Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സിലേക്ക് ഒരു പടയോട്ടം

നാര്‍ബോണ്‍ നഗരത്തിന്റെ പതനത്തോടെ വിജിഗീഷുവായ യുദ്ധനായകന്‍ സംഹ് ബിന്‍ മാലിക് ഖൗലാനി, പൊടിപറത്തി മുന്നേറുന്ന തന്റെ വമ്പിച്ച സൈന്യവുമായി ഒകിതാന്‍യ (occitania) പ്രവിശ്യയുടെ തലസ്ഥാനമായ തൂലൂസ് (toulouse) ലേക്ക് കുതിച്ചു. അതിന്റെ ചുറ്റിലും തെറ്റുവില്ലുകള്‍ സ്ഥാപിച്ചു, യൂറോപ്പ് കണ്ടിട്ടില്ലാത്ത തരം യുദ്ധോപകരണങ്ങള്‍ അവിടെ പ്രയോഗിച്ചു. അങ്ങിനെ, പ്രതിരോധശക്തിയോടെ നിന്ന അഭേദ്യമായ ആ നഗരം അദ്ദേഹത്തിന്റെ മുമ്പില്‍ വീഴാനടുത്തു. അപ്പോളാണ് ആരും വിചാരിക്കാത്ത ഒന്ന് സംഭവിച്ചത്. ഫ്രഞ്ച് ഓറിയന്റലിസ്റ്റായ റെനോ (renault) ആ പോരാട്ടം വിവരിച്ചുതരുന്നു.

റെനോ പറയുന്നു: ‘മുസ്‌ലികള്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കവേ, ഒകിതാന്‍യയിലെ പ്രഭു (duke) വ്യക്തികളോടും ഭരണകൂടങ്ങളോടും ദ്രുതഗതിയില്‍ സഹായം തേടി. ദൂതന്മാര്‍ യുറോപ്പിന്റെ മുക്കുമൂലകളില്‍ കറങ്ങിനടന്ന്, അവരുടെ നാടുകളില്‍ അധിനിവേശം നടക്കുമെന്നും സ്ത്രീകളും കുട്ടികളും തടവിലാക്കപ്പെടുമെന്നും രാജാക്കന്മാര്‍ക്കും ഭരണാധികാരികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഒന്നൊഴിയാതെ യൂറോപ്പിലെ പ്രവിശ്യകള്‍ അപകടകാരികളായ അസംഖ്യം യോദ്ധാക്കളേയുമായി അയാള്‍ക്കൊപ്പം കൂടി.

മുന്‍മാതൃകയില്ലാത്തവണ്ണം, ചടുലതയോടെ ഉറച്ച ചുവടുകളുമായി അസംഖ്യം സൈനികര്‍ പൊടിപറത്തി കടന്നുവന്നപ്പോള്‍, കാലടികള്‍ക്ക് താഴെ പാറിയ പൊടിപടലങ്ങള്‍ റൂന്‍ (rhone) നദിയുടെ പരിസരത്ത് സൂര്യബിംഭത്തെ മറച്ചിരുന്നു. 812 കി.മീ നീളത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലൂടെയും ഫ്രാന്‍സിലൂടെയും ഒഴുകുന്ന ഈ പുഴ ഫ്രാന്‍സിലെ വലിയ നദികളില്‍ ഒന്നാണ്. ജനീവ (geneva), ലീയൂന്‍ (lyon), വാലന്‍സ് (valence), ആര്‍ലെസ് (arles) എന്നീ സ്ഥലങ്ങളെ നനച്ച് കൊണ്ട് മാര്‍സെയ്‌ല്ലെ (marseille) യുടെ പടിഞ്ഞാറായി മെഡിറ്ററേനിയനില്‍ പതിക്കുന്നു.

രണ്ട് മഹാ സംഘങ്ങള്‍ അടുത്തടുത്ത് വന്നപ്പോള്‍ ജനങ്ങള്‍ക്ക് തോന്നി പര്‍വതങ്ങള്‍ പര്‍വതങ്ങളെ നേരിടുകയാണോയെന്ന്. അങ്ങിനെ ചരിത്രത്തില്‍ തുല്യതയില്ലാത്തവണ്ണം രണ്ട് കൂട്ടര്‍ക്കുമിടയില്‍ യുദ്ധം കൊടുമ്പിരികൊണ്ടു. സംഹ് അല്ലെങ്കില്‍ നമ്മുടെ ഭാഷയില്‍ സാമാ, എല്ലാവശത്തു നിന്നും നമ്മുടെ സൈനികരുടെ മുന്നിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സൈനികര്‍ക്കിടയില്‍ അങ്ങോളമിങ്ങോളം ചാടിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അപ്പോളാണ് അദ്ദേഹം അമ്പേറ്റു കുതിരപ്പുറത്ത് നിന്നും താഴെ വീണത്.

തറയില്‍ വീണുകിടക്കുന്ന അദ്ദേഹത്തെ കണ്ട മുസ്‌ലിംകളുടെ വീര്യം ചോര്‍ന്നുപോയി. അവരുടെ അണികള്‍ ചിതറി തുടങ്ങി. നമ്മുടെ വീരന്മാരുടെ സൈന്യം അവരെ മുച്ചൂടും തകര്‍ത്തുതുടങ്ങി. പിന്നീട് യൂറോപ്പ് തിരിച്ചറിഞ്ഞ നിപുണനായ നായകനിലൂടെ ദൈവികമായ സഹായം അവര്‍ക്ക് കിട്ടാതെ പോയിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്. ആ നായകനാണ് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി.

വലിയ നാശനഷ്ടമുണ്ടാകാതെ അവരെ പിന്‍വലിക്കുന്ന ചുമതല ഏറ്റെടുത്ത അദ്ദേഹം അവരെയുമായി സ്‌പെയിനിലേക്ക് മടങ്ങി. എന്നാലും ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കെതിരെ തിരിച്ചുവരണമെന്ന ദൃഢനിശ്ചയത്തോടുകൂടിയായിരുന്നു ആ മടക്കം.’

പിന്നൊരിക്കല്‍, കൂരിരുട്ടുള്ള രാത്രിയില്‍ പൂനിലാവിനെ തുറന്നുകാണിക്കുന്ന മേഘങ്ങള്‍. ഇരുട്ടില്‍ തപ്പുന്നവര്‍ അതിന്റെ ശോഭയില്‍ വെളിച്ചം തേടുന്നതും, വഴിതെറ്റിയവര്‍ അതിന്റെ തിളക്കത്തില്‍ നേര്‍വഴിയിലെത്തുന്നതും കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇതുപോലെയാണ് തൂലൂസ് (toulouse) യുദ്ധം ഇസ്‌ലാമിലെ അതുല്യനായ ശൂരന്‍ അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയെ തുറന്നുകാണിച്ചത്.

മരുഭൂമിയുടെ ഉള്ളില്‍ ദാഹിച്ച് മരിക്കാറായവര്‍ക്ക് ജലം എങ്ങിനെയാണ് അനുഭവവേദ്യമാവുകയെന്നും ജീവന്‍ തിരിച്ചുപിടിക്കാനായുള്ള ഒരു കോരലിനായി അവര്‍ എങ്ങിനെയായിരിക്കും കൈനീട്ടുന്നതെന്നും കണ്ടിട്ടുണ്ടോ? അതുപോലെ മുസ്‌ലിം സൈനികര്‍ രക്ഷാഗീതം പാടി മഹാനായകന്റെ നേരെ, കേട്ട് അനുസരിക്കാമെന്ന് പ്രതിജ്ഞചെയ്ത് കൈകള്‍ നീട്ടി.

അതിശയിക്കേണ്ടതില്ല, യൂറോപ്പില്‍ കാല്‍ കുത്തിയതിന് ശേഷം മുസ്‌ലിംകള്‍ക്ക് ആഴത്തിലേറ്റ ആദ്യത്തെ മുറിവായിരുന്നു തൂലൂസ് യുദ്ധം. അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി
ഈ മുറിവിനുള്ള ലേപനമായിരുന്നു. അതീവ ശ്രദ്ധയോടെ അതിനെ ശുശ്രൂഷിച്ചിരുന്ന അനുകമ്പയുടെ കരങ്ങളായിരുന്നു… സഹാനുഭൂതി ഒഴുക്കിയ മഹാമനസ്സായിരുന്നു….
 
മുസ്‌ലിംകള്‍ക്ക് ഫ്രാന്‍സില്‍ അനുഭവപ്പെട്ട വമ്പിച്ച തകര്‍ച്ചയുടെ വാര്‍ത്തകള്‍ ദമസ്‌കസിലെ ഖിലാഫത്തിന്റെ മനം വേദനിപ്പിച്ചു. വീരശൂര പരാക്രമിയായ സംഹ് ബിന്‍ മാലിക് ഖൗലാനിയുടെ പതനം ഖിലാഫതിന്റെ നെഞ്ചകത്ത് പ്രതികാരാഗ്നി ആളിക്കത്തിച്ചു. അങ്ങിനെയാണ് അബ്ദുല്‍ റഹ്മാന്‍ ഗാഫിഖിയില്‍ സേനാനായകത്വം സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങിയതും, സ്‌പെയിനിന്റെ അങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ നേതൃത്വത്തിലാക്കിയും, അയലത്തെ അധിനിവിഷ്ട ഫ്രഞ്ച് ഭൂമിക സ്‌പെയിനിനോട് ചേര്‍ത്ത്, അദ്ദേഹത്തിന്റെ ഇഷ്ടം പോലെ ചെയ്യാമെന്നും കല്‍പനയുണ്ടായതും മറ്റും. അത്ഭുതപ്പെടാനില്ല, ഗാഫിഖി ദൃഢനിശ്ചയമുള്ള ശൂരനും, ഭക്തനും ശുദ്ധനും, തന്ത്രജ്ഞനായ അതിധീരനുമായിരുന്നു.

സ്പയിനിന്റെ അധികാരം ഏല്‍പിക്കപ്പെട്ടത് മുതല്‍ അബ്ദുല്‍ റഹ്മാന്‍ സൈന്യത്തിന്റെ മനോവീര്യം ഉയര്‍ത്താനും, അന്തസ്സിന്റെയും ശക്തിയുടെയും മികവിന്റെയും അഭിരുചികള്‍ തിരിച്ചുപിടിക്കാനും, വിദൂര മൊറൊക്കോയുടെയും, സ്‌പെയ്‌ന്റെയും ജേതാവായ മൂസ ബിന്‍ നുസൈ്വറില്‍ തുടങ്ങി ഒടുക്കം സംഹ് ബിന്‍ മാലിക് ഖൗലാനി വരെയുള്ള, സ്‌പെയിനിലെ മുസ്‌ലിം നായകര്‍ ആഗ്രഹിച്ച വലിയ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനുമായിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. ഫ്രാന്‍സിലൂടെ ഇറ്റലി, ജര്‍മനി എന്നിവിടങ്ങളില്‍ എത്തി, അവിടെ നിന്നും കോണ്‍സ്റ്റാന്റിനേപ്പിളില്‍ എത്തണമെന്നും, മെഡിറ്ററേനിയന്‍ കടലിനെ തന്നെ ഇസ്‌ലാമിക കടലാക്കി, റോമാ കടല്‍ എന്നതിന് പകരം ശാം കടല്‍ എന്ന് നാമകരണം ചെയ്യണമെന്നൊക്കെ ഈ വിജിഗീഷുക്കള്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 1
അബ്ദുല്‍ റഹ്മാന്‍ ഗാഫിഖി 3

Related Articles