Current Date

Search
Close this search box.
Search
Close this search box.

Stories

നീതിമാനും ദയാലുവുമായ ഉമര്‍

ചിത്രം രണ്ട്. നിവേദനം ചെയ്യുന്നത് മൂസ്വിലിലെ ഖാദിയായ യഹ്‌യ ബിന്‍ യഹ്‌യ ഗസ്സാനി. അദ്ദേഹം പറയുന്നു: സിറിയയുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന വലിയ നഗരമായ മൂസ്വിലിലാണ് ഖാലിദ് ബിന്‍ വലീദ്(റ)വിന്റെ ഖബ്‌റുള്ളത്. കച്ചവടച്ചരക്കുകള്‍ പരിശോധിക്കാനും വിലനിലവാരം അറിയാനുമായി അവിടുത്തെ മാര്‍ക്കറ്റുകളിലൂടെ കറങ്ങിനടക്കുകയാണ് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്. രണ്ട് ചുവന്ന പുതപ്പുകള്‍ ധരിച്ച ഒരാള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അക്രമിക്കപ്പെട്ടവര്‍ താങ്കളുടെ അടുത്തേക്ക് വരണമെന്ന് കല്‍പിച്ചതായി ഞാന്‍ കേട്ടിരുന്നു.
അദ്ദേഹം: അതെ……..
അയാള്‍: ഇതാ അക്രമിക്കപ്പെട്ട ഒരാള്‍ അകലത്തുള്ള വീട്ടില്‍ നിന്നും താങ്കളുടെ അടുത്തെത്തിയിരിക്കുന്നു.
ഉമര്‍: നിന്റെ കുടുബം എവിടെയാണ്.
അയാള്‍: ഏദന്‍.
ഉമര്‍: അല്ലാഹുവാണ, ഉമറിന്റെ നാട്ടില്‍ നിന്നും വളരെ വിദൂരത്താണല്ലോ നിന്റെ നാട്.
സവാരിമൃഗത്തിന്റെ താഴെ ഇറങ്ങി അയാളുടെ മുമ്പില്‍ നിന്നുകൊണ്ട് ഉമര്‍ ചോദിച്ചു: എന്ത് അതിക്രമത്തിനാണ് നീ ഇരയായിരിക്കുന്നത്?
അയാള്‍: എന്റെ കുറച്ച് സ്ഥലം, താങ്കളുടെ ബന്ധുക്കളില്‍ ഒരാള്‍ പിടിച്ചടക്കി. എന്നില്‍ നിന്നില്‍ ബലമായി കൈവശപ്പെടുത്തി.
അത് കേട്ട ഉമര്‍ ഏദനിലെ ഗവര്‍ണറായ ഉര്‍വത് ബിന്‍ മുഹമ്മദിന് ഇങ്ങിനെ കത്തയച്ചു: ബിസ്മി ഹംദ് സ്വലാത് സലാമുകള്‍ക്ക് ശേഷം, എന്റെ ഈ കത്ത് കിട്ടിക്കഴിഞ്ഞാല്‍ ഇതുമായി വരുന്നയാളുടെ തെളിവുകള്‍ പരിശോധിക്കണം. വാസ്തവമാണെന്ന് ബോദ്ധ്യപ്പെടുന്ന പക്ഷം അയാളുടെ അവകാശം വകവെച്ചു കൊടുക്കണം.
ശേഷം ഉമര്‍ കത്ത് പൂര്‍ത്തിയാക്കി അയാളെ ഏല്‍പ്പിച്ചു. തിരിച്ചുപോകാന്‍ ഒരുങ്ങിയ അയാളോട് ഉമര്‍ പറഞ്ഞു: നില്‍ക്കൂ, വളരെ ദൂരെ ദേശത്തു നിന്നാണ് നീ നമ്മുടെ അടുത്തെത്തിയത്. ഈ യാത്രക്കായി നീ ധാരാളം പണം ചെലവഴിച്ചിരിക്കും, നിന്റെ പുതുവസ്ത്രം നുരുമ്പിപ്പോയിരിക്കും, സവാരിമൃഗം ചത്തുപോയിട്ടുണ്ടാകും.
തുടര്‍ന്ന് അതെല്ലാം കൂട്ടി നോക്കിയപ്പോള്‍ 11 ദീനാറുണ്ടായിരുന്നു. അത് അയാള്‍ക്ക് നല്‍കിക്കൊണ്ട് പറഞ്ഞു: ഇന്ന് മുതല്‍, എത്ര വിദൂരത്താണെങ്കിലും അക്രമിക്കപ്പെട്ടവന് തന്റെ അന്യായം ബോധിപ്പിക്കുന്നതിന് പ്രയാസമുണ്ടാകാതിരിക്കുന്നതിന് വേണ്ടി, ഈ സംഭവം നീ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കണം.

ചിത്രം മൂന്ന്. നമുക്കായി ഇത് ഉദ്ധരിക്കുന്നത് ഭക്തനും പരിവ്രാജകനുമായ സിയാദ് ബിന്‍ മൈസറ മഖ്‌സൂമിയാണ്. അദ്ദേഹം പറയുന്നു: എന്റെ യജമാനന്‍ അബ്ദുല്ലാ ബിന്‍ അയാശ്, തന്റെ ചില ആവശ്യങ്ങള്‍ക്കായി അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അബ്ദില്‍ അസീസിനെ കാണുന്നതിനായി, എന്നെ മദീനയില്‍ നിന്നും ഡമാസ്‌കസിലേക്ക് അയച്ചു. ഉമര്‍ മദീനയില്‍ ഗവര്‍ണറായിരുന്ന കാലം മുതല്‍ക്കേ, എനിക്കും അദ്ദേഹത്തിനും ഇടയില്‍ ബന്ധമുണ്ട്.
ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ അടുത്തിരുന്ന് ഗുമസ്ഥന്‍ എഴുതുന്നുണ്ട്. മുറിയുടെ വാതില്‍പ്പടിയില്‍ എത്തിയപ്പോള്‍ ഞാന്‍ അസ്സലാമു അലൈകും എന്ന് പറഞ്ഞു. ‘വഅലൈകുമുസ്സലാം വറഹ്മതുല്ലാ, സിയാദേ’ എന്ന് അദ്ദേഹവും പറഞ്ഞു.
ലജ്ജയോടെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു, കാരണം ഞാന്‍ അദ്ദേഹത്തെ അമീറുല്‍ മുഅ്മിനീന്‍ എന്ന് സംബോധന ചെയ്തില്ലായിരുന്നു. അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, അസ്സലാമു അലൈകും വറഹ്മതുല്ലാഹി തആലാ വബറകാതുഹു.
അദ്ദേഹം: സിയാദേ…………, ആദ്യത്തെ സലാമിന് നാം അനിഷ്ടം പ്രകടിപ്പിച്ചില്ലല്ലോ. പിന്നെന്തിനാണ് രണ്ടാമത്തേതിന്റെ ആവശ്യം?
ബസ്വറയില്‍ നിന്നും തപാല്‍ വഴി വന്ന അന്യായങ്ങള്‍, ഗുമസ്ഥന്‍ അപ്പോള്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു: സിയാദേ, ഇരിക്കൂ. ഇതൊന്ന് കഴിയട്ടെ. ഞാന്‍ വാതില്‍പ്പടിയില്‍ ഇരുന്നു. ഗുമസ്ഥന്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുകയാണ്. ദുഃഖവും മനപ്രയാസവും കാരണം ഉമര്‍ ദീര്‍ഘശ്വാസം വിടുന്നുണ്ട്.
ഗുമസ്ഥന്‍ വായന കഴിഞ്ഞ് അയാളുടെ വഴിക്ക് പോയപ്പോള്‍, ഉമര്‍ അവിടെ നിന്നും എഴുന്നേറ്റ് എന്റടുത്തേക്ക് വന്ന്, വാതിലിനടുത്ത് എന്റെ മുമ്പില്‍ ഇരുന്നു. കൈ രണ്ടും എന്റെ കാല്‍മുട്ടില്‍ വെച്ചുകൊണ്ട് പറഞ്ഞു: സിയാദ്, മംഗളം ഭവിക്കട്ടെ. നിന്റെ കോട്ട് ചൂടുകായാന്‍ കൊള്ളാമല്ലോ, ഞങ്ങളുടെ വേവലാതിയും നിനക്കില്ല. (ഞാന്‍ ധരിച്ചിരുന്നത് ഒരു കമ്പിളിക്കോട്ടായിരുന്നു). മദീനയിലെ സ്ത്രീകളും പുരുഷന്മാരുമായ സ്വാലിഹീങ്ങളില്‍ ഓരോരുത്തരേയും സംബന്ധിച്ച് അദ്ദേഹം എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ആരെയും അദ്ദേഹം അന്വേഷിക്കാതിരുന്നില്ല. ശേഷം, മദീനയില്‍ അദ്ദേഹം ഗവര്‍ണറായിരുന്ന വേളയില്‍ കല്‍പ്പനയിട്ട സംഗതികളെ സംബന്ധിച്ച് ചോദിച്ചു. അദ്ദേഹം ചോദിച്ചതിന്റെ എല്ലാ വിശേഷങ്ങളും ഞാന്‍ അറിയിച്ചു കൊടുത്തു.
അദ്ദേഹം മനഃപ്രയാസത്തോടെ ദീര്‍ഘശ്വാസം വിട്ടുകൊണ്ട് പറഞ്ഞു: സിയാദേ, കണ്ടില്ലേ ഉമര്‍ വീണുപോയത്?
ഞാന്‍: താങ്കള്‍ക്ക് അതില്‍ നന്മയും പ്രതിഫലവും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
അദ്ദേഹം: അത് വളരെ അകലത്താണ്.
അദ്ദേഹം കരയാന്‍ തുടങ്ങി. ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ സ്വശരീരത്തോട് കരുണ കാണിക്കണം. താങ്കളില്‍ ഞാന്‍ നന്മയാണ് കാംക്ഷിക്കുന്നത്.
അദ്ദേഹം: സിയാദേ, താങ്കളുടെ പ്രതീക്ഷ വിദൂരത്താണ്. ഞാന്‍ കുറ്റപ്പെടുത്തുന്നു, എന്നെ ആരും കുറ്റപ്പെടുത്തുന്നില്ല. ഞാന്‍ അടിക്കുന്നു, എന്നെ ആരും അടിക്കുന്നില്ല. ഞാന്‍ ജനങ്ങളെ ദ്രോഹിക്കുന്നു, എന്നെ ആരും ദ്രോഹിക്കുന്നില്ല.
അദ്ദേഹം വീണ്ടും കരഞ്ഞു. ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
എന്റെ യജമാനന്‍ എന്നെ അയച്ച ആവശ്യം പൂര്‍ത്തീകരിക്കാനായി മൂന്നു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് കഴിഞ്ഞു. ഞാന്‍ തിരിച്ചുപോകാന്‍ ഉദ്യമിച്ചപ്പോള്‍, എന്റെ യജമാനന്‍ എന്നെ അദ്ദേഹത്തിന് വില്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കത്ത്, എന്റെ യജമാനന് നല്‍കാനായി എന്നെ ഏല്‍പ്പിച്ചു. വിരിപ്പിന്റെ അടിയില്‍ നിന്നും 20 ദീനാര്‍ എടുത്തുകൊണ്ട് പറഞ്ഞു: ഈ സമ്പത്ത് കൊണ്ട് ഇഹലോകത്തിന്റെ ആവശ്യം സാധിച്ചാലും. നികുതിപ്പണത്തില്‍ തങ്കള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ താങ്കളുടെ ആ അവകാശവും ഞാന്‍ വകവെച്ചുതരാം.
എന്നാല്‍ അദ്ദേഹത്തില്‍ നിന്നും അത് സ്വീകരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു. അദ്ദേഹം പറഞ്ഞു: സ്വീകരിക്കൂ, ഇത് പൊതുമുതലല്ല, എന്റെ സ്വത്തില്‍ നിന്നുള്ളതാണ്.
അപ്പോളും ഞാനത് വാങ്ങാന്‍ തയ്യാറായില്ല. ഞാന്‍ അത് എടുക്കുന്നത് വരെ അദ്ദേഹം നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഞാന്‍ അതുമായി പോയി. മദീനയില്‍ എത്തിയപ്പോള്‍ അമീറുല്‍ മുഅ്മിനീന്റെ കത്ത് ഞാന്‍ യജമാനനെ ഏല്‍പ്പിച്ചു. കത്ത് തുറന്ന അദ്ദേഹം പറഞ്ഞു: നിന്നെ ഞാന്‍ അമീറുല്‍ മുഅ്മിനീന് വില്‍ക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്, അദ്ദേഹത്തിന് നിന്നെ മോചിപ്പിക്കാനാണ്. എന്തുകൊണ്ട് നിന്നെ എനിക്ക് തന്നെ മോചിപ്പിച്ചുകൂടാ? ശോഷം അദ്ദേഹം എന്നെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. (അവസാനിച്ചു)

വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട

ഉമര്‍ ബിന്‍ അബ്ദില്‍ അസീസ് 1

Related Articles