അലിയ്യ് ബിന്‍ ഹുസൈന്‍ ജ്ഞാനിയായ യുവാവായി വളര്‍ന്നു. ഹാശിം കുടുംബത്തില്‍ നിന്നും ആരാധനയിലും ഭക്തിയിലും മികച്ചുനിന്നിരുന്ന യുവാക്കളിലൊരുവനായ, ഉത്തമ സഭാവഗുണങ്ങള്‍ വേണ്ടുവോളമുള്ള, പരന്ന ദിവ്യജ്ഞാനവും വിജ്ഞാനവുള്ള ഈ ചെറുപ്പക്കാരന്‍ മുഖാന്തിരം മദീനയിലെ ആദര്‍ശ സമൂഹം വിജയത്തിലേക്കടുത്തു. അദ്ദേഹത്തിന്റെ ആരാധനയും തഖ്‌വയും എത്രത്തോളമായിരുന്നെന്നാല്‍ വുദൂഇനും നമസ്‌കാരത്തിനും ഇടയില്‍ ശരീരം ഉടഞ്ഞു പോകുമാറുള്ള ഒരുതരം വിറയല്‍ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. അതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് നാശം, ആരുടെ മുന്നിലേക്കാണ് ഞാന്‍ മുന്നിടുന്നതെന്ന് നിങ്ങള്‍ക്ക് അറിയാത്തത് പോലുണ്ടല്ലോ, എന്റെ ഉള്ളിലുള്ളത് ആരോട് സമര്‍പ്പിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിവില്ലാത്തത് പോലുണ്ടല്ലോ.
ഹാശിം വംശജനായ ഈ യുവാവിന്റെ ആരാധനയുടേയും സൂക്ഷ്മതയുടെയും സുശ്രുതിയില്‍ ജനം അദ്ദേഹത്തെ സൈനുല്‍ ആബിദീന്‍ (ഉപാസകരുടെ അലങ്കാരം) എന്ന് വിളിച്ചു. സമൂഹം അദ്ദേഹത്തിന്റെ പേര് പോലും മറന്നുപോയി. പേരിനപ്പുറം ഈ വിളിപ്പേരാണ് അവര്‍ക്ക് ബോധിച്ചത്. സുദീര്‍ഘമായ സുജൂദില്‍ നിമഗ്നനായിരുന്നതിനാല്‍ മദീനക്കാര്‍ അദ്ദേഹത്തെ സജ്ജാദ് (ധാരാളം സുജൂദ് ചെയ്യുന്നവന്‍) എന്ന് വിളിച്ചു. തെളിഞ്ഞ മനവും പരിശുദ്ധിയും കാരണമായി അവര്‍ സകിയ്യ് (പാപമുക്തന്‍) എന്നും അദ്ദേഹത്തെ വിശേഷിപ്പിച്ചു.
ഇബാദത്തിന്റെ മജ്ജയും ആത്മാവും പ്രാര്‍ത്ഥനയാണെന്ന് സൈനുല്‍ ആബിദീന്‍(റ) ഉറച്ചു വിശ്വസിച്ചിരുന്നത്. കഅ്ബയുടെ ഖില്ലയോട് ചേര്‍ന്നുനിന്നുള്ള പ്രാര്‍ത്ഥനയായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. എത്രയോ വട്ടം പൗരാണിക ഗേഹത്തോട് ഒട്ടിനിന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു ‘രക്ഷിതാവേ, നിന്റെ കരുണ നീ എന്നെ വല്ലാതെ ആസ്വദിപ്പിച്ചിട്ടുണ്ട്, നിന്റെ ഓശാരം നീ എന്റെ മേല്‍ എമ്പാടും ചൊരിഞ്ഞുതന്നിട്ടുണ്ട്. അതിനാല്‍ ഭീതിയില്ലാതെ സുരക്ഷിതനായി നിന്നോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് കഴിഞ്ഞു. ഭയാശങ്കയില്ലാതെ മനസ്സമാധാനത്തോടെ ഞാന്‍ നിന്നോട് ചോദിക്കുകയാണ്. രക്ഷിതാവേ, നിന്റെ കരുണയിലേക്ക് അത്യാവശ്യക്കാരനായ, നിന്നോടുള്ള കര്‍ത്തവ്യം നിര്‍വഹിക്കാന്‍ അപ്രാപ്യനായ ഒരുവന്‍ അപേക്ഷിക്കുന്നത് പോലെ ഞാന്‍ നിന്നോട് അപേക്ഷിക്കുകയാണ്. ഉദാരരില്‍ ഉദാരനേ, മുങ്ങിപ്പോയ അനാഥന്റെ പ്രാര്‍ത്ഥനയായി എന്നെ നീ സ്വീകരിക്കേണമേ, അവനെ രക്ഷപ്പെടുത്താന്‍ നീയല്ലാതെ മറ്റാരുമില്ലല്ലോ.’
പൗരാണിക ഗേഹത്തിന്റെ തണലില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ഒരിക്കല്‍ ത്വാവൂസ് ബിന്‍ കൈസാന്‍ കണ്ടു. അപകടകരായി മുറിവേറ്റവനെപ്പോലെ അദ്ദേഹം അസ്വസ്ഥനാണ്. രോഗി കരയുന്നത് പോലെ അദ്ദേഹം കരയുന്നുണ്ട്. ഗതിമുട്ടിയവന്‍ പ്രാര്‍ത്ഥിക്കുന്നത് പോലെ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നുണ്ട്. കരച്ചില്‍ നിര്‍ത്തുന്നതും പ്രാര്‍ത്ഥന കഴിയുന്നതും കാത്ത് ത്വാവൂസ് നിന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് ത്വാവൂസ് പറഞ്ഞു: പ്രവാചകപുത്രാ, നിന്റെ ഈ അവസ്ഥ ഞാന്‍ കണ്ടു. ഭയത്തില്‍ നിന്നും നിന്നെ സുരക്ഷിതനാക്കുന്ന മൂന്ന് ശ്രേഷ്ഠതകള്‍ നിന്നിലുണ്ടെന്ന് ഞാന്‍ നിരീക്ഷിക്കുന്നു.
സൈനുല്‍ ആബിദീന്‍ ചോദിച്ചു: അത് ഏതാണ് ത്വാവൂസേ? അദ്ദേഹം പറഞ്ഞു: അതില്‍ ഒന്ന്, താങ്കള്‍ പ്രവാചകപുത്രനാണ് എന്നതാണ്. രണ്ട്, താങ്കളുടെ പിതാമഹന്റെ ശിപാര്‍ശയാണ്. മൂന്ന്, അല്ലാഹുവിന്റെ കരുണ.
ഉടന്‍ അദ്ദേഹം പറഞ്ഞു: ത്വാവൂസേ, ‘പിന്നീട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല’ (അല്‍മുഅ്മിനൂന്‍ 101) എന്ന ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ വചനം ഞാന്‍ കേട്ടുകഴിഞ്ഞിരിക്കെ, റസൂലുല്ലാഹി(സ)യുമായിട്ടുള്ള എന്റെ കുടുംബബന്ധം എന്നെ രക്ഷിക്കുകയില്ല. എനിക്ക് വേണ്ടി എന്റെ പിതാമഹന്റെ ശിപാര്‍ശയോ? അല്ലാഹു പറയുന്നത് കാണുക: ‘അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശിപാര്‍ശ ചെയ്യുകയില്ല.’ (അല്‍അമ്പിയാഅ് 28) അല്ലാഹുവിന്റെ കരുണയോ, അവന്‍ പറയുന്നു: ‘തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.’ (അല്‍അഅ്‌റാഫ് 56)
സൈനുല്‍ ആബിദീനില്‍ നിറഞ്ഞു തുളുമ്പിയ ഭയഭക്തി, അദ്ദേഹത്തിന്റെ മഹത്വത്തിലും ബുദ്ധികൂര്‍മതയിലും സഹിഷ്ണുതയിലും നിഴലിച്ചുനിന്നു. ചരിത്രപുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ വൃത്താന്തങ്ങള്‍ കൊണ്ട് അലംകൃതമാണ്. അദ്ദേഹത്തിന്റെ ഉത്കൃഷ്ട നിലപാടുകളാല്‍ താളുകള്‍ തിളങ്ങി നില്‍ക്കുന്നു.
ഹസന്‍ ബിന്‍ ഹസന്‍ നിവേദനം ചെയ്യുന്നു: എനിക്കും പിതൃവ്യപുത്രന്‍ സൈനുല്‍ ആബിദീനും ഇടയില്‍ ഒരു തര്‍ക്കമുണ്ടായി. ദേഷ്യത്തോടെ ഞാന്‍ അദ്ദേഹത്തിന്റെ അരികിലേക്ക് പോയി. അദ്ദേഹം മസ്ജിദില്‍ അനുചരര്‍ക്ക് ഒപ്പമായിരുന്നു. എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞു. അദ്ദേഹം ഒന്നും മിണ്ടാതെ നിശ്ശബ്ദനായി. ഞാന്‍ തിരിച്ചുപോന്നു. രാത്രിയായപ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നു. ആരാണെന്ന് അറിയാന്‍ ഞാന്‍ എഴുന്നേറ്റുചെന്നു. അത് സൈനുല്‍ ആബിദീനായിരുന്നു. എന്തെങ്കിലും വേണ്ടാതീനം ചെയ്യാനാണ് വരവെന്ന് എനിക്ക് തോന്നി. പക്ഷെ അദ്ദേഹം പറഞ്ഞു: സഹോദരാ, നീ പറഞ്ഞതൊക്കെ സത്യമാണെങ്കില്‍ അല്ലാഹു എനിക്ക് പൊറുത്തുതരട്ടെ, ശരിയല്ലെങ്കില്‍ അല്ലാഹു നിനക്ക് പൊറുത്തുതരട്ടെ. ശേഷം സലാം പറഞ്ഞിട്ട് അദ്ദേഹം തിരിച്ചുപോയി.
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി, ഞാന്‍ പറഞ്ഞു: സത്യമായിട്ടും, താങ്കള്‍ക്ക് ഇഷ്ടമില്ലാത്തത് ഞാന്‍ പറയുകയില്ല.
അദ്ദേഹം പറഞ്ഞു: എന്നോട് പറഞ്ഞതിനൊന്നും പ്രശ്‌നമില്ല. (തുടരും)
വിവ: സാജിദ് നദ്‌വി ഈരാറ്റുപേട്ട.
സൈനുല്‍ ആബിദീന്‍ 1
സൈനുല്‍ ആബിദീന്‍ 3