Current Date

Search
Close this search box.
Search
Close this search box.

ഭാരമേറിയ രഹസ്യം

women-pray.jpg

ജയിലറയുടെ ഇടുക്കത്തിലും ചങ്ങലയുടെ ഭാരത്തിലും ഇക്‌രിമ സഹനം കൈകൊണ്ടു. എന്നാല്‍ അദ്ദേഹത്തിന് ഭാര്യക്ക് അത് സഹിക്കാനായില്ല. മാന്യനായ ഒരാള്‍ ജയിലില്‍ അടക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് അയാളല്ല; അയാളുടെ ഭാര്യയും മക്കളുമാണ്. ആരെയും കാണാതെ അവള്‍ വീട്ടില്‍ തന്നെ കഴിഞ്ഞു. പലരും സ്വാന്തനവാക്കുകളുമായി എത്തി. എന്നാല്‍ തന്റെ ഈ അവസ്ഥയില്‍ സന്തോഷിക്കുന്നവരുടെ വാക്കുകളേക്കാള്‍ ഭാരമായിട്ടാണ് സ്വാന്തനവാക്കുകള്‍ അവര്‍ക്ക് അനുഭവപ്പെട്ടത്.

പുതിയ ഗവര്‍ണര്‍ വളരെ ഉദാരനാണ്, അയാളെ പോയി ഒന്നു കണ്ടു കൂടേ? ഇക്‌രിമയുടെ കൂട്ടുകാരനാണല്ലോ അദ്ദേഹം. ശിക്ഷയില്‍ ഇളവു വരുത്താന്‍ ആവശ്യപ്പെട്ടു നോക്കിക്കൂടേ? എന്നൊക്കെയുള്ള ആളുകളുടെ സംസാരം അവരെ ഏറെ പ്രയാസപ്പെടുത്തി.

അതിനേക്കാളെല്ലാം നല്ല മാര്‍ഗമാണ് അവളുടെ കൈവശമുണ്ടായിരുന്നത്. തന്റെ ഭര്‍ത്താവിനെ തടവറയില്‍ നിന്ന് മോചിപ്പിക്കാന്‍ അവളുടെ ഒരു വാക്ക് മതി. ‘ജാബിറു അഥ്‌റാത്തില്‍ കിറാം’ ആരാണെന്ന് ഗവര്‍ണറോട് ഒന്നു പറയുകയോ വേണ്ടൂ. തന്റെ ഭര്‍ത്താവിന്റെ സ്വാതന്ത്യവും സമൂഹത്തിലെ സ്ഥാനവും വീണ്ടെടുക്കാനാവും. എന്നാല്‍ ഒരിക്കലും അക്കാര്യം പറയരുതെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞിട്ടുള്ളതാണ്. ആത്മാര്‍ഥത ചോര്‍ന്നു പോകാതിരിക്കാനായി തന്റെ ആ സല്‍ക്കര്‍മം മറച്ചുവെക്കുമെന്ന് അല്ലാഹുമായി അദ്ദേഹം കരാര്‍ ചെയ്തിട്ടുള്ളതാണ്. അത് പരസ്യപ്പെടുത്തുന്നതിനേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നത് ജയിലില്‍ വെച്ചുള്ള മരണമാണ്. അവളും ശപഥം ചെയ്തിട്ടുള്ളതാണ്. തന്റെ തല പോയാലും ശരി അത് ലംഘിക്കാന്‍ അവളും തയ്യാറല്ല.

ഇങ്ങനെ കടുത്ത പരീക്ഷണത്തിന്റെ ഒരു മാസം കടന്നു പോയി. ആ നാളുകളില്‍ ജയില്‍ ഒരു ഖബര്‍ പോലെയായിരുന്നു. ഖബറിന്റെ നനവും ഇരുട്ടും അതിലുണ്ടായിരുന്നു. അതിനൊപ്പം ഭാരമേറിയ ചങ്ങലകളും.

മെഴുകുതിരി ഉരുകുന്നത് പോലെ ആ പാവം സ്ത്രീ ഉരുകിത്തീര്‍ന്നു കൊണ്ടിരുന്നു. ശരീരം ശോഷിച്ച് എല്ലുകള്‍ ഉന്തി വന്നു. പട്ടിന്റെ സഞ്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന ഉരുക്ക് കഷ്ണം പോലെ ആ രഹസ്യം അവളുടെ മനസ്സിന്റെ ഭാരമായി നിന്നു. അത് തന്റെ ഹൃദയത്തെ പിച്ചിചീന്തുന്നത് പോലെ അവര്‍ക്ക് തോന്നി. ഒരു ഭാഗത്ത് ഭര്‍ത്താവിനോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ കാര്യത്തിലുള്ള വേദനയും. മറുഭാഗത്ത് അദ്ദേഹത്തിന്റെ തൃപ്തിയും അദ്ദേഹത്തോട് ചെയ്ത ശപഥവും. അവ രണ്ടിനും ഇടക്ക് ആട്ടുകല്ലില്‍ അകപ്പെട്ട അവസ്ഥയിലായി അവള്‍.

അവളൊരു തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ തന്റെ ഒരു ഭൃത്യയെ വിളിച്ചു പുതിയ ഗവര്‍ണറുടെ അടുത്തേക്ക് അയച്ചു. അവിടെ ചെന്ന് എന്താണ് പറയേണ്ടതെന്ന് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. കൊട്ടാരത്തിലെത്തിയ ഭൃത്യ ഗവര്‍ണറുമായി കൂടിക്കാഴ്ച്ചക്ക് അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു: ‘എനിക്കൊരു ഉപദേശം നല്‍കാനുണ്ട്. അദ്ദേഹത്തോട് മാത്രമേ ഞാനത് പറയൂ.’ അവള്‍ക്ക് പ്രവേശനാനുമതി ലഭിച്ചു.

ഗവര്‍ണര്‍: നീ ആരാണ്, എന്താണ് നിന്റെ വിഷയം?
ഭൃത്യ: താങ്കളല്ലാത്തവരെല്ലാം ഇവിടെ നിന്നും പോയാല്‍ മാത്രമേ ഞാനത് പറയൂ.

അവര്‍ രണ്ടു പേരല്ലാത്ത എല്ലാവരും പോയപ്പോള്‍ അവള്‍ പറഞ്ഞു: ‘ജാബിറു അഥ്‌റാതില്‍ കിറാം’ ആരാണെന്ന് അറിയാന്‍ താങ്കളിഷ്ടപ്പെടുന്നുണ്ടോ?
ചാടിയെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞു: അയാളെ നിനക്കറിയുമോ?
ഭൃത്യ: താങ്കളുടെ സഹായം ആവശ്യമുള്ളവനായിരിക്കുയാണ് അയാള്‍. ഞാനയാളെ കാണിച്ചു തരികയാണെങ്കില്‍ അയാള്‍ക്ക് വേണ്ടി എന്തു നിങ്ങള്‍ ചെയ്യും?
ഗവര്‍ണര്‍: അദ്ദേഹത്തിന് വേണ്ടി ഞാന്‍ എന്തു ചെയ്യുമെന്നാണോ നിങ്ങള്‍ ചോദിക്കുന്നത്? എനിക്കദ്ദേഹത്തെ കുറിച്ച് അറിയിച്ചു തരിക. നിനക്കത് കാണാം. വേഗം…. എന്റെ ക്ഷമ നശിച്ചിരിക്കുന്നു.. ആരാണ് അയാള്‍?

ഇക്‌രിമത്തുല്‍ ഫയ്യാദ് ആണതെന്ന് അവള്‍ പറഞ്ഞു. അത് ഇക്‌രിമ തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
അവള്‍ പറഞ്ഞു: തീര്‍ച്ചയായും… അല്ലാഹുവാണ് സത്യം..
ഗവര്‍ണര്‍: എവിടെ നിന്നാണ് നീയത് അറിഞ്ഞത്?

ആ കഥ അവള്‍ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. അതുകേട്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അദ്ദേഹം. വേഗം കുതിരപ്പുറത്ത് കയറി തന്റെ സദസ്സിലുണ്ടായിരുന്നവരോട് തന്നോടൊപ്പം ജയിലിലേക്ക് വരാന്‍ പറഞ്ഞു. (തുടരും)

ജാബിറു അഥ്‌റാതില്‍ കിറാം 4
ജാബിറു അഥ്‌റാതില്‍ കിറാം 6

Related Articles