Current Date

Search
Close this search box.
Search
Close this search box.

ഫാറൂഖിന്റെ പൗത്രന്‍

ഫാറൂഖിന്റെ ഖിലാഫത്തിന്റെ ആദ്യനാളുകള്‍. അവസാനത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ യസ്ദജുര്‍ദുമായുള്ള പോരാട്ടത്തിനൊടുവില്‍ പിടിച്ചെടുത്ത യുദ്ധമുതലുകളാല്‍ പ്രവാചകനഗരി നിറഞ്ഞിരിക്കുന്നു. കിസ്‌റയുടെ രത്‌നഖജിതമായ കിരീടങ്ങളും, മുത്ത്‌കെട്ടിയ അരപ്പട്ടകളും, മാണിക്യവും പവിഴവും പതിച്ച അത്യപൂര്‍വ്വതരം വാളുകളും അതിലുണ്ടാണ്ടായിരുന്നു. ഈ വമ്പിച്ച നിധികുംഭങ്ങള്‍ക്കിടയില്‍ ധാരാളം പേര്‍ഷ്യന്‍ തടവുകാരികളും ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ യസ്ദജുര്‍ദിന്റെ മൂന്ന് പുത്രിമാരും ഉണ്ടായിരുന്നു. അളവറ്റ ധനം നല്‍കി അവരെ വാങ്ങിയ അലി(റ) മുസ്‌ലിംകളിലെ അതിസുന്ദരന്മാരായ ഒരുകൂട്ടം ചെറുപ്പക്കാരെ അവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

അവരില്‍ ഒരാള്‍ തിരുനബിയുടെ പൗത്രനായ ഹുസൈന്‍ ബിന്‍ അലിയെ തെരഞ്ഞെടുത്തു. അതിലവര്‍ക്ക് ഉണ്ടായതാണ് സൈനുല്‍ ആബിദീന്‍. രണ്ടാമത്തവള്‍ അബൂബക്ര്‍ സ്വിദ്ദീഖ്(റ)വിന്റെ പുത്രന്‍ മുഹമ്മദിനെ തിരഞ്ഞെടുത്തു. മദീനയിലെ ഏഴ് കര്‍മശാസ്ത്രവിശാരദരില്‍ ഒരാളായ ഖാസിം ആ ബന്ധത്തിലാണ് ജനിച്ചത്. മൂന്നാമത്തവള്‍ മുസ്‌ലിംകളുടെ ഖലീഫയായ ഉമര്‍(റ)വിന്റെ പുത്രന്‍ അബ്ദുല്ലായെ തിരഞ്ഞെടുത്തു. ഫാറൂഖിന്റെ പൗത്രന്‍ സാലിം അതിലാണ് വിരിഞ്ഞത്. ഉമറിനോട് ഏറെ സാദൃശ്യം അദ്ദേഹത്തിനുണ്ടായിരുന്നു. സാലിമിന്റേയും അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്ലായുടേയും പിതാമഹന്‍ ഉമറിന്റേയും ശോഭനമായ ചിത്രങ്ങളിലേക്ക് കണ്ണോടിക്കാം.

നബി തിരുമേനിയുടെ ഗേഹവും പലായനഭൂമികയുമായ മദീനയുടെ മുറ്റത്താണ് സാലിം ബിന്‍ അബ്ദില്ലാ ജനിച്ചത്. വഹ്‌യിന്റെ വെള്ളിവെളിച്ചത്തില്‍ വിളങ്ങിയ നുബുവ്വത്തിന്റെ സുഗന്ധത്താല്‍ പൂരിതമായ ആ അന്തരീക്ഷത്തിലാണ് വളര്‍ന്നതും യുവത്വം പ്രാപിച്ചതും. ഉപാസകനും പരിവ്രാജകനും കൊടുംചൂടില്‍ നോമ്പുനോല്‍ക്കുന്നവനും പാതിരാവുകളില്‍ നമസ്‌കരിക്കുന്നവനുമായ പിതാവിന്റെ സംരക്ഷണയിലാണ് സംസ്‌കൃതനായത്. അദ്ദേഹത്തിലുണ്ടായിരുന്ന ഉമര്‍(റ)ന്റെ ഗുണഗണങ്ങളില്‍ നിന്നാണ് പെരുമാറ്റശീലം ആര്‍ജിച്ചത്.

ഭക്തിയുടെ ഉത്തമഭാവങ്ങളും നേരിന്റെ വഴിയടയാളങ്ങളും അദ്ദേഹത്തില്‍ പിതാവ് ദര്‍ശിച്ചിരുന്നു. സഹോദരങ്ങളില്‍ ഉള്ളതിലേറെ, ഇസ്‌ലാമിക സഹജാവബോധവും ഖുര്‍ആനിക സ്വഭാവവും അദ്ദേഹത്തിന്റെ ശീലങ്ങളില്‍ കണ്ടിരുന്നു. അത്‌കൊണ്ട് തന്നെ പിതാവ് അദ്ദേഹത്തെ അത്യഗാധമായി സ്‌നേഹിച്ചു. മറയില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ ചിലരൊക്കെ ആക്ഷേപിക്കുക പോലും ഉണ്ടായി. പിതാവ് അബ്ദുല്ലാ പാടി:

(അവരെന്നെ ആക്ഷേപിക്കുന്നു സാലിമിന്റെ പേരില്‍, ഞാനവരെ ആക്ഷേപിക്കുകയാണ്
കണ്ണിന്റെയും നാസികയുടെയും ഇടയിലെ ചര്‍മമാണ് സാലിം)

തന്റെ മനസ്സില്‍ സൂക്ഷിച്ചിരുന്ന തിരുനബി(സ)യുടെ ഹദീസുകള്‍ പിതാവ് അദ്ദേഹത്തിന്റെ മേല്‍ വിതറി, അല്ലാഹുവിന്റെ മതത്തില്‍ അവഗാഹമുള്ളവനാക്കി, അല്ലാഹുവിന്റെ ഗ്രന്ധത്തില്‍ നിന്നും പകര്‍ന്നുനല്‍കി, പിന്നീട് അദ്ദേഹത്തെ വിശുദ്ധ ഹറമിലേക്ക് കൊണ്ടുപോയി.

അല്ലാഹുവിന്റെ ദൂതരുടെ മസ്ജിദ് ഒരു വലിയ സംഘം പ്രമുഖ സഹാബികളാല്‍ സജീവമായിരുന്നു. നുബുവ്വത്തിന്റെ ദിവ്യശോഭയില്‍ നിന്നും തെളിഞ്ഞുകത്തുന്ന നക്ഷത്രത്തെ, വെട്ടിത്തിളങ്ങുന്ന രിസാലത്തിന്റെ സുഗന്ധദ്രവ്യത്തില്‍ നിന്നുമുതിര്‍ന്ന നറുമണത്തെ തന്റെ മുമ്പില്‍ സകലയിടത്തും ആ യുവാവ് കണ്ടുമുട്ടി. കണ്ണെറിയുമ്പോളും കാത്‌കൊടുക്കുമ്പോളും നല്ലത് കണ്ടു, ഉത്തമമായത് കേട്ടു. അത് കൊണ്ട് തന്നെ പ്രമുഖ സ്വഹാബികളിലെ ഒരു സംഘത്തില്‍ നിന്നും ചിലതൊക്കെ നേടിയെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. അവരില്‍ തലമുതിര്‍ന്നവരായിരുന്നു അബൂ അയ്യൂബ് അന്‍സ്വാരീ, അബൂ ഹുറൈറ, അബൂ റാഫിഅ്, അബൂ ലുബാബ, സൈദ് ബിന്‍ ഖത്ത്വാബ് തുടങ്ങിയവര്‍. പിതാവായ അബ്ദുല്ലായെയും കൂട്ടത്തില്‍ ചേര്‍ക്കണം. അങ്ങിനെ അദ്ദേഹം മുസ്‌ലിംകളിലെ പ്രധാനികളില്‍ ഒരാളായി. താബിഉകളിലെ നേതാക്കളില്‍ ഉന്നതനായി. മുസ്‌ലിംകള്‍ മതവിധികളില്‍ ആശ്രയിക്കുന്ന, രക്ഷിതാവിന്റെ നിയമങ്ങള്‍ പഠിച്ചെടുക്കുന്ന, മതഭൗതിക വിഷയങ്ങളില്‍ അവലംബമായി ഗണിക്കുന്ന മദീനയിലെ കര്‍മശാസ്ത്രവിശാരദരില്‍ ഒരാളായി. വിധി പറയേണ്ടി വരുമ്പോള്‍ അവരുടെ അടുക്കല്‍ നിന്നും പഠിക്കാന്‍ ഗവര്‍ണര്‍മാര്‍ ഖാദിമാരോട് കല്‍പ്പിക്കാറുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് ഇരുന്ന് നിരീക്ഷണം നടത്തും. ഖാദിമാര്‍ അവരുടെ അഭിപ്രായം മാത്രമേ വിധിയില്‍ പരാമര്‍ശിക്കുമായിരുന്നുള്ളൂ. (തുടരും)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

സാലിം ബിന്‍ അബ്ദില്ലാ ബിന്‍ ഉമര്‍ 2

Related Articles