Current Date

Search
Close this search box.
Search
Close this search box.

മുആവിയയുടെ നേരെ ചൂണ്ടിയ വിരല്‍

അമീറുല്‍ മുഅ്മിനീന്‍ മുആവിയ ബിന്‍ അബീസുഫ്‌യാന്‍(റ)വിലേക്ക് ഖിലാഫത്ത് നീങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സദസ്സില്‍ അബൂ മുസ്‌ലിം പലവട്ടവും പോകാറുണ്ടായിരുന്നു. മുആവിയയോടുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പ്രസിദ്ധമാണ്. ആ സംഭവങ്ങള്‍ ഉത്തുംഗത്തിലുള്ള രണ്ടാളുകളെ കാണിച്ചുതരുന്നു, അന്തകരണവിശുദ്ധി എടുത്തണിഞ്ഞ രണ്ടാളുകളെ ഉദ്‌ഘോഷിക്കുന്നു.

ഒരിക്കല്‍ മുആവിയ(റ)വിന്റെ സദസ്സിലേക്ക് അബൂ മുസ്‌ലിം കടന്നുചെല്ലുമ്പോള്‍ കാണുന്നത് ബൃഹത്തായ ഒരു സദസ്സില്‍ അദ്ദേഹം അധ്യക്ഷം വഹിക്കുന്നതാണ്. സാമ്രാജ്യത്തിലെ പ്രജകളും സൈനിക നായകരും പ്രമുഖ വ്യക്തിത്വങ്ങളും അദ്ദേഹത്തെ പൊതിഞ്ഞുനില്‍ക്കുന്നു.

ജനം അദ്ദേഹത്തെ പരിധിവിട്ട് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അബൂ മുസ്‌ലിം കണ്ടു. മുആവിയയുടെ അവസ്ഥയില്‍ അബൂ മുസ്‌ലിമിന് കടുത്ത ആശങ്കയുണ്ടായി. ക്ഷണത്തില്‍ അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ കൂലിക്കാരാ, നിനക്ക് രക്ഷയുണ്ടാകട്ടെ).
ജനം തിരിഞ്ഞു നിന്ന് അദ്ദേഹത്തോട് പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീനെന്ന് പറയൂ. അദ്ദേഹം അവരെ തെല്ലും ഗൗനിച്ചില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. ജനം പറഞ്ഞു: അബൂ മുസ്‌ലിമേ, അമീറുല്‍ മുഅ്മിനീന്‍. അദ്ദേഹം അവര്‍ക്ക് ചെവികൊടുത്തില്ല, അവരെ തിരിഞ്ഞുനോക്കിയില്ല. അദ്ദേഹം വിളിച്ചു: അസ്സലാമു അലൈക യാ അജീറല്‍ മുഅ്മിനീന്‍. പിന്നെയും ജനം തിരുത്തുമെന്നായപ്പോള്‍ മുആവിയ അവരോട് പറഞ്ഞു: അബൂ മുസ്‌ലിമിനെ വിട്ടേക്കൂ, എന്താണ് താന്‍ പറയുന്നതെന്ന് അദ്ദേഹത്തിന് അറിയാം.

മുആവിയയുടെ അടുത്തേക്ക് ചെന്ന് അബൂ മുസ്‌ലിം പറഞ്ഞു: ‘താങ്കളെ പോലുള്ളവര്‍, അല്ലാഹു ജനത്തിന്റെ കാര്യത്തില്‍ താങ്കളെ ഉത്തരവാദിത്വം ഏല്‍പിച്ചു കഴിഞ്ഞിരിക്കെ, കൂലിക്ക് ആളെ നിശ്ചയിച്ച് ആടുകളുടെ കാര്യം ഏല്‍പിച്ചുകൊടുക്കുകയും, നല്ല നിലയില്‍ പരിപാലിച്ച് അവയുടെ ശരീരം സംരക്ഷിച്ച് കൊണ്ട് കമ്പിളിയും പാലും കൂടുതലായി ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നിശ്ചയിക്കപ്പെട്ട ഒരുവനെപ്പോലെയാണ്. ചെറിയവ വലുതാവുകയും മെലിഞ്ഞവ തടിവെയ്ക്കുകയും രോഗമുള്ളവ സുഖം പ്രാപിക്കുകയും ചെയ്യുന്നത് വരെ കരാര്‍ പ്രകാരം നിലകൊണ്ടാല്‍ അവന് കൂലിയും കിട്ടും കൂടുതലും കിട്ടും. നല്ല നിലയില്‍ പരിപാലിക്കാതെ മെലിഞ്ഞവ ചത്തുപോകുകയും തടിച്ചവ മെലിയുകയും കമ്പിളിയും പാലും കിട്ടാതെ വരികയും ചെയ്താല്‍ കൂലി തടയപ്പെടും, ഉടമ കോപിഷ്ഠനാകും ശിക്ഷിക്കും. താങ്കള്‍ക്ക് ഉത്തമമായതും പ്രതിഫലം ലഭിക്കുന്നതും തിരഞ്ഞെടുക്കൂ.’

താഴേക്ക് തല കുമ്പിട്ടിരുന്ന മുആവിയ തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, താങ്കള്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കട്ടെ. അല്ലാഹുവിനോടും റസൂലിനോടും വിശ്വാസികളോടും ഗുണകാംക്ഷ പുലര്‍ത്തുന്നവനായിട്ടല്ലാതെ താങ്കളെ ഞങ്ങള്‍ അറിഞ്ഞിട്ടില്ല.

ഒരിക്കല്‍ അബൂ മുസ്‌ലിം ദമാസ്‌കസിലെ മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിന് ഹാജറായി. അമീറുല്‍ മുഅ്മിനീന്‍ മുആവിയ ജനങ്ങളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ശുദ്ധജല ലഭ്യതക്കായി തന്റെ നിര്‍ദേശാനുസരണം കുഴിച്ച ‘ബറദാ’ നദിയെ സംബന്ധിച്ച് അവരോട് അദ്ദേഹം പ്രതിപാദിക്കുന്നു. സദസ്സിനിടയില്‍ നിന്നും അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: നീ ഓര്‍ക്കണം മുആവിയാ, ഇന്നോ നാളെയോ നീ മരിക്കാനുള്ളതാണ്. നിന്റെ വീട് ഏതെങ്കിലും ഖബറായിരിക്കും. എന്തെങ്കിലുമായി അവിടേക്ക് പോയാല്‍ നിനക്കവിടെ എന്തെങ്കിലും ഉണ്ടാകും. കൈയ്യില്‍ വട്ടപ്പൂജ്യവുമായി അവിടെയെത്തിയാല്‍ അവിടം തരിശും ശൂന്യവുമായിരിക്കും.

മുആവിയാ, ഖിലാഫത്തെന്നാല്‍ പുഴ ഒഴുക്കലും ധനം ഒരുക്കൂട്ടലുമാണെന്ന് കരുതുന്നതില്‍ നിന്നും അല്ലാഹുവിനെ കൊണ്ട് ഞാന്‍ നിനക്ക് കാവല്‍ചോദിക്കുന്നു. ഖിലാഫത്തെന്നാല്‍ സത്യസന്ധമായ പ്രവര്‍ത്തനവും, നീതിയും ന്യായവുമായത് പറയലും, അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിന് തൃപ്തികരമായത് ജനങ്ങള്‍ക്ക് എടുത്ത് കൊടുക്കലും മാത്രമാണ്.

മുആവിയാ, ഞങ്ങളുടെ ഉറവുമുഖം തെളിഞ്ഞതാണെങ്കില്‍ പുഴയുടെ കലക്കം ഞങ്ങള്‍ ഞങ്ങള്‍ പരിഗണിക്കില്ല. താങ്കളാണ് ഞങ്ങളുടെ ഉറവുമുഖം. താങ്കള്‍ തെളിഞ്ഞതാകാന്‍ പരിശ്രമിക്കുക.
മുആവിയാ, ഒരാളോടെങ്കിലും നീ അനീതി കാട്ടിയാല്‍ അവനോടുള്ള നിന്റെ അനീതി നിന്റെ നീതിയെ അപ്രസക്തമാക്കും. അക്രമത്തെ സൂക്ഷിക്കൂ. ഒരു അക്രമം പരലോകത്ത് അക്രമങ്ങളാണ്.

അബൂ മുസ്‌ലിം വര്‍ത്തമാനം നിര്‍ത്തിയപ്പോള്‍ മുആവിയ മിമ്പറില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു: അബൂ മുസ്‌ലിമേ, അല്ലാഹു നിന്നോട് കരുണചെയ്യട്ടെ, നല്ല പ്രതിഫലം നല്‍കട്ടെ.

മറ്റൊരിക്കല്‍ മുആവിയ മിമ്പറില്‍ കയറി ഖുതുബ തുടങ്ങി. രണ്ട് മാസമായി ജനങ്ങളുടെ അലവന്‍സ് അദ്ദേഹം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഉടനെ അബൂ മുസ്‌ലിം വിളിച്ചുപറഞ്ഞു: മുആവിയാ, ഈ സമ്പത്ത് നിന്റെ സമ്പത്തല്ല, നിന്റെ ബാപ്പയുടേതോ ഉമ്മയുടേതോ അല്ല. ജനങ്ങള്‍ക്ക് നല്‍കാതെ തടഞ്ഞുവെച്ചിരിക്കുന്നതിന് എന്ത് ന്യായമാണുള്ളത്?

മുആവിയയുടെ മുഖത്ത് കോപം ഇരച്ചുകയറി. എന്ത് സംഭവിക്കുമെന്നറിയാന്‍ ജനം കണ്ണിമവെട്ടാതെ കാത്തിരിയ്ക്കുകയാണ്. പിരിഞ്ഞുപോകാതെ നിങ്ങള്‍ അവിടെത്തന്നെ ഇരിക്കുകയെന്ന് മാത്രം അദ്ദേഹം ആംഗ്യംകാട്ടി. ശേഷം മിമ്പറില്‍ നിന്നിറങ്ങി വുദൂഅ് ചെയ്തു, കുറച്ച് വെള്ളം പുറത്ത് കോരിയൊഴിച്ചു. പിന്നീട് മിമ്പറില്‍ കയറി. അത്യുന്നതനും പ്രതാപവാനുമായ അല്ലാഹുവിനെ സ്തുതിയ്ക്കുകയും അര്‍ഹമായ നിലയില്‍ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഈ പണം എന്റെ പണമല്ല, എന്റെ ബാപ്പയുടേയോ ഉമ്മയുടേയോ പണമല്ല എന്നാണ് അബൂ മുസ്‌ലിം പറഞ്ഞത്. അബൂ മുസ്‌ലിം പറഞ്ഞതാണ് ശരി. നബി തിരുമേനി(സ) പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട് ‘കോപം പിശാചില്‍ നിന്നാണ്. പിശാച് തീയില്‍ നിന്നാണ്. വെള്ളം തീയെ കെടുത്തുന്നു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും കോപം വന്നാല്‍ കുളിയ്ക്കുക’ ജനങ്ങളേ, അല്ലാഹുവിന്റെ അനുഗ്രമെന്നോണം കാലത്ത് തന്നെ നിങ്ങളുടെ അവകാശങ്ങള്‍ കൈപ്പറ്റിക്കൊള്ളൂ.

അല്ലാഹു അബൂ മുസ്‌ലിമിന് ഉത്തമ പ്രതിഫലം നല്‍കട്ടെ. സത്യം വിളിച്ചു പറയുന്നതില്‍ അദ്ദേഹം അനുപമനായിരുന്നു. അല്ലാഹു മുആവിയ ബിന്‍ അബീ സുഫ്‌യാനില്‍ സംപ്രീതനാകട്ടെ. നേരിലേക്ക് മടങ്ങുന്നതില്‍ അദ്ദേഹം അനുകരണിയ മാതൃകയാണ്.

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട.

അബൂ മുസ്‌ലിം ഖൗലാനി 1
അബൂ മുസ്‌ലിം ഖൗലാനി 2
അബൂ മുസ്‌ലിം ഖൗലാനി 3

Related Articles