നിലാവുള്ള വേനല്‍ക്കാല രാത്രിയിലൊരിക്കല്‍ സപ്തതി തികയാറായ ഒരു അശ്വാഭ്യാസി മദീന മുനവ്വറയിലെത്തി. കുതിരപ്പുറത്തേറി അയാള്‍ തന്റെ വാസസ്ഥാനം ലക്ഷ്യമാക്കി നടന്നു. കാലങ്ങള്‍ക്ക് മുമ്പുള്ള സ്ഥലത്തു തന്നെയാണോ അതുണ്ടാവുക, അതോ ഋതുഭേദങ്ങള്‍ വല്ല മാറ്റവും വരുത്തിയിട്ടുണ്ടോ എന്ന് തീര്‍ച്ചയില്ല. മുപ്പത് വര്‍ഷത്തോളമായി അദ്ദേഹം പ്രവാസത്തിലായിരുന്നല്ലോ. ആ വീട്ടില്‍ താന്‍ വിട്ടുപോയ യുവതിയായ പത്‌നി എന്ത് ചെയ്തിട്ടുണ്ടാകുമോ? ഉദരത്തില്‍ അവള്‍ വഹിച്ചിരുന്ന ശിശു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ? ജീവിച്ചിരിക്കുന്നുണ്ടാകുമോ മരണമടഞ്ഞുവോ? ജീവനോടെയുണ്ടെങ്കില്‍ എങ്ങിനെയായിരിക്കും? ബുഖാറാ, സമര്‍ഖന്ത് പരിസരപ്രദേശങ്ങള്‍ കീഴടക്കാനായി മുസ്‌ലിം സൈനികര്‍ക്കൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതിനടന്ന വേളകളില്‍ സമാഹരിച്ച ഗനീമത്തുകളുടെ വന്‍ശേഖരം അവളുടെ അടുക്കല്‍ സൂക്ഷിപ്പുമുതലായി വെച്ചിരുന്നു, അദ്ദേഹം ആത്മഗതം ചെയ്തു.
മദീനയിലെ തെരുവീഥികള്‍ കാലത്തും വൈകിട്ടും സഞ്ചാരികളാല്‍ നിബിഡമായിരുന്നു. ജനം ഇശാ നമസ്‌കാരത്തില്‍ നിന്നും വിരമിച്ചിട്ടേയുള്ളു. കടന്നുപോകുന്ന ഒരാളെപ്പോലും അയാള്‍ക്ക് തിരിച്ചറിയാനാവുന്നില്ല, ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുമില്ല. പടക്കുതിരയിലേക്കോ തോളില്‍ തൂക്കിയിട്ടിരിക്കുന്ന പടവാളിലേക്കോ ആരും തിരിഞ്ഞു നോക്കുന്നുമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വന്നും പോയുമിരിക്കുന്ന മുജാഹിദുകളുടെ ദൃശ്യം ഇസ്‌ലാമിക നഗരങ്ങളിലെ താമസക്കാര്‍ക്ക് പുത്തരിയല്ലല്ലോ. എങ്കിലും കുതിരപ്പടയാളിയുടെ വ്യസനവും ആശങ്കയും ഇരട്ടിക്കാനേ അത് നിമിത്തമായുള്ളൂ. യോദ്ധാവ് ഈ ചിന്തകളില്‍ അഭിരമിച്ച്, മാറ്റം വന്നുപോയ ഇടവഴികളില്‍ തന്റെ പാത അന്വേഷിച്ചു കൊണ്ട് കടന്നു പോകുമ്പോള്‍ തൊട്ടുമുമ്പില്‍ തന്റെ ഭവനം. കവാടം തുറന്നു കിടക്കുന്നു. സന്തോഷം കാരണം അനുവാദം പോലും തേടാതെ അങ്കണത്തിനുള്ളില്‍ കടന്നു.
ഗേറ്റിന്റെ കിരുകിരുപ്പ് കേട്ട ഗൃഹനാഥന്‍ മുകള്‍ നിലയില്‍ നിന്നും എത്തിനോക്കുമ്പോള്‍, അരയില്‍ വാള്‍ തൂക്കി കുന്തം, കുത്തിപ്പിടിച്ച്, നിലാവെളിച്ചത്തില്‍ ഒരാള്‍ കെട്ടിടത്തിനുള്ളിലേക്ക് തിരക്കിട്ട് കയറിവരുന്നു. ഗൃഹനാഥന്റെ യുവതിയായ ഭാര്യ അപരിചിതന്റെ കണ്ണെത്തും ദൂരത്ത് നില്‍ക്കുന്നുണ്ട്. സിംഹമടയില്‍ അനാവശ്യമായി കടന്നു ചെല്ലുന്നവന്റെ നേരെ മൃഗരാജാവ് ചാടിവീഴും പോലെ ഗൃഹനാഥന്‍ കോപാകുലനായി കുതിച്ചുചെന്നു. ആഗതന് സംസാരത്തിനിടം നല്‍കാതെ അയാളെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രൂ, രാത്രിയുടെ മറവില്‍ ഒളിച്ചുകടക്കുന്നുവോ? എന്റെ ഭവനത്തിലേക്ക് തള്ളിക്കയറി വരുന്നുവോ? വീട്ടമ്മയെ അക്രമിക്കുന്നുവോ?
രണ്ടാളും പരസ്പരം ബഹളമുണ്ടാക്കി കുതിച്ചുചാടി, അട്ടഹാസം മുഴങ്ങി, ചുറ്റുപാടും നിന്നും അയല്‍വാസികള്‍ ഓടിയെത്തി. കുടുക്കിട്ടതു പോലെ അവര്‍ പരദേശിയെ വളഞ്ഞു. ബാക്കി അയല്‍ക്കാരെയും സഹായത്തിനായി വിളിച്ചു. ഗൃഹനാഥന്‍ അദ്ദേഹത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ശത്രൂ, അല്ലാഹുവാണ നിന്നെ ഞാന്‍ ഗവര്‍ണറുടെ അടുക്കലെത്തിക്കും.
അപരിചിതന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ ശത്രുവല്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇത് എന്റെ ഭവനമാണ്. എന്റെ കൈവശത്തിലുള്ളതാണ്, വാതില്‍ തുറന്നിരുന്നത് കൊണ്ട് ഉള്ളില്‍ കടന്നുവെന്ന് മാത്രം. ശേഷം ജനങ്ങളോടായി പറഞ്ഞു: ജനങ്ങളേ, ഒന്നു കേള്‍ക്കൂ, ഇതെന്റെ മാളികയാണ്. എന്റെ പണം കൊണ്ട് ഞാന്‍ വാങ്ങിയതാണ്. സമൂഹമേ, ഞാന്‍ ഫര്‍റൂഖാണ്. മുപ്പത് വര്‍ഷമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിനായി പുറപ്പെട്ട ഫര്‍റൂഖിനെ അറിയുന്ന ആരും അയല്‍വാസികളില്‍ ഇല്ലെന്നോ?
ഗൃഹനാഥന്റെ ഉറക്കിലായിരുന്ന മാതാവ് ബഹളം കേട്ടുണര്‍ന്നു. മുകള്‍ നിലയില്‍ നിന്നും എത്തിനോക്കിയ അവര്‍ കണ്ടത് തന്റെ ഭര്‍ത്താവിനെയാണ്. അദ്ദേഹത്തെ വെറുതെ വിടൂ, റബീആ, അദ്ദേഹത്തെ വിടൂ, മോനേ അദ്ദേഹത്തെ വിടൂ, അത് നിന്റെ പിതാവാണ്, ജനങ്ങളേ മാറിപ്പോകൂ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, അബൂ അബ്ദിറഹ്മാന്‍ നിന്റെ ശ്രദ്ധയോടെ ഇടപെടൂ.. താങ്കള്‍ ഏറ്റുമുട്ടുന്ന ഈ വ്യക്തി താങ്കളുടെ കരളിന്റെ കഷ്ണമായ പുത്രനാണ്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയെങ്കിലും എങ്ങിനെയൊക്കെയോ ആ സ്ത്രീ പറഞ്ഞൊപ്പിച്ചു.
കര്‍ണപുടങ്ങളെ ആ വാക്കുകള്‍ തഴുകിയതും ഫര്‍റൂഖ് മുന്നോട്ടു വന്ന് റബീഅയെ ആലിംഗനം ചെയ്ത് അണച്ചുകൂട്ടി. റബീഅ ഫര്‍റൂഖിന്റെ കൈയ്യിലും കഴുത്തിലും തലയിലും നിറുത്താതെ ചുംബിച്ചു. ജനം പിരിഞ്ഞു പോയി. മൂന്ന് പതിറ്റാണ്ടായി ഒരു വിശേഷവും ലഭ്യമല്ലാതിരുന്നത് കൊണ്ട് ഈ ലോകത്ത് വെച്ച് കണ്ടുമുട്ടുമെന്ന് താന്‍ പ്രതീക്ഷിക്കാതിരുന്ന ഭര്‍ത്താവിനോട് സലാം പറഞ്ഞുകൊണ്ട് ഉമ്മു റബീഅ ഇറങ്ങി വന്നു.
ഫര്‍റൂഖ് സഹധര്‍മിണിയോട് വിശേഷങ്ങള്‍ പങ്കുവെച്ചുതുടങ്ങി, വാര്‍ത്തകള്‍ നിലച്ചു പോയതിന്റെ കാരണങ്ങള്‍ നിരത്തി. പക്ഷെ, അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങളില്‍ സന്തോഷിക്കാനാവുന്നില്ല, മറ്റെന്തോ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. അദ്ദേഹവുമായിട്ടുള്ള കൂടിച്ചേരലിന്റെയും പുത്രനെ കണ്ടുമുട്ടിയതിന്റെയും സന്തോഷ വേളയില്‍ തന്നെ വിഷമാവസ്ഥയില്‍ കൊണ്ടെത്തിച്ചത്, സൂക്ഷിപ്പ് സ്വത്തായി തന്നെ ഏല്‍പ്പിച്ച സമ്പത്തെല്ലാം പാഴാക്കിക്കളഞ്ഞതിലുള്ള അദ്ദേഹത്തിന്റെ കോപത്തെ പറ്റിയുള്ള ഭയമായിരുന്നു. അവള്‍ സ്വയം പറഞ്ഞു: ‘എന്റെയടുക്കല്‍ സൂക്ഷിപ്പുസ്വത്തായി അദ്ദേഹം വിട്ടുപോയ, മാന്യമായി ചെലവഴിക്കണമെന്ന് എന്നോട് നിര്‍ദേശിച്ചിരുന്ന വന്‍ശേഖരത്തെ സംബന്ധിച്ച് എന്നോട് ചോദിച്ചാല്‍, ഒന്നും ശേഷിക്കുന്നില്ലെന്ന് പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക. അദ്ദേഹത്തിന്റെ പുത്രന്റെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനുമായി ചെലവഴിച്ചുവെന്ന് പറഞ്ഞാല്‍ ആ വിശദീകരണം തൃപ്തികരമാകുമോ? മുപ്പതിനായിരം ദീനാര്‍ ഒരു കുട്ടിയുടെ ചെലവിനോ? പുത്രന്റെ കരങ്ങള്‍ മേഘം പോലെ ഉദാരമാണെന്നും ഒരു ദീനാറും ദിര്‍ഹമും പോലും ശേഷിപ്പിച്ചില്ലെന്നും, സഹോദരങ്ങള്‍ക്കായി ആയിരങ്ങള്‍ അവന്‍ ചെലവഴിച്ചത് മദീനക്കാര്‍ക്ക് മുഴുവന്‍ അറിവുള്ളതാണെന്നും പറഞ്ഞാല്‍ അദ്ദേഹം വിശ്വസിക്കുമോ?’ ഉമ്മു റബീഅ ഈവക ഉല്‍ക്കണ്ഠകളില്‍ മുങ്ങിത്തപ്പുമ്പോള്‍ ഭര്‍ത്താവ് അവളോട് പറഞ്ഞു: ഉമ്മു റബീആ ഞാന്‍ വന്നിട്ടുള്ളത് നാലായിരം ദിര്‍ഹമും കൊണ്ടാണ്, ഞാന്‍ നിന്നെ ഏല്‍പ്പിച്ച സ്വത്തും കൂടി ചേര്‍ത്ത് നമുക്ക് തോട്ടമോ കെട്ടിടങ്ങളോ വാങ്ങാം, ആയുസ്സുള്ളിടത്തോളം അതിന്റെ ആദായത്തില്‍ ജീവിക്കാം, എവിടെ പണം? വേഗം കൊണ്ടുവരൂ, എന്റെയടുക്കലുള്ളതും കൂടി അതില്‍ ചേര്‍ക്കാം. അവള്‍ പറഞ്ഞു: അനിവാര്യമായിടത്തു തന്നെ ഞാന്‍ അത് വെച്ചിട്ടുണ്ട്, ഇന്‍ശാ അല്ലാഹ് അല്‍പ ദിവസത്തിനകം ഞാന്‍ അത് എടുത്തു തരുന്നതാണ്.
മുഅദ്ദിനിന്റെ ശബ്ദം അവരുടെ സംസാരത്തിന് തടയിട്ടു. ഫര്‍റൂഖ് ചാടിയെഴുന്നേറ്റു വെള്ളപ്പാത്രത്തില്‍ നിന്നും വുദൂഅ് ചെയ്തു. വളരെ വേഗം മസ്ജിദിലേക്ക് തിരിച്ചു. റബീഅ എവിടെ? അദ്ദേഹം അന്വേഷിച്ചു. അവര്‍ പറഞ്ഞു: ആദ്യ വിളിയാളത്തിനു തന്നെ അദ്ദേഹം മസ്ജിദിലേക്ക് പോയി, താങ്കള്‍ക്ക് ജമാഅത്ത് ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. ഫര്‍റൂഖ് മസ്ജിദില്‍ എത്തിയപ്പോള്‍ ഇമാം പെട്ടെന്ന് നമസ്‌കാരത്തില്‍ നിന്നും വിരമിച്ചു കഴിഞ്ഞിരുന്നു. ഫര്‍റൂഖ് ഫര്‍ദ് നമസ്‌കാരം കഴിഞ്ഞ് വിശുദ്ധ റൗദയില്‍ ചെന്ന് റസൂല്‍ തിരുമേനി(സ)ക്ക് സലാം പറഞ്ഞു. പിന്നീട് തിരുമേനിയുടെ ഖബ്‌റിനും മിമ്പറിനും ഇടയിലുള്ള സ്വര്‍ഗത്തോപ്പിന്റെ നേരെ തിരിഞ്ഞു. അവിടെ നിന്ന് നമസ്‌കരിക്കാന്‍ അദ്ദേഹത്തിന് പൂതിയുണ്ടായിരുന്നു. അവിടുത്തെ പ്രശോഭിത അങ്കണത്തിലൊരിടത്തു നിന്ന് അദ്ദേഹം സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചു തുടങ്ങി. അല്ലാഹു തീരുമാനിച്ച അത്രയും അദ്ദേഹം നമസ്‌കരിച്ചു. മനസ്സിലേക്ക് വന്ന പ്രാര്‍ത്ഥനാ വചനങ്ങള്‍ കൊണ്ട് പ്രാര്‍ത്ഥിച്ചു. (തുടരും)
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട
റബീഅത്തു റഅ്‌യ് – 1
റബീഅത്തു റഅ്‌യ് – 2
റബീഅത്തു റഅ്‌യ് – 4