബി അധ്യാപകനും, ളാഹിരിയ്യ പുസ്തക പ്രസാധനാലയത്തിന്റെ തലവനുമായിരുന്നു. ശേഷം സൗദിയിലെ സഊദ് യൂനിവേഴ്‌സിറ്റി അറബി അധ്യാപകനായും അറബി ഭാഷാ പഠനവിഭാഗം തലവനായും പ്രവര്‍ത്തിച്ചു. യൂനിവേഴ്‌സിറ്റിക്ക് കീഴിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയും വഹിച്ചു.
ഇസ്‌ലാമിക സാഹിത്യത്തിലും അറബി സാഹിത്യത്തിനും നിസ്തുലമായ സംഭാവനകളാണ് അദ്ദേഹമര്‍പ്പിച്ചത്. അറബി കവിതകളിലും കഥകളിലും ഇസ്‌ലാമിക ആശയങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു. ഇസ്‌ലാമിക ലേഖനങ്ങളും, പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രസംഭവങ്ങളെ സരളവും സരസവുമായി വിവരിക്കുന്ന കൃതികളും രചിച്ചിട്ടുണ്ട്. 1986 ജൂലൈ 18-ന് ഇസ്തംബൂളില്‍ മരണപ്പെട്ടു.
സ്വഹാബികളുടെ ജീവിതം, സ്വഹാബി വനിതകളുടെ ജീവിതം, താബിഇകളുടെ ജീവിതം തുടങ്ങിയ പ്രശസ്ത ഗ്രന്ഥങ്ങളടക്കം ധാരാളം കൃതികള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

Check Also

Close
Close
Close