ഉമറിന്റെ ജീവിതചരിത്രത്തിലെ രണ്ടാം ചിത്രം നമുക്കായി നിവേദനം ചെയ്യുന്നത് ത്വുഫൈല്‍ ബിന്‍ മിര്‍ദാസില്‍ നിന്നും ത്വബരിയാണ്. അതായത് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്ത വേളയില്‍ മധ്യേഷ്യന്‍ പ്രവിശ്യയായ സ്വുഗ്ദിലെ ഗവര്‍ണറായ സുലൈമാന്‍ ബിന്‍ അബീ സരിയ്യിന് ഒരു കത്തയച്ചു. അതില്‍ ഇങ്ങിനെ എഴുതി: മുസ്‌ലിംകള്‍ക്ക് ആതിഥ്യമരുളാനായി സത്രങ്ങള്‍ നിര്‍മിക്കണം. അതിലൂടെ കടന്നു പോകുന്നവരെ ഒരു രാത്രിയും പകലും സല്‍ക്കരിക്കുകയും മെച്ചമായ സാഹചര്യം ഒരുക്കുകയും സവാരിമൃഗങ്ങളെ ശ്രദ്ധിക്കുകയും ചെയ്യുക. ക്ഷീണമുള്ളവരെ രണ്ടു പകലും രാത്രിയും സല്‍ക്കരിച്ചു ശുശ്രൂഷിക്കുക. വഴിച്ചെലവും യാത്രാവാഹനവും നഷ്ടപ്പെട്ടു പോയവര്‍ക്ക് ആവശ്യമായത് കൊടുത്ത് അവരുടെ നാട്ടിലെത്തിക്കുക.
അമീറുല്‍ മുഅ്മിനീന്റെ കല്‍പന ഗവര്‍ണര്‍ പരസ്യപ്പെടുത്തുകയും ചെയ്യാന്‍ കല്‍പിച്ചത് പോലെ തന്നെ സത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. എല്ലായിടത്തും ഈ വിശേഷങ്ങള്‍ പരന്നു. ഇസ്‌ലാമിക ദേശങ്ങളില്‍ അങ്ങോളമിങ്ങോളം ജനം ഇതിനെ സംബന്ധിച്ച് സംസാരിച്ചു തുടങ്ങുകയും ഖലീഫയുടെ നീതിബോധത്തെയും സൂക്ഷ്മതയേയും പുകഴ്ത്തിപ്പാടുകയും ചെയ്തു.
സമര്‍ഖന്തില്‍ (അധിനിവിഷ്ട സോവിയറ്റ് റിപ്പബ്ലിക്കിലെ ഒരു നഗരം) നിന്നുമുള്ള നിവേദകസംഘം ഗവര്‍ണര്‍ സുലൈമാന്‍ ബിന്‍ അബീ സരിയ്യിനോട് പറഞ്ഞു: താങ്കളുടെ മുന്‍ഗാമി ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലി മുന്നറിയിപ്പ് പോലും നല്‍കാതെ ഞങ്ങളുടെ നാട് വളഞ്ഞു. മുസ്‌ലിം സമൂഹമേ, നിങ്ങള്‍ ഞങ്ങളോട് പടവെട്ടിയ മാര്‍ഗേണ ആയിരുന്നില്ല അദ്ദേഹത്തിന്റെ കടന്നുവരവ്. ഞങ്ങള്‍ക്ക് അറിയാം നിങ്ങള്‍ ശത്രുക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു, അവര്‍ വിസമ്മതിച്ചാല്‍ അമുസ്‌ലിം പ്രജകള്‍ നല്‍കാറുള്ള നികുതി നല്‍കാന്‍ ആവശ്യപ്പെടും. അതും സമ്മതിക്കാത്ത പക്ഷം യുദ്ധപ്രഖ്യാപനം നടത്തും. നിങ്ങളുടെ സൈനികരെ സംബന്ധിച്ചുള്ള പരാതി നിങ്ങളോട് ഉണര്‍ത്തിക്കുവാനും, നിങ്ങളുടെ നേതാക്കളില്‍ ഒരാള്‍ ഞങ്ങളോട് അനുവര്‍ത്തിച്ചതിന് എതിരെ സഹായം തേടുവാനും തക്കവണ്ണം, നിങ്ങളുടെ ഖലീഫയുടെ നീതിബോധവും ഭക്തിയും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീര്‍, നിങ്ങളുടെ ഖലീഫയുടെ സമക്ഷത്തില്‍ ഞങ്ങളുടെ ആവലാതി ഉണര്‍ത്താന്‍ ഞങ്ങളുടെ ദൗത്യസംഘത്തിന് അനുമതി നല്‍കിയാലും. ആവശ്യം ന്യായമാണെങ്കില്‍ അത് കിട്ടും, അല്ലെങ്കില്‍ വന്നിടത്തേക്ക് ഞങ്ങള്‍ മടങ്ങി പൊയ്‌ക്കൊള്ളാം.
ദമസ്‌കസില്‍ ഖലീഫയെ സന്ദര്‍ശിക്കാന്‍ സുലൈമാന്‍ നിവേദകസംഘത്തിന് അനുവാദം നല്‍കി. ഖിലാഫത്തിന്റെ തലസ്ഥാനത്ത് എത്തിയ അവര്‍ മുസ്‌ലിംകളുടെ ഖലീഫയായ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിന്റെ മുമ്പില്‍ ആവലാതി ഉണര്‍ത്തിച്ചു. ഗവര്‍ണറായ സുലൈമാന്‍ ബിന്‍ അബീ സരിയ്യിന് ഖലീഫ എഴുതി: ‘ബിസ്മി ഹംദ് സ്വലാത്ത് സലാമുകള്‍ക്ക് ശേഷം, എന്റെ കത്ത് കിട്ടിക്കഴിഞ്ഞാല്‍ സമര്‍ഖന്തുകാരുടെ ആവലാതികളില്‍ തീര്‍പ്പുകല്‍പ്പിക്കാനായി ന്യായാധിപനെ നിശ്ചയിച്ച് കൊടുക്കുക. അവര്‍ക്ക് അനുകൂലമായി തീരുമാനം വരുന്നപക്ഷം നഗരം വിട്ടുപോകാന്‍ മുസ്‌ലിം സേനാനികള്‍ക്ക് നിര്‍ദേശം നല്‍കണം. അവരുടെ കൂടെ കഴിഞ്ഞുകൂടുന്ന മുസ്‌ലിംകളോട് അവിടം ഒഴിഞ്ഞു കൊടുക്കാന്‍ ഉദ്‌ബോധിപ്പിക്കണം. ഖുതൈബ ബിന്‍ മുസ്‌ലിം ബാഹിലി ആ ദേശത്തേക്ക് കടന്നുവരും മുമ്പ് അവര്‍ എവിടെയായിരുന്നുവോ അവിടേക്ക് തിരിച്ചു പൊയ്‌ക്കോട്ടെ.’
നിവേദകസംഘം സുലൈമാന്‍ ബിന്‍ അബീ സരിയ്യിന്റെ അടുത്തെത്തി അമീറുല്‍ മുഅ്മിനീന്റെ കത്ത് കൊടുത്തതും, എത്രയും പെട്ടെന്ന് അദ്ദേഹം മുഖ്യന്യായാധിപനായ ജുമൈഅ് ബിന്‍ ഹാദിര്‍ നാജിയെ അവര്‍ക്ക് വേണ്ടി നിയമിച്ചു. അദ്ദേഹം അവരുടെ പരാതികള്‍ സസൂക്ഷ്മം പഠിച്ചു. മുസ്‌ലിം സൈനികരുടേയും സൈന്യാധിപന്‍മാരുടേയും തെളിവെടുത്തു. വാദഗതികള്‍ ശരിയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. അവര്‍ക്കനുകൂലമായി വിധി പുറപ്പടുവിച്ചു.
അതോടെ ഗവര്‍ണര്‍ മുസ്‌ലിം പട്ടാളക്കാര്‍ക്കായി കല്‍പനയിറക്കി ‘ദേശം ഒഴിഞ്ഞു പോകുക, പാളയത്തിലേക്ക് തിരിച്ചുപോയി സൈനിക നടപടികള്‍ പുനരാരംഭിക്കുക ഒന്നുകില്‍ അനുരഞ്ജന കരാര്‍ പ്രകാരം അവിടേക്ക് കടക്കുക, അല്ലെങ്കില്‍ യുദ്ധം ചെയ്ത് കീഴടക്കുക അതുമല്ലെങ്കില്‍ വിജയിച്ചത് അവരാണെന്ന് അംഗീകരിക്കുക.’
മുഖ്യന്യായാധിപന്‍ അവര്‍ക്ക് അനുകൂലമായി നടത്തിയ വിധിപ്രഖ്യാപനം കേട്ട സമൂഹനേതൃത്വത്തില്‍ ചിലര്‍ മറ്റുള്ളവരോട് പറഞ്ഞു: കഷ്ടം, നിങ്ങള്‍ ഇവരുടെ കൂടെക്കഴിഞ്ഞുകൂടി, കണ്ടിടത്തോളം ഇവരുടെ സ്വഭാവ രീതികളും നീതിയും സത്യസന്ധതയും മനസ്സിലാക്കുകയുമുണ്ടായി. അവരെ ഇവിടെ നിര്‍ത്തൂ. അവരോട് നല്ലനിലയില്‍ സഹവസിക്കൂ, അവരോട് കൂട്ടുകൂടി ആനന്ദിക്കൂ. (തുടരും)
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 1
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്; ചില ശോഭന ചിത്രങ്ങള്‍ – 3